1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
March 31, 2025
March 31, 2025

വന്യജീവി ഭീഷണി: കേരളത്തിലെ യാഥാർത്ഥ്യം

കെ വി വസന്തകുമാർ
കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ്
February 25, 2025 4:35 am

കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി വന്യജീവി ആക്രമണങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന, കടുവ, കരടി, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ ആക്രമണം രൂക്ഷമാകുമ്പോൾ, അതിന്റെ ഭീഷണി നേരിടേണ്ടി വരുന്നത് സാധാരണക്കാരിൽ സാധാരണക്കാരായ കർഷകരും വനാതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുമാണ്. കഴിഞ്ഞ കുറച്ചുവർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ പെട്ട് നിരവധിപേർ മരിക്കുകയും, പലയിടത്തും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്. വന്യജീവികളുടെ അധിനിവേശം കേരളത്തിലെ കൃഷിയിടങ്ങളെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ കർഷകർക്ക് കാട്ടാനകളുടെ ആക്രമണം പതിവായിരിക്കുകയാണ്. മധ്യ മലനാടൻ മേഖലകളിൽ കാട്ടുപന്നികളാണ് അക്രമം അഴിച്ചുവിടുന്നത്, നെല്ല്, പയർ, തെങ്ങ്, പച്ചക്കറി എന്നീ വിളകളെ നശിപ്പിക്കുന്നു. കടുവകളുടെയും കരടികളുടെയും ആക്രമണ ഭിഷണിയിൽ കഴിയുകയാണ് വനാതിർത്തി ഗ്രാമവാസികൾ. രാത്രിയാകുമ്പോൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പേടിക്കേണ്ട അവസ്ഥ. കഴിഞ്ഞ വർഷം മാത്രം നിരവധി ആളുകൾക്ക് വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു.
വിവിധ രാജ്യങ്ങളിൽ വിഷയത്തില്‍ ശാസ്ത്രീയമായ പ്രതിരോധ നടപടികൾ കൈക്കൊണ്ടതിന്റെ ഉദാഹരണങ്ങൾ ലഭ്യമാണ്. അത്തരമൊരു ദീർഘകാല പരിഹാരം കേരളത്തിനും ആവശ്യമാണ്. പ്രശ്നത്തിന്റെ ഉത്തരവാദിത്തം മുഴുവൻ കേരള സർക്കാരിന് മേലേക്കെറിയാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. സംസ്ഥാനത്തെ വന്യജീവി പ്രശ്നത്തിന്റെ വേരുകൾ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ്. കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ കൊണ്ടുവന്ന ഈ നിയമം വന്യജീവികളെ സംരക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, വന്യജീവി-മനുഷ്യ സംഘർഷം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ അവഗണിക്കപ്പെട്ടു. ഈ നിയമം കാലോചിതമായി പരിഷ്കരിക്കപ്പെടാത്തത് ആരുടെ ഭാഗത്തുനിന്നുള്ള വിഴ്ചയാണെന്ന് പറയേണ്ടതില്ലല്ലോ. 

