12 February 2026, Thursday

സഹകരണ മേഖലയിൽ സംഭവിക്കുന്നത്

കെ ജി ശിവാനന്ദൻ
February 12, 2026 4:40 am

ദേശീയതലത്തിലും സംസ്ഥാനത്തും സഹകരണ മേഖലയിൽ വൻതോതിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തികനയങ്ങളും മൂലധന കേന്ദ്രീകൃതമായ കോർപറേറ്റ്‌വല്‍‌ക്കരണവും സഹകരണമേഖലയുടെ പ്രവർത്തനരീതി തന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. ഈ മേഖലയെയും കമ്പോളവല്‍ക്കരണ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമവും നടക്കുന്നു. മത്സരവേദികളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ തകർച്ച നേരിടുന്നതും തകർന്നുപോയതുമായ സഹകരണ സ്ഥാപനങ്ങളുടെ എണ്ണം രാജ്യമാകെ വർധിക്കുകയാണ്. സഹകരണ സ്ഥാപനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയണമെങ്കിൽ ആധുനികവല്‍ക്കരണവും പ്രൊഫഷണലിസവും അനിവാര്യമാണെന്ന നിലപാടാണ് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്കുള്ളത്. വികേന്ദ്രീകൃത സ്വഭാവമുള്ളതും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ളതുമായ സഹകരണ സ്ഥാപനങ്ങളാണ് പൊതുവേ പ്രവർത്തിച്ചുവരുന്നത്. എന്നാൽ, കേന്ദ്ര സഹകരണ മന്ത്രാലയത്തെ മുൻനിർത്തി സഹകരണമേഖലയെ കേന്ദ്രത്തിന്റെ അധികാരപരിധിയിൽ കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിനാവശ്യമായ വിധത്തിൽ നിരവധി നിയമങ്ങൾ പാർലമെന്റ് പാസാക്കുകയുണ്ടായി. കോടതിവിധികൾ, പ്രത്യേകിച്ച് സുപ്രീം കോടതി വിധികൾ സഹകരണ സ്ഥാപനങ്ങൾക്ക് അനുകൂലമായിട്ടാണ് ഉണ്ടാകാറുള്ളത്. ഭരണഘടന സഹകരണ മേഖലയ്ക്ക് നൽകുന്ന സംരക്ഷണകവചത്തിന്റെ പ്രാധാന്യം കോടതിവിധികളിലൂടെ സുപ്രീം കോടതി തന്നെ ഭരണകൂടത്തെ ഓർമ്മിപ്പിക്കാറുമുണ്ട്. കോടതിവിധികളെ വളച്ചൊടിച്ചും സഹകരണ മേഖലയിൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരങ്ങൾ കവർന്നെടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഭേദഗതി ചെയ്യപ്പെട്ട ബഹുസംസ്ഥാന സഹകരണ നിയമത്തെ ദുരുപയോഗം ചെയ്യുന്നു. ഈ നിയമങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന ദേശീയതലത്തിലുള്ള സഹകരണ ഫെഡറേഷനുകളിലേക്ക് അസോസിയേറ്റ് അംഗങ്ങളായി സംസ്ഥാന രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ കൂട്ടിച്ചേർക്കുന്നു. മത്സ്യ‑ക്ഷീര മേഖലകളിലെ നിരവധി സംഘങ്ങളെ അസോസിയേറ്റ് അംഗങ്ങളാക്കി ഇതിനകം മാറ്റിക്കഴിഞ്ഞു. സംസ്ഥാന സർക്കാരുകളെ മറികടന്ന് ആനുകൂല്യങ്ങൾ നേരിട്ടെത്തിക്കുന്ന പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകിയിട്ടുള്ളത്. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ ബലികഴിക്കുന്ന നടപടികൾ ഗുരുതരമായ ഭവിഷ്യത്തുകളാണ് വരുത്തിവയ്ക്കുന്നത്. 

