
ലോകത്തിന്റെ തന്നെ ഫാര്‍മസി എന്ന പേരിലറിയപ്പെട്ടിരുന്ന വികസ്വര രാജ്യമാണ് ഇന്ത്യ. യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും ചുമതലയിലെത്തുകയും, 2025 ഒക്ടോബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ബ്രാന്‍ഡ് ചെയ്യപ്പെട്ടതും പേറ്റന്റ് അവകാശമുള്ളതുമായ മുഴുവന്‍ ഫാര്‍മസി ഇറക്കുമതികള്‍ക്കും 100% തീരുവ ചുമത്തുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തതോടെ, നമ്മുടെ മരുന്നുല്പാദന മേഖല ഗുരുതരമായൊരു പ്രതിസന്ധിയിലകപ്പെട്ടു. അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപിതലക്ഷ്യം, ആഭ്യന്തര ഫാര്‍മസി വ്യവസായത്തെ സഹായിക്കുക എന്നായിരുന്നെങ്കിലും ട്രംപിന്റെ അപ്രതീക്ഷിതമായ നീക്കം നമ്മുടെ കയറ്റുമതി കേന്ദ്രീകൃത വികസന പരിപ്രേക്ഷ്യത്തെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയത്.
ട്രംപിന്റെ ഭ്രാന്തന്‍ പ്രഖ്യാപനം അമേരിക്കന്‍ ആരോഗ്യ സുരക്ഷാ മേഖലയില്‍ അവശ്യ ഔഷധങ്ങളുടെയും മറ്റു ഫാര്‍മസി സംവിധാനങ്ങളുടെയും ലഭ്യതക്കുറവ് ഗുരുതരമായി ബാധിക്കുകയും ചെയ്യും. പുതുക്കിയ തീരുവാ നിരക്കുകള്‍ ആഗോള വിപണികളിലേക്കും വ്യാപിക്കാതിരിക്കില്ല. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ ജെനറിക്ക് ഔഷധ നിര്‍മ്മാണ മേഖലയില്‍ പുതിയൊരു ഉത്തേജനം അനുഭവപ്പെടുകയും ഫാര്‍മസി വിപണി ബന്ധങ്ങളില്‍ പുതുധാരണകളും പങ്കാളിത്തവും പ്രകടമാവുകയും ചെയ്യും. 2025ല്‍ ഇന്ത്യയില്‍ നിന്നുള്ള യുഎസ് ഫാര്‍മസി കയറ്റുമതി മൂല്യം 900 കോടി ഡോളറായിരുന്നു. 2024നെ അപേക്ഷിച്ച് ഇത് 14.29% വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഫാര്‍മസി മേഖലയുടെ മൊത്തം പ്രതിവര്‍ഷ ഉല്പന്നമൂല്യം 5000 കോടി ഡോളറാണെന്ന് ഓര്‍ക്കുക.
