21 January 2026, Wednesday

വെനസ്വേലയും സ്വേച്ഛാധികാര രാഷ്ട്രീയത്തിന്റെ തിരിച്ചുവരവും

ഡി രാജ
January 15, 2026 4:05 am

സാമ്രാജ്യത്വത്തിന്റെ രക്തം പുരണ്ട വിഷദംഷ്ട്രകൾ കണ്ടുകൊണ്ട്, ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള അപകടകരമായ മുന്നറിയിപ്പോടെയാണ് 2026 വർഷം ആരംഭിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള അമേരിക്ക വെനസ്വേലയിൽ ഭീകരമായ ആക്രമണം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബലമായി പിടികൂടുകയും വിചാരണയ്ക്കായി യുഎസിലേക്ക് മാറ്റുകയും ചെയ്തു. ഇത് ഒരു രഹസ്യ നടപടിയോ സാർവദേശീയ സ്ഥാപനങ്ങൾ അനുവദിച്ചതനുസരിച്ചുള്ളതോ ആയിരുന്നില്ല. ഒരു പരമാധികാര രാജ്യത്തിന്റെ രാഷ്ട്രത്തലവനെ തട്ടിക്കൊണ്ടുപോകലായിരുന്നു.

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ നിശിത വിമർശനം നേരിട്ടപ്പോഴും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ആരോപണമുയരുമ്പോഴും ഇത്തരമൊരു പ്രവൃത്തിയെ വാഷിങ്ടൺ പരസ്യമായി പ്രതിരോധിക്കുകയാണ്. ഏതാണ്ട് ഒരേസമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, തന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പരസ്യമായി അവകാശപ്പെട്ടത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സാമ്പത്തിക സമ്മർദം, നയതന്ത്ര നടപടികൾ വളച്ചൊടിക്കൽ, പരമാധികാരത്തിനുനേരെയുള്ള പരസ്യമായ കടന്നുകയറ്റങ്ങൾ എന്നിവ സാമാന്യവൽക്കരിക്കപ്പെടുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യ ഉൾപ്പെടെ ഉയർന്നുവരുന്ന ശക്തികളുടെ നിശബ്ദതയോ ഒഴിഞ്ഞുമാറലോ ആണ് കൂടുതൽ ആശങ്കാജനകമാക്കുന്നത്. ഈ നിശബ്ദത ശക്തിയെയോ തന്ത്രപരമായ സ്വയംഭരണത്തെയോ അല്ല സൂചിപ്പിക്കുന്നത്, മറിച്ച് രാജ്യങ്ങൾ തമ്മിലുള്ള തുല്യത ഉയർത്തിപ്പിടിക്കുന്നതിലും ബഹുധ്രുവ ലോകക്രമത്തെ പ്രതിഫലിപ്പിക്കുന്നതിലും നിലവിലുള്ള ആഗോള ക്രമത്തിന്റെ ശക്തമായ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. 

സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കണമെങ്കിൽ യുദ്ധാനന്തര സാർവദേശീയ സംവിധാനം വളർന്നുവന്ന ചരിത്ര സന്ദർഭം പരിശോധിക്കേണ്ടതുണ്ട്. നാസിസത്തിന്റെയും ഹിറ്റ്ലറുടെയും പരാജയം വെറുമൊരു സൈനിക വിജയമായിരുന്നില്ല; അത് സാംസ്കാരികമായ ഒരു വഴിത്തിരിവായിരുന്നു. സോവിയറ്റ് ചുവപ്പ് സേന നടത്തിയ വലിയ മുന്നേറ്റങ്ങളും സഹിച്ച ത്യാഗങ്ങളും മനുഷ്യരാശിയെ ഫാസിസ്റ്റ് ഉന്മൂലന ശ്രമത്തിൽ നിന്ന് രക്ഷിക്കുകയും അത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയുന്ന ഒരു ലോകക്രമം കെട്ടിപ്പടുക്കുന്നതിനുള്ള വഴിത്തിരിവാകുകയും ചെയ്തു. ഇവിടെ നിന്നാണ് ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾ രൂപപ്പെട്ടത്.
ഘടനാപരമായ പോരായ്മകളും അധികാര അസമത്വവും ഉണ്ടായിരുന്നിട്ടും പരമാധികാര തുല്യത, ആക്രമണങ്ങൾ ഇല്ലാതാക്കല്‍, സ്വയം നിർണയത്തോടുള്ള ബഹുമാനം — പ്രത്യേകിച്ച് കൊളോണിയൽ ഭരണത്തിൽ നിന്ന് ഉയർന്നുവന്ന ജനവിഭാഗങ്ങളോട് — എന്നിവയെ ആസ്പദമാക്കിയുള്ള അടിസ്ഥാന തത്വങ്ങൾ രൂപപ്പെട്ടു. പതിറ്റാണ്ടുകളായി ആഗോള സ്വേച്ഛാധിപത്യ പ്രവണതകളും ഏകപക്ഷീയമായ ആക്രമണങ്ങളും പ്രതിരോധ ശക്തികളാൽ നിയന്ത്രിക്കപ്പെട്ടു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അനിയന്ത്രിതമായ വികാസത്തിന് വലിയ തടസമായി സോവിയറ്റ് യൂണിയൻ പ്രവർത്തിച്ചു. ഇന്ത്യ, ഇന്തോനേഷ്യ, ഈജിപ്ത്, യുഗോസ്ലാവിയ തുടങ്ങിയ നവസ്വതന്ത്ര രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ചേരിചേരാ പ്രസ്ഥാനം, മുമ്പ് കോളനിവൽക്കരിക്കപ്പെട്ട ലോകത്തിന്റെ രാഷ്ട്രീയ ശക്തിയായി നിലയുറപ്പിച്ചു. പ്രത്യയശാസ്ത്ര മാത്സര്യത്തിന്റെയും ബഹുമുഖ ഇടപെടലിന്റെയും ഈ സംയോജനം സാമ്രാജ്യത്വം അതിരുകടക്കുന്നതിന് പരിധികൾ ഏർപ്പെടുത്തി. 