സഹകരണ മേഖലയുടെ പ്രവർത്തനങ്ങളിൽ വലിയ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാനത്താകെ രജിസ്ട്രാർക്ക് കീഴിൽ 20,000ൽപരം സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ആയിരക്കണക്കിന് സംഘങ്ങൾ പല കാരണങ്ങളാൽ പ്രവർത്തനരഹിതമായി. മൂലധന അപര്യാപ്തത സംഘങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. പരമ്പരാഗത വ്യവസായ മേഖലയിലെ സംഘങ്ങൾക്കാണ് പ്രധാനമായും ഈ ദുര്യോഗം നേരിടേണ്ടിവന്നിട്ടുള്ളത്. പരിമിതമായ സഹായം ഇതിൽ പല സംഘങ്ങൾക്കും ലഭിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാത്തവിധം ദുർബലാവസ്ഥയിലാണ് ഒട്ടുമിക്ക സംഘങ്ങളും. പ്രത്യേകമായ സാമ്പത്തിക പാക്കേജിലൂടെ മാത്രമേ ഇത്തരം സംഘങ്ങളെ രക്ഷിച്ചെടുക്കാൻ കഴിയൂ. അതിനുള്ള ശ്രമം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സഹകരണ മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാർ അതീവശ്രദ്ധ കാണിക്കുന്നുണ്ട്. സഹകരണ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കാലോചിതമാറ്റവും സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നു. നിയമസഭ പാസാക്കിയ കേരള സഹകരണ ഭേദഗതി നിയമം ഈ രംഗത്തെ സുപ്രധാന ചുവടുവയ്പാണ്. സംസ്ഥാനത്തെ ചില സഹകരണ സ്ഥാപനങ്ങളിലുണ്ടായ ക്രമക്കേടുകളും അഴിമതിയും സഹകരണ മേഖലയുടെ യശസിനുതന്നെ കളങ്കം ചാർത്തിയ സംഭവങ്ങളായിരുന്നു. സർക്കാരിനെയും സഹകരണ സ്ഥാപനങ്ങളെയും ആക്രമിക്കാനുള്ള ആയുധമാക്കി വലതുപക്ഷ മാധ്യമങ്ങൾ ഇത്തരം സംഭവങ്ങളെ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ഭരണസമിതി അംഗങ്ങളുടെ ഭരണപരിചയക്കുറവും ഉത്തരവാദിത്തമില്ലായ്മയും ചിലയിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതും സുതാര്യതയില്ലാത്തതുമായ നടപടികളും ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിനും പ്രതിസന്ധികളെ അതിജീവിക്കുന്നതിനും പ്രേരണയാകുന്നതാണ് പുതിയ ഭേദഗതി നിയമം. 

സഹകരണ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന വിധത്തിൽ ഭരണപരമായ കാര്യങ്ങളിൽ ഇടപെടുവാൻ ഭരണസമിതി അംഗങ്ങളെ പ്രാപ്തരാക്കേണ്ടതിന്റെ പ്രാധാന്യം സമകാലീന സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നു. ഭരണസമിതി അംഗങ്ങളുടെ പ്രവർത്തനം മാതൃകാപരമായിരിക്കണം. കാര്യക്ഷമതയോടെയുള്ള കൈകാര്യകർതൃത്വം ഓരോ ഭരണസമിതി അംഗത്തിന്റെയും കടമയാണെന്ന കാഴ്ചപ്പാടുണ്ടാകണം. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പാ പ്രതിസന്ധിയും ചർച്ചാവിഷയമാണ്. വർധിച്ചുവരുന്ന നിഷ്ക്രിയ ആസ്തി, ബാങ്കുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിക്ഷേപ സമാഹരണത്തിൽ ബാങ്കുകൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നുണ്ട്. പല സംഘങ്ങളുടെയും നിക്ഷേപ സമാഹരണം ഉയർന്ന പലിശ നൽകി സ്വീകരിക്കുന്നവയാണ്. കുറഞ്ഞ പലിശയിൽ നിക്ഷേപങ്ങൾ സമാഹരിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ ബാങ്കുകൾ പ്രത്യേകം പദ്ധതികൾ ആവിഷ്കരിക്കണം. അതിൽ പ്രധാനമായത് കറന്റ് അക്കൗണ്ടുകളും സേവിങ്സ് അക്കൗണ്ടുകളും പ്രോത്സാഹിപ്പിക്കുക എന്നതാകണം. അതുപോലെതന്നെ, സാധാരണക്കാരന്റെ ആശ്രയകേന്ദ്രമെന്ന കാഴ്ചപ്പാടിൽ നിന്നും മാറാതെ, വായ്പാവിതരണത്തിന്റെ കാര്യത്തിൽ കൃത്യതയും കണിശതയും കാണിക്കുകയും വേണം. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ പ്രശസ്തിയാർജിച്ച കേരളത്തിന്റെ യശസിനെ തല്ലിക്കെടുത്താനുള്ള ശ്രമങ്ങൾ സഹകരണവിരുദ്ധർ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നിക്ഷേപ സുരക്ഷയെന്നത് നയമായെടുത്തുകൊണ്ടുള്ള തീരുമാനമാണ് നിക്ഷേപ ഇൻഷുറൻസ് തുക വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലൂടെ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് 10 ലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ആർബിഐ ലൈസൻസിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് കേന്ദ്ര നിക്ഷേപ ഗ്യാരണ്ടി കോർപറേഷൻ നൽകുന്ന പരിരക്ഷ തുക അഞ്ച് ലക്ഷം വരെയാണ്. സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോർഡിനാണ് നിക്ഷേപ സുരക്ഷയൊരുക്കാനുള്ള ഉത്തരവാദിത്തം. പ്രതിസന്ധി നേരിടുന്ന സഹകരണ ബാങ്കുകൾക്ക് സാമ്പത്തികസഹായം നൽകാനുള്ള വ്യവസ്ഥയും ബോർഡിന്റെ നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനുള്ള പദ്ധതിയും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. 