ജിഡിപിയുടെ 1.7% വരുമിത്. ആഗോളതലത്തില്‍ ഇന്ത്യയുടെ മൊത്തം ഫാര്‍മസി കയറ്റുമതി മൂല്യം 2024ല്‍ 85,000 കോടി ഡോളറായിരുന്നു. കോവിഡ് ഉയര്‍ത്തിയ ഭീഷണിയും വര്‍ധിച്ച തോതിലുള്ള രോഗവ്യാപനവും സമ്പദ്‌വ്യവസ്ഥയില്‍ തുടര്‍ന്നിരുന്ന കാലഘട്ടത്തില്‍ തന്നെയായിരുന്നു ഈ വളര്‍ച്ച എന്നതും പ്രസക്തമാണ്. ജര്‍മ്മനിയിലേക്ക് 1,198.5 ലക്ഷം ഡോളറിനും സ്വിറ്റ്സര്‍ലന്റിലേക്ക് 9,908 കോടി ഡോളറിനുമുള്ള കയറ്റുമതികളാണ് 2023–24ലുണ്ടായത്. 2024ല്‍ യുഎസില്‍ നിന്നുള്ള ഇറക്കുമതി മൂല്യം 21,267 കോടി ഡോളറായിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ബെല്‍ജിയം, സ്വിറ്റ്സര്‍ലന്റ്, ജര്‍മ്മനി, ചെെന തുടങ്ങിയ രാജ്യങ്ങളായിരുന്നു മുന്നില്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള 2024ലെ കയറ്റുമതി 31,340 കോടി യൂറോക്കു തുല്യമായിരുന്നു. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്കുള്ള ജെനറിക്ക് ഔഷധങ്ങളുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 70% വരെ 2023–25 കാലയളവില്‍ രേഖപ്പെടുത്തിയിരുന്നു. ഒരുവശത്ത് ഇത് നടക്കുമ്പോള്‍ത്തന്നെ അവശ്യ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ ഘടകങ്ങളുടെ ഇറക്കുമതിയും തുടരുകയായിരുന്നു. ചെെനയില്‍ നിന്ന് 72% ഇറക്കുമതിയാണ് നടന്നത്. ഇന്ത്യന്‍ ജിഡിപിയില്‍ ഇതുവഴി വന്നെത്തിയ വാര്‍ഷിക ശരാശരി വര്‍ധന 0.5 മുതല്‍ ഒരു ശതമാനം വരെയായിരുന്നു.
ട്രംപ് വക തീരുവാ വര്‍ധന ഇതുവരെ ജെനറിക്ക് ഉല്പന്നങ്ങള്‍ക്ക് ബാധകമായിരുന്നില്ല. ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്തുവന്നിരുന്ന ജെനറിക്ക് ഔഷധങ്ങള്‍ 40% വരെയാണ്. 2022ല്‍ ഇതിന്റെ മൂല്യം 21,900 കോടി ഡോളര്‍ വരെ എത്തുകയും ചെയ്തു. പുതുക്കിയ തീരുവാപ്രഖ്യാപനം വന്നതോടെ ഈ മേഖല നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നുവെന്നതില്‍ അത്ഭുതമില്ല. ഇന്ത്യന്‍ ജെനറിക്ക് ഫാര്‍മസി സ്ഥാപനങ്ങളുടെ ഓഹരിമൂല്യം വമ്പിച്ച ഇടിവാണ് രേഖപ്പെടുത്തിയത്. വിപണി മൂലധനവല്‍ക്കരണ പ്രക്രിയ പ്രതിസന്ധിയിലുമായി. കയറ്റുമതി വരുമാനത്തില്‍ ഉണ്ടാകാനിടയുള്ള ഇടിവ് 10–15% വരെയാകുമെന്നതിനാല്‍, ജിഡിപിയിലുണ്ടാകുന്ന ചോര്‍ച്ച 2026 ധനകാര്യ വര്‍ഷത്തില്‍ 0.2 — 0.3 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ 30 ശതമാനവും നിര്‍മ്മാണച്ചെലവിനുള്ള പുതിയ വഴികള്‍ തേടേണ്ട ഗതികേടിലാവും. ചെലവ് വര്‍ധന അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയാകാം.
