1 January 2026, Thursday

യുദ്ധം ഒരു കുട്ടിക്കളിയല്ല

പ്രൊഫ. കെ അരവിന്ദാക്ഷൻ
June 11, 2025 4:40 am

അതിവേഗം വളര്‍ന്നു വികസിച്ചുവരുന്ന ആഗോള ആയുധ വിപണിയിലെ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം നിരയിലുണ്ടെന്ന വിവരം അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ ഇതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ ആയുധ മത്സരത്തിന്റെയും, വില്പന — കെെമാറ്റ പ്രക്രിയകളുടെയും വിവിധ ഘട്ടങ്ങളിലേക്ക് ഓട്ടപ്രദക്ഷിണം നടത്താം. 2000 മുതല്‍ 2010 വരെയുള്ള ഒരു ദശകക്കാലത്തെ അപേക്ഷിച്ച് 2011നും 24നും ഇടയ്ക്കുള്ള കാലയളവില്‍ ഈ പ്രക്രിയയിലുണ്ടായത് അഭൂതപൂര്‍വമായൊരു കുതിച്ചുചാട്ടമാണ്. ഇതു സംബന്ധമായി ആധികാരികമായ പഠനമാണ് സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (‘സിപ്രി’- എസ്ഐപിആര്‍ഐ) എന്ന ഏജന്‍സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിപ്രിയയുടെ കണ്ടെത്തലനുസരിച്ച് ആഗോള ആയുധ വിപണിയില്‍ ഇന്നും ആധിപത്യം പുലര്‍ത്തിവരുന്ന രാജ്യം യുഎസ് തന്നെയാണ്. 2023ല്‍ മാത്രം അമേരിക്കയുടെ ഈ ഇനത്തിലുള്ള വിറ്റുവരവ് 31,675 കോടി ഡോളര്‍ ആണത്രെ! രണ്ടാം സ്ഥാനത്തുള്ള ചെെനയുടേതിനെക്കാള്‍ മൂന്നിരട്ടിയിലേറെ. അതേയവസരത്തില്‍ ചെെനീസ് നയത്തില്‍ ശ്രദ്ധേയമായൊരു മാറ്റം സമീപകാലത്ത് കാണപ്പെടുന്നത് ആയുധ സാമഗ്രികളുടെ ഇറക്കുമതിയില്‍ വരുത്തിയ 47 ശതമാനത്തോളം കുറവാണ്. ഇതിനുള്ള കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, ആയുധ നിര്‍മ്മാണമേഖലയില്‍ ചെെന സ്വയം പര്യാപ്തത നേടിയിരിക്കുന്നു. രണ്ട് വിദേശ ആശ്രിതത്വം ഒഴിവാക്കാന്‍ ആവശ്യമായ ആഭ്യന്തര ഉല്പാദന ശേഷിയുണ്ടായിരിക്കുന്നു. 2000നുശേഷമുള്ള ഒരു ദശകക്കാലത്തിനിടയില്‍ ചെെനീസ് സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചയ്ക്കിടയാക്കിയത് ആയുധ നിര്‍മ്മാണ മേഖലയില്‍ കെെവരിച്ച വമ്പിച്ച മുന്നേറ്റമായിരുന്നു. അതുവരെ യുഎസിനെ ആശ്രയിച്ചിരുന്ന ദക്ഷിണ — പൂര്‍വേഷ്യന്‍ രാജ്യങ്ങളും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും ചെെനീസ് ആയുധങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കാന്‍ തുടങ്ങുകയും ചെയ്തു. അമേരിക്കന്‍ ഭരണകൂടത്തിന്റെ തീര്‍ത്തും വാണിജ്യതാല്പര്യ സംരക്ഷണ ഇടപാടുകളുടെ സ്ഥാനത്ത് പരസ്പര സഹായ മാതൃക ക്വിഡ്കോ മോഡല്‍ ആണ് ചെെന പിന്തുടര്‍ന്നുവന്നത്. ഈ മാതൃക സ്വാഭാവികമായും വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമായി അനുഭവപ്പെടുകയും ചെയ്തു.

