
കോണ്‍ഗ്രസ് പാർട്ടിയുടെ സംഘടനാ സംവിധാനവുമായുള്ള ബന്ധമില്ലായ്മ രാഹുൽ ഗാന്ധിയുടെ വലിയ പ്രശ്നമാണ്. നേതാവിനോടുള്ള ആശയവിനിമയമല്ല, ഉടമസ്ഥനോടുള്ള ദാസ്യമാണ് സംഘടനാ സംവിധാനവുമായുള്ള രാഹുലിന്റെ ബന്ധം. അദ്ദേഹം ഏറ്റെടുക്കുന്ന കാമ്പയിനുകൾക്ക് തുടർച്ച ഉണ്ടാക്കാനോ പിന്തുടരാനോ ഒറ്റ കോൺഗ്രസ് സംഘടനാ ഭാരവാഹിയും തയ്യാറാകാത്തത് ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ഗൗതം അഡാനിയും നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടുകൾ ലോക്സഭയിലും പുറത്തും രാഹുൽ അതിശക്തമായി ഉന്നയിച്ചു. പക്ഷെ, ഒറ്റ കോൺഗ്രസ് നേതാവോ ഭാരവാഹിയോ ഇത് സംബന്ധിച്ച് അഭിപ്രായം പറയുകയോ ഇത് ഒരു രാഷ്ട്രീയ കാമ്പയിൻ ആയി മുന്നോട്ട് കൊണ്ടുപോകാൻ രാഹുൽ ഗാന്ധിയെ സഹായിക്കുകയോ ചെയ്തില്ല. ചില ഘട്ടങ്ങളിൽ പ്രചരണ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് ഇടപെട്ടത് മാത്രമാണ് ഒരു അപവാദം. ഇത്തരം അവസരങ്ങളിൽ രാഹുൽ ഗാന്ധി ഒറ്റയ്ക്കാണ്. അതോടെ ഹിൻഡൻബർഗ് വിവാദം ഒരു നീർക്കുമിള ആയി. ഇപ്പോൾ വോട്ട് ചോരി പോലും രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിന് പാർട്ടി എന്ന നിലയിൽ കഴിയുന്നില്ല.
ഇത്തരം കാര്യങ്ങളെക്കുറിച്ച് രാഷ്ട്രീയ ഉൾക്കാഴ്ചയും അനുഭവവും ഉള്ള നേതാക്കന്മാരുടെ അഭാവം രാഹുൽ ഗാന്ധിയെയും അതിനാൽ കോൺഗ്രസിനെയും അലട്ടുന്നത് വളരെ പ്രകടമാണ്. പാർട്ടി ഭാരവാഹികൾ മിക്കവരും എക്സിക്യൂട്ടിവുമാരാണ്. ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചവരല്ല. പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരെ നോക്കിയാൽ ഇത് വ്യക്തമാവും. ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, അവിനാഷ് പാണ്ഡെ, ദീപക് ബബാറിയ, ദീപ ദാസ് മുൻഷി, ഗുലാം അഹമ്മദ് മിർ, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, കുമാരി സെൽജ, മുകുൾ വാസനിക്, പ്രിയങ്ക ഗാന്ധി, രൺദീപ് സിങ് സുർജേവാല, സച്ചിൻ പൈലറ്റ് എന്നിവരിൽ പ്രിയങ്കയെയും ജയറാം രമേഷിനെയും മാറ്റി നിർത്തിയാൽ ദേശീയതലത്തിൽ സുപരിചിതനായ ആരാണുള്ളത്! എഐസിസി വർക്കിങ് കമ്മിറ്റി പോലും ഗൗരവമുള്ള ഒന്നായി അനുഭവപ്പെടാറില്ല. അങ്ങനെ ഒന്നുണ്ട് എന്നത് ജനം മറന്നുകഴിഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന്‍ ഖാർഗെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുണ്ടോ എന്ന് മഷിയിട്ട് നോക്കണം.
