1 January 2025, Wednesday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മ മുതലെടുത്ത് വളരുന്ന മാഫിയ

പി ദേവദാസ്
March 20, 2024 4:36 am

സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ ശ്രദ്ധേയമായതാണ് ഉദ്യോഗ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിൽ നടക്കുന്ന ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള ക്രമക്കേടുകൾ. ഏറ്റവും ഒടുവിൽ അത് പുറത്തുവന്നിരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമാണ്. ഫെബ്രുവരിയിൽ യുപിയിൽ പൊലീസ് വകുപ്പിലെ വിവിധ തസ്തികകളിലേക്ക് നടന്ന ക്രമക്കേടുകൾ വലിയ വിവാദങ്ങള്‍ക്കും ഉദ്യോഗാർത്ഥികളുടെയും യുവജനങ്ങളുടെയും വൻ പ്രതിഷേധങ്ങൾക്കും കാരണമായി. ഫെബ്രുവരി 17, 18 തീയതികളിൽ 67,000 കോൺസ്റ്റബിൾ തസ്തികയിലേക്ക് 24,000 കേന്ദ്രങ്ങളിലായി നടന്ന എഴുത്തുപരീക്ഷയിൽ 48 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. ലഖ്നൗ നഗരത്തിലെ ഒരു പരീക്ഷാ കേന്ദ്രമായ മോഡേൺ അക്കാദമിയിൽ ഒഎംആർ ഷീറ്റിൽ ഉത്തരങ്ങൾ പൂരിപ്പിക്കുന്ന ഉദ്യോഗാർത്ഥിയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പരീക്ഷാ കുംഭകോണം പുറത്തായത്. ഹാളിലുണ്ടായിരുന്ന പരീക്ഷകൻ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി പരിശോധിച്ചപ്പോൾ ചില കടലാസുകൾ കണ്ടെത്തുകയും അതിലുണ്ടായിരുന്ന ഉത്തരങ്ങളും ചോദ്യങ്ങളും താരതമ്യം ചെയ്തപ്പോൾ ശരിയായ ഉത്തരങ്ങളാണ് കടലാസിലുണ്ടായിരുന്നതെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് വാട്സ്ആപ്പിലൂടെ ഉത്തരങ്ങൾ ലഭിച്ചെന്ന് മനസിലായത്.
പല കേന്ദ്രങ്ങളിലും സമാന ആരോപണങ്ങൾ ഉണ്ടായെങ്കിലും ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ആദ്യം ചോദ്യപ്പേപ്പർ ചോർച്ച എന്ന ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് പ്രതിപക്ഷവും ഉദ്യോഗാർത്ഥികളും യുവജന സംഘടനകളും ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വൻ മാഫിയ ഇടപെട്ടിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തുവരികയും സംസ്ഥാന വ്യാപകമായി വൻ പ്രക്ഷോഭങ്ങൾ രൂപപ്പെടുകയും ചെയ്തു. അതേത്തുടർന്നാണ് ലഖ്നൗ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രസ്തുത അന്വേഷണത്തിൽ മാഫിയകളുടെ കണ്ണികൾ വളരെ വിപുലമാണ് എന്ന് വ്യക്തമാവുകയും.

