25 March 2025, Tuesday
KSFE Galaxy Chits Banner 2

‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’ പരാജയപ്പെടില്ല

ബിനോയ് വിശ്വം
കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉജ്വല പൈതൃകം
March 23, 2025 4:41 am

ഭരണഘടനാരചന അതിന്റെ അവസാനഘട്ടവും പൂർത്തിയാക്കപ്പെട്ട നാളുകളിലൊന്നിൽ അംബേദ്കർ പറയുകയുണ്ടായി “നാം സൃഷ്ടിക്കുന്ന ഭരണഘടന എത്ര മികച്ചതായാലും കൈകാര്യം ചെയ്യുന്നവർ അയോഗ്യരാകുന്ന പക്ഷം അത് ലക്ഷ്യം നേടാതെ പോവുകയേയുള്ളൂ”. രാജ്യത്തിന്റെ സാമൂഹ്യരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെപ്പറ്റി അഗാധമായ ഉൾക്കാഴ്ചയുള്ള ഒരാളുടെ ശബ്ദമാണ് അംബേദ്കറുടെ വാക്കുകളിൽ മുഴങ്ങിയത്. നമ്മുടെ റിപ്പബ്ലിക്കിന്റെ 75-ാം സംവത്സരത്തിൽ ഭരണഘടനാ ശില്പിയുടെ വാക്കുകൾ ആശങ്കാജനകമായ യാഥാർത്ഥ്യമായി നമ്മെ തുറിച്ചുനോക്കുന്നു. ചാതുർവർണ്യത്തിന്റെ നീതിശാസ്ത്രങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള ഒരു വാൾമുന അല്ലെങ്കിൽ മറ്റെന്താണ് ഈ വാചകം? തങ്ങളുടെ ഹൃദയാന്തരാളങ്ങളിൽ ചാതുർവർണ്യവിധേയത്വവും മനുസ്മൃതിയോടുള്ള ഭയഭക്തിയും വച്ചുകൊണ്ട് അംബേദ്കറുടെ ചിത്രം ഹെഡ്ഗവാറിന്റെയും ഗോൾവാൾക്കറിന്റെയും ചിത്രങ്ങൾക്കൊപ്പം അലങ്കരിച്ചുവയ്ക്കുന്നവരുടെ കാപട്യത്തിന്റെ നെഞ്ചിൽ തറയ്ക്കുന്ന അമ്പാണ് ആ വാക്കുകൾ.
അംബേദ്കറുടെ ജീവിതം വ്യത്യസ്തങ്ങളായ സമരങ്ങളുടെ കൂടെ നടന്നതായിരുന്നു. ആ സമരങ്ങൾക്ക് സാമൂഹ്യവും രാഷ്ട്രീയവും ദാർശനികവുമായ മാനങ്ങൾ ഉണ്ടായിരുന്നു. ഗാന്ധിജിയോടും നെഹ്രുവിനോടും മാത്രമല്ല സോഷ്യലിസ്റ്റുകളോടും കമ്മ്യൂണിസ്റ്റുകളോടുമെല്ലാം അദ്ദേഹം കലഹിച്ചിട്ടുണ്ട്. സാമൂഹ്യനീതിയുടെ പാഠങ്ങൾ ഇന്ത്യയെ പഠിപ്പിച്ച നിയമജ്ഞനായ സ്വാതന്ത്ര്യ പോരാളി എന്ന അദ്ദേഹത്തിന്റെ മഹത്വമേറിയ സ്ഥാനം ഈ കലഹങ്ങൾ കൊണ്ടൊന്നും ചെറുതായിപ്പോകാത്തത്രയും ഉന്നതമാണ്.
ഇന്ത്യൻ സമൂഹത്തിൽ വർഗവും ജാതിയും (Class & caste) തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്നങ്ങൾ എക്കാലവും പ്രസക്തമാണ്. ഇതിനെക്കുറിച്ച് അംബേദ്കറും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എസ് എ ഡാങ്കെയും തമ്മിൽ നടന്ന സംവാദങ്ങൾ ചരിത്രവും സാമൂഹ്യശാസ്ത്രവും ശ്രദ്ധിക്കുന്നവർക്ക് എന്നും പാഠ്യവിഷയമാണ്. കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്കറും അദ്ദേഹത്തിന്റെ ജീവിതവും സമരവും ദർശനവും അ ധികാര രാഷ്ട്രീയത്തിന്റെ വിജയസോപാനത്തിൽ എത്താനുള്ള ച വിട്ടുപടികളല്ല. ചാതുർവർണ്യം കെട്ടിപ്പൊക്കിയ ‘അ’നീതി വ്യവസ്ഥയ്ക്കെതിരായ സമരത്തിലെ മൂർച്ചയേറിയ ആയുധങ്ങളാണവ. ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിൽ രാജ്യമാകെ തിളച്ചുമറിഞ്ഞ കാലത്തെ അനുഭവങ്ങളിൽ നിന്നും സ്വാംശീകരിച്ച ഭാവിപ്രയാണത്തിന്റെ വഴികാട്ടിയാണ് നമ്മുടെ ഭരണഘടന. അതിന്റെ പിറവിയിൽ വഹിച്ച പ്രമുഖമായ പങ്കിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തെ ഉയർത്തിപ്പിടിക്കുന്നു. ദളിതരും ആദിവാസികളും അടക്കമുള്ള മർദിത ജനതതിയുടെ വിമോചനപ്പോരാട്ടത്തിന്റെ പാതയിൽ അദ്ദേഹം പ്രസരിപ്പിച്ച