സഹകരണ സ്ഥാപനങ്ങളിലെ 10 വർഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന സേവിങ്സ് ഫണ്ടുകൾ ബോർഡിന്റെ ഫണ്ടിലേക്ക് കൈമാറണമെന്ന വ്യവസ്ഥയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇത്തരം നിക്ഷേപങ്ങളുടെ അവകാശികളെത്തിയാൽ പലിശ സഹിതം തുക തിരികെ നൽകുമെന്ന ഉറപ്പും സർക്കാർ നൽകുന്നു. സംസ്ഥാന സർക്കാർ സ്വീകരിച്ച ഈ നടപടി നിക്ഷേപകരുടെ സഹകരണ സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത വർധിപ്പിക്കും. കരുവന്നൂർ സഹകരണ ബാങ്കിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച സുരക്ഷാ നടപടികളുടെ പ്രതിഫലനം കൂടിയാണിത്. സഹകരണ മേഖലയിൽ ഇത് പുത്തൻ ഉണർവിന് വഴി തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളുടെ 2024–25 വർഷങ്ങളിലെ പുരോഗതി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സഹകരണ ബാങ്കുകളുടെ എണ്ണത്തിൽ വർധനയുണ്ടായി. വായ്പാസംഘങ്ങളുടെ എണ്ണം 1,662ൽ നിന്നും 1,687 ആയി. അംഗങ്ങളുടെ എണ്ണത്തിലും കാണാം ഈ വർധന. 2024ൽ 3,34,60,201 ആയിരുന്നത് 2025ലെ കണക്കുപ്രകാരം 3,36,22,733 ആയി ഉയർന്നു. നിക്ഷേപത്തിലുണ്ടായ വളർച്ച 1,65,740.93 കോടി എന്നത് 1,68,137.04 കോടിയായി നേട്ടം കൈവരിച്ചു. നീക്കിയിരിപ്പ് തുകയിലും പുരോഗതിയുണ്ട്. 12,147.39 കോടിയിൽ നിന്നും 12,963.61 കോടിയിലേക്കെത്തി. പ്രവർത്തന മൂലധനം 1,87,079.42 കോടിയിൽ നിന്നും 1,93,921.99 കോടിയിലേക്ക് കുതിച്ചുചാട്ടം തന്നെയുണ്ടായി. വായ്പയിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 1,13,202.23 കോടിയായിരുന്നത് 1,14,123.69 കോടി രൂപയിലേക്കെത്തി. കടം തിരിച്ചുവരവിലുണ്ടായ പുരോഗതി നിഷ്ക്രിയ ആസ്തി കുറയ്ക്കാൻ ഇടവരുത്തി. 30 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്ക് നിഷ്ക്രിയ ആസ്തിയുടെ തോത് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. എന്നാൽ, ഇതിനൊരു മറുവശം കൂടിയുണ്ട്. അതിന് പരിഹാരം കണ്ടെത്തുകയും വേണം. ലാഭത്തിലുണ്ടായിരുന്ന സംഘങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നു. 796ൽ നിന്നും 707 ആയി കുറഞ്ഞു. ഈ കുറവ് ലാഭസംഖ്യയിലും ഉണ്ടായി. 1045.62 കോടിയിലെത്തിയിരുന്ന ലാഭസംഖ്യ 955.32 കോടി രൂപയിലേക്ക് താഴ്ന്നു. നഷ്ടസംഘങ്ങളുടെ എണ്ണത്തിലും ഈ മാറ്റം കാണാം. 2024ലെ നഷ്ടസംഘങ്ങൾ 805 എണ്ണമായിരുന്നു. 2025ൽ എത്തിയപ്പോൾ അത് 929 ആയി വർധിച്ചു. നഷ്ടസംഖ്യ 6998.19 കോടിയിൽ നിന്ന് 8464.60 കോടിയായി. സഹകരണ ബാങ്കുകളുടെ നഷ്ടം പെരുകി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംഘം ഭരണസമിതികൾ തയ്യാറെടുത്തേ മതിയാകൂ. 

