23 December 2024, Monday
KSFE Galaxy Chits Banner 2

ദാരിദ്ര്യം കുറഞ്ഞുവെന്ന അവകാശവാദം എന്തുകൊണ്ട് വ്യാജമാകുന്നു

ഉത്സ പട്നായിക്
May 30, 2024 4:30 am

നവലിബറൽ സാമ്പത്തിക നയങ്ങൾ മൂലം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആഗോള ദക്ഷിണരാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ലോകബാങ്കിന്റെയും സർക്കാരുകളുടെയും അവകാശവാദങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. നിതി ആയോഗ് ഈ വർഷമാദ്യം ഒരു വാര്‍ത്താക്കുറിപ്പിൽ, 2022–23 ഓടെ ഇന്ത്യയിൽ ദാരിദ്ര്യം പൂജ്യത്തിനടുത്തെത്തിയെന്ന് അവകാശപ്പെട്ടു, ഇത് ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണെന്നും. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്ത് പട്ടിണി വർധിച്ചിട്ടുണ്ടെന്നാണ് പോഷകാഹാരത്തെക്കുറിച്ചുള്ള കണക്കുകള്‍ കാണിക്കുന്നത്. ഗ്രാമീണ, നഗര ജനസംഖ്യയുടെ മൂന്നിൽ രണ്ടിനും നിശ്ചിത കലോറിയുള്ള പോഷകാഹാരം കഴിക്കാൻ ആവശ്യമായ തുക പോലും ചെലവാക്കാൻ കഴിയുന്നില്ല. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ വളരെ താഴ്ന്ന റാങ്കിങ് (2023ൽ 125 രാജ്യങ്ങളിൽ 111) തുടരുന്നു. ചില ആരോഗ്യ സൂചകങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മറ്റുള്ളവ വഷളായി. ഔദ്യോഗിക അവകാശവാദങ്ങൾ വിശ്വസിക്കുന്നവർ ചോദിക്കുന്നത്, ‘ദാരിദ്ര്യം കുറഞ്ഞിരിക്കേ പട്ടിണി എങ്ങനെ വർധിക്കും?’ എന്നാണ്. എന്നാല്‍ നേരെമറിച്ചാണ് അവരോട് ചോദിക്കാനുള്ളത് ‘വിശക്കുന്നവരുടെ എണ്ണം വർധിക്കുമ്പോൾ ദാരിദ്ര്യം എങ്ങനെ കുറയും?’ യുക്തിരഹിതവും സുതാര്യമല്ലാത്തതുമായ രീതികളെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്കുകള്‍ താരതമ്യം ചെയ്യാന്‍ എളുപ്പത്തിൽ സാധിക്കുന്ന പട്ടിണിയുടെ വർധനവിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണ്. ദാരിദ്ര്യം കുറയുന്നു എന്ന അവകാശവാദം തികച്ചും വ്യാജമാണെന്ന് ഇത് തെളിയിക്കും. യുക്തിരഹിതമായ ഭരണകൂടത്തിന്റെ നിഗമന രീതിക്ക് ലോകബാങ്കിന്റെ പിന്തുണയുണ്ട് എന്ന ഖേദകരമായ വസ്തുതയുമുണ്ട്. 