കേരളം മുന്‍കാലങ്ങളെക്കാള്‍ വലിയതോതിൽ വന്യജീവി ഭീഷണി നേരിടുന്ന വേളയിൽ, കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബിജെപി സർക്കാരിന് ഇക്കാര്യത്തിൽ ശാസ്ത്രീയവും ആധുനികവുമായ പുതിയ നിയമനിർമ്മാണം നടത്താൻ കഴിയാഞ്ഞിട്ടല്ല, പകരം ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പയറ്റുന്ന വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ജനങ്ങളുടെ ജീവനും സ്വത്തും പണയം വയ്ക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യസഭാ എംപി പി സന്തോഷ്‌ കുമാർ സഭയിൽ ആവർത്തിച്ച് ഉന്നയിച്ചതുപോലെ ‘നിലവിൽ കേരളത്തിൽ നടക്കുന്നത് വന്യജീവി — മനുഷ്യ സംഘർഷങ്ങളല്ല മറിച്ച് പാവപ്പെട്ട കർഷകർക്ക് നേരെ ഏകപക്ഷീയമായ ആക്രമണങ്ങളാണ്.’ എന്നാൽ ദേശീയതലത്തിൽ ഇതിനെതിരെ ഏകീകൃത നിയമപരിഷ്കരണം ഇതുവരെ ഉണ്ടായിട്ടില്ല. പ്രകൃതിയുമായി കൂടിച്ചേർന്ന് മനുഷ്യജീവിതം സംരക്ഷിക്കുന്നതിനായി ആധുനികവും ശാസ്ത്രീയവുമായ സമീപനം ആവിഷ്കരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
വന്യജീവി ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകേണ്ടത് അനിവാര്യമാണ്. എന്നാൽ, ബിജെപി ഭരണത്തിലേക്ക് വന്ന ദിനംമുതൽ തന്നെ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പ്രശ്നപരിഹാരത്തിനുള്ള കേന്ദ്രസഹായത്തിൽ മാറ്റിനിർത്തപ്പെട്ടുവെന്നതാണ് വാസ്തവം. മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ധനസഹായവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന് ലഭിച്ച സഹായം അപര്യാപ്തമായതും പ്രതിരോധ പ്രവർത്തനങ്ങൾ സ്തംഭിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതുമാണ്.
സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് പ്രശ്നത്തെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജനങ്ങളുടെ ദുരിതം സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇതേപ്രശ്നം കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും നിലനിന്നിരുന്നുവെങ്കിലും, അവർ യാതൊരു ദീർഘകാല പരിഹാര നടപടിയും സ്വീകരിച്ചിരുന്നില്ല എന്നത് മറക്കാനാകാത്ത സത്യമാണ്. ഈ കാലഘട്ടത്തിൽ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന് കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളാനായില്ല. 2001-11 കാലഘട്ടത്തിലും ഈ പ്രശ്നം ഉയർന്നിരുന്നുവെങ്കിലും, സംസ്ഥാന സർക്കാർ വന്യജീവി നിയന്ത്രണത്തിനുള്ള ഒരു ഏകോപിത പദ്ധതിയും രൂപീകരിച്ചില്ല. 

വന്യജീവി ഭീഷണി കനത്ത സാഹചര്യത്തിൽ അത് പരിഹരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളെ അവഹേളിക്കുകയാണ് പ്രതിപക്ഷം. വനംവകുപ്പിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി സംസ്ഥാന സർക്കാരുകൾക്ക് ആധികാരികമായി ശക്തമായ നടപടികൾ കൈക്കൊള്ളാൻ കഴിയാത്തത് 1972ലെ നിയമത്തിന്റെ പോരായ്മയാണ്. നിയമപരിഷ്കാരത്തിനായി എൽഡിഎഫ് സർക്കാർ നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഇതുവരെ നിയമഭേദഗതിക്ക് തയ്യാറായിട്ടില്ല. ഇത് മറച്ചുവച്ചാണ് പ്രതിപക്ഷം സംസ്ഥാന സർക്കാരിനെ വിമർശിച്ച് ജനങ്ങളുടെ ആശങ്കകളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത്.
വന്യജീവി പ്രശ്നത്തിന്, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, ജനങ്ങൾ, വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ഒന്നിച്ചു ചേർന്ന് ദിശാബോധം നൽകേണ്ട സമയമാണിത്. പ്രതിപക്ഷം സർക്കാരിന്റെ നീക്കത്തിന് പിന്തുണ നൽകണമെന്നും, ജനങ്ങൾക്ക് വേണ്ടി സംയുക്തമായി പരിഹാരം ആവിഷ്കരിക്കണമെന്നും ആഗ്രഹിക്കുകയാണ്. വന്യജീവി ഭീഷണിയെ പ്രതിരോധിക്കാനും ജനങ്ങളെ സംരക്ഷിക്കാനുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ ശക്തമായി നടപ്പിലാക്കുന്നുണ്ട്. വനാതിര്‍ത്തിഗ്രാമങ്ങളിലും വന്യജീവി ഭീഷണി നേരിടുന്ന മേഖലകളിലും പ്രത്യേക ജാഗ്രതാ സംഘങ്ങളെ (Rapid Response Teams) നിയോഗിച്ചിരിക്കുന്നു. ഈ സംഘങ്ങൾ വന്യജീവി നീക്കങ്ങളെ നിരീക്ഷിക്കുകയും അതിവേഗ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. 

