
രാമക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള പ്രചാരണം, അതായത് ബാബറി മസ്ജിദ് പൊളിച്ചുമാറ്റൽ; ബിജെപിക്കും അതിന്റെ മാതൃസംഘടനയായ ആർഎസ്എസിനും വലിയ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ നൽകി. ഇപ്പോൾ കാശിയും മഥുരയും അതേപാതയില്‍ അവര്‍ അണിനിരത്തുന്നു. അതിന് പുറമെ സോമനാഥ് സ്വാഭിമാൻ പർവ് (സോമനാഥ് ആത്മാഭിമാന ഉത്സവം) ഉപയോഗപ്പെടുത്തി ഒരു പുതിയ മുന്നണി തുറന്നിരിക്കുന്നു. പൂർണമായും മതപരമായ ചടങ്ങില്‍ രാജകീയതയോടെ സംസാരിച്ച ‘ജൈവശാസ്ത്രപരമല്ലാതെ’ ജനിച്ച നമ്മുടെ പ്രധാനമന്ത്രി നേരിട്ടും പരോക്ഷമായും രണ്ട് കാര്യങ്ങൾ പ്രസ്താവിച്ചു. ഒന്ന്, സോമനാഥ് ക്ഷേത്രം ഇന്ത്യയുടെ മഹത്വത്തിന്റെ പ്രതീകമായി നിലനിന്നിരുന്നതിനാൽ മുസ്ലിം രാജാക്കന്മാർ അതിനെ തുടര്‍ച്ചയായി ആക്രമിച്ചു. പക്ഷേ അത് കൂടുതൽ മഹത്വത്തോടെ തിരിച്ചുവന്നു. മഹമൂദ് ഗസ്നി 1026ൽ അത് പൊളിച്ചുമാറ്റുകയും 17 തവണ കൊള്ളയടിക്കുകയും ചെയ്തു. പ്രധാനമന്ത്രി ഉന്നയിച്ച രണ്ടാമത്തെ കാര്യം കോൺഗ്രസിനെതിരെ, പ്രത്യേകിച്ച് മോഡിയുടെ എറ്റവും വലിയ വെറുപ്പിന് പാത്രമായ ജവഹർലാൽ നെഹ്രുവിനെതിരെയായിരുന്നു. ക്ഷേത്ര പുനർനിർമ്മാണത്തെ അനുകൂലിക്കാത്തതിനെ കുറിച്ചായിരുന്നു അത്. ഏതെങ്കിലും ആരാധനാലയത്തിന് ഏതെങ്കിലും രാജ്യത്തിന്റെ ‘പ്രതീക’മാകാൻ കഴിയുമോ എന്ന് സംശയമാണ്. രാഷ്ട്രപിതാവ് ഗാന്ധിജി നമ്മെ പഠിപ്പിച്ചതുപോലെ, മതത്തിന്റെ ഏറ്റവും പ്രധാന ഭാഗം അതിന്റെ ധാർമ്മിക മൂല്യങ്ങളാണ്. ഗസ്നിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം സോമനാഥ് ക്ഷേത്രം കൊള്ളയടിച്ചു. ഇസ്ലാമിൽ വിഗ്രഹാരാധന അനുവദനീയമല്ലാത്തതിനാൽ, മതപരമായ ആവശ്യങ്ങൾക്കായി അദ്ദേഹം അത് ചെയ്തുവെന്ന് അദ്ദേഹത്തിന്റെ കൊട്ടാര ചരിത്രകാരന്മാർ തന്നെ എടുത്തുകാണിച്ചിട്ടുണ്ട്. പേർഷ്യൻ സ്രോതസുകളായ അൽ-ഉതബിയും