30 December 2025, Tuesday

സമഗ്ര വോട്ടർ പട്ടിക പുതുക്കൽ; പുതിയ വോട്ടുവെട്ടല്‍ തന്ത്രം

ഗ്യാന്‍ പഥക്
June 30, 2025 4:30 am

ഈ വർഷം നവംബർ 22ന് കാലാവധി പൂർത്തിയാകുന്ന ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മഹത്തായ തെരഞ്ഞെടുപ്പ് യുദ്ധത്തിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംബന്ധിച്ച് വളരെ നിർണായകമാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ അവർ 200ലധികം തെരഞ്ഞെടുപ്പ് റാലികൾ നടത്തുന്നതിന് പദ്ധതി ആവിഷ്കരിച്ചതായി ഇതിനകം തന്നെ വാർത്തകൾ വന്നിട്ടുണ്ട്. അതുകൊണ്ട് കഴിഞ്ഞ ദശകത്തിലെ മറ്റേതൊരു തെരഞ്ഞെടുപ്പിനെക്കാളും ഗൗരവമായി ബിഹാർ തെരഞ്ഞെടുപ്പിനെ എടുക്കുകയല്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മറ്റ് മാർഗമില്ല. ഈ പൊതു സാഹചര്യത്തിലാണ് വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം നടത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. പുതുക്കൽ നടപടി ഇന്നലെ ആരംഭിച്ചു. 2003 ജനുവരി ഒന്നിനാണ് ഇതിന് മുമ്പ് സമഗ്രമായ വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നത്. അതുകൊണ്ടാണ് സമഗ്ര പുതുക്കലിന് തീരുമാനിച്ചിട്ടുള്ളത്. പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നവർ പ്രത്യേകിച്ച് 2003ലെ പട്ടികയിൽ ഇല്ലാതിരുന്നവർ തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടതുണ്ടെന്നതാണ് ഇത്തവണത്തെ പുതുക്കലിന്റെ പ്രത്യേകത.
എല്ലാ വോട്ടർമാരും പ്രത്യേക ഫോറം പൂരിപ്പിച്ച് നൽകണമെന്നും 2003ന് ശേഷം പേരു ചേർക്കുന്നവരാണെങ്കിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ കൂടി അധികമായി സമർപ്പിക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. കമ്മിഷൻ മാനദണ്ഡവും പ്രത്യേക പട്ടികയിൽ നിർദേശിക്കുന്നതുമായ രേഖകളായിരിക്കണം നൽകേണ്ടത്. ഫോറത്തിൽ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ പുതിയ പ്രസ്താവനയും ഉൾപ്പെടുത്തും. നേരത്തെ ഇസിഐയുടെ ഫോറം ആറിൽ അപേക്ഷകർ തങ്ങൾ പൗരന്മാരാണെന്ന സാധാരണ പ്രസ്താവന മാത്രം മതിയായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമാന രീതിയിൽ പ്രത്യേക സമഗ്ര പുതുക്കൽ പ്രക്രിയ ക്രമേണ നടത്തുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ബിഹാറിൽ ഇതുപ്രകാരമുള്ള അന്തിമ പട്ടിക 2025 സെപ്റ്റംബർ 30നാണ് പ്രസിദ്ധീകരിക്കുക. 

ഇസിഐയുടെ ഈ തീരുമാനം ഇതിനകം തന്നെ വിവാദമുണ്ടാക്കിയിട്ടുണ്ട്. നേരത്തെ അസമിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് മാത്രമല്ല, യഥാർത്ഥ ഇന്ത്യൻ പൗരന്മാർക്കും പൗരത്വം തെളിയിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന് നമ്മൾ ഇതിനകം കണ്ടിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരടിൽ നിന്ന് 40 ലക്ഷം പേരാണ് പുറത്തായത്. 1971 അന്തിമ തീയതിയായി പരിഗണിച്ചതിനാൽ അവസാന പട്ടികയിൽ 19 ലക്ഷം പേരും പുറത്തായി. അവിടെ 2018ൽ കരട് പട്ടികയും അന്തിമ പട്ടിക 2019ലും പുറത്തുവന്നുവെങ്കിലും ഒഴിവായവരുടെ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ബിഹാറില്‍ 2025 ലെ പുതുക്കിയ വോട്ടർ പട്ടികയിൽ നിന്ന് കോടിക്കണക്കിന് ആളുകളുടെ പേര് നീക്കം ചെയ്യപ്പെടുമെന്ന വസ്തുതയുടെ ഓർമ്മപ്പെടുത്തലാണിത്. രണ്ട് മാസത്തിനിടയിലാണ് ഈ പ്രക്രിയ പൂർത്തിയാക്കുന്നത്. അസമിൽ ഇതിനകം തെളിയിക്കപ്പെട്ടതുപോലെ പൗരത്വം തെളിയിക്കാൻ വോട്ടർക്ക് ഇസിഐ ഇവിടെയും പരിമിതമായ സമയമാണ് നൽകുന്നത്. അതിനാൽത്തന്നെ വ്യക്തിക്ക് അത് തെളിയിക്കാൻ കഴിയണമെന്നില്ല. കൂടാതെ ഇവിടെ ജനിക്കുന്നവർക്ക് യഥാസ മയം ജനന സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ജനസംഖ്യാഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം 2018ൽ ജനന രജിസ്ട്രേഷൻ നിരക്ക് 80.3 ശതമാനത്തിൽ മാത്രമാണ് എത്തിയിട്ടുള്ളത്. ഇതിനർത്ഥം ലക്ഷക്കണക്കിന് മനുഷ്യർക്ക് അവരുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നാണ്.