ഫെബ്രുവരി 24ന് പ്രത്യേക അന്വേഷണത്തിന് തീരുമാനിക്കുകയുമായിരുന്നു. അന്വേഷണം മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ബിഹാറിൽ ഈ മാസം 15ന് നടന്ന അധ്യാപക നിയമനത്തിലുള്ള പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. പരീക്ഷ നടക്കുന്നതിന്റെ തലേദിവസം ചില കേന്ദ്രങ്ങളിൽ ഉത്തരങ്ങൾ അച്ചടിച്ച് വിതരണം ചെയ്യപ്പെട്ട കാര്യം പുറത്തായതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ പരീക്ഷാർത്ഥികൾ ഉൾപ്പെടെ 300ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥ നിയമനത്തിന് നടക്കുന്ന പ്രവേശന പരീക്ഷ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ക്രമക്കേടുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പരീക്ഷാ പേപ്പർ ചോർച്ച തടയുന്നതിനുള്ള ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ 15 സംസ്ഥാനങ്ങളിലായി 41 പരീക്ഷാക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. 1.04 ലക്ഷം തസ്തികകളിലേക്ക് അപേക്ഷിച്ച 1.4 കോടി ഉദ്യോഗാർത്ഥികളുടെ തൊഴിൽമോഹമാണ് ഇതേത്തുടർന്ന് തടയപ്പെട്ടത്. ഈ 41 ക്രമക്കേടുകളിൽ ഒന്നുപോലും കേരളത്തിൽ നിന്നായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
യുപിയിൽത്തന്നെ ഇതിനുമുമ്പ് 3,300 ഒഴിവുകളിലേക്ക് നടന്ന ഒരു പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തുകയുണ്ടായി. 19 ലക്ഷം പേരായിരുന്നു അന്ന് അപേക്ഷിച്ചിരുന്നത്. ഗുജറാത്തിൽ 5,260 ഒഴിവുകളിലേക്ക് 16,40,00 പേർ പങ്കെടുത്ത മൂന്നു പരീക്ഷകളും മഹാരാഷ്ട്രയിൽ 6,560 ഒഴിവുകളിലേക്ക് 11,25,000 പേർ എഴുതിയ രണ്ട് പരീക്ഷകളും ഇതിനുമുമ്പ് റദ്ദാക്കപ്പെട്ടു. ജമ്മു കശ്മീരിൽ മൂന്ന്, ഹരിയാന രണ്ട്, രാജസ്ഥാൻ ഏഴ്, ഉത്തരാഖണ്ഡ് നാല്, മധ്യപ്രദേശ്, തെലങ്കാന അഞ്ച് വീതം, അരുണാചൽ പ്രദേശ്, അസം, ഝാർഖണ്ഡ്, ഒഡിഷ ഒന്നു വീതം പരീക്ഷകളാണ് ഇക്കാലയളവിനിടയിൽ ചോദ്യപേപ്പർ ചോർച്ചയും മറ്റും കാരണത്താൽ റദ്ദാക്കപ്പെട്ടത്. അസമിൽ പരീക്ഷ ആരംഭിച്ച ഉടനെ വാട്സ്ആപ്പ് വഴി ഉത്തരങ്ങൾ അയച്ചു നൽകുകയായിരുന്നു. രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥൻ മോഷണം നടത്തി ചോദ്യപേപ്പർ മറ്റുള്ളവർക്ക് കൈമാറി. മധ്യപ്രദേശിൽ കമ്പ്യൂട്ടർ ഹാക്ക് ചെയ്താണ് ചോദ്യപേപ്പർ ചോര്‍ത്തിയത്.
ഇപ്പോഴത്തെ സംവിധാനങ്ങൾ അനുസരിച്ച് വളരെക്കാലത്തിനു ശേഷമാണ് നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിന്നെയും വളരെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നിയമന നടപടികൾ ആരംഭിക്കുന്നതും പ്രവേശന പരീക്ഷ, ഇന്റർവ്യു തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിയമനം നടത്തുന്നതും. വർഷങ്ങൾ നീണ്ട ഈ പ്രക്രിയ പൂർത്തീകരിച്ചതിനു ശേഷം നടക്കുന്ന പരീക്ഷകൾ ക്രമക്കേടുണ്ടായി റദ്ദാക്കുമ്പോൾ നിയമനപ്രക്രിയ വീണ്ടും വൈകുന്നു. നിശ്ചിത പ്രായപരിധിയുള്ള തസ്തികകളിലേക്ക് വീണ്ടും അപേക്ഷിക്കാനാകാതെ ലക്ഷക്കണക്കിന് പേരുടെ അവസരം ഇതിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്നു. സുസ്ഥിരമായ തൊഴിൽ എന്ന സ്വപ്നവുമായി അലയുന്ന കോടിക്കണക്കിന് അഭ്യസ്തവിദ്യ യുവജനങ്ങൾ ജീവിക്കുന്ന ഒരു രാജ്യത്ത് പുതിയൊരു മാഫിയ ശക്തിപ്പെട്ടിരിക്കുന്നു എന്നാണ് ഇത്തരം കുറ്റകൃത്യത്തിലൂടെ വെളിപ്പെടുന്നത്.

 