ജനറൽ സെക്രട്ടറിമാരിൽ പ്രധാനി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്- കെ സി വേണുഗോപാൽ. ‘രാഹുൽ ഗാന്ധിയുടെ കാണ്ണും കാതും’ എന്നറിയപ്പെടുന്ന തരത്തിൽ സ്വാധീനമുള്ള വേണുഗോപാൽ ആണ് അദ്ദേഹം ഏറ്റവും കുടുതൽ ആശ്രയിക്കുന്ന ഭാരവാഹി. സംഘടനയുടെ കേടുപാടുകൾ കണ്ടറിഞ്ഞ് മാറ്റം വരുത്തി അതിനെ ചലിപ്പിക്കേണ്ടത് ഈ പദവിയിൽ ഇരിക്കുന്ന ആളാണ്. അപാരമായ ആശയവിനിമയ ശേഷിയും ഇടപെടൽ മികവും ആവശ്യമായ ഈ ചുമതല വഹിക്കുന്ന കെ സി വേണുഗോപാൽ ഒരു ദയനീയ പരാജയമാണ് എന്ന കാര്യം കോൺഗ്രസിൽ വ്യാപകമായ ചർച്ചയാണ്. സംഘടനയുടെ തകർച്ചയുടെ തുടക്കം ഇദ്ദേഹം സംഘടനാ ജനറൽ സെക്രട്ടറിയുടെ ചുമതലയിൽ വന്നശേഷമാണ് എന്ന് പറയാറുണ്ട്. കപിൽ സിബൽ, ഗുലാം നബി ആസാദ് മുതലായവർ പാർട്ടി വിട്ടത് കേസിയുടെ തൻപ്രമാണിത്തവും രാഹുൽ ഗാന്ധിയെ സ്വകാര്യ സ്വത്ത് പോലെ കൈകാര്യം ചെയ്തതും കൊണ്ടാണത്രെ. കോൺഗ്രസിന്റെ ഉടമയായ രാഹുൽ ഗാന്ധിയുടെ ഉടമ വേണുഗോപാൽ ആണെന്ന മട്ടിലാണ് കാര്യങ്ങൾ. ഇതിനോടുള്ള പ്രതിഷേധം കോൺഗ്രസിൽ അടി മുതൽ മുടി വരെയുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജേഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ സൂറത്തിൽ വെച്ച് വേണുഗോപാലിന് മാത്രം തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റത് കേട്ടിട്ടുണ്ടാവും. ഒരാൾക്കൂട്ടത്തിൽ തിക്കും തിരക്കുമുണ്ടായാൽ ഒരാൾക്ക് മാത്രമായി പരിക്കേൽക്കില്ലല്ലോ. അതും സുരക്ഷിതനായ ഒരു വിഐപിക്ക് മാത്രം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യമാകെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട വേണുഗോപാൽ ആലപ്പുഴ മണ്ഡലം സംഘടിപ്പിച്ച് ലോകസഭയിലേക്ക് മത്സരിച്ചതും പാർട്ടിയും കോൺഗ്രസിന്റെ സംഘടനാപരമായ ത്രാണിയില്ലായ്മയുമായി കൂട്ടി വായിക്കണം.
