16 January 2026, Friday

ഭയം നമുക്ക് പരിചിതമായിത്തീരുമ്പോൾ

കെ വി വസന്ത്കുമാര്‍
June 23, 2025 4:21 am

സമകാലീന ഇന്ത്യയിൽ പൊതുവേ കാണപ്പെടുന്ന മുഖഭാവം എന്താണ്? ചിരിയല്ല, നിരാശയുമല്ല. ഇന്ന് നമ്മുടെയെല്ലാം മുഖത്ത് പതിഞ്ഞിരിക്കുന്നത് ഭയമാണ്. തുറന്നുപറയാനാകാത്ത, നിശബ്ദമായി ഉള്ളിൽ കയറിക്കൂടിയ ഭയം. ആരെയും വിശ്വസിക്കരുത് എന്ന ശരീരഭാഷയിൽ പതിഞ്ഞ ഭയം. ഈ ഭയം വിതയ്ക്കുന്ന, വളർത്തുന്ന ഭരണ സംവിധാനത്തിന്റെ പേരാണ് ഫാസിസം. മുന്നിൽ എന്തെങ്കിലും അനീതി നടക്കുമ്പോൾ, നമ്മൾ തലതിരിച്ച് കടന്നുപോകുന്നു. നമ്മളെ ബാധിക്കുന്നില്ലല്ലോ എന്നു വിചാരിച്ചുള്ള ആ കടന്നുപോകലാണ് ഫാസിസത്തിന് ഏറ്റവും വലിയ ഇന്ധനം. ഭരണഘടന പറയുന്നത് നാമെല്ലാവരും ഒരുപോലെ സുരക്ഷിതരായിരിക്കണം, ഭരണഘടനയ്ക്ക് മുന്നിൽ ഭരണകൂടം ഉത്തരവാദികളായിരിക്കണം എന്നാണ്. പക്ഷേ ഇപ്പോൾ ഭരണകൂടം ഭയം പടർത്തുന്ന ഏകാധിപത്യമാകുന്നു. ഇത്തരമൊരു ഭീകര രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവർ മാധ്യമങ്ങൾ, ജുഡീഷ്യറി, പൊലീസ്, വിദ്യാഭ്യാസം, സിനിമ തുടങ്ങിയ എല്ലാ മേഖലകളിലും ഉണ്ടായിക്കഴിഞ്ഞു. ഫാസിസം എന്നത് ഏതെങ്കിലും ഒരു പ്രഖ്യാപിത നയമോ രാഷ്ട്രീയ നിലപാടോ അല്ല. ഫാസിസത്തിന്റെ മുഖം എന്നും അദൃശ്യമാണ്. നമ്മൾ കാണുന്നത് കേവലം മുഖംമൂടികൾ മാത്രമാണ്. അത് ചിലപ്പോൾ — വികസനം, രാജ്യസ്നേഹം, സുരക്ഷ, സംസ്കാര സംരക്ഷണം എന്നിങ്ങനെ പലതുമാവാം. അതിനാൽ തന്നെ പലരും അത് തിരിച്ചറിയാതെ അന്ധമായി പിന്തുടരുന്നു. നമ്മൾ നമ്മളെത്തന്നെ സംശയിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടാൻ സാധിക്കുന്നു എന്നിടത്താണ് ഫാസിസത്തിന്റെ വിജയം. 

ജനങ്ങൾക്ക് വേണ്ടി രൂപീകരിച്ച ഒരു ഭരണഘടനയുണ്ട് ഇന്ത്യക്ക്. ഓരോ പൗരനും മതം, ഭാഷ, ജാതി, ജന്മം എന്ന വ്യത്യാസമില്ലാതെ ഒരേ അവകാശങ്ങളാണുള്ളതെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു സാമൂഹിക കരാർ. പക്ഷേ ഇന്ന്, ആ വാഗ്ദാനം കാറ്റിൽപ്പറക്കുന്ന കാലമാണ്. സിഎഎ, എൻആർസി, ഉത്തർപ്രദേശിലും മധ്യപ്രദേശിലും നടക്കുന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ, ബുൾഡോസർ നീതി, കോടതികളുടെ മൗനം — ഇതെല്ലാം തിരിച്ചറിയാൻ നിയമത്തിൽ ഡോക്ടറേറ്റ് ആവശ്യമില്ല. ഒരു സാധാരണക്കാരന്റെ വെളിച്ചത്തിൽ നോക്കിയാൽ കാണാവുന്ന യാഥാർത്ഥ്യങ്ങളാണ്. സാധാരണക്കാർക്ക് കോടതിയിൽ നിന്ന് നീതി ലഭിക്കാത്തതും, മാധ്യമങ്ങളിൽ നിന്നും സത്യസന്ധമായ വാർത്തകൾ ലഭിക്കാത്തതും, ജോലിക്ക് അർഹതയുണ്ടായിട്ടും പട്ടികയുണ്ടാകാത്തതും എല്ലാം ഫാസിസത്തിന്റെ സൂചനകളാണ്. 

