വർഗീയ രാഷ്ട്രീയം 1920കളിൽ തന്നെ രാജ്യത്ത് വേരുകള്‍ ആഴ്ത്തി തുടങ്ങിയിരുന്നു. ഒമ്പത് പതിറ്റാണ്ടോളം മതേതര ചേരിക്ക് വർഗീയ രാഷ്ട്രീയത്തിനെതിരെ ചെറുത്തുനില്‍ക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ വര്‍ത്തമാന ഇന്ത്യയില്‍ മതേതര ചേരി ദുർബലമാണ്. വർഗീയതയുടെയും കോർപറേറ്റ് സഹകരണത്തിന്റെയും മുതലാളിത്തത്തിന്റെയും അപകടകരമായ ഒരു മുക്കൂട്ടിലാണ് ഇപ്പോള്‍ ഇന്ത്യ. രാജ്യാന്തരതലങ്ങളില്‍ പടരുന്ന തീവ്രദേശീയ — കോർപറേറ്റ് — വർഗീയ വലതുപക്ഷ കൂട്ടുകെട്ടിന്റെ നിര്‍ണായക കണ്ണി. അമേരിക്കന്‍ ഐക്യനാടുകളിലെ ഡോണാള്‍ഡ് ട്രംപ്, ഇസ്രയേലിലെ നെതന്യാഹു, തുർക്കിയിലെ എർദോഗാൻ, ഹംഗറിയിലെ വിക്ടര്‍ ഒര്‍ബാന്‍, ഇവിടെ നരേന്ദ്ര മോഡി എന്നിങ്ങനെ രാജ്യാന്തരതലത്തിൽ കോർപറേറ്റ് — വർഗീയ കൂട്ടുകെട്ടിന്റെ വലതുപക്ഷ ചങ്ങലക്കണ്ണികള്‍ നീളുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിയാധാരമായി വർഗീയതയെ എങ്ങനെ മാറ്റി എന്നതിന്റെ പ്രകടമായ തെളിവ് ഗുജറാത്ത് കലാപത്തിലാണ് ആരംഭിക്കുന്നത്. 2002ല്‍ നടന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ ഭാഗധേയം മാറ്റിമറിച്ചു. ഗുജറാത്തില്‍ നടന്നത് വംശഹത്യയല്ല, കടുത്ത പ്രതികാരത്തിന്റെ ഭാഗമായി നടന്ന വര്‍ഗീയകലാപമാണെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ ആവര്‍ത്തിക്കുമ്പോഴും രണ്ടായിരത്തോളം ആള്‍ക്കാര്‍ കൊല്ലപ്പെട്ട കലാപത്തിന്റെ എല്ലാ രീതിശാസ്ത്രവും വംശഹത്യയുടെ കൃത്യമായ പാഠ്യപദ്ധതിയിലാണ്. ഗോധ്ര തീവണ്ടി തീവയ്പിന്റെ പ്രതികരണം എന്ന നിലയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ആഹ്വാനപ്രകാരം നടന്ന ബന്ദും ആഴ്ചകളോളം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീണ്ടുനിന്ന അക്രമവും തീവയ്പും കൂട്ടക്കൊലയും കൂട്ടബലാത്സംഗവും ആസൂത്രിതമായിരുന്നു എന്ന് ഭൂരിപക്ഷം അന്വേഷണകമ്മിഷനുകളും സുപ്രീം കോടതിയുള്‍പ്പെടെയുള്ള നീതിപീഠങ്ങളും പറഞ്ഞിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ‘ഹിന്ദുത്വ രാഷ്ട്രീയം’ അതിന്റെ അധികാരപ്പടവുകള്‍ പാഞ്ഞുകയറിയത് ഗുജറാത്തിലൂടെയാണ്. ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ആശ്രമത്തിന്റെ പേരുള്ള സബര്‍മതി എക്സ്പ്രസിന്റെ ‘എസ് 6’ ബോഗി കത്തിക്കുന്നു; അതില്‍ 59 പേര്‍ വെന്തുമരിക്കുന്നു. വെന്തുരുകിയ മാംസങ്ങളില്‍നിന്നും അതിന്റെ കരിഞ്ഞ ഗന്ധങ്ങളില്‍നിന്നുമാണ് പുതിയ ഇന്ത്യയുടെ കാവിരാഷ്ട്രീയത്തിന്റെ അധികാരവഴികള്‍ രൂപപ്പെടുന്നത്. വഴിയൊരുക്കിയ മോഡി ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷം നേടി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി. ഗുജറാത്ത് കലാപത്തിനുശേഷം 22 വര്‍ഷം കഴിഞ്ഞു. 30 വര്‍ഷംകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയം ആകെ മാറി. പൊളിറ്റിക്കല്‍ ഹിന്ദുയിസം വളരെ കൃത്യമായി അധികാരം സ്ഥാപിച്ചെടുത്തു.