അൽ-ബരുണിയും സോമനാഥ് ക്ഷേത്രത്തെ നിധി ശേഖരം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ വിഗ്രഹഭഞ്ജനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിൽ, ഗസ്നയിൽ നിന്ന് സോമനാഥിലേക്കുള്ള വഴിയിലുണ്ടായിരുന്ന വിഗ്രഹങ്ങളെ മുഴുവന്‍ അദ്ദേഹം എന്തിനാണ് ഒഴിവാക്കിയത് എന്ന ചോദ്യം അവശേഷിക്കുന്നു. സോമനാഥ് ആക്രമണത്തിന് പിന്നിൽ ഗസ്നിക്ക് വിവിധ ലക്ഷ്യങ്ങളുണ്ടായിരുന്നിരിക്കാം. പ്രധാനം സമ്പത്തായിരുന്നു. കാരണം ഇന്ത്യയിലെ സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു അത്. ചരിത്രകാരിയായ റോമില ഥാപ്പർ (പുരാതന ഇന്ത്യയുടെ ചരിത്രം, പെൻഗ്വിൻ) പറയുന്നതനുസരിച്ച്, 20,000 സ്വർണ ദിനാറിന് (നാണയങ്ങൾ) തുല്യമായ സമ്പത്ത് അവിടെയുണ്ടായിരുന്നു. എന്നാല്‍ ഗസ്നി 17 തവണ ക്ഷേത്രം കൊള്ളയടിച്ചു എന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. അദ്ദേഹം കൊള്ളയടിച്ച സമ്പത്ത് നിരവധി ആനകളുടെ പുറത്തു കയറ്റി ഗസ്നയിലേക്ക് കൊണ്ടുപോയി. താരിഖ്-ഇ ബൈഹഖി (പേര്‍ഷ്യന്‍ ചരിത്രം) ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് തിലക്, സോന്ധി, ഹർസൻ, ഹിന്ദ് തുടങ്ങി നിരവധി ഹിന്ദു ജനറൽമാർ ഗസ്നിയുടെ സൈന്യത്തിനുണ്ടായിരുന്നു.
മഹ്മൂദിന്റെ പിൻഗാമിയായ മസൂദ് തന്റെ സൈന്യത്തിന്റെ ജനറൽമാരിൽ ഒരാളായ തിലകിന്റെ നേതൃത്വത്തിൽ ഒരു പള്ളിയിലെ സമ്പത്ത് കൊള്ളയടിക്കാൻ തന്റെ സൈന്യത്തെ മധ്യേഷ്യയിലേക്ക് അയച്ചു. സോമനാഥ് വിട്ടുപോകുമ്പോൾ ഗസ്നി പ്രാദേശിക ഹിന്ദു രാജാക്കന്മാരിൽ ഒരാളെയാണ് ഗവർണറായി നിയമിച്ചത്. സംസ്കൃത പദങ്ങളുള്ള നാണയങ്ങളും അദ്ദേഹം പുറത്തിറക്കി. താനേശ്വര്‍ രാജാവ് ആനന്ദ്പാൽ ആനകളെയും സൈനികരെയും അയച്ചുകൊണ്ട് അദ്ദേഹത്തെ സഹായിച്ചു. പുരാതന ഇന്ത്യയിലും മധ്യകാല ഇന്ത്യയിലും ക്ഷേത്രനാശം പ്രാഥമികമായി മതപരമായ പ്രതിഭാസമായിരുന്നില്ല. മുഗൾ കാലഘട്ടത്തിന് മുമ്പുള്ള ഇന്ത്യയിലെ ക്ഷേത്രനശീകരണങ്ങളെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിൽ, അമേരിക്കൻ ചരിത്രകാരനായ റിച്ചാർഡ് ഈറ്റൺ പറയുന്നത്, ‘രണ്ട് ഹിന്ദു രാജാക്കന്മാർ തമ്മിലുള്ള ഒരു യുദ്ധത്തിലും, വിജയി പരാജയപ്പെട്ട രാജാവിന്റെ ‘കുലദൈവ’ വിഗ്രഹം പൊളിച്ചുമാറ്റി അവിടെ സ്വന്തം ദേവതയെ സ്ഥാപിക്കാറുണ്ടായിരുന്നു എന്നാണ്. ഖിൽജിയും മുൾട്ടാനിലെ അബ്ദുൾ ഫത്ത് ദാവൂദും തമ്മിലുള്ള പോരാട്ടത്തിൽ, പള്ളി നശിപ്പിക്കപ്പെട്ടു. രാജാക്കന്മാരുമായി മതത്തെ ബന്ധിപ്പിക്കുന്നത് ബ്രിട്ടീഷ് കോളനിഭരണം ഇന്ത്യയിൽ അവതരിപ്പിച്ച വർഗീയ ചരിത്രരചനയോടെയാണ്. ‘വിഭജിച്ച് ഭരിക്കുക’ എന്ന നയത്തിന്റെ ഭാഗമായാണ് അവരിത് പിന്തുടര്‍ന്നത്. ജെയിംസ് മില്ലിന്റെ ‘ഇന്ത്യയുടെ ചരിത്രം മുതൽ എലിയറ്റ് വരെ’ എന്ന പുസ്തകത്തിലും ഡോസന്റെ ‘ഇന്ത്യയുടെ ചരിത്രം’ എന്ന കൃതിയിലും ഇതിന് തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയം ഈ പുതിയ വിഭജന നയം അവതരിപ്പിക്കുകയും നെഹ്രുവിനെ അതില്‍ ബന്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സോമനാഥ് ക്ഷേത്രം പുനർനിർമ്മിക്കുന്നതിനെ നെഹ്രു എതിർത്തിരുന്നുവെന്ന് അദ്ദേഹം അവതരിപ്പിക്കുന്നു. അത് ശുദ്ധ നുണയാണ്. ഗാന്ധിജി ജീവിച്ചിരുന്ന കാലത്താണ് ഈ വിഷയം ഉയർന്നുവന്നത്. ക്ഷേത്ര നിർമ്മാണത്തിനായി ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ഗാന്ധിജി വ്യക്തമാക്കി. ഏതാനും വർഷങ്ങൾക്ക് മുമ്പ് രാമക്ഷേത്രം ആസൂത്രണം ചെയ്യുമ്പോൾ സുപ്രീം കോടതി അഭിപ്രായപ്പെട്ടതും ഇതാണ്. ഗാന്ധിയും നെഹ്രുവും സർദാർ പട്ടേലും ഇക്കാര്യത്തിൽ ഏകകണ്ഠമായിരുന്നു. 1947 നവംബർ 28 ന് നടന്ന ഒരു പ്രാർത്ഥനാ യോഗത്തിൽ, ജുനഗഡ് സർക്കാരിന് ക്ഷേത്ര നിർമ്മാണത്തിനായി സര്‍ക്കാര്‍ ഫണ്ട് നൽകാൻ കഴിയില്ലെന്ന് ഗാന്ധിജി പ്രസ്താവിച്ചു.
