
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ബാങ്കിങ് ശൃംഖലാവികാസവും അതുവഴിയുള്ള സേവന വ്യാപനവും സാധ്യമാക്കിയത് ദേശസാൽക്കരണവും തുടർനയങ്ങളുമാണ്. 1955ൽ നടന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരണം, 1960ൽ നാട്ടുരാജ്യ ബാങ്കുകളെ ഏറ്റെടുത്ത് എസ്ബിഐയുടെ ഉപബാങ്കുകളാക്കിയ നടപടി, 1969, 1980 വർഷങ്ങളിൽ യഥാക്രമം പതിനാലും ആറും സ്വകാര്യ ബാങ്കുകളെ ദേശസാൽക്കരിച്ചത്, സാധാരണക്കാർക്ക് പ്രാപ്യവും കൃഷി, ചെറുകിട വ്യവസായം, കച്ചവടം, സ്വയംതൊഴിൽ സൃഷ്ടി, ഗ്രാമവികസനം തുടങ്ങിയ മേഖലകൾക്ക് ഉത്തേജകവുമാകും വിധം ബാങ്കിങ് — ധനകാര്യ സേവനങ്ങളും രൂപാന്തരപ്പെടുന്നതിന് ഇടയാക്കി. പഞ്ചവത്സര പദ്ധതികൾ, ഹരിത — ധവളവിപ്ലവങ്ങൾക്ക് സർക്കാർ ബാങ്കുകൾ സാമ്പത്തിക ഇന്ധനമേകുകയും ചെയ്തു.
എന്നാല്‍ 1990കളിൽ അടിച്ചേല്പിക്കപ്പെട്ട ആഗോളവൽക്കരണ — ഉദാരവൽക്കരണ ‑സ്വകാര്യവൽക്കരണ നയങ്ങൾ ബാങ്കിങ് മേഖലയെയും ബാധിച്ചു. ഈ പുത്തൻ നയങ്ങളുടെ ചുവടുപിടിച്ച് പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഉടമസ്ഥത കുറയ്ക്കുവാനും പൂർണമായും സ്വകാര്യ ബാങ്കുകൾ സ്ഥാപിക്കുവാനുമുള്ള നയങ്ങൾക്കും നിയമങ്ങൾക്കുമാണ് അന്നത്തെ കേന്ദ്ര സർക്കാർ രൂപം നൽകിയത്. തുടർന്ന് ബാങ്കുകൾ, വിശിഷ്യ നവ സ്വകാര്യ ബാങ്കുകൾ കേവലം ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ എന്ന സങ്കല്പത്തിലേക്ക് മാറി. ജനകീയ — സാമൂഹ്യ- ക്ഷേമ‑വികസന ബാങ്കിങ് എന്നത് നവ സ്വകാര്യ ബാങ്കുകളുടെ അജണ്ടയല്ലാതെയുമായി.
നവ വ്യാപാര മാതൃകാസ്ഥാപനങ്ങളുടെ തലപ്പത്തിരുന്നുകൊണ്ട് യാതൊരു കരുതലുമില്ലാതെ, മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ നൽകൽ, വൻകിട കോർപറേറ്റുകളുടെ വീഴ്ചകൾ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍, കിട്ടാക്കടം വർധിപ്പിക്കൽ, സമ്മർദത്തിലായ വായ്പാ ആസ്തികൾ വീണ്ടെടുക്കാനുള്ള ആസ്തി നിർണയ കമ്പനികളെ തെരഞ്ഞെടുക്കുന്നതിലുള്ള ഒത്തുകളി, പുതുതലമുറ ബാങ്കുകളെ സ്വകാര്യ സ്വത്തായി കണക്കാക്കുന്ന സിഇഒമാരുടെ നേതൃത്വത്തിൽ കൂട്ട പിരിച്ചുവിടലുകളും തൊഴിൽ നഷ്ടങ്ങളും, ‘ഫ്ലാബ് കട്ട്’, ‘കോസ്റ്റ് ഒപ്റ്റിമൈസേഷൻ’ എന്നിവയുടെ മറവിൽ ജീവനക്കാരുടെ ഗണ്യമായ കുറവ് എന്നിവയെല്ലാമടങ്ങുന്ന ബിസിനസ് മോഡൽ നവ സ്വകാര്യ ബാങ്കുകൾ നടപ്പാക്കി.