ദേശീയ പൗരത്വ പട്ടിക ഉപയോഗിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി നയിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയക്കളിയിൽ ഇസിഐ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വോട്ടർ പട്ടിക സമഗ്രമായി പുതുക്കുന്നതിന്റെ പേരിൽ പൗരത്വം തെളിയിക്കണമെന്ന വ്യവസ്ഥ വയ്ക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റര്‍ അനൗപചാരികമായി നടപ്പിലാക്കുന്നതിന് തുല്യമാണ്. പൗരത്വം തെളിയിക്കുക എന്നത് ഒരു വിവാദ വിഷയമായതിനാൽ, പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഇസിഐ അത് ഒരു വ്യവസ്ഥയായി വയ്ക്കാൻ പാടില്ലാത്തതായിരുന്നു. മോഡി സർക്കാരിനുവേണ്ടി പൗരത്വ വിഷയത്തിൽ തലയിടുന്ന ഇസിഐയുടെ നീക്കം, ഇന്ത്യ മുഴുവൻ പൗരത്വ പട്ടിക തയ്യാറാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് മോഡി സർക്കാരിന്റെ ലക്ഷ്യമാണെന്നും ഇസിഐ അതിനോട് വിട്ടുവീഴ്ച ചെയ്യുന്നുവെന്നുമാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ടിഎംസി നേതാവ് മമതാ ബാനർജിയുടെ പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. പരിഷ്കരണം വഴി ഗ്രാമീണ ജനങ്ങള്‍ ഒഴിവാക്കപ്പെടുമെന്നാണ് അവർ പറഞ്ഞത്. ‘പിന്നെ നിങ്ങൾ എണ്ണം വർധിപ്പിക്കാൻ വ്യാജ വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തും. നിങ്ങൾ തോൽക്കുമെന്ന ഭീതി കൊണ്ടാണിത്. നിങ്ങൾ തോൽക്കുമെന്ന് വരികിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പേരുകളും ചേർത്തേക്കും. ഇത് എൻആർസിയെക്കാൾ അപകടകരമാ‘ണെന്നും അവർ പറയുന്നു. പശ്ചിമ ബംഗാളിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. പുതിയ വോട്ടർ പട്ടിക പരിശോധനാ പ്രക്രിയയുടെ മറവിൽ ബിജെപിയും ഇസിഐയും ഒരുമിച്ച് പ്രവർത്തിക്കുകയും ബംഗാളിനെയും അവിടുത്തെ ജനങ്ങളെയും, പ്രത്യേകിച്ച് ബംഗാളിലെ യുവാക്കളെ ലക്ഷ്യംവയ്ക്കുന്നുവെന്നും അവർ ആരോപിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അവർ ഒരു പ്രസ്താവന അവതരിപ്പിച്ചിരിക്കുകയാണ്. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർക്ക്, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പം ഒരു പുതിയ പ്രസ്താവനാ ഫോമും സമർപ്പിക്കണം. മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമെന്നും ഇസിഐ പറയുന്നു. പൂർണ കണക്കെടുപ്പിന്റെ പേരിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച മമത, നിരവധി ക്രമക്കേടുകൾ ഉണ്ടെന്നും ആരോപിക്കുന്നു. 

ഇസിഐയുടെ പുതിയ നീക്കത്തെ കോൺഗ്രസും ഇടതുപാർട്ടികളും ശക്തിയായി എതിർത്തു. സംസ്ഥാന ഭരണ യന്ത്രങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ മനഃപൂർവം ഒഴിവാക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഇത് വഞ്ചനാപരമെന്നും അവർ കുറ്റപ്പെടുത്തുന്നു. ബിഹാറിൽ തുടങ്ങി രാജ്യമെമ്പാടും വോട്ടർ പട്ടിക സമഗ്ര പരിഷ്കരണം നടത്തുമെന്ന് ഇസിഐ ഇതിനകം പറഞ്ഞിട്ടുള്ളതിനാൽ, അത്തരം എല്ലാ പ്രവർത്തനങ്ങളിലും പൗരത്വ തെളിവിന്റെ വ്യവസ്ഥ ഉണ്ടായിരിക്കുമെന്ന് അനുമാനിക്കാവുന്നതാണ്. വോട്ടർ പട്ടികയുടെ പരിഷ്കരണത്തിൽ ഇത് ഒരു പുതിയ വ്യവസ്ഥയാണ്. ഇതിനായി ഇസിഐ പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും രൂപപ്പെടുത്തിയിരിക്കുകയുമാണ്. പക്ഷേ വോട്ടർമാർക്ക് അത് പാലിക്കാൻ മതിയായ സമയം നൽകുന്നതുമില്ല. ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ മനോഭാവമാണ്. ഈ വിഷയം ബിഹാറിൽ ഇതിനകം ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിട്ടുണ്ട്, ഇത് മറ്റ് സംസ്ഥാനങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതാണ്. പട്നയിൽ ബിഹാറിന്റെ ചീഫ് ഇലക്ടറൽ ഓഫിസറുമായി നടന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സിപിഐ, സിപിഐ (എം) ആർജെഡി, കോൺഗ്രസ്, സിപിഐ (എംഎൽ) ലിബറേഷൻ, എന്നിവയുൾപ്പെടെയുള്ള ഇന്ത്യ സഖ്യത്തിലെ പ്രതിനിധികൾ ഏകകണ്ഠമായി ഈ വിഷയം ഉന്നയിക്കുകയുണ്ടായി. ദരിദ്രരെയും ഗ്രാമീണരെയും ന്യൂനപക്ഷ വോട്ടർമാരെയും ഒഴിവാക്കാനുള്ള തന്ത്രമാണിതെന്നും അവർ കുറ്റപ്പെടുത്തി. 

(ഐപിഎ സർവീസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.