3 October 2024, Thursday
KSFE Galaxy Chits Banner 2

സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും ഭരണാധികാരിയും

ബിനോയ് വിശ്വം
August 15, 2024 4:32 am

കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും പകരക്കാരനില്ലാത്ത ഭരണാധികാരിയുമായിരുന്ന, എല്ലാവരാലും ആദരിക്കപ്പെടുന്ന സി അച്യുതമേനോന്റെ ഓർമ്മകള്‍ക്ക് 33 വര്‍ഷം പൂര്‍ത്തിയാകുകയാണ് നാളെ (ഓഗസ്റ്റ് 16). ഈ വര്‍ഷം അദ്ദേഹത്തിന്റെ സ്മരണകള്‍ കൊണ്ടാടുമ്പോള്‍ എടുത്തുപറയാന്‍ രണ്ട് പ്രത്യേകതകളുണ്ട്. ഒന്ന് അദ്ദേഹത്തെ പിന്തുടരുകയും സ്നേഹിക്കുകയും ആരാധനയോടെ കാണുകയും ചെയ്യുന്ന പതിനായിരങ്ങളുടെ അഭിലാഷസാക്ഷാത്കാരമായി സി അച്യുതമേനോന്‍ പ്രതിമ തലസ്ഥാനത്ത് മ്യൂസിയത്തിന് എതിര്‍വശത്ത് അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു. ജൂലൈ 30ന് നിശ്ചയിച്ചിരുന്ന പ്രതിമ അനാച്ഛാദനം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയും ഓഗസ്റ്റ് 12ന് നടത്തുകയുമായിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ അച്യുതമേനോന്‍ ചെയര്‍ ആരംഭിക്കുന്നു എന്നതാണ് രണ്ടാമത്തേത്. പ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ തുടങ്ങിയ ചെയറിന്റെ ഔപചാരിക ഉദ്ഘാടനം അദ്ദേഹത്തിന്റെ ചരമദിനമായ നാളെ നടക്കും. പല രൂപത്തിലും പേരുകളിലും പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് ആശയഗതിയുള്ള മലയാളികള്‍ 1939ല്‍ പിണറായി പാറപ്രത്ത് ഒത്തുചേര്‍ന്ന് രൂപം നല്‍കിയ സിപിഐ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ വിവിധ ഭൂവിഭാഗങ്ങളിലായി (മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍) നടന്ന ഉജ്വല പ്രക്ഷോഭങ്ങളും സാമൂഹ്യനവോത്ഥാന പോരാട്ടങ്ങളും പരുവപ്പെടുത്തിയ രാഷ്ട്രീയ ഭൂമികയാണ് 1957ലെ ആദ്യ കേരള തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് വിജയത്തിന്റെ അടിത്തറയായത്. ആ അടിത്തറയ്ക്കുമേല്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണനയങ്ങളുടെ രൂപരേഖ ഉണ്ടാക്കിയത് അച്യുതമേനോനായിരുന്നു.
ഐക്യകേരളപ്പിറവിക്കു മുമ്പ് തന്നെ രാഷ്ട്രീയഭൂമികയില്‍ ഉണ്ടായിരുന്ന അദ്ദേഹമാണ് 1956ലെ കേരളപ്പിറവിക്കുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനായുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കിയത്. ‘ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍’ എന്ന പേരില്‍ തയ്യാറാക്കിയ ആ രേഖയായിരുന്നു സിപിഐ സമ്മതിദായകരുടെ മുമ്പാകെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ കേരള വികസനത്തിന്റെ അടിയാധാരം തയ്യാറാക്കിയത് സി അച്യുതമേനാേനായിരുന്നു എന്ന് പറയാം. സിപിഐയുടെ തിരു-കൊച്ചി, കേരള സംസ്ഥാന സെക്രട്ടറിയായി ആ പോരാട്ടങ്ങളെ നയിച്ച വ്യക്തി എന്ന നിലയില്‍ ആര്‍ജിച്ച പ്രവര്‍ത്തനപരിചയവും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു നേടിയ അനുഭവത്തഴക്കവും വച്ചാണ് അച്യുതമേനോന്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനുവേണ്ടിയുള്ള പ്രകടന പത്രിക രൂപപ്പെടുത്തിയത്.
