
ജന്മിനാടുവാഴിത്ത വ്യവസ്ഥയിൽ ഏറ്റവും വിലയേറിയത് അഥവാ വിലമതിക്കാനാവാത്തത് പൂണൂലും കുടുമയും ആയിരുന്നിരിക്കാം. പക്ഷേ ഗുണവും കർമ്മവും അനുസരിച്ചാണ് ബ്രാഹ്മണ്യത്തിന്റെ പൂണൂലും കുടുമയും നൽകപ്പെട്ടിരുന്നതെന്നു തെളിയിക്കാവുന്ന ചരിത്രരേഖകളൊന്നും സമീപകാലത്തുനിന്നൊന്നും ലഭ്യമല്ല. അയ്യാ വൈകുണ്ഠ സ്വാമികളെയോ ബസവേശ്വരനേയോ നാരായണഗുരുവിനെയോ ചട്ടമ്പി സ്വാമികളെയോ വാഗ്ഭടാനന്ദ ഗുരുവിനെയോ ഒന്നും ഏതെങ്കിലും ബ്രാഹ്മണരോ അവരുടെ പാദപൂജ ചെയ്യുന്ന ധർമ്മരാജാക്കന്മാരോ ‘ഹേ മഹാത്മാവേ, താങ്കൾ പഠനവും മനനവും പഠിപ്പിക്കലും മുഖ്യധർമ്മമാക്കി പ്രശാന്തിയോടെ കഴിഞ്ഞുവരുന്ന ആളായതിനാൽ താങ്കളെ ഞങ്ങൾ വസിഷ്ഠാദി ബ്രഹ്മർഷിമാരെപ്പോലെ ബ്രാഹ്മണരായി കണ്ടു ബഹുമാനചിഹ്നങ്ങൾ നൽകി ആദരിക്കുന്നു’ എന്നു ചെമ്പോലയോ പനയോലയോ എഴുതി തിട്ടൂരം പുറപ്പെടുവിച്ചതായി കാണുന്നില്ല. അതിനാൽ ബ്രാഹ്മണ്യത്തിന്റെ പരമാധിപത്യ ചിഹ്നങ്ങളായ പൂണുലും കുടുമയും ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ അർഹതയുള്ളവർക്ക് ലഭിച്ചിരുന്ന സാമൂഹിക സാഹചര്യം ശ്രീശങ്കരൻ മുതൽ ശ്രീനാരായണഗുരു വരെയുള്ളവരുടെ ജീവിതകാലത്തൊന്നും ഇന്ത്യ എന്നു നാം ഇന്നു പറയുന്ന ഭൂപ്രദേശങ്ങളിലെവിടേയും നിലവിലുണ്ടായിരുന്നതായി തെളിയിക്കാനാവില്ല.
ഇന്ദിരാഗാന്ധിയുടെ മക്കൾക്കും പേരമക്കൾക്കും ഒക്കെ ഗാന്ധി എന്ന നാമം പരമ്പരയായി ലഭിച്ചുവരുന്ന നില ഉണ്ടായപോലെ, ബ്രാഹ്മണ്യത്തിന്റെ കുടുമയും പൂണൂലും ബ്രാഹ്മണ കുലത്തിൽ പിറന്നവർക്ക് പരമ്പര പരമ്പരയായി പതിഞ്ഞു കിട്ടുന്ന നിലയാണ് ഉണ്ടായിരുന്നത്. ബ്രാഹ്മണ്യം ജന്മാധിഷ്ഠിതമായിരുന്നു; കർമ്മാർജ്ജിതം ആയിരുന്നില്ല എന്നു ചുരുക്കം. അതുകൊണ്ടു തന്നെ അടുത്ത ജന്മം ബ്രാഹ്മണജാതി കുടുംബത്തിൽ ജനിച്ചു പൂജ ചെയ്യണം എന്നു കൊതികൊള്ളുന്ന ഒരാൾ ജന്മിനാടുവാഴിത്ത വ്യവസ്ഥയിലെ വിലമതിക്കാനാകാത്ത അധികാരചിഹ്നങ്ങളായ പൂണൂലും കുടുമയും അകമേ ധരിക്കുന്ന ഒരാളാണ്. ഇത്തരമൊരാളാണ് പച്ചത്തെറി കൂടാതെ പച്ചയ്ക്കു പറഞ്ഞാൽ തൃശൂർ എംപിയായി ബിജെപികാർ വോട്ടു ചെയ്തുണ്ടാക്കിയ സുരേഷ് ഗോപി. അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണം എന്നാഗ്രഹിക്കുന്ന സുരേഷ് ഗോപിക്കൊരിക്കലും അയാൾ ഇപ്പോൾ ജീവിക്കുന്ന ജനാധിപത്യവ്യവസ്ഥയിലെ വിലമതിക്കാനാകാത്ത വാസ്തവമായ വോട്ടിന് പൂണൂലിന്റെയും കുടുമയുടേയും വിലകല്പിക്കാനാവില്ല. അതുകൊണ്ടുതന്നെ അയാൾക്ക് വോട്ടു മോഷ്ടിക്കപ്പെട്ടാലും വോട്ടു കടത്തപ്പെട്ടാലും ഒന്നും ഒരു വേദനയും പ്രതിഷേധവും തോന്നുകയും ഇല്ല.