ഇന്ന് ഇന്ത്യയിൽ ‘അവൻ ഇങ്ങനെയാണ്’, ‘അവരൊക്കെ അങ്ങനെ തന്നെ’, ‘അത് ആ മതക്കാരല്ലേ?’ എന്ന രീതിയില്‍ സംസാരിക്കുന്നത് സാധാരണയായിരിക്കുന്നു. ഇത് കേൾക്കുമ്പോൾ നമ്മൾ അതിശയോക്തിയോ ഞെട്ടലോ പ്രകടിപ്പിക്കുന്നില്ല എന്നതുതന്നെയാണ് ഫാസിസത്തിന്റെ ആദ്യ വിജയം. ഇത് പൊളിറ്റിക്കലി കറക്ട് ആവാത്തതിന്റെ പ്രശ്നമല്ല, മനസിലുണ്ടാകുന്ന വിചാരണകളാണ്, ഇത്തരം വിചാരങ്ങൾ നിയമങ്ങളായി മാറാൻ അധികനാൾ കാത്തിരിക്കേണ്ടി വരില്ല. ടിവി ചാനലുകളും മറ്റ് ദൃശ്യമാധ്യമങ്ങളും ദിവസേനയെന്നവണ്ണം നമുക്ക് മുന്നിൽ ഒരു ശത്രുവിനെ വെളിപ്പെടുത്തുന്നു. ഒരിക്കൽ മുസ്ലിം, മറ്റേദിവസം പൗരത്വ പ്രതിപക്ഷികൾ, പിന്നെ വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ… മാനവികതയുടെ തത്വങ്ങൾ, മതേതരത്വം, ജനാധിപത്യം, പൗരാവകാശം എന്നിവയെ അസഹിഷ്ണുതയായി അവതരിപ്പിക്കുന്നു.
ഇത് കേരളമാണല്ലോ, ഇവിടെ ഇതൊക്കെ നടക്കില്ല എന്ന ആത്മവിശ്വാസം നിസാരമായി കാറ്റിൽപ്പറക്കാവുന്നതേയുള്ളു എന്നതാണ് യാഥാർത്ഥ്യം. ആർഎസ്എസിന്റെ കേന്ദ്രീകൃത രാഷ്ട്രീയ പ്രവർത്തനം കേരളത്തിലും വിദ്യാഭ്യാസത്തിന്റെ, പ്രചരണമാധ്യമങ്ങളുടെ, സാമൂഹിക സേവനങ്ങളുടെ എല്ലാം മറവിൽ കടന്നുവരുന്നുണ്ട്. സ്കൂൾതലത്തിൽ പോലും വിദ്യാർത്ഥികൾക്കിടയിൽ വർഗീയതയ്ക്ക് അനുകൂല ചിന്താധാരകൾ പ്രചരിക്കുന്നുണ്ട്. യുവാക്കൾക്കിടയിലെ അരാഷ്ട്രീയതയെ ഫാസിസം എക്കാലത്തും സ്വാഗതം ചെയ്തിട്ടേയുള്ളു. അധികാരത്തെ, അനീതിയെ ചോദ്യം ചെയ്യാത്ത മൗനംതന്നെയാണ് ഇവിടെ വളമാകുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും കലാസാംസ്കാരിക മേഖലയിലേക്കും നീക്കങ്ങൾ കടന്നുവരുന്നുണ്ട്. നമ്മുടെ മനസിലെ ‘വ്യക്തിചിന്ത’ എന്നത് ഇനി ക്രൈം ആകുമോ എന്നു ചോദിക്കേണ്ട സാഹചര്യമാണിന്ന്. കേരളം എന്ന ആശയം പോലും ആർഎസ്എസ് ആശയശൃംഖലയ്ക്ക് കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