വെളിച്ചത്തിന്റെ ചരിത്രപരമായ പ്രാധാന്യം ശരിയാംവണ്ണം മനസിലാക്കാൻ കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നു. അതിന്റെ ഭാഗമായാണ് സാമൂഹിക നീതിക്കുള്ള പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാനും പോരാട്ടങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി പരിശ്രമിക്കുന്നത്. സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ പൊതുവില്‍ സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ടവരാണെന്ന് പാര്‍ട്ടി മനസിലാക്കുന്നു. ജാതി സെന്‍സസിനായി പാര്‍ട്ടി നിലകൊള്ളുന്നു. അതേസമയം സാമൂഹിക നീതിയുടെ സമരങ്ങളെ ഒരു ജാതി പ്രശ്നമായി ചുരുക്കാതെ രാഷ്ട്രീയ പ്രശ്നമായി കാണുന്നതാണ് പാര്‍ട്ടിയുടെ സമീപനം.
ഭരണഘടനയുടെ ആത്മാവ് അതിന്റെ ആമുഖത്തിൽ തന്നെ അടങ്ങിയിട്ടുണ്ട്. ‘ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ’ എന്ന വാക്കുകളോടെ ആരംഭിക്കുന്ന ആ ആമുഖ ഭാഗം രാഷ്ട്രപരമാധികാരത്തോടും ജനാധിപത്യത്തോടും മതേതരത്വത്തോടും സോഷ്യലിസത്തോടുമുള്ള ഈ നാടിന്റെ പ്രതിബദ്ധത വിളിച്ചുപറയുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ വിശ്വമാനവിക മൂല്യങ്ങളെ അത് അരക്കിട്ടുറപ്പിക്കുന്നു. ഭരണഘടന ആരംഭിക്കേണ്ടത് ദൈവനാമത്തിൽ എന്നാകണമെന്ന വാദം നിരാകരിച്ചുകൊണ്ടാണ് ദൈവവിശ്വാസികൾക്ക് മഹാഭൂരിപക്ഷം ഉണ്ടായിരുന്ന ഭരണഘടനാ നിർമ്മാണസഭ ആ സ്ഥാനം ഇന്ത്യയിലെ ജനങ്ങൾക്കായി മാറ്റിവച്ചത്. ഈ പാഠങ്ങളെല്ലാം അംബേദ്കറുടെ ചരിത്ര പദവി ഇന്ത്യയുടെ മനസിൽ വീണ്ടുംവീണ്ടും ഉറപ്പിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ 78-ാം വർഷത്തിൽ ഭരണഘടനയ്ക്ക് നേരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം പ്രഖ്യാപിക്കുന്നവരെ രാജ്യം കാണുന്നു. കാര്യസാധ്യത്തിനായി ആരുടെ പേര് പറഞ്ഞും ആണയിടാൻ മടിയില്ലാത്ത സംഘ്പരിവാർ തന്നെയാണ് യുദ്ധപ്രഖ്യാപനത്തിന്റെ മുമ്പിലും പിമ്പിലും നിലകൊണ്ടിട്ടുള്ളത്. ഭരണഘടനയെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ജനാധിപത്യവും മതേതരത്വവും എല്ലാം പാശ്ചാത്യമാണെന്നാണ് അവരുടെ ആക്ഷേപം. ആ താളുകളിൽ ഇന്ത്യയുടേതായ ഒന്നുമില്ല എന്നുപറഞ്ഞത് സാക്ഷാൽ എം എസ് ഗോൾവാൾക്കർ തന്നെയാണ്. അംബേദ്കറിനെയും നെഹ്രുവിനെയും പോലെയുള്ള സ്വാതന്ത്ര്യസമരനായകർ ജന്മം നൽകിയ ഭരണഘടന പൊളിച്ചെഴുതി മനുസ്മൃതിയെ മാതൃകയാക്കി പുതിയ ഭരണഘടന കൊണ്ടുവരണമെന്നാണ് സംഘ്പരിവാർ ഉന്നംവയ്ക്കുന്നത്.
വംശമേധാവിത്വത്തിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും ചാതുർവർണ്യത്തിന്റെ സംഘ്പരിവാർ പ്രത്യയശാസ്ത്രവും തമ്മിലുള്ള സാദൃശ്യം മനസിലാക്കിയാൽ ഏതൊരു ചരിത്രവിദ്യാർത്ഥിയും അത്ഭുതം കൂറും. അത്രമേൽ അവർ ഒന്നാണ്. ഇന്ത്യയിൽ എന്നെങ്കിലും ഫാസിസം വരുന്നുണ്ടെങ്കിൽ അത് ഭൂരിപക്ഷവർഗീയതയുടെ രൂപത്തിൽ ആയിരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന അജയഘോഷ് പറഞ്ഞത് നാം മറന്നു പോകുന്നില്ല. അത്തരം സ്മരണകളാണ് ഈ വേളയിൽ ഭഗത് സിങ്ങിന്റെയും അംബേദ്കറുടെയും ജീവിതത്തിലേക്കും ചിന്തകളിലേക്കും നമ്മെ കൊണ്ടുപോകുന്നത്. 