രാജ്യസഭാംഗം ആയി മൂന്ന് വർഷത്തോളം കാലാവധി ബാക്കിയിരിക്കെയാണ് ഈ ലോക്‌സഭാ വ്യാമോഹം. ഇത്രയും വലിയ ഒരു പ്രസ്ഥാനത്തിന്റെ താക്കോൽ പദവി ഒരു ശരാശരി കോൺഗ്രസുകാരനായ ഇദ്ദേഹം എങ്ങനെ കൈക്കലാക്കി എന്നത് അന്നും ഇന്നും കോൺഗ്രസിനകത്തും പുറത്തും അത്ഭുതമാണ്. ഹരിയാന തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിനെതിരേ കാസ്റ്റിങ്ങ് കൗച്ച് ആരോപണം ഉന്നയിച്ചത് കോൺഗ്രസ് വക്താവ് അശോക് വാംഖഡെ ആണ്. തനിക്ക് താല്പര്യമുള്ള മഹിളാമണികൾക്ക് സീറ്റ് സംഘടിപ്പിച്ച് കൊടുത്തു എന്നാണ് കോൺഗ്രസിലെ ഒന്നാം നമ്പർ കുടുംബത്തിന്റെ വിശ്വസ്തനായ കെ സി വേണുഗോപാലിന് എതിരേ പത്രപ്രവർത്തകൻ കൂടിയായ വാംഖേഡേ ടെലിവിഷൻ ചർച്ചയിൽ പറഞ്ഞത്. ഉന്നതനായ ഒരു പാർട്ടി ഭാരവാഹിക്കെതിരെ ഗുരുതരരമായ ലൈംഗികാരോപണം ഉണ്ടായിട്ടും കെ സി വേണുഗോപാൽ സുരക്ഷിതനായി തുടരുന്നു എന്നത് ഗ്രാന്റ് ഓൾഡ് പാർട്ടി എത്തിനിൽക്കുന്ന ഗതികേട് വ്യക്തമാക്കുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് കാര്യങ്ങൾ എളുപ്പമാക്കുന്നു. അവർക്ക് ഒറ്റ ആളെ മാത്രം ഉന്നം വച്ചാൽ മതി-രാഹുൽ ഗാന്ധിയെ. അതിനായി അവർക്ക് നൂറുകണക്കിന് ആളുകളാണുള്ളത്. ശ്രദ്ധേയമായ കാര്യം, രാഹുലിനെതിരേ ആരോപണം ഉന്നയിക്കാൻ നിയോഗിക്കപ്പെടുന്നത് ബിജെപിയിലെ ജൂനിയർ നേതാക്കൻമാരാണ്. രാഹുലിന്റെ പ്രകടനം മോശമായതിനാൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഇനി ഊഴമിട്ട് പങ്കിടുമെന്ന് തങ്ങളുടെ ബിജെപിയുടെ കന്നി എംപിയായ ബൻസുരി സ്വരാജിനെക്കൊണ്ടാണ് ബിജെപി പറയിപ്പിച്ചത്. ഇതില്പരം ഒരു ആക്ഷേപം ഇന്ത്യൻ പ്രതിപക്ഷ നേതാവിന് ഉണ്ടോ! കിട്ടാവുന്ന അവസരങ്ങളിലൊക്കെ രാഹുൽ ഗാന്ധിയെ താഴ്ത്തിക്കെട്ടുക ബിജെപിയുടെ അജണ്ടയാണ്.
ഈ ഘട്ടങ്ങളിലൊന്നും തങ്ങളുടെ നേതാവിന്റെ ഭാരം പങ്കിടാനോ അദ്ദേഹത്തിന് വേണ്ടി രാഷ്ട്രീയമായി രംഗത്ത് വരാനോ ദേശീയതലത്തിൽ ആരും ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. ആശയവിനിമയശേഷിയുള്ളതും മാധ്യമശ്രദ്ധ കിട്ടുന്നവരുമായ നേതാക്കൾ കോൺഗ്രസിന്റെ തലപ്പത്ത് ഇല്ല എന്നത് വേറൊരു യാഥാർത്ഥ്യം. ഗുലാം നബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി തുടങ്ങിയ അതികായരായ നേതാക്കന്മാർ കോൺഗ്രസിന് വേണ്ടി പ്രതിരോധം തീർത്ത കാലം മറക്കാനാവില്ല. ഇപ്പോൾ രാഷ്ട്രീയ സംവാദങ്ങളിൽ നിന്ന് കോൺഗ്രസ് പുറത്താണ്. അവ ഏകപക്ഷീയവുമാണ്-വലിയ ശൂന്യത. ഇൗവിധത്തിൽ തങ്ങളുടെ നിർണായക നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന് നൈരന്തര്യം നൽകാൻ സംഘടനാപരമായി കോൺഗ്രസിന് കഴിയുന്നില്ല. ആൾക്കൂട്ടമായി മാറിയ ഈ വലിയ പാർട്ടിയിൽ അതിന്റെ എല്ലാമായ രാഹുൽ ഗാന്ധി ഏകനാണ്.
