
ബിഹാർ തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ്. ജെഡിയു ബിജെപി പങ്കാളിത്തത്തിന് കീഴിലുള്ള ഭരണം ലാലു കുടുംബത്തിന്റെ ഗുണ്ടാരാജിനേക്കാൾ മികച്ചതെന്ന് അവകാശപ്പെടുമ്പോഴും 2004ലെ പരാജയത്തിന്റെയും 2024ലെ തിരിച്ചടിയുടെയും ഓർമ്മകൾ ബിജെപി നേതൃത്വത്തെ ഭയപ്പെടുത്തുന്നു. റോഡുകളുടെയും പാലങ്ങളുടെയും പുതിയ നിർമ്മിതികൾ, സ്കൂളുകളിൽ പ്രവേശനം നേടുന്ന പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിലെ വർധന, വീടുകളിൽ വൈദ്യുതി, സജീവമായ ഫാക്ടറികൾ, വോട്ടർമാർ പൊതുവെ സന്തുഷ്ടരാണെന്ന് ആവർത്തിക്കുമ്പോഴും ബിജെപി ആശങ്കയിലാണ്. കാരണം സന്തുഷ്ടരായ വോട്ടർമാരെയല്ല ബിജെപി ആഗ്രഹിക്കുന്നത്. കനേഡിയൻ ചിന്തകനായ വില്യം ബി മൺറോ ചൂണ്ടിക്കാട്ടിയത് ബിജെപി സ്വാംശീകരിക്കുന്നു. ‘ശരാശരി പുരുഷൻ ഒന്നിനും അനുകൂലമായി വോട്ട് ചെയ്യുന്നില്ല, എന്നാൽ പലതിനെയും എതിർക്കുന്നു… അയാൾ മനസുകൊണ്ട് വോട്ട് ചെയ്യുന്നില്ല; ഹൃദയം കൊണ്ടാണ് വോട്ട് ചെയ്യുന്നത്. അതിനാൽ, അയാളുടെ യുക്തിയെ ആകർഷിക്കരുത്. വികാരത്തെ ഉണർത്തണം…’ ചുരുക്കത്തിൽ, വോട്ടുകിട്ടാൻ ബിജെപിക്ക് ഏതുവിധേനെയും ജനരോഷം ഉണർത്തണം. ഇതിനായി ബിജെപി ബിഹാറിൽ സാധാരണ പൗരന്റെ ചിന്തയെ മരവിപ്പിക്കാൻ ഒരു പദ്ധതി ഒരുക്കി. ജനത്തെ കോപാകുലരാക്കാൻ സീമാഞ്ചലിൽ നിന്നും ഒരു ‘ഉമ്മാക്കി‘യെ സൃഷ്ടിച്ചു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പൂർണിയ ഡിവിഷനിലായിരുന്നു ഈ ഉമ്മാക്കി. പശ്ചിമബംഗാളിന്റെ ഒരു തുണ്ട് ഇവിടെയുണ്ടുതാനും. ബംഗ്ലാദേശി മുസ്ലിങ്ങൾ ഈ മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്നും രാജ്യത്തോടു കൂറില്ലാത്ത വോട്ടർമാരെ ഇല്ലാതാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടികയുടെ സമഗ്ര പരിഷ്കരണം ആരംഭിച്ചെന്നും ആഘോഷിച്ചു. ബിജെപി ജനങ്ങൾക്കിടയിൽ ഇത്തരം പ്രചാരണവും വ്യാപിപ്പിച്ചു. ‘പൂർണിയ ഉമ്മാക്കി’ പിഴച്ചു. ജനങ്ങളെ അസ്വസ്ഥരാക്കാൻ പൂർണിയ ഉമ്മാക്കിക്ക് കഴിഞ്ഞതുമില്ല. പുറത്താക്കാൻ ചുട്ടികുത്തിയ 400ഓളം പേരിൽ ഭൂരിഭാഗവും നേപ്പാളി ഹിന്ദുക്കളായിരുന്നു. പ്രചാരണം തിരിച്ചടിച്ചു. വിദേശികൾ ഉണ്ടെങ്കിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിക്കുന്ന ജെഡിയുവും ബിജെപിയും തന്നെ കുറ്റക്കാർ. ജനം