15 December 2025, Monday

അധ്യാപകരാകാൻ എന്താണ് യോഗ്യത

ഡോ. അജിത് ആര്‍ പിള്ള
September 22, 2025 4:15 am

ജോലിയിൽ നിന്ന് വിരമിക്കാര്‍ അഞ്ച് വർഷത്തിൽ കൂടുതൽ അവശേഷിക്കുന്ന അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) വിജയിച്ചിരിക്കണമെന്ന് സുപ്രീം കോടതി വിധി വന്നിരിക്കുന്നു. അതിന് സാധിക്കാത്ത മുഴുവൻ പേരും നിർബന്ധിത വിരമിക്കൽ ഉൾപ്പെടെ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് വിദ്യാഭ്യാസ മേഖലയെ വല്ലാതെ ബാധിക്കും. അഞ്ച് വർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവർക്ക് സേവനത്തിൽ തുടരാൻ ടിഇടി നിർബന്ധമില്ലെങ്കിലും സ്ഥാനക്കയറ്റത്തിന് ഇത് നിർബന്ധമാക്കി. അധ്യാപക തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് പുനഃപരിശോധന അനിവാര്യമാണെന്നത് കാലങ്ങളായി ചർച്ച ചെയ്യുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതിവിധി അതിന്റെ എല്ലാവശങ്ങളെയും പരിഗണിച്ചുണ്ടായതാണെ‌ന്ന് കരുതാൻ പ്രയാസമാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകൾക്കപ്പുറം, പുതിയ തലമുറയെ വാർത്തെടുക്കാൻ കഴിവുള്ള, പ്രതിബദ്ധതയും നൈപുണിയുമുള്ള അധ്യാപകരെ കണ്ടെത്താൻ ഇതുപോരാ എന്ന് കാലങ്ങളായുള്ള അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ആയതിലേക്ക് വേണ്ടത് എന്താണെന്ന് കേരള സമൂഹം ഈ അവസരത്തിൽ ചിന്തിച്ചു നിലപാടെടുക്കണം. കേരളം വിദ്യാഭ്യാസ അവകാശ നിയമ നടത്തിപ്പിൽ ഏറെ മുമ്പിലാണ്. സംസ്ഥാനത്ത് 80 ശതമാനത്തിന് മുകളിൽ പൊതുവിദ്യാഭ്യാസത്തെയാണ് ആശ്രയിക്കുന്നത്. ഏറെ അധ്യാപക ജീവിതാനുഭവവും സേവനകാല പരിശീലനങ്ങളും നേടിയിട്ടുള്ള അധ്യാപകരെ കേവലം ഒരു എഴുത്തുപരീക്ഷ നടത്തി പറഞ്ഞുവിടുന്നത് കുട്ടികളെ എങ്ങനെയെല്ലാം അപകടപ്പെടുത്തും എന്നത് ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. 