മണിപ്പൂരിലെ ഗോത്രവർഗങ്ങൾക്കിടയിൽ നിലനിന്ന പ്രശ്നങ്ങളെ വർഗീയമായി ആളിക്കത്തിച്ച് അതിലൊരു പക്ഷത്തിന് ആയുധവും അധികാര പിൻബലവും ഉറപ്പാക്കി നിശബ്ദത പാലിച്ച മോഡി ഭരണകൂടം മാതൃക ഗുജറാത്ത് തന്നെ എന്ന് അലറിവിളിക്കുന്നു. ക്രിസ്ത്യൻ വിഭാഗമായ കുക്കികളെ ദേശദ്രോഹികൾ എന്നും നുഴഞ്ഞുകയറ്റക്കാർ എന്നുമായിരുന്നു ബിജെപി വിളിച്ചത്. മുഖ്യമന്ത്രി തന്നെ പക്ഷം പിടിച്ചുകൊണ്ട് രംഗത്തുവന്നത് കലാപത്തിന്റെ ആക്കം കൂട്ടി. ക്രിസ്ത്യൻ പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെട്ടു, വിശ്വാസികളെ ഗ്രാമങ്ങളിൽ നിന്ന് ആട്ടിയോടിച്ചു, അവരുടെ വീടുകൾ തകർത്തു. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും അതിക്രമങ്ങൾക്കിരയായത്. ഒരു ജനതയ്ക്ക് നീതിയും ന്യായവും പൂർണമായും നിഷേധിക്കപ്പെട്ടു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ കണ്ട കാഴ്ചയുടെ തനിയാവർത്തനം.
ഗുജറാത്തിൽ മുസ്ലിം വംശഹത്യയായിരുന്നെങ്കിൽ മണിപ്പൂരിൽ ക്രിസ്ത്യൻ വംശഹത്യയായിരുന്നുവെന്ന് മാത്രം. മണിപ്പൂരിനുശേഷം ഉത്തർപ്രദേശ്, ഹരിയാന, ഗുഡ്ഗാവ് എന്നിവിടങ്ങളിലും വർഗീയ കലാപങ്ങൾ നടന്നു. പൂർണമായും ബിജെപി സ്പോൺസർ ചെയ്തവയായിരുന്നു ഇവയെല്ലാം. മുസ്ലിം ഭവനങ്ങളിൽ കൊള്ള നടത്തി, പൊലീസ് നോക്കിനിൽക്കെ മുസ്ലിങ്ങളെ പരസ്യമായി വെടിവച്ചു കൊന്നു, നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു, സമൂഹത്തിൽ ഭിന്നത പരത്തി. പൊളിറ്റിക്കല്‍ ഹിന്ദുയിസത്തിന് കളമൊരുങ്ങി എന്ന തോന്നലിലുറച്ചു ഭരണകൂടം. ബിരേന്‍ സിങ്ങിന്റെ മാപ്പുപറച്ചില്‍ ഇതിന്റെ തുടര്‍ച്ചയാണ്. നേടേണ്ടത് നേടിക്കഴിഞ്ഞാൽ പിന്നെ മാപ്പാകാം മതേതരമാകാം എന്ന സംഘ്പരിവാര്‍ ചിന്ത. അനുദിനം കലാപം വര്‍ധിക്കുകയാണ്. പക്ഷെ മണിപ്പൂരിന് നീതി അകലെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് 2023 മേയ് മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഇതുവരെ സന്ദര്‍ശനമുണ്ടായിട്ടില്ല.
കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് ബിജെപിയുടെ അതിതീവ്ര ആഗോളീകരണ ഉദാരീകരണ സാമ്പത്തിക വ്യവസ്ഥയുടെ ഇരയായി രാജ്യം. ജിഎസ്‌ടി വിഹിതം തടഞ്ഞും വിവിധ പദ്ധതികളിലൂടെ നൽകേണ്ട പണം അനുവദിക്കാതെയും സംസ്ഥാനങ്ങളുടെ വായ്പാ അവകാശം വെട്ടിക്കുറച്ചും വൈരനിര്യാതന ബുദ്ധിയില്‍ കേന്ദ്രം ഭരിക്കുന്നു. സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾ കവർന്നെടുക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് സംസ്ഥാന ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട മേഖലകളിലേക്കുള്ള കൈകടത്തൽ. പാഠ്യപദ്ധതി, ബോധന സമ്പ്രദായങ്ങൾ, ഗ്രന്ഥശാലകൾ എന്നിവയിലേക്ക് നീളുന്ന കേന്ദ്രസർക്കാർ താല്പര്യങ്ങൾ ഇതിന്റെ തെളിവാണ്.
സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ട് രാജ്യം ഭരിച്ച കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ — വലതുപക്ഷ നയങ്ങളുടെ തീവ്രമായ തുടർച്ചയാണ് ബിജെപി. കോൺഗ്രസിന്റെ തീവ്രത കുറഞ്ഞ വർഗീയതയെ തീവ്ര വർഗീയതയായും വലതുപക്ഷ നവ ലിബറൽ നയങ്ങളെ തീവ്ര വലതുപക്ഷ നയങ്ങളായും ചങ്ങാത്ത മുതലാളിത്തത്തെ കോർപറേറ്റ് വർഗീയ മുതലാളിത്തമായും പരിവർത്തനം ചെയ്ത വലതുപക്ഷ ആഘോഷ രാഷ്ട്രീയമാണ് ബിജെപിയുടെ കര്‍മ്മകാണ്ഡം.
ഇടതുപക്ഷ കൂട്ടായ്മകളുടെ സഹകരണത്തിലും അതിലൂടെ സൈദ്ധാന്തികമായി രൂപപ്പെടുന്ന നിലപാടുകളിലൂടെയും മാത്രമേ രാജ്യത്തിനൊരു വീണ്ടെടുപ്പ് സാധ്യമാകൂ എന്ന് വര്‍ത്തമാന രാഷ്ട്രീയം ഓര്‍മ്മപ്പെടുത്തുന്നു. മതേതരത്വം, മാനവികത, തുല്യത, നീതിബോധം, വർഗബോധം, സമത്വം തുടങ്ങിയ ആശയങ്ങളിലാണ് സാമാന്യജനത പ്രതീക്ഷയർപ്പിക്കുന്നത്. അങ്ങനെ രൂപപ്പെട്ട ഒന്നായിരുന്നു ഇന്ത്യ സഖ്യമെന്ന രാഷ്ട്രീയ കൂട്ടുകെട്ട്. രാജ്യത്തെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ കൂടി ഉല്പന്നമായിരുന്നു ആ സഖ്യം. സംഘടനാപരമായും ആശയപരമായും അത്തരമൊരു സഖ്യത്തിലേക്ക് ഇടതുപക്ഷ ആശയങ്ങളും മതേതര ചേരിയും ചേർന്ന് രൂപപ്പെടുന്ന ആശയപരമായ ഉൾക്കാമ്പിലേക്ക് കോണ്‍ഗ്രസ് ഇനിയും വികസിച്ചിട്ടില്ല എന്നതാണ് രാജ്യത്തിന്റെ ദുരന്തം. ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനായി ഉണ്ടാക്കിയതാണ് ഇന്ത്യ സഖ്യം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു പിന്നില്‍. കോണ്‍ഗ്രസ് മറക്കുന്നതും ഇതുതന്നെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.