വനംവകുപ്പ് വിപുലീകരിച്ച പ്രധാന പദ്ധതികളിൽ ഒന്ന്, സുരക്ഷാവേലി പദ്ധതി’ യാണ്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണം തടയുന്നതിനായി വൈദ്യുതി വേലികൾ, ഇരുമ്പ് ബാരിക്കേഡുകൾ എന്നിവ സ്ഥാപിക്കാനുള്ള പദ്ധതിയാണിത്. 2022ലാണ് ഇത് വിപുലീകരിച്ച് കൂടുതൽ മേഖലകളിൽ നടപ്പാക്കിയത്. വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിൽ ഇതിന്റെ ഫലമായി ഒട്ടേറെ കൃഷിയിടങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞു. ഇതിനൊപ്പം, ‘മനുഷ്യത്വ പദ്ധതി’ എന്ന പേരിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നു. കൃഷിനാശത്തിന് നഷ്ടപരിഹാരത്തുക 50ശതമാനം വര്‍ധിപ്പിച്ചു. 2023ൽ മാത്രം 5,000ത്തിലധികം കർഷകർ ഈ സഹായ പദ്ധതിയിൽ നിന്ന് ആനുകൂല്യം നേടി.
വന്യജീവികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും നേരത്തെ മുന്നറിയിപ്പ് നൽകാനുമായി 1,500ലധികം ട്രാപ് കാമറകൾ സംസ്ഥാന വ്യാപകമായി സ്ഥാപിച്ചു. കാട്ടുപോത്തുകളുടെയും കടുവകളുടെയും നീക്കങ്ങൾ വിലയിരുത്താനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. 2023ൽ മാത്രം 300ലധികം അക്രമ സാധ്യതയുള്ള സംഭവങ്ങൾ കൃത്യസമയത്ത് ക­ണ്ടെത്തി നേരത്തേ മുന്നറിയിപ്പായി നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു. കൂടാതെ, ഹിതസംവാദ യോഗങ്ങൾ സംഘടിപ്പിച്ച് കർഷകരുടെയും പ്രദേശവാസികളുടെയും ആശങ്കകൾ നേരില്‍ക്കേട്ട് പരിഹാര മാർഗങ്ങൾ ആവിഷ്കരിക്കാനും സർക്കാർ ശ്രദ്ധിക്കുന്നു. സമഗ്രമായ ദീർഘകാല പരിഹാരത്തിന് വ­ന്യജീവി ഇടനാഴികള്‍ വികസിപ്പിക്കുക, ജനവാസമേഖലകൾ ഭദ്രമാക്കുക, പരിസ്ഥിതി നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടുക തുടങ്ങിയ പ്രവർത്തനങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.

വന്യജീവി ഭീഷണി നിയന്ത്രണത്തിനായി ഡ്രോൺ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നതിനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കാട്ടാനകളുടേതടക്കം വന്യജീവികളുടെ നീക്കങ്ങൾ നേരത്തേ മനസിലാക്കി അതിനനുസൃതമായി നടപടികൾ സ്വീകരിക്കാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾ സമഗ്രവും ശാസ്ത്രീയവുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിയമത്തിലെ പരിമിതികളും ധനസഹായക്കുറവും പലപ്പോഴും സംസ്ഥാന സർക്കാരിന്റെ നടപടികൾ പരിമിതപ്പെടുത്തുന്നതായും വിലയിരുത്തപ്പെടുന്നു. അതിനാൽ, ഈ പ്രശ്നം രമ്യമായി കൈകാര്യം ചെയ്യാൻ സംസ്ഥാന‑കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള കൂടുതൽ സഹകരണം അനിവാര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.