മുത്തുമോഷണം ചെയ്യപ്പെട്ടാൽ പന്നിക്ക് യാതൊരു വേവലാതി പിടപ്പും ഉണ്ടാവാത്തത് മുത്തിന് വിലയില്ലാത്തതുകൊണ്ടല്ല; മറിച്ച്, മുത്തിന്റെ വില അറിയാനുള്ള ബോധനിലവാരമല്ല പന്നിക്കുള്ളത് എന്നതിനാലാണ്. ഇതുപോലെ ആത്മാവിൽ പൂണൂലും കുടുമയും അണിഞ്ഞു ഇല്ലത്തെ മൂസായിരിക്കുന്നവർക്ക്, ജനാധിപത്യവ്യവസ്ഥയിലെ വോട്ടുമോഷണം പ്രശ്നമായി തോന്നാത്തതും തോന്നുന്നവരെ വാനരന്മാരായി തോന്നുന്നതും അവരുടെ ബോധനിലവാരം വോട്ടുമൂല്യം അറിയാവുന്ന ജനാധിപത്യ ബോധ നിലവാരമുള്ളതല്ല എന്നതിനാലാണ്. ജനാധിപത്യ വ്യവസ്ഥയിൽ മനസും ശരീരവും കൊണ്ട് ജീവിക്കുന്ന യഥാർത്ഥ മനുഷ്യരെ സംബന്ധിച്ച് വോട്ട് എന്നത് വിലമതിക്കാനാകാത്തവിധം വിലയേറിയ പൗരാവകാശമാണ്. ആ പൗരാവകാശം ആരുമോഷ്ടിച്ചാലും അയാൾ ജനാധിപത്യവ്യവസ്ഥയിലെ പെരുങ്കള്ളനാണ്. പൊന്നു മോഷ്ടിക്കുന്നവനേക്കാൾ വലിയ കള്ളനാണ് ജനാധിപത്യവ്യവസ്ഥയിൽ വോട്ടു മോഷ്ടിക്കുന്നവൻ. ഇതു തിരിച്ചറിയാനുള്ള ജനാധിപത്യ ബോധമെങ്കിലും 1997ൽ ജനാധിപത്യം എന്ന സിനിമയിൽ നായകനായി അഭിനയിച്ച സുരേഷ്ഗോപി എന്ന ഇന്ത്യയിലെ പൗരന് അഥവാ വോട്ടർക്കുണ്ടാവണം. ഉണ്ടായില്ലെങ്കിൽ ഉണ്ടാക്കുന്നതിനുള്ള നടപടികൾ പൊതുജനത്തിന് നിയമപരമായും രാഷ്ട്രീയമായും സ്വീകരിക്കേണ്ടി വരും.