മാർച്ച് 23 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങൾ ഭഗത് സിങ്ങിനേയും അംബേദ്കറെയും മുൻനിർത്തിയുള്ള പഠനങ്ങൾക്കും ആശയ സമരത്തിനുമായി മാറ്റിവയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചത് വർത്തമാന പശ്ചാത്തലത്തിൽ അനിവാര്യമായ ഒരു രാഷ്ട്രീയ കടമയാണ്. ഭഗത് സിങ്ങും അംബേദ്കറും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിക്കുന്നവർ തീർച്ചയായും ഉണ്ട്. അവർ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭഗത് സിങ്ങുമായും അംബേദ്കറുമായും എന്ത് സംബന്ധം എന്ന് ചോദിക്കുന്നതും. സ്വാതന്ത്ര്യത്തിനുവേണ്ടി ആസേതുഹിമാചലം ജനങ്ങൾ പോരാടിയപ്പോൾ അവിടെയൊന്നും ഒരു കാണിയായി പോലും എത്തിനോക്കാത്തവരാണ് ഈ ചോദ്യകർത്താക്കൾ. സാംസ്കാരിക ദേശീയതയുടെ മേൽക്കുപ്പായമണിഞ്ഞുകൊണ്ട് സാമ്രാജ്യത്വയജമാനന്മാർക്ക് വിടുവേല ചെയ്തവരാണവർ. ഇന്ന് അവർ ലക്ഷണമൊത്ത ഫാസിസത്തിന്റെ കുതിരപ്പുറത്തേറി സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പതാകകൾ വലിച്ചുകീറാൻ തന്ത്രങ്ങൾ മെനയുന്നു. ഈ സന്ദർഭത്തിൽ തന്നെയാണ് സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രപാഠങ്ങളും വൈവിധ്യങ്ങൾ നിറഞ്ഞ അതിന്റെ സമരരൂപങ്ങളും നാം വീണ്ടും വീണ്ടും പഠിക്കേണ്ടത്. പല വഴികളിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിയ സമരനായകന്മാരെ വീണ്ടും വീണ്ടും സ്മരിക്കേണ്ടത്. അവരിൽ നിന്നെല്ലാം നമുക്ക് ഒട്ടേറെ പഠിക്കാനുണ്ട്. ഈ സമരത്തിൽ ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’ പരാജയപ്പെടാൻ പാടില്ല. നമ്മൾ പരാജയപ്പെട്ടാൽ ഇന്ത്യ എന്ന ആശയത്തിന്റെ അന്ത്യമായിരിക്കും അത്. ഭഗത് സിങ്ങിന്റെയും അംബേദ്കറുടെയും സ്മരണാവേളയിൽ ഇതെല്ലാമാണ് നമ്മൾ ചരിത്രത്തോടും നമ്മോടുതന്നെയും പറയുന്നത്. 

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.