സോമനാഥ് ക്ഷേത്ര നിർമ്മാണത്തിന് ഏതെങ്കിലും ഫണ്ട് നൽകുന്നുണ്ടോ എന്ന് അദ്ദേഹം പട്ടേലിനോട് ചോദിച്ചു. “ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം അങ്ങനെയൊന്നും സംഭവിക്കില്ല” എന്നും പുനർനിർമ്മാണത്തിനുള്ള സംഭാവനകൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുമെന്നും പട്ടേൽ മറുപടി നൽകി. ഇതനുസരിച്ച്, പട്ടേൽ ചെയർമാനും കെ എം മുൻഷിയും വി എൻ ഗാഡ്ഗിലും ട്രസ്റ്റികളുമായി ഒരു ട്രസ്റ്റ് രൂപീകരിച്ചാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്. വ്യാജ പ്രചാരണം അവസാനിക്കുന്നില്ല. ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെ ക്ഷണിക്കുകയും നെഹ്രുവിനോട് അതേക്കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്തു. 1951 മാർച്ച് രണ്ടിന് നെഹ്രുവിന് അയച്ച കത്തിൽ, ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ വ്യക്തിപരമായാണ് താന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോകാൻ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കിൽ തനിക്ക് എതിർപ്പില്ലെന്ന് നെഹ്രു പറഞ്ഞു. 1951 മാർച്ച് 11ന് സി രാജഗോപാലാചാരിയോട് ഇതേകാര്യമാണ് നെഹ്രു പറഞ്ഞത്. (പിയൂഷ് ബാബെലെയുടെ ലേഖനം). തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബാബെലെ സത്യം വ്യക്തമാക്കുന്നത്. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികളിൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ വിമർശിക്കുന്നു. രാമക്ഷേത്ര ശിലാസ്ഥാപന പരിപാടിക്കും ഉദ്ഘാടനത്തിനും ഈ രണ്ട് രാഷ്ട്രപതിമാരെയും ക്ഷണിക്കാത്തതില്‍ കാരണം വ്യക്തമാണ്; ഒരാൾ ദളിതനും മറ്റൊരാൾ ആദിവാസിയുമാണ്. ഡൽഹിയിൽ ഒരു യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന ഉന്നത പദവി വഹിക്കുന്ന അജിത് ഡോവൽ വളരെ പിന്തിരിപ്പനായ ഒരു ഉപദേശം നൽകി. “നമ്മുടെ ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു, നമ്മുടെ ഗ്രാമങ്ങൾ കൊള്ളയടിക്കപ്പെട്ടു, ഇപ്പോൾ അതിന് പ്രതികാരം ചെയ്യേണ്ട സമയമായി” എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. പ്രതികാരം ആധുനിക നിയമവ്യവസ്ഥയുടെ ഭാഗമാണോ എന്നതാണ് ചോദ്യം. ഓരോ കുറ്റകൃത്യത്തിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും നിരപരാധികൾക്ക് സംരക്ഷണം നൽകുകയും വേണം. എന്നാല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്കാണ് ഡോവൽ പ്രതികാരം ആവശ്യപ്പെടുന്നത്. പക്ഷേ ആർക്കെതിരെയാണത്? മുസ്ലിം, ഹിന്ദു രാജാക്കന്മാർ ക്ഷേത്രം നശിപ്പിച്ചതിന് ആരോടാണ് പ്രതികാരം ചെയ്യേണ്ടത്? ഡോവൽ പരാമർശിക്കാത്ത ചരിത്രത്തിലെ അതിക്രമങ്ങളുമുണ്ട്. ബുദ്ധ വിഹാരങ്ങൾ നശിപ്പിക്കപ്പെട്ടു, ജൈന ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു, ദളിതരെയും സ്ത്രീകളെയും ആക്രമിച്ചു. സതി എന്ന പാരമ്പര്യം ഉണ്ടായിരുന്നു, ഭർത്താവിന്റെ ചിതയിൽ സ്ത്രീകളെ ജീവനോടെ ചുട്ടെരിച്ചു. ഇതിനെല്ലാം ആരോട് പ്രതികാരം ചെയ്യണം? സമൂഹത്തെ വിഭജിക്കാനും മുൻകാല അനീതികൾ നിലനിർത്താനുമുള്ള ഒരു ഉപകരണമല്ല ചരിത്രം. മുൻകാലങ്ങളിൽ എന്ത് തെറ്റുകളാണ് സംഭവിച്ചതെന്നും അവ വീണ്ടും സംഭവിക്കരുതെന്നും കാണിച്ചുതരാനാണത്. എല്ലാവരും അന്തസോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന ഒരു നീതിയുക്തമായ സമൂഹത്തിലേക്ക് നാം നീങ്ങേണ്ടതുണ്ട്. തുല്യ പൗരാവകാശങ്ങൾ ആസ്വദിക്കുന്ന ഒരു സമൂഹമാകണം നാമെല്ലാവരും. (ഐപിഐ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.