രാഷ്ട്രീയാധികാരം കയ്യേറ്റാല്‍, കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് അതിനെ ജനസേവനത്തിനും സാമൂഹ്യമാറ്റത്തിനുമുള്ള ഉപാധിയാക്കുക എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അച്യുതമേനോന്‍ തയ്യാറാക്കിയ പ്രകടന പത്രിക. ജന്മി നാടുവാഴിത്തവും രാജാധികാരത്തിന്റെ ചൂഷണോപാധികളും സൃഷ്ടിച്ച സാമൂഹ്യ അസമത്വങ്ങളെയും ഉച്ചനീചത്വങ്ങളെയും തുടച്ചുനീക്കുവാന്‍ ഏറ്റവും അനിവാര്യമായ ഭരണനടപടി ഭൂബന്ധങ്ങളിലെ സമൂലമായ മാറ്റമാണെന്നും അതിനുവേണ്ടി സമഗ്രമായ ഭൂപരിഷ്കരണം അനിവാര്യമാണെന്നും ആ പത്രിക പ്രഖ്യാപിച്ചു. കേരളത്തിന്റെ സാമൂഹ്യ — സാമ്പത്തിക ഘടന ഏതുവിധത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ച രേഖകൂടിയായിരുന്നു പ്രസ്തുത പത്രിക. ആദ്യസര്‍ക്കാരില്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ട് ജനപക്ഷ ധനമാനേജ്മെന്റ് ക്രമപ്പെടുത്തിയതും അദ്ദേഹമായിരുന്നു.
സമഗ്രമായ ഭൂപരിഷ്കരണ നിയമം, 1957ലെ കാലാവധിയെത്താതെ പുറത്തുപോകേണ്ടിവന്ന ആദ്യ സര്‍ക്കാരിന് യാഥാര്‍ത്ഥ്യമാക്കാനായില്ല. ആ നിയമത്തിന്റെ ആദ്യനടപടിയായി കുടിയിറക്കല്‍ നിരോധനമുള്‍പ്പെടെ നടപ്പിലായത് അക്കാലത്താണ്. തുടര്‍ച്ചയായി ഭൂബന്ധങ്ങള്‍ സമൂലം മാറ്റിയെഴുതുന്നതിനുള്ള സമഗ്രമായ നിയമനിര്‍മ്മാണ നീക്കമാണ് ആ സര്‍ക്കാരിനെതിരായ വിമോചനസമരത്തിന്റെ മൂലകാരണമെന്നതും വസ്തുതയാണ്. പിന്നീടത് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ 1969ല്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പ്രഥമ അജണ്ടയായി. 1970 ജനുവരി ഒന്ന് മുതല്‍ സമഗ്രമായ ഭൂപരിഷ്കരണനിയമം അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. സര്‍ക്കാരിനെ നയിച്ച സഖ്യത്തിന്റെ ഘടന പരിശോധിച്ചാല്‍ അത് വലിയ വെല്ലുവിളികള്‍ നിറഞ്ഞതും ഇച്ഛാശക്തി ആവശ്യവുമായ നടപടിയായിരുന്നു. അതാണ് അച്യുതമേനോന്‍ കൈവരിച്ചത്. അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവ് അടയാളപ്പെടുത്തുന്നതായിരുന്നു അത്.
ആ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ എല്ലാ സാമൂഹ്യ സേവന, വികസന, വ്യവസായവല്‍ക്കരണ പ്രക്രിയകളും യാഥാര്‍ത്ഥ്യമാക്കുന്നതിന് സമഗ്രമായ ഭൂപരിഷ്കരണനിയമം ചാലക ശക്തിയും അടിത്തറയുമായി. ഭൂപരിധി നിര്‍ണയത്തിലൂടെ സര്‍ക്കാരിന്റെ കയ്യില്‍ എത്തപ്പെട്ട മിച്ചഭൂമികളിലാണ് കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ മഹാഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത് എന്നത് പരിശോധിച്ചാല്‍ ഇത് ബോധ്യമാകും.
ഭൂമി കേന്ദ്രീകൃത കൈവശത്തില്‍ നിന്ന് വികേന്ദ്രീകൃത ഉടമസ്ഥതയിലേക്ക് മാറിയതിലൂടെ ഭൂമിയില്‍ നിന്നുള്ള വരുമാനത്തിന്റെ വികേന്ദ്രീകരണവും സാധ്യമായി. ജന്മിമാരുടെയും ഭൂവുടമകളുടെയും കയ്യില്‍ കുമിഞ്ഞുകൂടിയിരുന്ന കാര്‍ഷിക വരുമാനമാണ് വിഭജിക്കപ്പെട്ടത്. ഇങ്ങനെ ലക്ഷക്കണക്കിന് പേര്‍ ഭൂമിയുടെ അവകാശികളാകുകയും അവര്‍ക്ക് സ്ഥിരവരുമാനമുണ്ടാകുകയും ചെയ്തപ്പോള്‍ പുതിയ സാമൂഹ്യ ജീവിതഘടനതന്നെ കേരളത്തില്‍ സാധ്യമായി. അത് കൂടുതല്‍ വിദ്യാലയങ്ങളുടെ സ്ഥാപനവും വ്യവസായങ്ങളുടെ ആവിര്‍ഭാവവും അനിവാര്യമാക്കി. അങ്ങനെയാണ് സ്കൂളുകളില്ലാത്ത പഞ്ചായത്തുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്ലാത്ത പ്രദേശങ്ങളും കേരളത്തിന് അന്യമായത്. 

