22 January 2026, Thursday

സന്ന്യാസി പ്രചരിപ്പിക്കേണ്ട ധർമ്മം എന്ത്?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
October 29, 2025 4:08 am

മാർഗദർശകമണ്ഡലം എന്ന പേരിലുള്ള ഒരു സന്ന്യാസി സംഘടനയുണ്ട്. അതിന്റെ നേതൃത്വത്തിൽ ഒരു ‘ധർമ്മ’ സന്ദേശയാത്ര ഈയിടെ നടന്നു. സ്വാമി ചിദാനന്ദപുരിയാണ് നയിച്ചത്, മാതാ അമൃതാനന്ദമയി രക്ഷാധികാരിയും ആയിരുന്നു. ധർമ്മ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് ലവലേശം അഭിപ്രായമില്ല. പക്ഷേ ധർമ്മ സന്ദേശം പ്രചരിപ്പിക്കുന്നത് എന്ത് ഉദ്ദേശത്തോടെയാണെന്നത് പരിശോധിക്കപ്പെടണമെന്ന് അഭിപ്രായമുണ്ട്. ആര്‍എസ്എസ് എന്ന അപരമത വിദ്വേഷം അടിസ്ഥാന സ്വഭാവമായ കാവിഭീകര പ്രസ്ഥാനത്തിന്റെ ചൊല്‍പ്പടിക്കു നിൽക്കുന്ന, ബിജെപി രാഷ്ട്രീയത്തിനു കുഴലൂതൂന്ന, അകമ്പടിയാത്രയായി ധർമ്മ സന്ദേശയാത്ര അധഃപതിക്കുമ്പോൾ, ധർമ്മരോഷം തോന്നാതിരുന്നാൽ നമ്മൾ ചത്തെന്നാവും അർത്ഥം. നമ്മൾ ചത്തിട്ടില്ല എന്നതിനാലാണ് ഈ ധർമ്മരോഷ പ്രകടന കുറിപ്പ്. സത്യം പറഞ്ഞിട്ടു വേണം ധർമ്മം ആചരിക്കാൻ എന്നാണല്ലോ ഉപനിഷത്ത് പാഠം (സത്യം വദ; ധർമ്മം ചര). ധർമ്മ സന്ദേശയാത്രയ്ക്ക് നേതൃത്വം നൽകിയ സ്വാമി ചിദാനന്ദപുരിയും സഹയാത്രികരായ മറ്റു സ്വാമിജിമാരും ദയവായി ഒരു ചോദ്യത്തിന് സത്യസന്ധമായ ഉത്തരം പറയണം. ‘നിങ്ങൾ ബിജെപി രാഷ്ട്രീയത്തിന് എതിരാണോ അനുകൂലമാണോ?’ ഇതാണ് ചോദ്യം. ‘അതേ’ എന്നാണ് സ്വാമിജിമാരുടെ ഉത്തരമെങ്കിലും ‘അല്ല’ എന്നാണെങ്കിലും രണ്ടിനേയും അർഹമായ രീതിയിൽ അഭിസംബോധന ചെയ്യാൻ ഈ ലേഖകൻ സന്നദ്ധനാവും. പക്ഷേ ‘ഞങ്ങൾക്ക് രാഷ്ട്രീയമില്ല’ എന്നു മാത്രം സ്വാമിജിമാർ പറഞ്ഞേക്കരുത്. പറഞ്ഞാലതു പച്ചനുണയാകും. പച്ചനുണ പറയുന്നവർക്ക് രാവണന്റെ സന്ന്യാസവേഷം പോലെയേ ധർമ്മം ആചരിക്കാനാവൂ. അതിനാൽ ‘ഞങ്ങൾക്ക് ഞങ്ങളുടെ രാഷ്ട്രീയം ഉണ്ട്’ എന്ന സത്യം പറഞ്ഞുകൊണ്ടാവട്ടെ നിങ്ങളുടെ ഇനിയുള്ള ധർമ്മ സന്ദേശ യാത്രകൾ. ഞാനും ഒരു ധർമ്മ പ്രവർത്തകനാണ്. തന്റേതായ സമ്പ്രദായത്തിൽ ദീക്ഷിതനായ സന്ന്യാസിയും ആണ്. ഞാൻ ഇന്നോളം എന്റെ രാഷ്ട്രീയം മറച്ചുവച്ചിട്ടില്ല. ‘എനിക്ക് രാഷ്ട്രീയമില്ല’ എന്ന കള്ളത്തരം വാക്കിലോ പ്ര­വൃർത്തിയിലോ ല­വലേശം പ്ര­കടിപ്പിച്ചിട്ടുമില്ല. അതിനാ­ൽ തന്നെ സ­ത്യത്തിൽ വേരാഴ്ന്ന ധർമ്മപ്രബോ­ധനം ചെ­യ്യാനാ­കുന്നു. ധർമ്മ പ്ര­ബോധനം എന്നത് വോ­ട്ടെണ്ണം കൂട്ടാൻ ‘കൂടുതൽ കുട്ടികളെ ഉണ്ടാക്കൂ’ എന്നു ആഹ്വാനം നൽകൽ ആവരുത്. എണ്ണത്തിൽ കൂടുതലുള്ള കൗരവരല്ല; കുറവുള്ള പാണ്ഡവരാണ് ശ്രീകൃഷ്ണ സഖ്യത്തിന് അർഹരായവർ. എണ്ണം കൂട്ടാൻ പറയുന്ന ധർമ്മാചാര്യന്മാർ ഭഗവദ്ഗീത ഉൾപ്പെട്ട ധർമ്മ മഹാഗ്രന്ഥമായ മഹാഭാരതത്തിനു പോലും നിരക്കുന്ന ധർമ്മപ്രബോധനമല്ല നൽകുന്നത്. ഇപ്പറഞ്ഞതിനു ന്യായം എന്തെന്നാൽ, പാണ്ഡവർ എണ്ണത്തിൽ കുറവാണെന്നതു തന്നെ…! 

“ഓരോ ഹിന്ദു ഭവനത്തിലും നാലു കുട്ടികൾ ഉണ്ടാകണം; അതിലൊരാളെ സന്ന്യാസിയാക്കണം” എന്നാണ് സ്വാമി ചിദാനന്ദപുരി ധർമ്മ സന്ദേശയാത്രയിൽ ഉടനീളം പ്രസംഗിച്ചു കണ്ടത്. പക്ഷേ മനുഷ്യർക്ക് കുട്ടികളെ ഉണ്ടാക്കാനാകുമെങ്കിലും സന്ന്യാസിമാരെ ഉണ്ടാക്കാനാകുമോ…? അച്ഛൻ വ്യാസ മഹർഷിയാണെന്നു വന്നാലും, മക്കൾ നാലുണ്ടായാലും, (ധൃതരാഷ്ട്രർ, പാണ്ഡു, വിദൂരർ, ശുകൻ ഇവരാണ് വ്യാസന്റെ നാലുമക്കൾ) അതിൽ നിന്ന് ഒരൊറ്റ സന്ന്യാസിയെ പോലും ഉണ്ടാക്കാൻ വ്യാസനായില്ല എന്നു കൂടി പറയുന്ന ധർമ്മകാവ്യമാണ് മഹാഭാരതം. ശ്രീ ശുക ബ്രഹ്മർഷി നൈഷ്ഠിക ബ്രഹ്മചാരിയും ആ വഴി സന്ന്യാസിയും ആണെന്നു ശ്രീമദ് ഭാഗവതം പറയുന്നുണ്ടെങ്കിലും, ശ്രീശുകന് രണ്ട് ഭാര്യമാരുള്ളതായി ശ്രീമദ് ദേവീഭാഗവതത്തിൽ വായിക്കാം. അതുകൊണ്ട് വ്യാസ സന്താനങ്ങളിൽ സന്ന്യാസിയായ ഒരാളുണ്ടെന്നും അയാളാണ് ശ്രീശുകനെന്നും ഭാഗവത പുരാണങ്ങൾ വച്ചുപോലും തറപ്പിച്ചു പറയാനാകില്ല. അതിനാൽ വ്യാസനോളം ബീജബലവും ജ്ഞാനബലവും ഉള്ളവരാണ് ഹിന്ദുക്കളായ ഭൂരിപക്ഷം പുരുഷന്മാരെന്നു വന്നാൽ കൂടിയും മക്കളിലൊരാളെപ്പോലും സന്ന്യാസിയാക്കാനാകുമെന്നു ഭാരതഹൃദയമറിയുന്നവർ ചിന്തിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ല. ഒരു കൂട്ടം ആളുകളും ഒത്തിരി കാശും ഉണ്ടെങ്കിൽ അവർക്കൊരാളെ പ്രധാനമന്ത്രിയാക്കാനാവും, പക്ഷേ ആരേയും സന്ന്യാസിയാക്കാനാവില്ല. ആരു വിചാരിച്ചാലും ആരേയും കവിയോ തത്ത്വചിന്തകനോ ചിത്രകാരനോ നർത്തകനോ ഗായകനോ ടെണ്ടുൽക്കറെ പോലൊരു ക്രിക്കറ്ററോ മെസിയെ പോലൊരു ഫുട്ബോളറോ ആക്കാനാകില്ല‑എന്തിന്, ഡോ. സുകുമാർ അഴീക്കോടിനെപ്പോലൊരു പ്രാസംഗികനെ ഉണ്ടാക്കാൻ പോലും ഒരാളോ ആൾക്കൂട്ടമോ വിചാരിച്ചാൽ സാധ്യമാവില്ല. സന്ന്യാസവും ഒരു കലയാണ്, മമതാരാഹിത്യത്തിൽ ശ്രദ്ധയൂന്നി മാത്രം ഓരോ ശ്വാസവും കഴിക്കാൻ ആത്മബലമുള്ള, അതിനുള്ള വാസനാബലം ജന്മനാസിദ്ധമായ, ഒരു മനുഷ്യനിലൂടെ ആവിഷ്കൃതമാകുന്ന കല. അതുള്ളവർ ആരു സമ്മതിച്ചില്ലെങ്കിലും സന്ന്യാസിയാവും.