അങ്ങേയറ്റത്തെ പിരിമുറുക്കത്തിന്റെ നിമിഷങ്ങളിൽ പോലും നയതന്ത്രവും സന്തുലിതാവസ്ഥയും നിലനിന്നു. ചരിത്രത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഉപരോധ ഭീഷണികളിലൂടെയും ഏഴാം കപ്പൽപ്പടയുടെ വിന്യാസത്തിലൂടെയും ഇന്ത്യയെ ഭീഷണിപ്പെടുത്താൻ അമേരിക്ക ശ്രമിച്ചപ്പോൾ, സോവിയറ്റ് പിന്തുണ നിർണായകമായി. ആ പിന്തുണ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക മാത്രമല്ല, ബംഗ്ലാദേശിന്റെ ആവിർഭാവത്തിന് വഴിയൊരുക്കുകയും ചെയ്തു. ബംഗാളി സംസാരിക്കുന്ന ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങൾക്ക് മൂർത്തരൂപം നൽകി. അതുപോലെ, അമേരിക്കയോടുള്ള വിയറ്റ്നാമിന്റെ ചെറുത്തുനില്പ്, അതിശക്തമായ സൈനിക ശക്തിയെ പരാജയപ്പെടുത്തുന്നതിൽ ദൃഢനിശ്ചയമുള്ള ഒരു ജനതയുടെ കഴിവിന്റെ തെളിവായിരുന്നു. വൻ ബോംബ് വർഷം, രാസയുദ്ധം, വൻ നാശം എന്നിവ ഉണ്ടായിരുന്നിട്ടും വിയറ്റ്നാം വിജയിച്ചു.
ഈ സംഭവങ്ങൾ ചരിത്രത്തിലെ യാദൃച്ഛികതകളല്ല. ദേശീയ വിമോചനത്തിന്റെ നിയമസാധുതയും അധികാര പരിധികളും അംഗീകരിച്ച ഒരു ആഗോള സന്തുലിതാവസ്ഥയുടെ ഉല്പന്നങ്ങളായിരുന്നു. ആ സന്തുലിതാവസ്ഥ പെട്ടെന്ന് അവസാനിച്ചുപോയിടത്താണ് നിലവിലെ പ്രതിസന്ധിയുടെ വേരുകൾ കിടക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ച ഏകധ്രുവ ലോകക്രമം പ്രഖ്യാപിക്കപ്പെടുന്നതിന് കാരണമായി. ലോകമെമ്പാടും നവലിബറൽ സാമ്പത്തിക യാഥാസ്ഥിതികത അടിച്ചേല്പിക്കാൻ ഈ സാഹചര്യം വൻശക്തികൾ പെട്ടെന്ന് ഉപയോഗപ്പെടുത്തി. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും സമ്മർദത്തിൽ, പല രാജ്യങ്ങളും പൊതുമേഖലകളെ പൊളിച്ചുമാറ്റാനും തൊഴിൽ സംരക്ഷണം ദുർബലപ്പെടുത്താനും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഊഹക്കച്ചവട മൂലധനത്തിന് തുറന്നുകൊടുക്കാനും നിർബന്ധിതരായി. വളർച്ചയും സമൃദ്ധിയുമായിരുന്നു വാഗ്ദാനം ചെയ്തതെങ്കിലും രൂക്ഷമായ തൊഴിലില്ലായ്മ, അസമത്വ വർധന, വിട്ടുമാറാത്ത കടബാധ്യതകൾ, പാരിസ്ഥിതിക നാശം എന്നിവയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.
ലോകജനസംഖ്യയുടെ ഭൂരിഭാഗത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ നവഉദാരവൽക്കരണ നയങ്ങൾ ആവർത്തിച്ച് പരാജയപ്പെട്ടു. സാമ്പത്തിക നയത്തിന്മേലുള്ള ജനാധിപത്യ നിയന്ത്രണം ഇല്ലാതാക്കുന്നതിനൊപ്പം സമ്പത്ത് അഭൂതപൂർവമായ അളവിൽ കേന്ദ്രീകരിക്കുന്നതിനും കാരണമായി. എന്നിരുന്നാലും ഇന്ത്യയുൾപ്പെടെ പല പ്രധാന സമ്പദ്‌വ്യവസ്ഥകളും ഈ ദോഷകരമായ ചട്ടക്കൂടിനെത്തന്നെ ആശ്രയിക്കുന്നത് തുടരുകയാണ്. 