കൃഷിക്കാരന് കൃഷിഭൂമി, തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി, പാവങ്ങൾക്ക് ലക്ഷംവീട്, ചെറുകിട സംരംഭകര്‍ക്കായി വ്യവസായ എസ്റ്റേറ്റുകള്‍ എന്നിങ്ങനെ അക്കാലത്ത് രൂപപ്പെട്ട മാതൃകകള്‍ ഇത്തരമൊരു ലേഖനത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം നിരവധിയാണ്. ലോകം ഇലക്ട്രോണിക്സ് രംഗത്ത് ചുവടുവച്ചുതുടങ്ങിയ 1970കളില്‍ത്തന്നെ അതിനൊപ്പം നിന്ന് ലോകോത്തര സംസ്ഥാനമാകാന്‍ കേരളത്തിന് സാധ്യമായത് കെൽട്രോൺ എന്ന വ്യവസായ ശൃംഖലയുടെ സ്ഥാപനത്തിലൂടെയായിരുന്നു. ടെലിവിഷനിലൂടെ ലോകം ദൃശ്യങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍തന്നെ നമ്മുടെ കേരളത്തിലും ടെലിവിഷനുകളുടെ ഉല്പാദനമുണ്ടായി. കെല്‍ട്രോണ്‍ എന്നത് കേരളം മുഴുവന്‍ പടര്‍ന്നുകിടന്ന ഇലക്ട്രോണിക്സ് വ്യവസായ സംരംഭങ്ങളുടെ ചുരുക്കപ്പേരായിരുന്നു. സപ്ലൈകോ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കാർഷിക സർവകലാശാല, ശാസ്ത്രസാങ്കേതിക സർവകലാശാല, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, കേരള മെറ്റൽസ് ആന്റ് മിനറൽസ്, ടെക്സ്റ്റൈൽസ് കോർപറേഷൻ, ഔഷധി, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ എന്നിങ്ങനെ ജീവിതത്തിന്റെ സര്‍വതലസ്പര്‍ശിയായ ഒട്ടനവധി പൊതുമേഖലാ സംരംഭങ്ങള്‍ അക്കാലത്ത് പടത്തുയര്‍ത്തപ്പെട്ടു.
പില്‍ക്കാല കേരളം മാത്രമല്ല രാജ്യവും വികസനമാതൃക എന്ന് കൊണ്ടാടുന്ന കേരള ഭരണം അച്യുതമേനോന്റെ നേതൃത്വത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ 1977ലെ തെരഞ്ഞെടുപ്പില്‍ അച്യുതമേനോന്‍ മത്സരിച്ചില്ലെങ്കിലും സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായി. കേരളത്തിന്റെ ചരിത്രഗതിയെ മാറ്റിമറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആദ്യ കേരള ഭരണത്തില്‍ പങ്കാളിയും പിന്നീട് ഒരു ഭരണത്തിന്റെ സാരഥിയുമായിരുന്ന നേതാവ്, ത്യാഗീവര്യനായ കമ്മ്യൂണിസ്റ്റ് എന്നീ നിലകളിലാണ് അച്യുതമേനോന്‍ കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടതുമാണ്. അതോടൊപ്പം എഴുത്തുകാരന്‍, പ്രഭാഷകന്‍, വായനക്കാരന്‍, സൈദ്ധാന്തികന്‍, അതിനെല്ലാമപ്പുറം സാധാരണക്കാരന്‍ എന്നിങ്ങനെ ജീവിച്ച മനുഷ്യസ്നേഹിയുമായിരുന്നു അച്യുതമേനോന്‍. കത്തുകളിലൂടെ സൗഹൃദം കാത്തുസൂക്ഷിച്ച വ്യത്യസ്തതയും അദ്ദേഹത്തിന്റെ വ്യക്തിത്വ അടയാളമാണ്.
സങ്കീര്‍ണവും അതേസമയം കമ്മ്യൂണിസ്റ്റുകാര്‍ക്കുമേല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കപ്പെടുകയും ചെയ്തിരിക്കുന്ന നിര്‍ണായക ദശാസന്ധിയിലാണ് നാമിപ്പോള്‍. അത്തരമൊരു സാഹചര്യത്തില്‍ ജീവിതലാളിത്യവും സമൂഹത്തിനുവേണ്ടിയുള്ള ആത്മാര്‍പ്പണവും മുഖമുദ്രയാക്കിയ അച്യുതമേനോന്റെ സ്മരണ എക്കാലത്തേക്കുമുള്ള പ്രചോദനമാണ്. 

TOP NEWS

October 3, 2024
October 3, 2024
October 2, 2024
October 2, 2024
October 2, 2024
October 2, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.