ഇങ്ങനെ വിധിച്ചു. പ്രചാരണം നാണക്കേടെന്ന് സഖ്യകക്ഷിയായ ജെഡിയു വിളിച്ചുപറഞ്ഞു. വോട്ടുകൊള്ള മുതൽ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ 65 ലക്ഷം പാവങ്ങളുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കം വലിയ ചർച്ചയായി. ജാതി സെൻസസും പതിവ് ജാതി, മത സമവാക്യങ്ങളും തന്നെയാകും ജനവിധി നിർണയിക്കുക. ഇന്ത്യ സഖ്യം ആവശ്യപ്പെട്ട ജാതി സെൻസസ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത് ഇതു മനസിലാക്കിയാണ്. ജാതി സെൻസസിനെ ആദ്യം എതിർക്കേണ്ടിയിരുന്നില്ല എന്ന് ബിജെപി ഇപ്പോൾ ചിന്തിക്കുന്നുണ്ട്. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, രൂപയുടെ റെക്കോഡ് തകർച്ച, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രധാന പല പ്രശ്നങ്ങളും ബിഹാറിൽ ഇനിയും മുഖ്യ ചർച്ചയായിട്ടുമില്ല. വോട്ടുകൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഒന്നും പറയുന്നുമില്ല.
2006ൽ ദേബബ്രത ബന്ദോപാധ്യായയുടെ അധ്യക്ഷതയിൽ നിതീഷ് കുമാർ ‘ഭൂപരിഷ്കരണ കമ്മിഷൻ’ സ്ഥാപിച്ചു. കമ്മിഷൻ 2008ൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നിരുന്നാലും, ഏഴ് വർഷങ്ങൾക്ക് ശേഷവും, അതിന്റെ ശുപാർശകൾ നടപ്പിലാക്കാൻ ഭരണകൂടം ഇനിയും ഒരു മുൻകൈയും കാണിച്ചിട്ടില്ല. ഭൂമിയുടെ പരിധി, ഭൂമി സർവേ, ഉടമസ്ഥാവകാശം, വാടകാവകാശം, ഭൂമിയുമായി ബന്ധപ്പെട്ട പൊതുവായ ചോദ്യങ്ങൾ എന്നിവയ്ക്കുള്ള ഫലപ്രദമായ നടപടികൾ ഉൾപ്പെടെ എട്ട് മേഖലകളിലാണ് കമ്മിഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു വർഷത്തെ സമയപരിധി ഒരിക്കൽ നീട്ടിയതിനുശേഷം, 1990കളിലെ ഭൂരഹിതരുടെ വിവരങ്ങൾ അവതരിപ്പിച്ച് കമ്മിഷൻ 2008ൽ റിപ്പോർട്ട് സമർപ്പിച്ചു. 1993–1994 കാലഘട്ടത്തിൽ ഗ്രാമീണ ദരിദ്രരിൽ 67% പേരും ഭൂരഹിതരോ ആയിരുന്നുവെന്ന് കമ്മീഷൻ റിപ്പോർട്ട് ചെയ്തു. 1999–2000 ആയപ്പോഴേക്കും ഈ കണക്ക് 75 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ, ഭൂവുടമസ്ഥ വിഭാഗങ്ങൾക്കിടയിൽ ദാരിദ്ര്യം കുറഞ്ഞു, അതേസമയം ഭൂരഹിത വിഭാഗങ്ങൾക്കിടയിലെ ദാരിദ്ര്യം 51 ശതമാനത്തിൽ നിന്ന് 56 ശതമാനമായി വർധിച്ചു. ഭൂരഹിതരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കമ്മിഷൻ നിരവധി പ്രധാന ശുപാർശകൾ നൽകി. ബിഹാറിൽ, സർക്കാർ നിയന്ത്രണത്തിലോ, ഭൂമിദാന സമിതികളിലോ, കമ്മ്യൂണിറ്റി നിയന്ത്രണത്തിലോ, വ്യക്തികൾ കൈവശപ്പെടുത്തിയോ 1.8 ദശലക്ഷം ഏക്കർ വരെ മിച്ചഭൂമിയുണ്ട്. ഈ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാൻ കമ്മിഷൻ ശുപാർശ ചെയ്തു. കമ്മിഷൻ അതിന്റെ ശുപാർശകളിൽ, കുടിയാൻ സംരക്ഷണത്തിനായി ഒരു പ്രത്യേക നിയമം സ്ഥാപിക്കണമെന്ന് നിർദേശിച്ചു. ഭൂമിയുടെ അവകാശങ്ങൾ രണ്ട് വിഭാഗങ്ങളിൽ മാത്രം കേന്ദ്രീകരിക്കണം. (എ) ഭൂമിയിൽ പൂർണ ഉടമസ്ഥാവകാശം, അവകാശങ്ങൾ, താല്പര്യങ്ങൾ എന്നിവ ഉണ്ടായിരിക്കുന്ന കുടിയാൻ (ബി) ഉടമസ്ഥാവകാശം ഇല്ലാത്ത, എന്നാൽ തുടർച്ചയായി കൃഷി ചെയ്യാനുള്ള അവകാശമുള്ള കൃഷിക്കാരൻ. ഭൂവുടമയുടെ പേരും അവർ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും വിശദമാക്കുന്ന ഒരു രേഖ ഓരോ കുടിയാനും കൈവശം വയ്ക്കണം. ഈ രേഖയുടെ കൃത്യത പരിശോധിച്ചുറപ്പിച്ച ഒരു പകർപ്പ് ഭൂവുടമയ്ക്ക് നൽകണം. കുടിയാന് കൃഷി ചെയ്യാനുള്ള അവകാശം പാരമ്പര്യമായി ലഭിക്കണമെന്നും കാർഷിക ഭൂമിയും കാർഷികേതര ഭൂമിയും തമ്മിലുള്ള വ്യത്യാസം നിർത്തലാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. പരിധി വ്യവസ്ഥകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തടയാൻ ഭൂമിയുടെ തരം നിർവചിക്കണം. അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക്, ഭൂപരിധി 15 ഏക്കർ ആയിരിക്കണം. 1950 മുതൽ നിലവിലുള്ള മത സ്ഥാപനങ്ങൾക്ക് 15 ഏക്കർ ഒരു യൂണിറ്റായി അനുവദിക്കണം. ഒരേ സ്ഥലത്തോ സമീപത്തോ ഒന്നിലധികം ക്ഷേത്രങ്ങൾ നിലവിലുണ്ടെങ്കിൽ പോലും ഓരോ ക്ഷേത്രത്തെയും ഒരു യൂണിറ്റായി കണക്കാക്കണം. ഏറ്റെടുക്കുന്ന ഭൂമിയുടെ ഉദ്ദേശിച്ച ആവശ്യങ്ങൾക്കായി തന്നെ വിനിയോഗിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. കമ്മിഷനും റിപ്പോർട്ടും പരണത്ത് തുടർന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രശ്നത്തിന്റെ പൂർണമായ തീവ്രത അവതരിപ്പിക്കുന്നുമില്ല. സമകാലിക ദാരിദ്ര്യ സൂചികയെക്കുറിച്ചും ജീവിതസാഹചര്യങ്ങളിലും ബിഹാറിൽ ഗൗരമായ ചർച്ചകൾക്ക് ഭരണകൂടം വഴിപ്പെടുന്നുമില്ല. എല്ലാറ്റിനെയും മറികടന്ന് താമരപ്പെട്ടി നിറയ്ക്കാൻ കോപിഷ്ടനായ വോട്ടറെ നിർമ്മിക്കാൻ ഉമ്മാക്കികളെ തേടുകയാണ് ഇപ്പോൾ ബിജെപിയും സംഘവും.