കള്ളപ്പണം വെളുപ്പിക്കാൻ സിനിമാനിർമ്മാണം മറയാക്കുന്നവർ, വലിയ താരങ്ങളെ വെച്ചു ഒരു നിലവാരവും ഇല്ലാത്ത സിനിമകളുണ്ടാക്കി അതു നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതാക്കി തീർക്കാൻ അങ്ങോട്ടു കാശു കൊടുത്ത് ഫാൻസ് ക്ലബ് മെമ്പർമാരെ തിയേറ്ററിൽ കയറ്റുന്ന പണി ചെയ്യാറുണ്ടത്രേ. ഇവ്വിധത്തിലാണ് തൃശൂരിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയില്‍ ആളെ തിരുകിക്കയറ്റിയത്. സുരേഷ്ഗോപി എന്ന സിനിമാനടന്റെ ഫാൻസുകാരൊക്കെ താമര ചിഹ്നത്തിൽ വോട്ടു ചെയ്യാനായി തൽക്കാലം തൃശൂർ സ്വദേശികളായി. ഇങ്ങിനെ ഒരു ലക്ഷത്തിലേറെ വോട്ടർമാർ ചേർക്കപ്പെട്ടു. അങ്ങനെ ചിലരുടെ, ചിലർ നിർമ്മിക്കുന്ന സിനിമ നൂറുകോടി ക്ലബിലൊക്കെ പൊടുന്നനെ എത്തുന്നതു പോലെ, സുരേഷ് ഗോപി മാത്രം താല്‍ക്കാലിക തൃശൂർക്കാരുടെ വോട്ടു തള്ളലിൽ കേരളത്തിൽ നിന്നു താമര ചിഹ്നത്തിൽ ജയം നേടി ലോക്‌സഭയിൽ എത്തുന്ന സ്ഥിതി ഉണ്ടായി. പലേടത്തും വോട്ടു ചോർച്ച ഉണ്ടായെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ആയിര കണക്കിനു വോട്ടുകൾ കൂടുതൽ നേടിയിട്ടും ഇടതുപക്ഷ സ്ഥാനാർത്ഥി തോൽക്കുന്ന നിലയും തൃശൂരിൽ ഉണ്ടായി.
സുരേഷ് ഗോപി തൃശൂരിൽ നേടിയ വിജയം അത്യന്തം അപഹാസ്യമാണെന്നു പറയേണ്ടി വരുന്നത് താല്‍ക്കാലികമായി തൃശൂർക്കാരായി മാറി വോട്ടുചെയ്തവരുടെ പിൻബലമാണ് അദ്ദേഹത്തിനുണ്ടായത് എന്നതിനാലാണ്. പെട്ടെന്നു കണ്ടുപിടിക്കാനാകാത്ത വിധം സമർത്ഥമായി അച്ചടിച്ച കള്ളനോട്ടു കൊണ്ട് ഒരാൾ രണ്ടു പവൻ തൂക്കമുള്ളൊരു ചെയിൻ വാങ്ങി ധരിച്ചാൽ, ആ ചെയിനിന്റെ മൂല്യം അതു വാങ്ങിയ്ക്കാൻ ചെയ്ത വ്യാജങ്ങളാൽ ഇടിയുന്നതു പോലെയാണ് സുരേഷ് ഗോപിയുടെ എംപി സ്ഥാനത്തിന്റെ മൂല്യവും ഇടിഞ്ഞിരിക്കുന്നത്. തൃശൂർക്കാരല്ലാത്തവർ തൃശൂരിൽ വന്നു ചെയ്ത വോട്ടിനാൽ തൃശൂർ എംപിയായ ഒരാളാണ് സുരേഷ് ഗോപി എന്നു പറയേണ്ടുന്ന സാഹചര്യമാണ് നിലവിൽ പുറത്തുവരുന്ന വസ്തുതകളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ മിമിക്രി കലാകാരൻ തൃശൂർക്കാരുടെ ഭാഷ അനുകരിച്ചാൽ അയാളെ തൃശൂർക്കാരൻ എന്നു വിളിക്കാനാവില്ലല്ലോ. അതുപോലെ വോട്ടു ചെയ്യാൻ മാത്രം തൃശൂർക്കാരായവരുടെ വോട്ടു നേടി തൃശൂർ എം. പിയായ സുരേഷ് ഗോപിയെ തൃശൂർ പൗരാവലിയുടെ രാഷ്ട്രീയ മനസ്സ് തെരഞ്ഞെടുത്ത എംപിയായി കാണാനും കഴിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.