കൊട്ടാരത്തിൽ നിന്നും കുടിലിൽ നിന്നും സന്ന്യാസിമാരായി ലോകത്തിലേക്ക് ഇറങ്ങുകയും ചെയ്യും. ബുദ്ധനും ഷിർദ്ദിസായിയും അയ്യാ വൈകുണ്ഠ സ്വാമികളും വിവേകാനന്ദനും നാരായണഗുരുവും ഒക്കെ ഇങ്ങനെ സന്ന്യാസിമാരായവരാണ് ഒരു വലിയ പരിധിയോളം ശ്രീശങ്കരനും സന്ന്യാസ ഗുണയുക്തമായ വാസനാബലം ഉണ്ടായിരുന്നു. പക്ഷേ, ശങ്കരൻ പ്രായോഗികമായി ചാതുർവർണ്യ ധർമ്മത്തോടുള്ള മമതയാൽ ബന്ധിതനായിരുന്നു എന്നു ശ്രീനാരായണഗുരുവും വിവേകാനന്ദ സ്വാമികളും മറ്റും ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാൽ, മമതാരാഹിത്യത്തിൽ ശ്രദ്ധയൂന്നുന്ന കലയായിരുന്നു തീർത്തും ശ്രീശങ്കരൻ പ്രയോഗത്തിൽ വരുത്തിയ സന്ന്യാസം എന്നു പറയാനാവില്ല. അതിനാലാണ് ‘ഒരു പരിധിയോളം’ എന്ന പ്രയോഗം ശ്രീശങ്കരന്റെ സന്ന്യാസത്തെപ്പറ്റി എഴുതുമ്പോൾ അനിർവാര്യമായി തീരുന്നത്.
മമതാരാഹിത്യം സ്വഭാവമായ സന്ന്യാസ കലയുള്ള മാനവൻ പ്രചരിപ്പിക്കേണ്ട ധർമ്മം എന്താണ്? എന്നിലേക്കും എന്റേതുകളിലേക്കും ചുരുങ്ങാത്ത എല്ലാവരിലേക്കും വികസിക്കുന്ന എല്ലാവരുടേയും യോഗക്ഷേമം എന്നതുമാത്രമേ യഥാർത്ഥ സന്ന്യാസിയിലൂടെ പ്രചരിക്കാൻ യോഗ്യമായ ധർമ്മം ആകൂ. ഈ ധർമ്മപ്രചരണം ജീവിത ദൗത്യമാക്കിയ ഒരു സന്ന്യാസിക്കും ഏതെങ്കിലും ജാതിക്കുവേണ്ടിയോ മതത്തിനുവേണ്ടിയോ സമ്പ്രദായത്തിനുവേണ്ടിയോ രാഷ്ട്രത്തിനു വേണ്ടിയോ രാഷ്ട്രീയ കക്ഷിക്കുവേണ്ടിയോ മാത്രമായി ചിന്തയോ വാക്കോ പ്രവൃത്തിയോ ഉപയോഗിക്കാനാവില്ല. അതുകൊണ്ടാണ് നാരായണഗുരു ജാതിമതങ്ങൾ വിട്ടിരിക്കുന്നതായി വിളംബരം എഴുതി ഒപ്പിട്ടു പ്രസിദ്ധീകരിച്ചത്. വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഈ വിളംബരം ശ്രദ്ധിച്ചാണോ ജീവിക്കുന്നതെന്നു ചോദിക്കുന്നതിലെ ശക്തിയും യുക്തിയും തന്നെ, സ്വാമി ചിദാനന്ദപുരി ധർമ്മ സന്ദേശയാത്ര നയിച്ചത് നാരായണഗുരുവിന്റെ ജാതിമത ഭേദങ്ങൾ വിട്ടിരിക്കുന്നു എന്ന വിളംബരം