5 April 2025, Saturday
KSFE Galaxy Chits Banner 2

എമ്പുരാനെ ആർക്കാണ് പേടി?

ബേബി കാസ്ട്രോ
April 3, 2025 4:15 am

മ്പുരാനെച്ചൊല്ലി ഇപ്പോൾ ഉയർന്ന ഈ പുകിലൊക്കെ ഏതാനും ദിവസങ്ങൾ കൊണ്ട് കെട്ടടങ്ങും. ജനപ്രിയ മാധ്യമങ്ങൾ വായയ്ക്ക് രുചിയായ പുതുവിഭവങ്ങൾ തേടിപ്പോകും. പൊടിയടങ്ങിയാലും ഒരു ഭീതി അവശേഷിക്കുകതന്നെ ചെയ്യും. ഒരു കത്രികയുടെ ഭീതി സർഗാത്മകതയുടെ മേൽ തൂങ്ങിക്കിടക്കും. ഫാസിസ്റ്റുകൾ അവരുടെ വലിയ സ്വപ്നത്തിന്റെ നിർമ്മിതിയിലേക്കുള്ള ചെറിയ ചുവടുകൾ വച്ചിട്ടുള്ളത് ഇങ്ങനെ തന്നെയാണ്. എമ്പുരാൻ ഒരു രാഷ്ട്രീയ സിനിമയാണോ? അല്ലേയല്ല. നാല് കൊടിയും മുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടവും സ്റ്റേറ്റ് കാറിൽ വന്നിറങ്ങുന്ന നേതാക്കളും അവസരവാദപരമായ ഉപജാപങ്ങളും കാണിക്കുന്നതാണ് രാഷ്ട്രീയ സിനിമയെന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കളോട് ക്ഷമിക്കുകയേ തരമുള്ളൂ. കച്ചവട സിനിമയ്ക്ക് പൊതുവിൽ ഒരു രാഷ്ട്രീയമുണ്ടെങ്കിൽ അത് വ്യാപാര ലാഭത്തിന്റേതുമാത്രമാണ്. ജനപ്രിയതയുടെ ചെലവിൽ വിറ്റഴിക്കാവുന്ന അധമത്വങ്ങളുടേതുമാത്രമാണ്. നാടുവാഴികളെയും അധോലോക രാജാക്കന്മാരെയും അരിയിട്ടു വാഴിക്കുകയും കറുത്തവനെയും ഭൃത്യനെയും അവകാശങ്ങൾ ചോദിക്കുന്ന തൊഴിലാളിയെയും സ്വാതന്ത്ര്യം മോഹിക്കുന്ന പെണ്ണിനെയും അവമതിക്കുന്നതുമാണ്. പൊലീസ് അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും സാമാന്യവൽക്കരിക്കുന്നത് മാത്രമാണ്. തീർച്ചയായും സർഗാത്മകത അതിലുണ്ട്. പക്ഷേ അത് മൂലധനത്തിന്റെ മുന്നിൽ അരയിൽ മുണ്ടുകെട്ടി ഓച്ഛാനിച്ച് നിൽക്കുകയേയുള്ളൂ. ഇതേ നായകൻ കെട്ടിയാടിയ അനേകം തമ്പുരാൻ വേഷങ്ങൾ പോലെ മറ്റൊന്നുമാത്രമായ ഈ എമ്പുരാനെ ആർക്കാണ് പേടി? എന്തിനാണ് പേടി?

ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ ഇന്ത്യാവിരുദ്ധമെന്നും ഹിന്ദുവിരുദ്ധമെന്നും ഈ സിനിമയെ പ്രത്യക്ഷത്തിൽ ആക്ഷേപിച്ചുകൊണ്ട് രംഗത്തുവന്നത് യാദൃച്ഛികമല്ല. എമ്പുരാൻ ഇറങ്ങിയത് മലയാളത്തിലാണെങ്കിലും അതൊരു പാൻ — ഇന്ത്യൻ സിനിമയാണ്. ആവിഷ്കാരരീതി കൊണ്ടും വാണിജ്യലക്ഷ്യം കൊണ്ടും അത് ഉന്നം വയ്ക്കുന്നത് മലയാളി പ്രേക്ഷകർക്ക് അപ്പുറമാണ്. തങ്ങൾ മറക്കാനും മറയ്ക്കാനും ആഗ്രഹിക്കുന്ന ചോരപുരണ്ട ഏടുകൾ സിനിമ നഗ്നമായി പുറത്തു കാണിക്കുന്നു. ഇന്ത്യയിൽ അതൊന്നും ഇനി അനുവദനീയമല്ല — ചലച്ചിത്രമായാലും കാർട്ടൂണായാലും വാർത്തയായാലും കവിതയായാലും. കേരളത്തിൽ നിന്നും മലയാളത്തിൽ നിന്നും ഈ രോഗം മറ്റിടങ്ങളിലേക്ക് പടരാൻ വിട്ടുകൂടാ. അതാണ് തീരുമാനം. ആ ഭീഷണി ഫലിക്കുകയും ചെയ്തു എന്നതാണ് ഇതുവരെയുള്ള അനുഭവം. ഓർഗനൈസറിലെ ആദ്യത്തെ ലേഖനം വന്ന രണ്ടുനാൾക്കുള്ളിൽ ഗോകുലം മൂവീസ് റീജിയണൽ സെൻസർ ബോർഡിന് സ്വയം അപേക്ഷ നൽകി — അവർക്ക് അനിഷ്ടകരമായ ഭാഗങ്ങൾ മുറിച്ചുമാറ്റാൻ. ശിരസും ഹൃദയവും മുറിച്ച എമ്പുരാന്‍ താമസംവിനാ പ്രദർശനത്തിനെത്തുകയും ചെയ്തു. വില്ലന്റെ ബല്‍രാജ് ബജ്റംഗി എന്ന പേര് ബല്‍ദേവ് എന്നാക്കി. കാലം 2002 എന്നതിനു പകരം ‘കുറച്ച് വർഷങ്ങള്‍ക്ക് മുമ്പ് ’ എന്നും മാറ്റി. വർഗീയവാദികള്‍ ഗർഭിണികളെ ഉപദ്രവിക്കുന്നതും മുറിച്ചുമാറ്റി — ആകെ 2.08 മിനിറ്റ് വരുന്ന 24 ഭാഗങ്ങള്‍. 

ഒരു പേരിനെ ഇത്രയും ഭയക്കുന്നതെന്തിന് ? കാരണമുണ്ട്. ഗുജറാത്തിലെ ബജ്റംഗ്‌ദള്‍ നേതാവായ ബാബു ഭായ് പട്ടേല്‍ എന്ന ബാബു ബജ്റംഗിയാണ് 2002ല്‍ നരോദ പാട്യയില്‍ 36 സ്ത്രീകളും 26 പുരുഷന്മാരും 35 കുട്ടികളും ഉള്‍പ്പെടെ 97 മുസ്ലിങ്ങളെ വെട്ടിയും കുത്തിയും ഇല്ലാതാക്കിയത്. 2007ല്‍ തെഹല്‍ക നടത്തിയ ഒളികാമറ അഭിമുഖത്തില്‍ അതെല്ലാം അയാള്‍ ആവേശപൂർവം വെളിപ്പെടുത്തുന്നുമുണ്ട്. കൊലപാതകങ്ങള്‍ക്കുശേഷം ആഭ്യന്തരമന്ത്രി ഗോർധന്‍ സദാഭിയെയും വിഎച്ച്പി ജനറല്‍ സെക്രട്ടറി ജെ ബി പട്ടേലിനെയും വിളിച്ച് വിവരം പറഞ്ഞതായും അയാള്‍ അവകാശപ്പെട്ടു. ധീരമായ ഈ മാധ്യമ ഇടപെടല്‍ 2012 ഓഗസ്റ്റ് 31ന് ബജ്റംഗിയെ മരണംവരെ തടവിന് വിധിക്കുന്നതില്‍ വരെ എത്തിച്ചേർന്നു. എങ്കിലും മിക്കപ്പോഴും അയാള്‍ ജാമ്യത്തില്‍ പുറത്താണ്. നവചേതന്‍ എന്ന ഒരു ട്രസ്റ്റ് നടത്തുന്നു. ഉദ്ദേശം മഹത്തരം. ജാതിയില്‍ താണതോ അന്യമതസ്ഥരോ ആയവരുമായി പെണ്‍കുട്ടികളുടെ മിശ്രവിവാഹങ്ങള്‍ തടയുക. ബജ്റംഗി ഒരു പേരല്ല. ഒരു ആശയമാണ്. കേരളം എന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യം എപ്പോഴും ഉയർത്തിയിട്ടുള്ളത് ഇടതുപക്ഷമാണ്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മണ്ണടിഞ്ഞ മനുഷ്യരോടും ജീവൻ മാത്രം ബാക്കിയായ അവരുടെ സഹോദരങ്ങളോടും ചെയ്തതോർക്കുമ്പോൾ. ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനത്തെ സാമ്പത്തികമായി കഴുത്തു ഞെരിക്കുമ്പോൾ. ഇക്കുറി അത് ചോദിക്കുന്നത് സംഘ്പരിവാറാണ്. കേരളം എന്താ ഇന്ത്യയിലല്ലേ? മോഡിയുടെ ഗുജറാത്തിനും യോഗിയുടെ യുപിക്കും ഇല്ലാത്ത എന്ത് പ്രിവിലേജിനാണ് കേരളം അർഹമായിട്ടുള്ളത്? ഇന്ത്യയിൽ പ്രത്യക്ഷത്തിൽ തന്നെ തിരോധാനം ചെയ്തുകൊണ്ടിരിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം കേരളത്തിൽ മാത്രം എന്തിനു നിലനിൽക്കണം? മനുഷ്യാവകാശങ്ങളുടെ ആർഭാടങ്ങൾ ? ശാസ്ത്രബോധത്തിന്റെ അലങ്കാരങ്ങൾ ? പുഷ്പകവിമാനത്തിന്റെയും ഗണപതിയുടെ തല മാറ്റിയ പ്ലാസ്റ്റിക് സർജറിയുടെയും കഥകൾ നിങ്ങൾക്കും വിശ്വസിച്ചാലെന്ത് ? സിനിമയിലെ ബജ്റംഗി പറയുന്നതുപോലെ അധികം നെഗളിക്കേണ്ട നിങ്ങൾ — പരശുരാമൻ മഴുവെറിയും മുമ്പ് ഉള്ളതുമാതിരി കടലിൽ താഴ്ത്തിക്കളയും.