ഔദ്യോഗിക രീതി യുക്തിരഹിതവും, ദാരിദ്ര്യം കുറയുന്നുവെന്ന നിഗമനം വ്യാജവുമാണെന്ന് പറയാന്‍ കാരണം അത് ദാരിദ്ര്യരേഖയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. ദരിദ്രരെ കണക്കാക്കുന്ന ആ രേഖയാകട്ടെ സ്വയം താഴ്ന്നുകൊണ്ടിരിക്കുന്നു. സാധുതയുള്ള ഏതൊരു താരതമ്യത്തിനും, സ്ഥിരമായ മാനദണ്ഡം നിലനിർത്തണം. ഉദാഹരണത്തിന് സച്ചിൻ കമ്മിറ്റിയുടെ ദാരിദ്ര്യരേഖകൾ പ്രകാരം (നിലവിൽ നിതി ആയോഗ് പിന്തുടരുന്നു), ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിൽ 2011–12ൽ ദാരിദ്ര്യ അനുപാതം അതിന്റെ പ്രതിമാസ മാനദണ്ഡമായ 932 രൂപയനുസരിച്ച് 21.9 ശതമാനമായിരുന്നു. ഇതനുസരിച്ച് ഭക്ഷ്യ ഉപഭോഗം 1,670 കലോറി മാത്രമായിരുന്നു. അതേസമയം നിശ്ചിതമായ 2,200 കലോറി ലഭിക്കുന്നതിന് 2,000 രൂപ അഥവാ ഔദ്യോഗിക കണക്കിന്റെ ഇരട്ടിയിലേറെ പണം ചെലവഴിക്കേണ്ടി വന്നിരുന്നു. 87ശതമാനം ആളുകളും ഈ നിലവാരത്തിന് താഴെയാണ്. ഔദ്യോഗിക ദാരിദ്ര്യമാകട്ടെ 21.9 ശതമാനവും. 2009ൽ പുതുച്ചേരിയിൽ, ഗ്രാമങ്ങളിലെ ഔദ്യോഗിക ദാരിദ്ര്യ അനുപാതം പൂജ്യത്തിനടുത്ത് (0.2)ശതമാനമായിരുന്നു. കാരണം വളരെ താഴ്ന്ന ദാരിദ്ര്യരേഖയില്‍ പ്രതിദിനം 1,040 കലോറി മാത്രമേ അനുവദിച്ചിരുന്നുള്ളൂ. യഥാർത്ഥത്തിൽ 2,200 കലോറി മാനദണ്ഡത്തിൽ എത്താൻ കഴിയാത്ത 58 ശതമാനം പേരുണ്ടായിരുന്നു. ഔദ്യോഗിക ദാരിദ്ര്യരേഖ വളരെ താഴ്ന്ന നിലയിലായിരുന്നുവെന്നര്‍ത്ഥം.
2023–24ൽ ദാരിദ്ര്യം അഞ്ച് ശതമാനം മാത്രമാണെന്ന നിതി ആയോഗിന്റെ അവകാശവാദം, 2011ലെ ടെന്‍ഡുൽക്കർ സമിതി രേഖയെ ആധാരമാക്കിയാണ്. ഔദ്യോഗിക ദാരിദ്ര്യരേഖ 2023–24ലെത്തുമ്പോള്‍ ഗ്രാമ/നഗര പ്രദേശങ്ങളിൽ ഒരാൾക്ക് പ്രതിദിനം യഥാക്രമം 57/69 രൂപയാണ് കണക്കാക്കുന്നത്. ഭക്ഷണത്തിന് 26.6/27 രൂപയും ഭക്ഷ്യേതര ചെലവ് 30 രൂപയും. ഭരണകൂടങ്ങളും ലോകബാങ്കും തങ്ങൾ സൃഷ്ടിച്ച ആശയങ്ങളുടെ പിന്‍ബലത്തിന് ദാരിദ്ര്യം കുറയുന്നു എന്ന് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിങ്ങനെയാണ്. ആദ്യ വർഷങ്ങളില്‍ പോഷകാഹാര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ദാരിദ്ര്യരേഖയെ ശരിയായി നിർവചിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളില്‍ നിർവചനം തെറ്റായരീതിയില്‍ മാറ്റി. എല്ലാ രാജ്യത്തിനുവേണ്ടിയും ഇത് ചെയ്തിട്ടുണ്ട്.
1973–74ൽ ഇന്ത്യന്‍ ഗ്രാമങ്ങളിൽ പ്രതിദിനം 2,200 കലോറിയും നഗരപ്രദേശങ്ങളിൽ 2,100 കലോറിയും പോഷകാഹാരം ലഭ്യമാക്കുന്നതിന് പ്രതിമാസചെലവ് യഥാക്രമം 49 രൂപയും 56.6 രൂപയുമായിരുന്നു. ദാരിദ്ര്യ അനുപാതം യഥാക്രമം 56.4 ശതമാനവും 49.2 ശതമാനവും ആയിരുന്നു. ഓരോ അഞ്ച് വർഷം കൂടുമ്പോഴും പോഷകാഹാരത്തിന്റെ നിലവിലെ ഡാറ്റ ലഭ്യമായിരുന്നെങ്കിലും, ഒരിക്കലും പ്രയോഗിക്കപ്പെട്ടില്ല. പകരം, 1973ലെ ദാരിദ്ര്യരേഖകൾ വില സൂചികകൾ ഉപയോഗിച്ച് പരിഷ്കരിച്ചു. പോഷകാഹാര മാനദണ്ഡങ്ങൾ തുടർന്നുവോ എന്ന് ഒരിക്കലും പരിഗണിച്ചില്ല. ദാരിദ്ര്യരേഖ ഒരു നിർവചനത്തിൽ തുടങ്ങി, തികച്ചും വ്യത്യസ്തമായ മറ്റൊരു നിർവചനത്തിലേക്ക് നിശബ്ദമായി മാറുക എന്നതിനർത്ഥം യുക്തിസഹമായ വീഴ്ചയുണ്ടാകുന്നു എന്നാണ്. 