തൊഴിലില്ലായ്മ, കാർഷിക ദുരിതം, പട്ടിണി, സാമൂഹിക സുരക്ഷ ചുരുങ്ങൽ എന്നിവയിലൂടെ ആഭ്യന്തരമായി ഇതിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമാണ്. ആഗോള പ്രത്യാഘാതങ്ങളും ഗുരുതരമാണ്. സാമ്പത്തിക ആശ്രിതത്വം രാഷ്ട്രങ്ങളുടെ ദുർബലതയ്ക്ക് കാരണമാകുന്നു. വിദേശ മൂലധന ഒഴുക്ക്, വിദേശ വിപണികൾ എന്നിവയുമായി വികസനത്തെ ബന്ധിപ്പിക്കുമ്പോൾ, വിദേശ നയത്തിൽ വിട്ടുവീഴ്ചകളുണ്ടാകുന്നു.
വെനസ്വേലയിലെ യുഎസിന്റെ നടപടികളോട് നിരവധി രാജ്യങ്ങൾ നിശബ്ദത പാലിക്കുന്നത് ഈ ആശ്രിതത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ഒരു രാഷ്ട്രത്തലവനെ നിയമവിരുദ്ധമായി പിടികൂടിയതും മുഴുവൻ പ്രദേശങ്ങളെയും പ്രത്യേക സ്വാധീന മേഖലകളായി കണക്കാക്കുന്ന സിദ്ധാന്തങ്ങൾ ഉരുവിടുന്നതും വ്യാപകവും ശക്തവുമായ അപലപനത്തിന് കാരണമാകണം. പകരം നിസംഗതയാണ് പ്രകടമായത്. ഇത് കേവലം ധാർമ്മിക പരാജയമല്ല, ഘടനാപരമായ ഒന്നാണ്. നവലിബറൽ സാമ്പത്തിക ശാസ്ത്രം ആധിപത്യം പുലർത്തുന്ന ഒരു ആഗോളക്രമം അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കുന്നു. അടിസ്ഥാന തത്വങ്ങൾ ലംഘിക്കപ്പെടുമ്പോഴും സ്വതന്ത്ര നിലപാടുകൾ നിരുത്സാഹപ്പെടുത്തപ്പെടുന്നു. 

കഴിഞ്ഞ ദശകങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നടത്തിയ വർധിച്ച ഇടപെടലുകൾ ജനാധിപത്യത്തെയും ആഗോള സ്ഥിരതയെയും സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് അടിവരയിടുന്നത്. കെട്ടിച്ചമച്ച ന്യായവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇറാഖ് നശിപ്പിക്കപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ രണ്ട് പതിറ്റാണ്ടുകളായി അധിനിവേശം നടത്തി കുഴപ്പത്തിലാക്കുകയും രാജ്യത്തെ ഉപേക്ഷിക്കുകയും ചെയ്തു. സിറിയയെ നിഴൽയുദ്ധങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും പിളർത്തി, സിറിയയിലെ പൗരന്മാരുടെ ജീവിതം തകർത്തു. ഈ ഇടപെടലുകളെല്ലാം നിയമവിരുദ്ധവും വിനാശകരവും നിരർത്ഥകവുമായിരുന്നു. അവ സമാധാനമോ ജനാധിപത്യമോ കൊണ്ടുവന്നില്ല. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.