ഇതുകൂടി വായിക്കൂ:ഏകാധിപത്യത്തിനുള്ള ശുപാര്‍ശകള്‍


അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വിഷയ വിവാദമെന്നതിനപ്പുറം പരിഗണിക്കപ്പെടേണ്ട ഒന്നായി ഈ പ്രശ്നം മാറിയിരിക്കുകയാണ്. അത് രാജ്യത്തെ തൊഴിലില്ലായ്മ എന്ന ഗുരുതരമായ പ്രശ്നത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കോടിക്കണക്കിന് പേർ അഭ്യസ്തവിദ്യരായി അലയുമ്പോൾ മതിയായ തൊഴിൽ സാധ്യതകൾ തുറന്നുകിട്ടാതെ വരുന്നു. അവിടെ പരിമിതമായ നിയമന സാധ്യതകളില്‍ എങ്ങനെയെങ്കിലും കടന്നുകയറുകയെന്ന അഭിവാഞ്ഛ ഇത്തരം തട്ടിപ്പുകളിലേക്ക് തലവച്ചു കൊടുക്കുന്നതിന് ഉദ്യോഗാർത്ഥികളെ പ്രേരിപ്പിക്കുന്നു. കുറഞ്ഞ തൊഴിലവസരങ്ങൾക്കു പോലും ലക്ഷക്കണക്കിന് പേരാണ് അപേക്ഷയുമായെത്തുന്നത് എന്നതുകൊണ്ട് വില്പന മൂല്യം കൂടുമെന്ന യാഥാർത്ഥ്യവും പുറത്തുവരുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം കൂടുതലാണ് എന്നതിനാൽ നേരത്തെ ചോർത്തിക്കിട്ടുന്ന ചോദ്യക്കടലാസാകട്ടെ, ഉത്തരങ്ങളാകട്ടെ എന്ത് വില നൽകിയും വാങ്ങുന്നതിന് ആളുകൾ സന്നദ്ധമാകുന്നു. ഇത് വ്യക്തമായി ബോധ്യമുള്ള ഒരു മാഫിയാ വിഭാഗം തഴച്ചുവളർന്നിരിക്കുകയും ചെയ്തിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ഇത്തരം മാഫിയകളുടെ ഭാഗമായി ഉദ്യോഗസ്ഥ‑അധികാര രാഷ്ട്രീയത്തിന്റെ പ്രതിനിധികൾ ഉൾപ്പെടുന്നുവെന്നതും ഗൗരവതരമായ പ്രശ്നമാണ്. ഇവിടെയാണ് ചില പ്രത്യേക സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഈ മാഫിയകളുടെ ഭാഗമായി പിടികൂടുന്നതിന്റെ പ്രാധാന്യം അന്വേഷിക്കപ്പെടേണ്ടത്. അടുത്ത കാലത്ത് നടന്ന മൂന്ന് ക്രമക്കേടുകളുടെയും കണ്ണി ഒരേ വ്യക്തികളായിരുന്നുവെന്നതും ചോർച്ച ആവിർഭവിച്ചത് പ്രത്യേക സംസ്ഥാനങ്ങളിലാണെന്നതും കാണാതിരുന്നുകൂടാ. (യുപി പരീക്ഷാ പേപ്പർ ചോര്‍ച്ച ആവിർഭവിച്ചത് ഗുജറാത്തിൽ നിന്നായിരുന്നു). രാജ്യത്തെ നിയമനകുംഭകോണങ്ങളിൽ പ്രമുഖമായ വ്യാപം തട്ടിപ്പ് ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്ന മധ്യപ്രദേശിലായിരുന്നുവെന്നതും ഇവിടെയോർക്കണം.
ഇവിടെ ആത്യന്തിക പരിഹാരം തേടേണ്ടത് പരീക്ഷകൾ റദ്ദാക്കുക വഴിയല്ല, മറിച്ച് പരീക്ഷകൾ കൂടുതൽ സുരക്ഷിതവും വിശ്വസനീയവും ക്രമക്കേടുകളിൽ നിന്ന് വിമുക്തവുമാക്കുന്നതിനുള്ള മാർഗങ്ങളാണ് തേടേണ്ടത്. വ്യാപകമായി നടന്ന 41 ക്രമക്കേടുകൾ കണ്ടെത്തിയപ്പോൾ ഒന്നുപോലും കേരളത്തിൽ നിന്ന് ഉൾപ്പെടാതെ പോയത് ഇവിടെയുള്ള പരീക്ഷാ രീതി കൂടുതൽ രഹസ്യസ്വഭാവവും സുതാര്യതയും പുലർത്തുന്നു എന്നതിനാലാണ്. (ചില അപവാദങ്ങൾ ഉണ്ടായി എന്നത് പരാമർശിക്കാതിരിക്കുന്നില്ല). ഓരോ ക്രമക്കേടുകൾ പുറത്തുവരുമ്പോഴും അന്വേഷണവും ചിലരെ കുറ്റക്കാരായി കണ്ടെത്തലും നടക്കുന്നുണ്ടെങ്കിലും അത് ആത്യന്തികമായി ഇടിത്തീ വീഴ്ത്തുന്നത് ഉദ്യോഗാർത്ഥിയുടെ മേലെയാണ്. അതിന് പ്രധാനകാരണം തൊഴിലില്ലായ്മയുടെ രൂക്ഷതയാണ്. പൊതുമേഖലകൾ വിറ്റുതുലച്ചും കേന്ദ്ര ഒഴിവുകളിൽ നിയമനം നടത്താതെയും നിലവിലുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന നയങ്ങൾ ഉപേക്ഷിച്ച് കൂടുതൽ പേർക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് ഇത്തരം മാഫിയകളെയും ക്രമക്കേടുകളെയും ഇല്ലാതാക്കുന്നതിന് അടിയന്തരമായും ചെയ്യേണ്ടത്.

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.