അമേരിക്കയും ചെെനയും തമ്മില്‍ സെെനികായുധ വ്യാപാര ഇടപാടുകളുടെ മേഖലയില്‍ രൂപം നല്‍കിയ പരസ്പര മത്സര പ്രക്രിയയുടെ അടിസ്ഥാനശില ‘പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടല്‍’ തന്നെയാണ്. അമേരിക്കയുടെ ലക്ഷ്യം ഒരു ഏകധ്രുവ ലോകവ്യവസ്ഥ വേണമെന്നായിരുന്നെങ്കില്‍ ചെെനയുടെ ലക്ഷ്യം ഒരു ബഹുധ്രുവ ലോകഘടന നിലവില്‍ വരണമെന്നുമായിരുന്നു. രാജ്യരക്ഷാ മേഖലയില്‍ സമഗ്രാധിപത്യം ഏറെക്കുറെ യാഥാര്‍ത്ഥ്യമാക്കാന്‍ യുഎസിന് കഴിഞ്ഞിരുന്നു. രാജ്യരക്ഷ, ആയുധ നിര്‍മ്മാണം, വ്യോമയാന മേഖലകളില്‍ മാത്രമല്ല, ബഹിരാകാശ സാങ്കേതികവിദ്യയിലും മുന്‍പന്തിയിലെത്തുന്നതില്‍ ആദ്യം വിജയിച്ചത് അമേരിക്കയായിരുന്നു. എന്നാല്‍, ചെെന നിരന്തര പരിശ്രമങ്ങളുടെ ഫലമായി ഇവിടെയും യുഎസിനോട് കിടപിടിക്കാനാവുമെന്ന നിലയിലെത്തുകയും ചെയ്തു.
ഏഷ്യന്‍ രാജ്യങ്ങളാണ് ആയുധ ഇറക്കുമതിയില്‍ മുന്‍നിരക്കാരായുള്ളത്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. നിലവില്‍ 27 ശതമാനമാണ് ഇന്ത്യയുടെ പങ്ക് — 104 ശതമാനം വര്‍ധന. തൊട്ടുതാഴെ 90 ശതമാനം വര്‍ധനവോടെ ഓസ്ട്രേലിയയുമുണ്ട്. ഇന്ത്യയാണെങ്കില്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ ഉപേക്ഷിക്കുകയും ആയുധ സംഭരണത്തിലും വിനിയോഗത്തിലും ആധുനികമാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നതായും കാണാം. ഈ കാര്യത്തിലെല്ലാം റഷ്യയെയാണ് ഇന്ത്യ വര്‍ധിച്ച തോതില്‍ ആശ്രയിച്ചുവരുന്നത്. ഇതിലൊന്ന് എസ്-400 മിസെെല്‍ സംവിധാനമാണ്. ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍, യുഎസില്‍ നിന്നുള്ള ചിനൂക്ക് ഹെലികോപ്റ്ററുകള്‍ തുടങ്ങിയവ ഇതിനു പുറമെയുണ്ട്. ആഭ്യന്തരതലത്തില്‍ എയര്‍ബസ്-ടാറ്റാ സംരംഭവും പുതിയതായൊരു പരീക്ഷണമാണ്. സ്വാശ്രയത്വം പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം. പാകിസ്ഥാന്റെ കാര്യമെടുത്താല്‍ യുദ്ധത്തിനായുള്ള തയ്യാറെടുപ്പ് നടത്തുന്നതില്‍ വെെവിധ്യമാര്‍ന്ന ചെെനീസ് സെെനിക സാമഗ്രികളുടെ വന്‍ശേഖരമാണ് അവര്‍ സ്വരുക്കൂട്ടിയിട്ടുള്ളത്. ചെെനീസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയിരിക്കുന്ന ജെഎഫ്-17 അത്യാധുനിക പ്ലാറ്റ്ഫോം ഇതിലൊന്ന് മാത്രമാണ്. എയര്‍ക്രാഫ്റ്റ് എന്‍ജിനുകളുടെ വലിയൊരു ശേഖരവുമുണ്ട്. ഇവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമായ മുഴുവന്‍ മുന്നൊരുക്കങ്ങളും ചെെനീസ് വിദഗ്ധരുടെ സഹായത്തോടെയാണ് നടത്തിയിരിക്കുന്നതും. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും സമാനമായ തോതിലാണ് ചെെനീസ് വിപണിയില്‍ നിന്നും ആയുധ സംഭരണം നടത്തിയിരിക്കുന്നതെങ്കില്‍ ശ്രീലങ്ക താരതമ്യേന ആയുധ ഇറക്കുമതിയില്‍ ഇടിവ് വരുത്തുകയാണ് ചെയ്തിട്ടുള്ളത്. ശ്രീലങ്കയുടെ ഈ നയംമാറ്റം ആഭ്യന്തര കലാപത്തില്‍ വന്നിട്ടുള്ള അയവിനെത്തുടര്‍ന്നുണ്ടായതായിരിക്കാം.