വർധിക്കുന്ന കിട്ടാക്കടം
ബാങ്കിങ് മേഖലയിൽ, പ്രത്യേകിച്ച് സ്വകാര്യ ബാങ്കിങ് മേഖലയിൽ കിട്ടാക്കടം വർധിക്കുന്നത് വെല്ലുവിളിയായി തുടരുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം 2015 സാമ്പത്തിക വർഷത്തിനും 2024–25 നുമിടയിൽ 17,35,379 കോടി രൂപയുടെ കിട്ടാക്കടമുണ്ടായതായാണ് കണക്കുകൾ. വന്‍കിട, ഇടത്തരം കോർപറേറ്റു‘കൾക്ക് കോടികളുടെ വായ്പ, വിട്ടുവീഴ്ചകളോടെ നൽകാൻ ഉന്നത ബാങ്ക് മേധാവികൾ തയ്യാറാവുന്നു. വായ്പാ തിരിച്ചടവിൽ മനഃപൂർവമായി ഇവർ വീഴ്ചവരുത്തുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ബിനാമി ഇടപാടുകൾക്ക് ഡയറക്ടർമാരും പ്രൊമോട്ടർമാരും കൂട്ടുനിൽക്കുന്നു. സാധാരണക്കാരന്റെ ലൈഫ് ഭവന പദ്ധതിയിൽപ്പെട്ട വീടുപോലും ജപ്തി ചെയ്ത് പെരുവഴിയിലേക്ക് ഇറക്കുന്നവർ വൻകിട കോർപറേറ്റുകളുടെ തട്ടിപ്പിന്റെ പ്രൊമോട്ടർമാരായി മാറുന്ന കാഴ്ചയാണ്. വൻകിട വ്യവസായങ്ങളിലും സേവനങ്ങളിലുമായി എഴുതിത്തള്ളിയ തുക മാത്രം 9,27,947 കോടിയാണ്. 16 ലക്ഷം കോടി രൂപയാണ് ‘കോടീശ്വര സുഹൃത്തുക്കൾ’ക്കായി സർക്കാർ എഴുതിത്തള്ളിയതെന്നാണ് ആക്ഷേപം. ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ക്രമീകരണമാണ് എഴുതിത്തള്ളൽ എന്ന് കേന്ദ്ര സർക്കാർ വാദിക്കുന്നത്, വീഴ്ച വരുത്തിയ ഫണ്ടുകളുടെ വീണ്ടെടുക്കൽ പ്രക്രിയയിലെ പരാജയം വ്യക്തമാക്കുന്നതാണ്. അഞ്ചു വർഷത്തിനുള്ളിൽ വീണ്ടെടുക്കൽ ശതമാനം പരിശോധിച്ചാൽ എഴുതിത്തള്ളിയതിന്റെ 18.7 % മാത്രമാണ് എന്നുകാണാം. അതായത് 1.85 ലക്ഷം കോടി രൂപ മാത്രം, 81 ശതമാനത്തിലധികം തുക വീണ്ടെടുക്കാനായില്ല. എട്ട് ലക്ഷം കോടി രൂപയിലധികം വീണ്ടെടുക്കാനായില്ല. അഞ്ചു വർഷത്തെ കണക്ക് മാത്രമാണിത്. കിട്ടാക്കടങ്ങൾ വീണ്ടെടുക്കാൻ ആസ്തി പുനർനിർണയ കമ്പനികളെ ചുമതലപ്പെടുത്താറുണ്ട്. ഈ ചുമതലപ്പെടുത്തലിലും ക്രമക്കേട് നടക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രതിസന്ധിയിലായ ബാങ്കിന്റെ പ്രൊമോട്ടർമാരുടെയോ വീഴ്ച വരുത്തിയ കോർപറേറ്റുകളുടെയോ ബിനാമി കമ്പനികൾ ആസ്തി പുനർനിർണയ കമ്പനികളായി രംഗത്തുവരും. ഇവർ വീണ്ടെടുക്കൽ ആസ്തിയുടെ മൂല്യനിർണയത്തിൽ കാണിക്കുക കോടികളുടെ കൃത്രിമത്വമാണ്. ഇതോടെ വീണ്ടെടുക്കൽ പ്രക്രിയയിൽ വൻവിലയുള്ള ആസ്തികളുടെ മൂല്യം ഇടിയും.