ഫാസിസം ആദ്യം അടിച്ചമർത്തുന്നത് ചിന്തയെയും കലയെയും ആണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കാരണം കലയിലൂടെയാണ് മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥാനുഭവം ലഭിക്കുന്നത്. അതിനാലാണ് കലയും കലാകാരന്മാരും സ്ഥിരമായി അധികാരത്തിന്റെയും ഫാസിസത്തിന്റെയും ഇരകളാകുന്നത്. വിമർശനാത്മക സിനിമകൾ തടയപ്പെടുന്നു, പുസ്തകങ്ങൾ നിരോധിക്കപ്പെടുന്നു. കവിതകൾ പൊലീസിന് മുന്നിൽ വിശദീകരിക്കേണ്ടിവരുന്നു. കലയുടെ ഭാഷയിലൂടെ ആളുകൾ സംസാരിക്കുന്നിടത്ത് മുഖംമൂടികൾ അഴിഞ്ഞുവീഴുന്നതിനാലാണ് വിമർശനവും കൂടിവരുന്നത്.
ഏറ്റവും നല്ല ഉദാഹരണമാണ് വേടൻ. ദളിത് ആക്ടിവിസ്റ്റ്, സംഗീതജ്ഞൻ, കവി, ഗായകന്‍ എല്ലാമാണ് വേടന്‍. ജാതിവ്യവസ്ഥ, സാമൂഹ്യ നീതി, ജനാധിപത്യ ശൂന്യത എന്നിവയെ തന്റെ പാട്ടുകൾ മുഖേന കൃത്യമായി വിളിച്ചുപറയുന്നവൻ. ശബ്ദമില്ലാത്തവന്റെ ശബ്ദമാണ് വേടന്റെ പാട്ടുകൾ. ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും തെളിഞ്ഞ നിലപാടുകളും മൂലം ഫാസിസത്തിന്റെ കണ്ണിലെ കരടായി മാറിയവൻ. സമൂഹമാധ്യമങ്ങളിലൂടെയും ഭരണഘടനാതീതമായ നടപടികളിലൂടെയും ഇന്നവൻ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കലയുടെ ഇടപെടലുകൾ സഹിഷ്ണുതയുടെ, പ്രതിരോധത്തിന്റെ, മനുഷ്യാവകാശങ്ങളുടെ ഭാഗമാണ്.
തെരുവുനാടകങ്ങളിലൂടെയും ഗറില്ലാ കലാരൂപങ്ങളിലൂടെയും വരുന്ന ബോധവൽക്കരണം, നിസാരമായി തോന്നുന്ന ചിത്രം പോലും ചുവക്കുന്ന രാഷ്ട്രീയ പ്രസ്താവനകളായി മാറുന്ന സ്ട്രീറ്റ് ആർട്ടുകൾ, ഗ്രാഫിറ്റികൾ, ഇവയെല്ലാം ഉയർന്നുവരുന്ന പോരാളിത്തത്തിന്റെ ഭാഗമാണ്. ചിലർ വെറുതേ ചിരിച്ചുപോവുമ്പോഴും, ചിലർ മൗനം പാലിക്കുമ്പോഴും, ഭയത്തിന്റെ നീണ്ട നിഴലുകൾക്കുള്ള ഉച്ചത്തിലുള്ള പ്രതികരണങ്ങളാണ് ഇവ.
ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് നിലനിൽക്കാൻ അതിന് സദാ വേട്ടയാടാനാവുന്ന, ഒറ്റപ്പെടുത്തി കുറ്റവാളിയായി മുദ്രകുത്താൻ പോന്ന ശത്രു സങ്കല്പം അനിവാര്യമാണ്. ഇന്ത്യയിൽ അത് മുസ്ലിം, ദളിത്, ആദിവാസി എന്നിങ്ങനെ മാറിയും മറിഞ്ഞും വരും. ഭരണഘടനയിലെ സംരക്ഷിത പൗരാവകാശങ്ങൾ ഇവരുടെ കാര്യത്തിൽ നിരന്തരം എടുത്തുമാറ്റപ്പെടുന്നു. മുസ്ലിം സമൂഹം ‘ദേശീയതയെ ഭീഷണിപ്പെടുത്തുന്നവരായി’ ചിത്രീകരിക്കപ്പെടുമ്പോൾ, ദളിതർക്ക് നീതി കിട്ടാൻ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങി ജീവിതം തള്ളിനീക്കേണ്ടി വരുന്നു. ആദിവാസികളുടെ ഭൂമിയും, അടിസ്ഥാനസൗകര്യങ്ങൾ പോലും, കോർപറേറ്റ്‌വൽക്കരണം നഗരീകൃത വികസനം എന്ന പേരിൽ ഉഴുതുമറിക്കുന്നു. 