ആഗോളതലത്തില്‍ സമീപകാലത്ത് രൂപപ്പെട്ടുവരുന്ന ആയുധ ഇറക്കുമതിയുടെ മുന്‍നിരയിലുള്ളത് പശ്ചിമേഷ്യന്‍ മേഖലയാണ്. ഈ മേഖല രേഖപ്പെടുത്തിയിരിക്കുന്നത് 164 ശതമാനം ഇറക്കുമതി വര്‍ധനവാണ്. പെരുകിവരുന്ന പ്രാദേശിക ഏറ്റുമുട്ടലുകള്‍ക്കായുള്ള ആയുധവല്‍ക്കരണത്തിന്റെ പ്രതിഫലനമാണിത്. ഇതിനാവശ്യമായ ധനകാര്യശേഷി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഉണ്ടെന്നതും ഈ പ്രവണതയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആഫ്രിക്കന്‍ മേഖലയുടെ വര്‍ധന 100 ശതമാനമാണെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളിലേത് 55 ശതമാനത്തോളമാണ്. യൂറോപ്യന്‍ ആയുധ ഇറക്കുമതി വര്‍ധന 2022–24കാലയളവില്‍ പൊടുന്നനെ രേഖപ്പെടുത്തിയത് 29-ശതമാനം പെരുപ്പമാണ്. ഇതിനുള്ള കളമൊരുക്കിയത് റഷ്യ – ഉക്രെയ്ന്‍ യുദ്ധവുമാണ്. നാറ്റോ സഖ്യരാജ്യങ്ങള്‍ വാങ്ങിക്കൂട്ടിയത് 189-ശതമാനം അധിക ആയുധശേഖരമാണത്രെ. യൂറോപ്യന്‍ മേഖലയില്‍ തന്നെ യുകെ, നെതര്‍ലന്‍ഡ്സ്, നോര്‍വെ, പോളണ്ട് എന്നീ രാജ്യങ്ങള്‍ ആയുധ ഇറക്കുമതിക്കായി ഒരു കടുത്ത മത്സരംതന്നെ നടത്തുകയായിരുന്നു. ആയുധശേഖരം വര്‍ധിപ്പിക്കുന്നതിനായി നടന്നുവരുന്ന ഈ മത്സരത്തില്‍ പങ്കാളികളായ രാജ്യങ്ങള്‍ വിസ്മരിക്കുന്നത്, ഉക്രെയ്‌നെതിരായി റഷ്യ അഴിച്ചുവിട്ടിരിക്കുന്ന ഈ നശീകരണ പ്രക്രിയ എന്ന് അവസാനിക്കുമെന്നത് പ്രവചനാതീതമായി തുടരുന്നുവെന്ന യാഥാര്‍ത്ഥ്യമാണ്. ഇത്തരം ഏത് ഏറ്റുമുട്ടലിന്റെയും പിന്നില്‍ ആഗോള ആയുധനിര്‍മ്മാണ വ്യവസായ ലോബിയുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്. ആഗോള ഭൗമ രാഷ്ട്രീയ ഏറ്റുമുട്ടല്‍ സാഹചര്യങ്ങളാണ് ആയുധവ്യവസായത്തിന്റെ മുഖ്യവരുമാന സ്രോതസുകള്‍ എന്ന തിരിച്ചറിവും നമുക്കുണ്ടാവേണ്ടിയിരിക്കുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ രണ്ടാം വരവിന് മുമ്പുതന്നെ ആഗോള ആയുധനിര്‍മ്മാണ മേഖലയിലെ വമ്പന്മാരായ ലോക്കറിന്‍ മാര്‍ട്ടിന്‍ — ആര്‍ടിഎക്സ് എന്ന കമ്പനിയുമായി ധാരണയിലെത്തിയിരുന്നതാണ്. ഇനി ഇപ്പോള്‍ ഈ ധാരണ കൂടുതല്‍ വ്യാപകമാവുമെന്നത് ഉറപ്പായി. ചൈനയാണെങ്കില്‍ 2023ല്‍ തന്നെ 10,289 കോടി‍ ഡോളര്‍ നിക്ഷേപത്തോടെ രണ്ടാംസ്ഥാനത്തുമാണ്. ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് ചൈനീസ് സര്‍ക്കാര്‍ തന്ത്രത്തിന്റെ അടിസ്ഥാനംതന്നെ ഉന്നത സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ആയുധ നിര്‍മ്മാണത്തിനാണ് മുന്തിയ പരിഗണന നല്‍കുക എന്നാണ്. ഇതിലേക്കായി ബീജിങ് ഭരണകൂടം ചുമതലപ്പെടുത്തിയിരിക്കുന്നത് നോറിന്‍കൊ എന്ന കമ്പനിയെയാണ്. 

