21 January 2026, Wednesday

അശാന്തിയുടെ ജലയുദ്ധം

ടി കെ അനില്‍കുമാര്‍
May 8, 2025 4:11 am

പഹൽഗാമിലെ കൂട്ടക്കുരുതിക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടിയുണ്ടായിരിക്കുന്നു. പാക് ഭീകരകേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇന്ത്യ സെെനിക നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പഹല്‍ഗാം ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചുകൊണ്ടാണ് ഇന്ത്യ തിരിച്ചടി തുടങ്ങിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന നിരവധി യുദ്ധങ്ങളെപ്പോലും അതിജീവിച്ച് കഴിഞ്ഞ 64 വർഷമായി തുടരുന്ന ജല കരാറാണിത്. ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏക അതിർത്തി പങ്കിടൽ ജലകരാർ എന്നതും ഇതിന്റെ പ്രത്യേകതയാണ്. കരാർ പ്രകാരമുള്ള പാകിസ്ഥാന്റെ വിഹിതത്തിൽ ഉൾപ്പെടുന്ന ജലം വഴിതിരിച്ചുവിടാൻ ഇന്ത്യ നടത്തുന്ന ഏതൊരു ശ്രമവും ഇല്ലാതാക്കുമെന്ന് കഴിഞ്ഞദിവസം പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു. 1960 സെപ്റ്റംബർ 19ന് കറാച്ചിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവും പാകിസ്ഥാൻ പ്രസിഡന്റായിരുന്ന അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്ന പ്രധാന നദിയാണ് സിന്ധു. അഞ്ച് കൈവഴികളാണ് ഇതിനുള്ളത്. ചെനാബ്, ഝലം, ബിയാസ്, സത്‌ലജ്, രവി. ടിബറ്റിൽ ഉത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാൻ കടന്ന് അറബിക്കടലിൽ പതിക്കുന്നു ഭൂരിഭാഗം കൈവഴികളും. സിന്ധുനദിയെ രണ്ടായി മുറിക്കുന്നത് പീർപാഞ്ചാൽ മലനിരകളാണ്. മലനിരകളുടെ രണ്ട് വശങ്ങളിലായി ഒഴുകുന്ന നദികളുടെ നിയന്ത്രണം രണ്ട് രാജ്യങ്ങൾക്കായി നൽകുന്നതും കരാറിനെ വേറിട്ട് നിർത്തുന്നു. 

കിഴക്കൻ ദിക്കിലെ രവി, സത്‌ലജ്, ബിയാസ് എന്നിവയുടെ നിയന്ത്രണാവകാശം ഇന്ത്യക്കും പടിഞ്ഞാറ് ഭാഗത്തെ ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാകിസ്ഥാനുമാണ്. പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള നദികളിലെ ജലം പരിമിതമായ അളവിൽ ഇന്ത്യക്ക് ഉപയോഗിക്കാം. ജലഗതാഗതം, മത്സ്യക്കൃഷി, വൈദ്യുതിയുല്പാദനം എന്നീ ആവശ്യങ്ങളാണ് ഇതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പഞ്ചാബിലെ നദികളിലെ 4,260 കോടി ക്യുബിക് മീറ്റർ വെള്ളത്തിൽ 1,480 കോടി ക്യുബിക് മീറ്റർ മാത്രമാണ് സംസ്ഥാനം ഉപയോഗിക്കുന്നത്. ബാക്കി വെള്ളം പാകിസ്ഥാനിലേക്കും, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കുമാണ് ഒഴുക്കിവിടുന്നത്. മൺസൂൺ കാലത്ത് സത്‌ലജ്, ബിയാസ്, രവി എന്നീ നദികളിലെ പ്രധാന അണക്കെട്ടുകളിൽ നിന്ന് ഏകദേശം 2,060 ദശലക്ഷം ഘനമീറ്റർ വെള്ളം തുറന്നു വിടുന്നു. ഇതിൽ 30 മുതൽ 40 ശതമാനം വരെ മാത്രമേ പഞ്ചാബ് ജലസേചനത്തിനായി ഉപയോഗിക്കൂ. ബാക്കിയുള്ളത് കനാൽ ശൃംഖല വഴി പാകിസ്ഥാനിലേക്കും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും തുറന്നുവിടുകയാണ് പതിവ്. നദികൾ കരകവിഞ്ഞൊഴുകുന്ന മഴക്കാലത്ത്, വെള്ളം സംഭരിക്കാൻ മാർഗമില്ലാത്തതാണ് പഞ്ചാബിനെ പ്രതിസന്ധിലാക്കുന്നത്. ഇന്ത്യക്ക് പ്രത്യേക ഉപയോഗത്തിനായി അനുവദിച്ച കിഴക്കൻ നദികളിലെ ജലവിനിയോഗത്തിനു വേണ്ടിയാണ് സത്‌ലജ് നദിയിൽ ഭക്രാ അണക്കെട്ടും ബിയാസ് നദിയിൽ പോങ്, പാണ്ഡോ അണക്കെട്ടുകളും രവി നദിയിൽ രഞ്ജിത് സാഗർ അണക്കെട്ടും നിർമ്മിച്ചത്. കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന കരാറെന്ന് തോന്നുമെങ്കിലും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് പാകിസ്ഥാനാണ്. മൊത്തം ജലത്തിന്റെ 20 ശതമാനം മാത്രം ഇന്ത്യക്ക് ലഭിക്കുമ്പോൾ ബാക്കി വരുന്ന 80 ശതമാനവും പാകിസ്ഥാൻ നേടുന്നു.
കരാർ മരവിപ്പിക്കൽ പാകിസ്ഥാനിൽ ഉണ്ടാക്കുന്ന തിരിച്ചടികൾ ചെറുതായിരിക്കില്ല. കരാറിൽ നിന്നും ഇന്ത്യ പിന്മാറുന്നത് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥക്ക് തന്നെ തിരിച്ചടിയാകും. പാകിസ്ഥാനിലെ ദേശീയ വരുമാനത്തിന്റെ 23 ശതമാനവും ഗ്രാമീണ തൊഴിലിന്റെ 68 ശതമാനവും സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണ്. വെള്ളം ലഭിച്ചില്ലെങ്കിൽ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥിതിക്ക് ഉണ്ടാകുന്ന തിരിച്ചടികൾ ചെറുതായിരിക്കില്ല. വിളവെടുപ്പ് താഴാനും ഭക്ഷ്യ ദൗർലഭ്യത്തിനും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകും. പരിമിതമായ ജലസംഭരണ ശേഷിയാണ് പാകിസ്ഥാൻ നേരിടുന്ന പ്രതിസന്ധി. കരാർ റദ്ദാക്കുന്നതിലൂടെ ഇത് കൂടുതൽ രൂക്ഷമാകും. പാകിസ്ഥാനിലെ പ്രധാന അണക്കെട്ടുകളായ മൺഗാല, ടാർബേല എന്നിവയ്ക്ക് കുറഞ്ഞ സംഭരണശേഷി മാത്രമാണുള്ളത്. 