നവ സ്വകാര്യ ബാങ്കുകളുടെ പ്രകടനം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി പ്രമുഖ സ്വകാര്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് കോടികളുടെ കിട്ടാക്കടം വരുത്തിവച്ച് തകർച്ചയിലായത്. യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക്, ഐഎൽആന്റ്എഫ്എസ്, ദിവാൻ ഹൗസിങ് ഫിനാൻസ് കോർപ്പറേഷൻ എന്നിവ ഇതിൽ ചിലതു മാത്രം. പല ബാങ്കുകളുടെയും പ്രൊമോട്ടർമാർ ജയിലിലായി. വായ്പാ വീണ്ടെടുക്കൽ പ്രക്രിയയിൽ കാര്യമായി നേട്ടമൊന്നുമുണ്ടായതുമില്ല. കിട്ടാക്കടങ്ങൾ സുതാര്യമായി തിരിച്ചറിയാനും സമ്മർദത്തിലായ ആസ്തികൾ വീണ്ടെടുക്കാനുമുള്ള നടപടിക്രമങ്ങൾ ശക്തമാക്കാതിരിക്കുന്നതാണ് വൻകിട കോർപറേറ്റുകൾ അവസരമായി കാണുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, സ്വകാര്യമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 2014 സാമ്പത്തിക വർഷത്തിലെ ഏകദേശം 303,856ൽ നിന്ന് 2024ൽ 8,46,530 ആയി വർധിച്ചു. 2.78 മടങ്ങ് വർധനവ് കാണിക്കുന്നു. ഈ തൊഴിലുകളുടെ ഗുണനിലവാരം, സേവന വേതന വ്യവസ്ഥകൾ, ജോലി സ്ഥിരത, ജോലി — ജീവിത സന്തുലനം തുടങ്ങിയ കാര്യങ്ങൾ ചോദ്യങ്ങളുയർത്തുന്നുണ്ട്.
തൊഴിലവസരങ്ങളിൽ മൊത്തത്തില്‍ വളർച്ചയുണ്ടായിട്ടും, സ്വകാര്യ മേഖലയിലെ ബാങ്കുകൾ ഉയർന്ന കൊഴിഞ്ഞുപോക്ക് നേരിട്ടു. 2023 സാമ്പത്തിക വർഷത്തിൽ, കൊഴിഞ്ഞുപോക്ക് നിരക്കുകൾ 31% ത്തിനും 51% ത്തിനും ഇടയിലായിരുന്നു, ഇതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ആശങ്ക അറിയിക്കുകയുണ്ടായി. കഴിവുള്ളവരെ നിലനിർത്താനുള്ള ശ്രമങ്ങൾ 2024 സാമ്പത്തിക വർഷത്തിൽ കൊഴിഞ്ഞുപോക്ക് നിരക്കുകൾ 25% – 45% ആയി കുറയ്ക്കാൻ കാരണമായി. കഴിഞ്ഞ നാല് വർഷത്തിനിടെ 10 സ്വകാര്യ ബാങ്കുകൾ ഏകദേശം 2,95,000 പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 2024 സാമ്പത്തിക വർഷത്തിൽ 94,046 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
ഡിജിറ്റൽ ബാങ്കിങ്ങിന്റെ വരവ്, മേഖലയിലെ തൊഴിൽ ചലനാത്മകതയെ പുനർനിർമ്മിച്ചു. യന്ത്രവല്‍ക്കരണവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പരമ്പരാഗത ക്ലറിക്കൽ റോളുകളിൽ ഇടിവിന് കാരണമായി. അതേസമയം ഡിജിറ്റൽ, സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ള ആവശ്യം വർധിച്ചു. ഈ മാറ്റം ചില മേഖലകളിൽ ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലുകൾക്കും ജോലികളുടെ പുനർനിർവചനത്തിലേക്കും നയിച്ചു.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.