ഗവേഷണ, വികസന പദ്ധതികളും അവതാളത്തിലാകും. ഒട്ടും നിസാരമായ ആഘാതമായിരിക്കില്ല ഇന്ത്യക്കുമേല്‍ ഉണ്ടാവുക എന്നതിനാല്‍, ചെെന സ്വീകരിച്ചതിന് സമാനമായ നിലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് നാം സന്നദ്ധമാകേണ്ടി വരുമെന്ന് ഉറപ്പാണ്. കയറ്റുമതികളുടെ ദിശ ദക്ഷിണ പൂര്‍വേഷ്യന്‍ മേഖലയിലേക്കും ആഫ്രിക്കന്‍ മേഖലയിലേക്കും തിരിച്ചുവിടാതെ നിര്‍വാഹമില്ലാതെ വരും. നിയന്ത്രിത കയറ്റുമതി മേഖലയുടെ വ്യാപ്തി നിലവിലുള്ള മൂന്നില്‍ നിന്ന് 3.5 ശതമാനമായി 2030 ആകുമ്പോഴേക്ക് വര്‍ധിപ്പിക്കുകയും ചെയ്യേണ്ടി വരും. 2025 ജൂലെെയില്‍ ഫാര്‍മസി മേഖലയില്‍, ട്രിനിഡാസ്-ടുബാഗോ രാജ്യകൂട്ടായ്മയുമായും, സിംഗപ്പൂരുമായും ഔഷധ വ്യാപാര കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുകയുണ്ടായി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് താണവരുമാന വിഭാഗത്തില്‍പ്പെടുന്ന നിരവധി രാജ്യങ്ങളുമായി ഡെങ്കിപ്പനി പ്രതിരോധ ചികിത്സാ മേഖലകളില്‍ സഹകരണ കരാറുകളില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിനുപുറമെ ഇന്റര്‍നാഷണല്‍ ഫാര്‍മസി പ്രദര്‍ശനം വഴി ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള കയറ്റുമതി കരാറുകള്‍ ഇരട്ടിപ്പിക്കാനും സാധ്യമായിരുന്നു. കിഴക്കന്‍ മേഖലാ രാജ്യങ്ങളുമായും പ്രാദേശിക കൂട്ടായ്മകളുമായും നിലവിലുള്ള വ്യാപാര കരാറുകള്‍ വിപുലീകരിക്കുകയും പുതിയ കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്യുകവഴി ട്രംപിന്റെ തീരുവാ ബന്ധിത ഭീഷണിയെ അതിജീവിക്കാന്‍ ഇന്ത്യന്‍ ഫാര്‍മസി മേഖലക്ക് കഴിയും എന്നതില്‍ സംശയമില്ല.
ഈവിധം 35% ഫാര്‍മസി കയറ്റുമതികള്‍ സംരക്ഷിച്ചെടുക്കാന്‍ വഴിയൊരുങ്ങുമെന്നതിനാല്‍ 20 മുതല്‍ 25% വരെയുള്ള തീരുവാ വര്‍ധനയുടെ ആഘാതം മറികടക്കാനും ഇന്ത്യന്‍ കയറ്റുമതി മേഖലക്ക് സാധ്യമാകും. 2023–24ല്‍ ഫാര്‍മസി വിപണിമൂല്യം 50,00 കോടി ഡോളറാണെങ്കില്‍, അത് 2030 ആകുമ്പോഴേക്ക് ഇത് 11–12% ഉയര്‍ന്ന് 13,000 കോടി ഡോളറാകുമെന്നാണ് കണക്കുകൂട്ടല്‍. കയറ്റുമതി വരുമാനമാണെങ്കില്‍ 12,000–13,000 കോടി ഡോളര്‍ വരെയുമാകും. ആഗോളതലത്തില്‍ നോക്കിയാല്‍ ഫാര്‍മസി മേഖലയിലെ മൊത്തം ചെലവ് 2029 ആകുമ്പോള്‍ 1.5 ലക്ഷം കോടി ഡോളറിലുമെത്താം. ഇന്ത്യയുടെ ഫാര്‍മസി വിപണി മൂല്യത്തിന്റെ വലിപ്പം 2030ല്‍ 2200 കോടി ഡോളര്‍ വരെയായി ഉയരാനുമിടയുണ്ട്. അപ്പോഴേക്ക് ആഭ്യന്തര – ജെനറിക് — ഔഷധ നിര്‍മ്മാണത്തില്‍ 20% വര്‍ധനവാണ് ലക്ഷ്യമിടുന്നത്. പേറ്റന്റ് നിയമം അടക്കമുള്ള ഫാര്‍മസി മേഖലാ തര്‍ക്കങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണ്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ പൊതു ആരോഗ്യ ആന്തരഘടനാ ആശുപത്രികളും മറ്റ് അനുബന്ധ സൗകര്യങ്ങളും പ്രാഥമികതലം മുതല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പോലും ആവശ്യാനനുസൃതമായി ലഭ്യമായിട്ടുണ്ടോ എന്നതും സംശയകരമാണ്.