ജഹാംഗീർപുരിയിലെ ബുൾഡോസർ നീതി, ദളിത് പ്രവർത്തകർ കൊലചെയ്യപ്പെട്ട കേസുകൾ, അരുണാചൽപ്രദേശ് മുതൽ ബസ്തർ വരെയുള്ള ആദിവാസി ഭൂപ്രവർത്തനങ്ങൾ എല്ലാം ഒറ്റച്ചിന്തയിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഈ വിഭാഗങ്ങൾ തനിച്ചല്ല. വിരോധം വേരെടുത്തുകൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ ഷഹീൻ ബാഗ് പ്രസ്ഥാനങ്ങൾ മുതൽ, മധ്യപ്രദേശിലെ ഭൂപ്രതിഷേധങ്ങൾ വരെ, അതെത്ര ചെറുതായാലും ഒറ്റപ്പെടുത്തൽ എങ്ങനെ പ്രതിരോധത്തിലേക്ക് വളരുന്നു എന്നതിന് ജീവൻ ചേർക്കുന്ന ഉദാഹരണങ്ങളാണ്.
ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തലുകൾ നേരിട്ട പാർട്ടികളിൽ ഒന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ). ഭാവനയില്ലാത്ത ഒരു വികസനം, മനഃസാക്ഷിയില്ലാത്ത നീതിവ്യവസ്ഥ, ഇതിന്റെയെല്ലാം മറവിൽ കപടധാർമ്മികതയോതുന്ന ഫാസിസം ഇതെല്ലാം നേരത്തെ തിരിച്ചറിഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ. ഇന്ന് ഇന്ത്യയിൽ ഫാസിസം മാത്രമല്ല വളരുന്നത്, അതിനെ ചെറുക്കാനുള്ള ശക്തികളും പുതിയ മാനങ്ങളിൽ ജനങ്ങളിലേക്കെത്തുകയാണ്. അതിൽ ഏറ്റവും ഉച്ചത്തിൽ കേൾക്കാവുന്ന ശബ്ദം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതാണ്. പഞ്ചായത്തിൽ നിന്ന് പാർലമെന്റിലേക്ക്, കർഷകവേദികളിൽ നിന്നും ക്ലാസ് മുറികളിലേക്ക് സിപിഐയുടെ ഇടപെടലുകൾ നീളംവയ്ക്കുന്നു. വലിയ കാഴ്ചപ്പാടുകൾക്കൊപ്പം ചെറിയ ഇടപെടലുകൾ അതാണ് ഇത്തരം പ്രതിരോധത്തിന്റെ വേരുകൾ.
ഒരു ചുമരെഴുതുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിസംഘടനയിൽ ഊർജസ്വലനായ പ്രാസംഗികൻ, തൊഴിലാളികൾക്കിടയിൽ ഏകോപനം സൃഷ്ടിക്കുന്ന പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്ന സഖാവ് എല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് നടന്നുനീങ്ങുന്നത്, ജനാധിപത്യത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക്.
കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ, സിപിഐ വിശാലമായ സാമൂഹ്യനീതിയുടെയും മതേതരത്വത്തിന്റെയും മാതൃക സ്ഥാപിച്ചു. നിരന്തരമായ ആക്രമണങ്ങൾക്കും രാഷ്ട്രീയ അടിച്ചമർത്തലുകൾക്കിടയിൽ പോലും ആ പോരാട്ടം തളരുന്നില്ല. സിപിഐയുടെ നിലപാട് അത്രയേറെ വ്യക്തമാണ്. ഫാസിസത്തെ ചെറുക്കുന്നത് രാഷ്ട്രീയ പ്രതിരോധം മാത്രമല്ല, ജീവിതരീതിയുമായി ബന്ധപ്പെട്ട വിശാലമായ കാഴ്ചപ്പാടാണ്. ഇത് തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമല്ല, ഭാവിതലമുറയ്ക്ക് നീതി ഉറപ്പാക്കുന്ന പ്രചരണ ദൗത്യം കൂടിയാണ്. ഒരിക്കൽ ഒന്നും പറയാത്തവനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുന്ന കാലം വരാം. അതിന് മുമ്പ്, നമുക്ക് സ്വരമുയർത്താം. ഫാസിസത്തിനെതിരെ, ഭയത്തിനെതിരെ, മൗനത്തിനെതിരെ നിലപാട് എടുക്കുക. ഇനിയീ രാജ്യത്തിന് അതാണ് വേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.