സുപ്രീം കോടതിയും കുട്ടികളുടെ അവകാശത്തെ മുൻനിർത്തിയായിരിക്കും ഇത്തരമൊരു നിർദേശം വച്ചത്. പക്ഷേ അത് സമഗ്രമായ പരിശോധന കൂടാതെ ആയിപ്പോയി എന്ന് കരുതേണ്ടതുണ്ട്. ഇത്തരുണത്തിൽ ഒരു ചോദ്യം ഉയരുന്നു. എന്താണ് ശരിക്കും പോംവഴി? ആരാണ് അറിവ് പകർന്നുനൽകാൻ ശേഷിയുള്ള ആൾ? ഇതൊരു വല്ലാത്ത ചോദ്യമാണ്. ഒറ്റയ്ക്കും സംഘമായും അറിവ് പരസ്പരം കൈമാറുമ്പോൾ പലപ്പോഴും അതിന് നേതൃത്വം നൽകാൻ ശേഷിയുള്ളവരാണ് അധ്യാപക നൈപുണി ഉള്ളവരെന്ന് സാമാന്യവൽക്കരിക്കാവുന്നതാണ്.
ദീർഘകാല അധ്യാപന ജീവിതത്തിൽ നിന്നും ലഭിക്കുന്ന അനുഭാവവാധിഷ്ഠിത പഠനം, (എക്സ്പീരിയൻഷ്യൽ ലേണിങ്) പരിഗണിക്കാതിരിക്കാൻ കഴിയില്ല. അവയെ നിയമംകൊണ്ട് ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അജ്ഞതയാണ്, ധാരണ‌ക്കുറവാണ്. അനുഭവങ്ങളും സേവനകാലത്തെ പരിശീലനങ്ങളും നൽകുന്ന പാഠങ്ങൾ തീർച്ചയായും ഏറെയാണ് എന്നത് നമ്മുടെ ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. ഒരു ഡോക്ടറുടെ അടുത്തേക്ക് രോഗപരിശോധനയ്ക്കായി പോകുമ്പോൾ അദ്ദേഹം എത്രമാത്രം അനുഭവസ്ഥനാണെന്ന് നോക്കാറുണ്ടല്ലോ. ഒരു സുപ്രഭാതത്തിൽ നിയമം കൊണ്ടുവന്ന്, ജീവിതാനുഭവങ്ങൾ ഏറെയുള്ള അധ്യാപകരെ തൊഴിൽമേഖലയിൽ നിന്നും മാറ്റിനിർത്തുന്നത് അപകടകരമാണ്. അതിന്റെ നഷ്ടം നികത്താൻ പുതിയ അധ്യാപകർക്കു കഴിഞ്ഞുവെന്ന് വരില്ല. മറ്റേതൊരു തൊഴിൽമേഖല പരിഗണിക്കുമ്പോഴും അഭിരുചി വളരെ പ്രധാനപ്പെട്ട ഒന്നാണെന്നുകാണാം. ഒരു വ്യക്തിക്ക് തനിക്ക് താല്പര്യമുള്ള മേഖലയിൽ സാഹചര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുവാനാകും ഇഷ്ടം തോന്നുക. പക്ഷേ ഈ ഇഷ്ടം എന്നത് (അഭിരുചി) ആരംഭത്തിൽത്തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. കൗമാരമെന്നത് സ്വയം തിരിച്ചറിവിന്റെ കാലഘട്ടം കൂടിയാണ്. ഈ ഘട്ടത്തിൽ തന്റെ കഴിവുകൾ എന്താണെന്നും കുറവുകൾ ഏതെല്ലാം മേഖലയിലാണ് എന്നും തിരിച്ചറിഞ്ഞുകൊണ്ട് കഴിവ് കുറഞ്ഞ മേഖലയിൽ അനിവാര്യമായ പരിഹാരങ്ങൾ കണ്ടെത്തുകയും കഴിവുള്ളതിന് കൂടുതൽ ശാക്തീകരണം നൽകുകയും ജീവിതാനുഭവങ്ങളെ തിരയുകയും അങ്ങനെ ആ മേഖലയിൽ പ്രാഗത്ഭ്യം നേടുകയും ചെയ്യണം. 