പക്ഷേ ഇന്ത്യക്കാരന്റെ ചരിത്രസ്മരണകളെ ആർക്ക് വെട്ടിമാറ്റാന്‍ പറ്റും? തന്റെ പിഞ്ചുകുഞ്ഞടക്കം സ്വകുടുംബത്തിലെ 14 പേരുടെ കൊലപാതകത്തിന് സാക്ഷ്യം വഹിച്ച ബില്‍ക്കിസ് ബാനുവിനെ ? ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 കൊടുംകുറ്റവാളികള്‍ക്ക് ഗുജറാത്ത് സർക്കാർ ശിക്ഷായിളവ് നല്‍കി പുറത്തയച്ചപ്പോള്‍ വിശ്വഹിന്ദുപരിഷത്ത് പൂമാലയിട്ട് സ്വീകരിച്ചതിനെ? വയോധികനായിരുന്ന കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ നിഷ്ഠുര വധത്തിന്? സാഖിയ ജാഫ്രിയുടെ അവസാനിക്കാത്ത പോരാട്ടത്തിന്? ഇല്ല എന്നാണ് ഉത്തരം. ഈ കൂരിരുട്ടിലും മെഴുതിരി വെട്ടത്തിന്റെ പ്രകാശരശ്മികള്‍ കാണാനുണ്ട്. സമൂഹമാധ്യമത്തിൽ കവിത പങ്കുവച്ചതിന് കോൺഗ്രസ് രാജ്യസഭാംഗവും ഉറുദു കവിയുമായ ഇമ്രാൻ പ്രതാപ് ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് തൊട്ടുമുമ്പത്തെ ദിവസമാണ് സുപ്രീം കോടതി റദ്ദാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം അന്തസാർന്ന ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ച നീതിപീഠം ഭൂരിപക്ഷത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആവിഷ്കാരത്തിനുള്ള വ്യക്തിയുടെ അവകാശം മാനിക്കപ്പെടണമെന്നും ഉറപ്പിച്ചു പറഞ്ഞു. “യേ ഖൂൻ കെ പ്യാസേ ബാത് സുനോ” (ഈ രക്തദാഹത്തിന്റെ വർത്തമാനങ്ങൾ കേൾക്കൂ) എന്ന കവിതയും ഒപ്പം പങ്കുവച്ച വീഡിയോയും ഭാരതീയ ന്യായ സന്‍ഹിത 196-ാം വകുപ്പ് പ്രകാരം വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ മതസ്പർധ വളർത്തുന്നതും സമുദായികരമ്യതയ്ക്ക് ഹാനി വരുത്തുന്നതും ആണെന്നതായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വാദം. കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയെ ജസ്റ്റിസുമാരായ അഭയ് ഓഖ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിശ്ചിതമായി വിമർശിക്കുകയും ചെയ്തു. കവിതയും നാടകവും സ്റ്റേജ് ഷോകളും ആക്ഷേപഹാസ്യവും എല്ലാമാണ് മനുഷ്യജീവിതത്തെ സർഗാത്മകമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. 

സമൂഹശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ഫാസിസത്തിന്റെ അർബുദം ഗ്രസിക്കുന്ന ഈ കാലഘട്ടത്തിൽ ജനാധിപത്യവാദികൾക്ക് ആശ്വാസം പകരുന്നതാണ് ഈ വിധി. ഭരണഘടനാ വാഴ്ചയുടെയും പൗരാവകാശങ്ങളുടെയും സംരക്ഷകനും കാവൽക്കാരനും എന്ന പദവിയിൽ നിന്ന് നീതിപീഠം വ്യതിചലിക്കുന്നുവോ എന്ന ഭയാശങ്കകൾ ഉയരുന്ന സന്ദർഭത്തിൽ വിശേഷിച്ചും ഈ വിധി കഠിനമായ അന്ധകാരത്തിലെ മെഴുകുതിരിവെട്ടമാണ്. രക്തദാഹത്തിന്റെ ദംഷ്ട്രകൾ നിയമത്തിന്റെ മുഖംമൂടികളിൽ ഒളിപ്പിക്കുന്ന ഭരണകൂടശക്തികളോടുള്ള പ്രത്യക്ഷമായ ഒരു താക്കീതുമാണത്. എമ്പുരാൻ സിനിമ പ്രത്യക്ഷ സൂചനകളിലൂടെ എല്ലാ രാഷ്ട്രീയകക്ഷികളെയും കളിയാക്കുന്നുണ്ട്. നേതാവ് മരിച്ചാൽ മക്കളെ വാഴിക്കുന്ന പാർട്ടിയും നേതാവിനെ പ്രകീർത്തിക്കാൻ മെഗാ തിരുവാതിര കളിക്കുന്ന പാർട്ടിക്കാരും എല്ലാം അതിലുണ്ട്. അന്യോന്യം എതിരിടുന്ന നേതാക്കളുടെ അഡ്ജസ്റ്റ്മെന്റുകളും അവസരവാദപരമായ ഒത്തുതീർപ്പുകളും അതിലുണ്ട്. ഇതൊക്കെയില്ലാത്ത വാണിജ്യ സിനിമകൾ മലയാളത്തിൽ ഏതുണ്ട്? കണ്ടും കേട്ടും തഴമ്പിച്ച ഈ തമാശകൾ ആരെയും ഇവിടെ മുറിപ്പെടുത്തുന്നതേയില്ല. രാഷ്ട്രീയം സിനിമയിൽ കാണുന്നതല്ല എന്ന് മലയാളിക്ക് അറിയാം. ക്ഷേമ പെൻഷനായും വിലക്കുറവിൽ ലഭിക്കുന്ന അവശ്യസാധനങ്ങളായും പ്രകൃതിദുരന്തങ്ങളിൽ ഓടിയെത്തുന്ന കൈത്താങ്ങായും ഭൂമിയായും വീടായും അത് അവർ അനുഭവിച്ചു പോരുകയാണ്. രണ്ടര മണിക്കൂറിലെ അഭ്രപാളിയുടെ മായക്കാഴ്ചകൾക്ക് കുലുക്കാനാവാത്ത ജീവിത സമരമാണ് മലയാളിക്ക് രാഷ്ട്രീയം. എന്നാൽ വംശഹത്യയുടെ ചിത്രീകരണം — അതെത്ര ദുർബലവും അരാഷ്ട്രീയവും ആയാൽ പോലും പാൻ ഇന്ത്യൻ പ്രേക്ഷകർ കാണുന്നതിനെ സംഘ്പരിവാർ ഭയക്കുന്നു. നുണയുടെ ദുർബലമായ കൊട്ടാരങ്ങളിലാണ് അവരുടെ വാസം. സത്യത്തിന്റെയും വെളിച്ചത്തിന്റെയും നേർത്ത രശ്മികൾ പോലും അവർക്ക് അസഹ്യമാണ്. പാഠം ഒന്നേയുള്ളൂ. ഫാസിസ്റ്റുകൾ പൊതുവെ ഭീരുക്കളാണ്; ഇന്ത്യൻ ഫാസിസ്റ്റുകൾ വിശേഷിച്ചും. അവർക്കാണ് എമ്പുരാനെ പേടി.

TOP NEWS

April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.