ഇത്തരമൊരു പ്രതിസന്ധിപൂരിതമായ പശ്ചാത്തലം നിലവിലിരിക്കെ ട്രംപ് ഭരണകൂടത്തിന്റെ തുടര്‍ച്ചയായ തീരുവാ ഉയര്‍ത്തല്‍ ഭീഷണി കൂടിയാകുമ്പോള്‍ ചികിത്സാ സൗകര്യങ്ങളുടെ ചെലവുകള്‍ താങ്ങാന്‍ കഴിയുന്നതിനുമപ്പുറം ഉയരും. കാന്‍സര്‍ ചികിത്സാ ചെലവുകള്‍ 24 ആഴ്ച കാലയളവിലേത് 8,000 മുതല്‍ 10,000 ഡോളര്‍ വരെയായി ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വാഭാവികമായും രോഗികളുടെ സ്വന്തം ചെലവുകള്‍ 60% വരെയെങ്കിലും വര്‍ധനവാണ് വരുത്തുന്നത്. നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇത്തരം ബാധ്യതകളെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നോ ‘സിസ്റ്റത്തിന്റെ തകരാര്‍’ എന്നോ വിശേഷിപ്പിച്ച് ചുമതലയില്‍ നിന്നും ഒഴിയാന്‍ കഴിയാത്തൊരു അവസ്ഥാവിശേഷത്തിലായിരിക്കുന്നു എന്നതാണ് വസ്തുത. രോഗാതുരത അഭിമുഖീകരിക്കുന്നവരും രോഗബാധിതരുമായ കോടിക്കണക്കിന് ജനത അധിവസിക്കുന്നൊരു രാജ്യത്ത് ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് ആവശ്യാനുസരണം പൊതു ആരോഗ്യസൗകര്യങ്ങള്‍ എത്തിക്കുക എന്നത് നിസാരമായ കാര്യമല്ല. ഇപ്പോള്‍ത്തന്നെ, അവശ്യ സര്‍ജിക്കല്‍ ഓപ്പറേഷനുകള്‍ പോലും 15 മുതല്‍ 20% വരെ കാലതാമസമാണ് നേരിട്ടുവരുന്നതെന്നോര്‍ക്കുക. അര്‍ബുദ മേഖലയില്‍ 70% വരെ കുറഞ്ഞ ചെലവിലാണ് പരിചരണം നടന്നുവരുന്നത്.
ഈ നേട്ടം ഒരിക്കലും നിസാരവല്‍ക്കരിച്ചുകൂടാ. ജനസംഖ്യയില്‍ ഇതിനകം തന്നെ ചൈനയോട് തുല്യത കൈവരിച്ച, ഒരു വികസ്വര രാജ്യമായ നമ്മുടെ 40 ശതമാനത്തോളം ജനറിക് ഔഷധങ്ങളെയാണ് ട്രംപിന്റെ തീരുവാ അതിക്രമംപ്രതികൂലമായി ബാധിക്കുക എന്ന് ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല, ലോക വ്യാപാരസംഘടനയുടെ പ്രാമുഖ്യം പരമാവധി നഷ്ടപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന ട്രംപിനെ പിടിച്ചുകെട്ടേണ്ടത് ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടം തന്നെയാണ്. 2047 ആകുമ്പോഴേക്ക് ആഗോളതലത്തില്‍ ഫാര്‍മസി മേഖലയില്‍ ഇന്ത്യയുടെ ഓഹരി 45,000 കോടി ഡോളര്‍ വരെ ആകാമെന്ന സാധ്യത ഈ ഘട്ടത്തില്‍ പ്രത്യേക പ്രസക്തി അര്‍ഹിക്കുന്നുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.