ആ വ്യക്തി തന്റെ തൊഴിൽ മേഖല തെരഞ്ഞെടുക്കുമ്പോള്‍, മേഖലയിൽ ഏറെ സംഭാവന നൽകാനുള്ള പ്രചോദനം ഉണ്ടാവുകയും പ്രവർത്തനങ്ങൾ മികച്ചതായി മാറുകയും ചെയ്യും. ഇല്ലെങ്കിൽ കിട്ടുന്ന തൊഴിലിലിരുന്ന് സ്വയം പഴിച്ചും പിൻവലിഞ്ഞും നിഷ്ക്രിയമായി സമൂഹത്തിന് ഗുണമില്ലാത്ത രീതിയിൽ പ്രവർത്തിക്കും. അതുകൊണ്ടുതന്നെ വിദ്യാഭാസ പ്രവർത്തകർ ചൂണ്ടി‌ക്കാട്ടുംപോലെ ‘ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്’ ഉപയോഗിക്കുന്നതിനു പകരം ഒരു യോഗ്യതാ അഭിരുചി പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികൾ കടന്നുപോകുന്നതാണ് പരിഗണിക്കേണ്ടത്.
കേവലമായ ഒ‌ബ്‌ജക്ടീവ് മാതൃകാ ചോദ്യങ്ങൾക്കുത്തരം നൽകിയാവരുത് ആ മൂല്യനിർണയം നടപ്പിലാക്കേണ്ടത്. പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ പല രാജ്യങ്ങളും എത്തപ്പെട്ടിരിക്കുന്ന അന്വേഷണാത്മക അധ്യാപന മേഖലയിലേക്കുള്ള വ്യക്തികളുടെ തെരഞ്ഞെടുപ്പുകളെ ഉദാഹരണമായി എടുത്തുകൊണ്ട് നമുക്കും അവയെ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്. അധ്യാപകരാകുന്നതിനുമുമ്പുള്ള ഈ വിലയിരുത്തലിലേക്ക് കടന്നുവരുന്ന ഓരോരുത്തർക്കും അവരവരുടെ യഥാർത്ഥ ക്ലാസ് പ്രവർത്തനങ്ങളെ മാറ്റുരയ്ക്കാനുള്ള അവസരം കൂടി ഉണ്ടാകണം. അത് പലതരത്തിലുള്ള ചോദ്യങ്ങളിലൂടെ, നിരീക്ഷണ മൂല്യനിർണയ മാർഗങ്ങളിലൂടെ നേടിയെടുക്കാൻ കഴിയും. അതിൽ ഏറ്റവും പ്രധാനമായി ആ വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ അഭിപ്രായങ്ങളെയാണ് പരിഗണിക്കേണ്ടത്. നിരവധി ഗവേഷണ പഠനങ്ങൾ അധ്യാപക ശേഷിയുടെ അളവിനെക്കുറിച്ച് വിദ്യാർത്ഥികളുടെ അഭിപ്രായത്തിനാണ് ഏറ്റവും കൂടുതൽ ഗൗരവമേറിയ പരിഗണന നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നു. ഏത് മേഖലയിലാണോ അധ്യാപകരാകാൻ പോകുന്നത് ആ മേഖലയിലെ വിദ്യാർത്ഥികളുടെ മുമ്പിൽ പ്രവർത്തിക്കുകയും വിദ്യാർത്ഥികളുടെ വസ്തുനിഷ്ഠമായ അഭിപ്രായങ്ങളെ പരിഗണിക്കുകയും വേണം. കുറവുകളുടെ പരിഹാരങ്ങൾക്കും മെച്ചപ്പെടലിനും സാധ്യതയുണ്ടെങ്കിൽ അതിനുള്ള അവസരം നൽകിക്കൊണ്ടുമാത്രമേ അധ്യാപകരായി മാറാൻ കഴിയുകയുള്ളൂ എന്ന തീരുമാനം കൂടി ഉണ്ടാവണം. ഇനി വരുന്ന തലമുറയില്‍ അത്തരത്തിൽ അഭിരുചിയുള്ളവരെ കണ്ടെത്താൻ നമുക്ക് കഴിയണം. ലോകത്തോട് അനുതാപമുള്ളവർ മാത്രം ഈ തൊഴിലിലേക്ക് കടന്നുവന്നാൽ പോരെ? അനുതാപം എന്നത് വെറുതെ ഉണ്ടാകുന്നതല്ല. അറിവ് സംഘമായി ആർജിച്ചെടുക്കേണ്ടതാണ്, വികസിപ്പിച്ചെടുക്കേണ്ടതാണ്. ആ സംഘബോധത്തെക്കുറിച്ച് ധാരണയില്ലാത്തവർ അധ്യാപന മേഖലയില്‍ കടന്നുവന്നാൽ, ഭാവിയില്‍ കുട്ടികളെ അതിലേക്ക് പ്രതീക്ഷിക്കുകയും വയ്യല്ലോ. ഗുണദോഷ ഭേദവിചാരം നടത്തി തന്റെ ചുറ്റുപാടിനെ പഠിക്കാൻ ശേഷിയുള്ള പുതിയ തലമുറയെ ഈ നാട് ആഗ്രഹിക്കുന്നു, ആവശ്യപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.