ഈ ഒറ്റപ്പെടൽ ഒരർത്ഥത്തിൽ കോൺഗ്രസിന്റെ സോൾ പ്രൊപ്രൈറ്റർ ആയ രാഹുൽ ഗാന്ധി ക്ഷണിച്ച് വരുത്തുന്നതാണ് എന്നും തോന്നാറുണ്ട്. പാർട്ടിയിൽ പദവികൾ ഒന്നുമില്ലാത്ത രാഹുൽ ഗാന്ധി മറ്റ് നേതാക്കന്മാരെ പരിഗണിക്കുന്നത് തന്റെ ഔദാര്യത്തിലുള്ളവർ എന്ന നിലയിലാണ്. എല്ലാം തന്നിൽ കേന്ദ്രീകരിച്ചാണ് അദ്ദേഹം നീങ്ങുന്നത്. വോട്ട് ചോരിയുടെ മൂന്ന് വാർത്താസമ്മേളനങ്ങളും അദ്ദേഹത്തിന്റെ ഏകാംഗ പ്രകടനമായിരുന്നു. കോൺഗ്രസ് പാർട്ടി പരിപാടി ആയല്ല, തന്റെ പരിപാടി എന്ന നിലയിലാണ് ഇതെല്ലാം രാഹുൽ ഗാന്ധി ചെയ്യുന്നത്. പാർട്ടിയും നേതാവും തമ്മിൽ മോരും മുതിരയും പോലെ നിൽക്കുന്ന അവസ്ഥ.
ഇത് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിലേക്കാണ് എത്തുന്നത്. ബിജെപിയുടെ ലക്ഷ്യമായ കോൺഗ്രസ് മുക്ത ഭാരതത്തിനായുള്ള പ്രധാന പ്രവർത്തനം കോണ്‍ഗ്രസ് തന്നെ ചെയ്യുന്ന നിലയിലാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിലാണ് തന്റെ പാർട്ടിയെ ആവേശപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാവുന്നത്. ഈ അവസ്ഥ കോൺഗ്രസിന്റെ നില പരുങ്ങലിൽ ആക്കിയിരിക്കുകയാണ്. ബിഹാറിൽ തേജസ്വി യാദവ് ഉദ്ദേശിച്ചിടത്ത് കാര്യങ്ങൾ എത്തിക്കാനായത് അതിന്റെ ഫലമാണ്. ഇന്ത്യ മുന്നണിയിൽ കോൺഗ്രസിന് പലേടത്തും അവഗണനയാണ് കിട്ടുന്നത്. വൃത്തികെട്ട രീതിയിൽ വില പേശരുത് എന്നാണ് മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസിനോട് പറഞ്ഞത്. ഇന്ത്യ മുന്നണിയിൽ കോൺഗ്രസിന് വേണ്ടി സംസാരിക്കാൻ കെൽപ്പുള്ള നേതാക്കൾ ഇല്ല. ഇത്തരമാരു അവസ്ഥയിൽ ബിഹാർ തെരഞ്ഞെടുപ്പ് ഫലം രാഹുൽ ഗാന്ധിക്ക് നിർണായകമാണ്. ഒരു പുനഃസംരചനയ്ക്ക് ഗ്രാന്റ് ഓൾഡ് പാർട്ടി തയ്യാറായില്ലെങ്കിൽ പ്രാവർത്തികമാകുക ബിജെപി ലക്ഷ്യമായ കോൺഗ്രസ് മുക്ത ഭാരതമാകും. കാര്യങ്ങളെ ഈസി ആന്റ് ലേസി ആയി കാണുന്ന കെ സി വേണുഗോപാലിനെപ്പോലുളള നേതാക്കൾ അതിന് നന്നായി സഹായിക്കുകയും ചെയ്യും.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.