എത്ര തവണ ഓർത്തിട്ടാണെന്നു ചോദിക്കുന്നതിലും ഉണ്ട്. എനിക്കും എന്റേതുകൾക്കും വേണ്ടി മാത്രം ജീവിക്കുന്നതാണ് മമതാ ജീവിതം എല്ലാവർക്കും വേണ്ടി ജീവിക്കലാണ് സമതാദർശനം. സമതാദർശനം സാധ്യമാക്കേണ്ടവരാണ് സന്ന്യാസിമാർ, അല്ലാതെ ‘സംഘിദർശനം’ ചുമക്കേണ്ടവരല്ല. ജാതി മത വിശ്വാസി അവിശ്വാസി ഭേദമന്യേ എല്ലാ മനുഷ്യരുടേയും യോഗക്ഷേമത്തിനായി പ്രയത്നിക്കുന്ന സാമൂഹിക പ്രവർത്തനവും സാമൂഹിക ദർശനവുമാണ് സോഷ്യലിസം. ആധുനികലോകത്ത് മമതാരഹിതനായ സന്ന്യാസിക്ക് കൂടെ നിൽക്കാവുന്ന സാമൂഹിക ധർമ്മവ്യവസ്ഥയാണ് സോഷ്യലിസം. അതുമായി ബന്ധപ്പെട്ട ഉൾക്കാഴ്ചകൾ സമൂഹത്തിൽ പ്രസരിപ്പിക്കലാണ് അഥവാ സമതാധർമ്മ പ്രചരണമാണ് ഒരു സന്ന്യാസിയുടെ ധർമ്മം. ഇപ്പറഞ്ഞത് തെറ്റാകണമെങ്കിൽ സന്ന്യാസം മമതാരാഹിത്യം അല്ലെന്നു തെളിയിച്ചു കാട്ടണം. ചിദാനന്ദപുരി സ്വാമികൾക്കിതു സാധിക്കുമെങ്കിൽ അദ്ദേഹത്തിനതു ചെയ്യാം.
ഇത്രയും പറഞ്ഞുവയ്ക്കുമ്പോൾ ‘സമ്പൂർണ മമതാരാഹിത്യം സാധ്യമാണോ ഏതെങ്കിലും സന്ന്യാസിക്ക് ‘എന്നൊരു ചോദ്യം വരാം. പെറ്റമ്മയും പിറന്നനാടും ഉള്ളിടത്തോളം സാധ്യമാവില്ല എന്നു തന്നെയാണ് ഉത്തരം. ശരീരമുള്ള ഏതൊരു മനുഷ്യനും അമ്മയോടുള്ള സ്നേഹവും നാടിനോടുള്ള സ്നേഹവും തീർത്തും ഒഴിവാക്കാനാവില്ല. പക്ഷേ ഇതിനർത്ഥം പെറ്റമ്മയേയും പിറന്ന നാടിനേയും മാനിക്കാൻ ആരാന്റെ അമ്മയെയും നാടിനെയും വെറുത്തും ഭള്ളു പറഞ്ഞും അപമാനിക്കണം എന്നല്ല. വിവേകാനന്ദസ്വാമികളുടെ ഭാഷയിൽ പറഞ്ഞാൽ “നാം പള്ളിയിൽ ജനിക്കുന്നതു കൊള്ളാം; പക്ഷേ അവിടെ കിടന്നു തന്നെ ചാവുന്നതു നന്നല്ല.“ ‘ ഇതുപോലെ നാം ജാതിയിലോ മതത്തിലോ അമ്പലത്തിലോ ജനിക്കുന്നത് കൊള്ളാം അവിടെ തന്നെ കടിച്ചു തൂങ്ങി ചാവുന്നത് നന്നല്ല. ഈ തിരിച്ചറിവ് മമതയും മമതാരാഹിത്യവും എത്രത്തോളം ആകാമെന്നും എന്തിനാണെന്നും മനസിലാക്കാൻ സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.