12 December 2025, Friday

പിഎം ശ്രി പദ്ധതിയിലെ ഭരണഘടനാ വിരുദ്ധത

സഫി മോഹന്‍ എം ആര്‍
October 28, 2025 4:40 am

ന്ത്യ ലോകത്തിലെ വലിയ ജനാധിപത്യ രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ തത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ജനാധിപത്യ സർക്കാരുകളാണ് രാജ്യം ഭരിക്കേണ്ടത്. സർക്കാരുകളുടെ നയരൂപീകരണ വേളയിൽ അത് ഭരണഘടനാപരമാണ് എന്ന് ഉറപ്പാക്കേണ്ട ചുമതല സർക്കാരുകളിൽ നിക്ഷിപ്തമായിരിക്കുന്നു. പിഎം ശ്രി പദ്ധതി ഭരണഘടനാ തത്വങ്ങൾ അനുസരിച്ചുള്ളതല്ല എന്നതാണ് പ്രധാന വസ്തുത. വിദ്യാഭ്യാസമെന്നത് ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുകള്‍ക്കാണ് ഭരണഘടന സർവ അധികാരങ്ങളും നൽകിയിരുന്നത്. എന്നാൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 1976 അത് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റുകയായിരുന്നു. അതിനുശേഷമാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് നിയമങ്ങൾ കൊണ്ടുവരാനുള്ള അധികാരം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നിയമങ്ങൾ കൊണ്ടുവരേണ്ടത് പാർലമെന്റും സംസ്ഥാന നിയമസഭകളും ആണ്. 2022ല്‍ കേന്ദ്രസർക്കാർ കൊണ്ടുവന്ന പിഎം ശ്രി പദ്ധതി 2020ൽ കേന്ദ്രം കൊണ്ടുവന്ന നാഷണൽ എജ്യുക്കേഷൻ പോളിസി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഇന്ത്യൻ പാർലമെന്റിലൂടെ വരാത്ത നിയമം ആയതുകൊണ്ടുതന്നെ ഇവ രണ്ടും നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഭരണഘടനാപരമായും സംസ്ഥാന സർക്കാരുകൾക്ക് ഇല്ല. കേന്ദ്ര സർക്കാരിന്റെ ഈ രണ്ട് പദ്ധതികളും എതിർക്കപ്പെടുന്നത് ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ചോ, ഭരണഘടനാ ധാർമ്മികതയ്ക്ക് അനുസരിച്ചോ ഉള്ള നിയമങ്ങളല്ല എന്നുള്ളതുകൊണ്ടു കൂടിയാണ്. അതുകൊണ്ടുതന്നെ പിഎം ശ്രി പദ്ധതി ഒരു അടിച്ചേല്പിക്കലാണ്. ജനാധിപത്യബോധമോ, ശാസ്ത്രബോധമോ, ഭരണഘടനാ മൂല്യങ്ങളോ, ഭരണഘടനാ ധാർമ്മികതയോ ഇല്ലാത്ത ഒരു പുതിയ തലമുറയെ സൃഷ്ടിക്കുവാനുള്ള അടിച്ചേല്പിക്കൽ. 

അതുകൊണ്ടുതന്നെ പിഎം ശ്രി പദ്ധതി എതിർക്കപ്പെടേണ്ട ഒരു പദ്ധതി തന്നെയാണ്. ഈ നിയമങ്ങൾ കേവലം കേന്ദ്ര എക്സിക്യൂട്ടീവ് കൊണ്ടുവന്നിരിക്കുന്ന നിയമങ്ങൾ മാത്രമാണ്. സംസ്ഥാനങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ പാടില്ല. എന്നാൽ അത്തരമൊരു അടിച്ചേല്പിക്കൽ നടക്കുന്നു എന്നതാണ് വാസ്തവം. നാഷണൽ എജ്യുക്കേഷൻ പോളിസി 2020 വിവിധങ്ങളായ കാരണങ്ങളാൽ ഭരണഘടനാ വിരുദ്ധമാണ്. അത് ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിന് എതിരാണ്. അതിലെ മതാധിഷ്ഠിത വിദ്യാഭ്യാസം, കാവിവൽക്കരണം, ചരിത്രത്തെ വളച്ചൊടിക്കൽ സമീപനം, കേന്ദ്രീകൃത സ്വഭാവം, ശാസ്ത്രബോധത്തെ നിരുത്സാഹപ്പെടുത്തൽ ഇവയെല്ലാം ഭരണഘടനാ വിരുദ്ധമാണ്. ഈ രണ്ടു പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ മറ്റു കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ സാമ്പത്തിക വിഹിതം തരില്ല എന്ന് പറയുന്നത് തികച്ചും ജനാധിപത്യ വിരുദ്ധം തന്നെ. ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്യുന്ന പരമാധികാര ജനാധിപത്യം കേന്ദ്രത്തിന് മാത്രമല്ല അത് സംസ്ഥാനങ്ങൾക്കുമുണ്ട്. 

നിയമ നിർമ്മാണത്തിലും നിയമം നടപ്പിലാക്കുന്നതിനും, സാമ്പത്തിക വിനിമയ കാര്യത്തിലും എല്ലാം ഈ പരമാധികാരം ഉപയോഗിക്കുവാൻ സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്. ഇതിനെതിരായി ഏകാധിപത്യ സ്വഭാവത്തോടെ പിഎം ശ്രി നടപ്പിലാക്കണം എന്ന സമീപനം ഫ്രോഡ് ഓൺ കോൺസ്റ്റിറ്റ്യൂഷൻ ആണ്. 2017ലെ ആധാർ കേസിൽ സുപ്രീം കോടതി അത് പറഞ്ഞിട്ടുണ്ട്.
ഇതിനെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ വ്യക്തമായ ബോധവൽക്കരണം ആവശ്യമാണ്. കൂടുതൽ ഭരണഘടനാപരമായ പഠനങ്ങൾ ആവശ്യമാണ്. ഭരണഘടനാ സംരക്ഷകരായ കോടതിയുടെ സമയബന്ധിതമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയാണ് പരാജയപ്പെടുന്നത്. ഭരണഘടനാ തത്വങ്ങളെ കാറ്റിൽപ്പറത്തി നയരൂപീകരണത്തിൽ ജനാധിപത്യ വിരുദ്ധത തിരുകിക്കയറ്റുന്ന സമീപനം രാജ്യത്ത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ചുരുക്കത്തിൽ പിഎം ശ്രിയുടെ ഉദ്ദേശം നാഷണൽ എജ്യുക്കേഷൻ പോളിസി നടപ്പിലാക്കുക എന്നതാണ്. നാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഉദ്ദേശം ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഭരണഘടനാ ശില്പിയായ ഡോ. ബി ആർ അംബേദ്കറുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. 1954ല്‍ അദ്ദേഹം പറഞ്ഞു, ഹിന്ദു രാഷ്ട്രം യാഥാർത്ഥ്യമായി മാറിയാൽ അത് ഈ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയായിരിക്കും. അത് ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അത്തരമൊരു മതാധിഷ്ഠിത രാജ്യത്തെ ഏതുതരത്തിലും അനുവദിക്കാൻ പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.