നിക്ഷേപകർക്കും വായ്പക്കാർക്കും സംരക്ഷണ കവചമൊരുക്കുന്ന നടപടികളിലേക്ക് സഹകരണസ്ഥാപനങ്ങൾ പോകേണ്ടതുണ്ട്. അതിനാവശ്യമായ വിധത്തിൽ ഒരു വായ്പാനയത്തിന് രൂപം നൽകണം. കടമെടുക്കുന്നവരെ കടക്കെണിയിലാക്കുന്ന ഇന്നത്തെ വായ്പാ വിതരണരീതിയിൽ മാറ്റം വരുത്തണം. എല്ലാ സഹകരണ സ്ഥാപനങ്ങളിലും കൃത്യതയും വ്യക്തതയുമുള്ള വായ്പാനയം ഉണ്ടാകണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഭരണസമിതികൾ സബ് റൂളുകൾ തയ്യാറാക്കുകയും വായ്പാനയത്തെ സംബന്ധിച്ച് സംഘത്തിന്റെ അംഗങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. വായ്പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷി തന്നെയായിരിക്കണം പ്രധാനം. ഈട് വസ്തുവിന്റെ മൂല്യനിർണയത്തെ സംബന്ധിച്ച് ഭേദഗതി നിയമത്തിൽ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. അതെല്ലാം കൃത്യമായി പാലിക്കാൻ ഭരണസമിതികൾ തയ്യാറാകണം.
ജപ്തിവിരുദ്ധ നിയമത്തിന്റെ പരിധിയിൽ സഹകരണ സ്ഥാപനങ്ങളും വരും എന്നതിനാൽ ഈട് വസ്തു സ്വീകരിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിക്കണം. വായ്പാ തിരിച്ചടവ്, ഈട് വ്യവസ്ഥ, ജപ്തി നടപടിയെ സംബന്ധിച്ചുള്ള നിബന്ധനകൾ എല്ലാം പാലിച്ചുകൊണ്ടാകണം വായ്പാനയം തയ്യാറാക്കേണ്ടത്. നിക്ഷേപ — വായ്പ അനുപാതം പരിപാലിച്ച് മുന്നോട്ടുപോയാൽ ഇപ്പോൾ നേരിടുന്ന വായ്പാ പ്രതിസന്ധിക്കും നഷ്ടസാധ്യതയ്ക്കുമെല്ലാം പരിഹാരം ഉണ്ടാക്കാനാകും. അതിനുതക്കവിധം സഹകരണ സംഘം ഭരണസമിതികളെ പ്രാപ്തമാക്കുകയെന്നതാണ് സർക്കാരിന്റെ കടമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.