ദാരിദ്ര്യം ഗണ്യമായി കുറയ്ക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ ചെയ്ത രാജ്യങ്ങളിലെ സർക്കാരുകള്‍, നയപരമായിത്തന്നെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഒരു വലിയ പരിധി വരെ പാർപ്പിടം എന്നിവ വിപണി മേഖലയിൽ നിന്ന് നീക്കം ചെയ്യുകയും പകരം പൊതുവസ്തുക്കളായി കണക്കാക്കുകയും ചെയ്തു. പൂർണമായും സൗജന്യ ആരോഗ്യ പരിരക്ഷയും കുട്ടികൾക്ക് നിർബന്ധിത സൗജന്യ വിദ്യാഭ്യാസവും, അല്ലെങ്കിൽ നാമമാത്രമായ നിരക്കുകൾ മാത്രം ചുമത്തിയും നല്‍കി. താങ്ങാനാവുന്ന ചെലവ് കുറഞ്ഞ ഭവന നിർമ്മാണം, പൊതുഗതാഗതത്തിനും മറ്റ് ഉപയോഗങ്ങള്‍ക്കും (വെള്ളത്തിനും വെളിച്ചത്തിനും പാചകത്തിനും വേണ്ടിയുള്ള ഊർജം) നാമമാത്രമായ നിരക്കുകൾ നിലവില്‍ വരുത്തി. ഭക്ഷണം വാങ്ങുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ചെലവുകൾക്കുമായി കുടുംബ ബജറ്റിന്റെ വലിയൊരു പങ്ക് സ്വതന്ത്രമാക്കി. ഇത്തരം വ്യവസ്ഥകൾ ഏഷ്യയിലെയും യൂറോപ്പിലെയും സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ മാത്രമല്ല സാധാരണമായത്; രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ മിക്കവാറും എല്ലാ പടിഞ്ഞാറൻ യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളും ഇത് ഏറ്റെടുത്തു.
ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ വിപണിയധിഷ്ഠിത സാമ്പത്തിക പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതോടെ, ലഭ്യമായ ചരക്കുകളുടെയും സേവനങ്ങളുടെയും ഒരുഭാഗം ഉപഭോക്താക്കൾക്ക് ദോഷകരമായി മാറി. ജനസംഖ്യയുടെ ഭൂരിഭാഗം പേരുടെയും ഭക്ഷണത്തിനും ഉല്പാദന ആവശ്യങ്ങൾക്കും വേണ്ടിയുള്ള വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും കൂടുതൽ ആളുകളെ പോഷകാഹാര ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. 2016ലെ നോട്ട് അസാധുവാക്കൽ, 2021–22ലെ കോവിഡ് മാന്ദ്യത്തിന്റെ ആഘാതം പോലെയുള്ള വിവേകശൂന്യമായ നയങ്ങൾ ഇന്ത്യയിലെ ദാരിദ്ര്യ പ്രശ്നത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
പുനർവിതരണ നടപടികളിലൂടെ ദാരിദ്ര്യം ഗണ്യമായി കുറയ്ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇന്ത്യയുടെ ജിഡിപിയുടെ പത്തിലൊന്ന്, ജനസംഖ്യക്ക് ആവശ്യമായ ഭക്ഷണം, അടിസ്ഥാനപരവും സമഗ്രവുമായ ആരോഗ്യപരിരക്ഷ, നിർബന്ധിത സൗജന്യ വിദ്യാഭ്യാസം, തൊഴിലുറപ്പ്, വാർധക്യകാല പെൻഷൻ എന്നിവയ്ക്കായി നീക്കിവയ്ക്കേണ്ടതുണ്ട്. സമ്പന്നർക്കും അതിസമ്പന്നർക്കും നിശ്ചിത ശതമാനം അധിക നികുതി ചുമത്താവുന്നതേയുള്ളു. നിലവിലുള്ള ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവ ശക്തമായി നടപ്പിലാക്കിയാൽ, വലിയ തോതിലുള്ള ദാരിദ്ര്യം കുറയ്ക്കാൻ സാധിക്കും. എന്നാൽ ഇതിന് അനിവാര്യമായ മുൻകരുതലും അനുഭവവേദ്യമായ പ്രവർത്തനങ്ങളെ നയിക്കുന്ന ആശയങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള അനുമാനങ്ങളുമാണ് വേണ്ടത്. 

(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.