1947ലെ ഇന്ത്യ — പാക് വിഭജനം സിന്ധു നദീതടത്തെയും രണ്ടായി മുറിച്ചു. അടിസ്ഥാന ആവശ്യങ്ങൾക്കായി സിന്ധു നദീതടത്തിൽ നിന്നുള്ള വെള്ളമാണ് ഈ മേഖലയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നത്. അതിനാൽത്തന്നെ ജലം പങ്കുവയ്ക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും ഒരു ധാരണ ആവശ്യമായിരുന്നു. അങ്ങനെ 1948ൽ നിലവിൽ വന്ന ഇന്റർ ഡൊമിനിയൻ ഉടമ്പടി പ്രകാരം പാകിസ്ഥാൻ നൽകുന്ന വാർഷിക പണത്തിന് പകരമായി ഇന്ത്യ വെള്ളം നൽകാൻ തീരുമാനിച്ചു. എന്നാൽ പരസ്പര ധാരണ വിജയമാകാത്തതിനെ തുടർന്ന് കരാർ പരാജയപ്പെട്ടു. ലോക ബാങ്കിന്റെ മധ്യസ്ഥതയിൽ ഒരു ദശാബ്ദത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് സിന്ധു നദീജലകരാർ രൂപപ്പെട്ടത്.വിയന്ന കരാറിലെ 64-ാം അനുച്ഛേദ പ്രകാരം ഏത് അന്താരാഷ്ട്ര ഉടമ്പടിയിൽ നിന്നും പിന്മാറാൻ കഴിയുമെന്നത് ഇന്ത്യക്ക് നേട്ടമാണ്. ബംഗ്ലാദേശ്, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളും ഇന്ത്യയുമായി നദീജലം പങ്കിടുന്നുണ്ട്. അതുകൊണ്ടുതന്നെ കരാറിൽ ഇന്ത്യയും പാകിസ്ഥാനും എന്ത് നിലപാട് സ്വീകരിക്കുമെന്ന നിരീക്ഷണത്തിലാണ് ഈ രാജ്യങ്ങളും. ഇന്ത്യയിൽ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തിൽ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാർ പ്രകാരം ചെയ്തത്. ഭക്രാ — നംഗൽ അണക്കെട്ട്, രഞ്ജിത്ത് സാഗർ അണക്കെട്ട്, പോങ് അണക്കെട്ട് എന്നിവയിലൂടെ കിഴക്കൻ നദികളുടെ ഏതാണ്ട് മുഴുവൻ വിഹിതവും ഇന്ത്യ പ്രയോജനപ്പെടുത്തുണ്ട്. 

ഇന്ത്യയുടെ ആദ്യ പദ്ധതിയായ കിഷൻ ഗംഗ ജലവൈദ്യുതി പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്ക വിഷയമായി മാറിയിരുന്നു. 2007ൽ ഇന്ത്യ സിന്ധുവിന്റെ പോഷക നദിയായ കിഷൻ ഗംഗ നദിയിൽ (പാകിസ്ഥാനിലെ നീലം നദി) ജല പദ്ധതിയുടെ നിർമ്മാണം തുടങ്ങിയതായിരുന്നു പാകിസ്ഥാന്റെ എതിർപ്പിന് കാരണം. പാകിസ്ഥാൻ ഈ വിഷയം ഹേഗിലെ ആർബിട്രേഷൻ കോടതിയിൽ എത്തിച്ചെങ്കിലും ഇന്ത്യക്ക് അനുകൂലമായിരുന്നു വിധി. പദ്ധതിക്കായി ഏറ്റവും കുറഞ്ഞ അളവിൽ ജലം തിരിച്ചുവിടാൻ കോടതി ഇന്ത്യക്ക് അനുമതി നൽകി. സെക്കന്‍ഡിൽ ഒമ്പത് ക്യുബിക് മീറ്റർ വെള്ളം അനുവദിച്ചു. എന്നാൽ ഇത് ഇന്ത്യ നിർദേശിച്ച അളവിനെക്കാൾ കൂടുതൽ ആയിരുന്നു. 2013ൽ അണക്കെട്ടിന്റെ രൂപകല്പനയിൽ ചില മാറ്റങ്ങൾ വരുത്തി നിർമ്മാണം തുടരാനും കോടതി നിർദേശിച്ചു. ഇത് പാകിസ്ഥാന് തിരിച്ചടിയായി. സ്വാതന്ത്ര്യത്തിന് ശേഷം 1947 — 48ലെ ഇന്തോ — പാക് യുദ്ധകാലത്ത് നദീജലത്തിന്റെ അവകാശങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന തർക്ക വിഷയമായിരുന്നു. എന്നാൽ 1960ൽ ഉടമ്പടി ഒപ്പുവച്ചതിനുശേഷം ഇരു രാജ്യങ്ങളും നിരവധി സൈനിക സംഘട്ടനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ജലയുദ്ധത്തിലേക്ക് നീങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു യുദ്ധകാലത്തും ഇന്ത്യ നടത്താത്ത കരാർ റദ്ദാക്കൽ 2025ൽ നടപ്പാക്കുമ്പോൾ അത് പാകിസ്ഥാന് സർജിക്കൽ സ്ട്രൈക്ക് ആകുമോയെന്ന് കാത്തിരുന്നുകാണാം. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.