റഡാര്‍ പോലുള്ള എയര്‍ ഡിഫന്‍സ് സംവിധാനങ്ങളുടെ വ്യാപകമായ വിനിയോഗത്തിലാണ് ചൈനീസ് ഭരണകൂടത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുക. അതോടൊപ്പം താണനിലവാരം പുലര്‍ത്തുന്ന ആയുധസാമഗ്രികളെല്ലാം വിദേശരാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നു. ഇതേത്തുടര്‍ന്ന് ഇന്തോ — പസഫിക് മേഖലയില്‍ മാത്രമല്ല ദക്ഷിണപൂര്‍വേഷ്യന്‍ മേഖലയിലും വ്യാപകമായ തോതില്‍ അശാന്തിയും അസ്വസ്ഥതയും സൃഷ്ടിക്കാന്‍ പര്യാപ്തമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ തുടക്കം കുറിക്കുകയും ചെയ്യും. ചൈന – പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് (ബിആര്‍ഐ) തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്. അതിര്‍ത്തിത്തര്‍ക്കങ്ങള്‍ നിലവിലുള്ള രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഇത്തരം പദ്ധതികളുടെ ഗൂഢലക്ഷ്യം.
ആയുധപ്പന്തയത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ രേഖപ്പെടുത്തിയ നടപടികളിലൂടെ നേടിയത് കോടികളുടെ വരുമാനമാണ്. ഇക്കൂട്ടത്തില്‍ യുകെയുടേത് 4,768‍, ഫ്രാന്‍സിന്റേത് 2,553‍, ഇറ്റലിയുടേത് 1,521‍, ജര്‍മ്മനിയുടേത് 1,067 കോടി‍ ഡോളര്‍ വീതമായിരുന്നു. ആയുധനിര്‍മ്മാണത്തിന് അവസരം നോക്കിയിരുന്ന നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് വീണുകിട്ടിയ സുവര്‍ണാവസരമായിരുന്നു ഉക്രെയ്ന്‍ — റഷ്യാ യുദ്ധം. ഇത് അവര്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നു. ഉക്രെയ്ന്‍ കടന്നാക്രമണത്തിന്റെ പേരില്‍ റഷ്യക്ക് ഒട്ടേറെ തിരിച്ചടികള്‍ നേരിടേണ്ടിവന്നെങ്കിലും ആയുധവ്യവസായ ഉത്തേജനം വഴി 2,550 കോടി‍‍ ഡോളര്‍ വരുമാനമാണ് അധികമായി പുടിന്‍ ഭരണകൂടത്തിന് കിട്ടിയത്. പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ ഗുണഭോക്താവായ ഇസ്രയേലിന് നേടാനായ റവന്യു വരുമാനം 13.60 ബില്യന്‍ ഡോളറായിരുന്നു. ടര്‍ക്കി എന്ന ചെറിയ രാജ്യവും ഒരു പ്രാദേശിക ശക്തിയെന്ന നിലയില്‍ വന്‍ നേട്ടമാണ് ആയുധ ഇടപാടിലൂടെ കൊയ്തെടുത്തത്. വിശിഷ്യാ ഡ്രോണ്‍ വിനിയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളും മിസൈല്‍ സജ്ജീകരണങ്ങളും ഒരുക്കുന്നതിനുള്ള സാങ്കേതികവിദ്യയിലൂടെയാണ് ഇതെല്ലാം സാധ്യമാക്കിയത്. ഇന്ത്യയുടെ രാജ്യരക്ഷാ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ഭാരത് ഇലക്ട്രോണിക്സ്, മസാഗോണ്‍ ഡെക്ക്, ഷിപ്പ് ബില്‍ഡേഴ്സ് എന്നിങ്ങനെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, സാമ്പത്തികാസൂത്രണത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ പണ്ഡിറ്റ് നെഹ്രുവിന്റെയും രാജ്യരക്ഷാമന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്റെയും മുന്‍കയ്യോടെ ഈ മേഖലയില്‍ അതിവേഗ വളര്‍ച്ച നേടിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ആഗോള റാങ്കിങ്ങില്‍ ഈ സ്ഥാപനങ്ങള്‍ ഉന്നതപദവി നേടിയിരിക്കുകയാണ്. രാജ്യരക്ഷാ മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് അക്കാലത്ത് തുടങ്ങിവച്ച ഇത്തരം സ്ഥാപനങ്ങളാണ് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ഡോ. മന്‍മോഹന്‍ സിങ് മുതല്‍ മോഡി ഭരണകാലത്തെ ‘മേക്ക് ഇന്‍ ഇന്ത്യ’യിലും ഇടം നേടിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ ചരിത്രയാഥാര്‍ത്ഥ്യം തമസ്കരിക്കുന്നത് വൃഥാവ്യായാമമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.