ഒരുകാലത്ത് ബിജെപി സ്വയം വിശേഷിപ്പിച്ചിരുന്നത് വ്യത്യസ്തതയുള്ള പാർട്ടി എന്നായിരുന്നു. അക്കാലത്ത് എ ബി വാജ്പേയി പാർട്ടിയുടെ മേൽ ആധിപത്യം നേടിയിരുന്നു. അദ്ദേഹം ചരിത്രത്തെക്കുറിച്ച് സരസമായി ചർച്ച ചെയ്തു. മഞ്ഞുപുതച്ച കുന്നുകളിൽ അവധിക്കാലം ഘോഷിച്ചു. കവിതകൾ വായിച്ചു, രചിച്ചു. ഒമർ ഖയ്യാമിനോട് ചേർത്ത് രാമായണവും ഉദ്ധരിച്ച് സൗമ്യമായ ശൈലികളിൽ മനോഹരമായി സംസാരിച്ചു. ഇഫ്താറുകളിൽ ഭക്ഷണം കഴിച്ചു. വാജ്പേയി പാകിസ്ഥാനിൽ പോയി. എന്നാൽ ആ വ്യത്യാസങ്ങൾ പിന്നീട് മങ്ങി. ബിജെപിക്ക് ഇപ്പോൾ ലോകമെങ്ങും വംശീയതയുടെയും വർഗീയതയുടെയും വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെയും മുഖമാണ്. തെരഞ്ഞെടുപ്പ് കാഹളം വരെ തൊഴിലവസരങ്ങൾ ഒരുക്കുന്നതായും റോഡുകൾ നിർമ്മിക്കുന്നതായും പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കുന്നതായും അവർ അവകാശപ്പെടും. വൈദ്യുതി നൽകുന്നതായും പാലങ്ങൾ തീർത്തതായും സൗജന്യ റേഷൻ വിതരണത്തിന്റെ വക്താക്കളായും ചമയും. വോട്ടെടുപ്പ് അടുക്കുമ്പോൾ അവർ ഉമ്മാക്കികളിൽ കേന്ദ്രീകരിക്കും. വോട്ടർമാരുടെ മുഖത്ത് പുഞ്ചിരി കാണുന്നതിനുപകരം ഈർഷ്യും കോപവും വെറുപ്പും കാണാനാണ് ബിജെപി പരിശ്രമിക്കുന്നത്. രണ്ടുനാൾ മുമ്പ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിങ്ങൾക്കെതിരെ നമക്ഹറാം അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ് അവതരിച്ചത് ഇത്തരം പ്രതീക്ഷയിലാണ്. മുസ്ലിങ്ങൾ വഞ്ചകരാണെന്നും അവരുടെ വോട്ട് വേണ്ടെന്ന് താൻ പറഞ്ഞെന്നുമായിരുന്നു അർവാലിൽ റാലിയിൽ ഗിരിരാജ് സിങ് പറഞ്ഞത്. മൗലവിയോട് സംസാരിച്ച വിവരങ്ങൾ എന്നപേരിലാണ് പ്രതികരണം.
മുസ്ലിങ്ങൾ മുഴുവൻ കേന്ദ്ര പദ്ധതികളുടെയും ഗുണഭോക്താക്കളാകുകയും നമുക്ക് വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നു. അത്തരം ആളുകളെ (നമക്ഹറാം) വഞ്ചകർ എന്നാണ് വിളിക്കേണ്ടത്. ഇത്തരം വഞ്ചകരുടെ വോട്ട് വേണ്ടെന്ന് ഞാൻ മൗലവിയോട് പറഞ്ഞു.’ സമാധാനമുള്ള വോട്ടറെയല്ല ജാതിയിലും വർഗീയതയിലും ഭ്രാന്തനായ വോട്ടറെയാണ് ബിജെപിക്കു വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.