
ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ വിദേശ വിനിമയമൂല്യം ഡിസംബര്‍ ആരംഭത്തോടെ അനുദിനം തകര്‍ന്നുപോകുന്നു. ഡിസംബര്‍ രണ്ട്, തിങ്കളാഴ്ച ഡോളര്‍ ഒന്നിന് 89.97 രൂപയായിരുന്നത് മണിക്കൂറുകള്‍ക്കുള്ളില്‍ 90 രൂപയിലെത്തുകയായിരുന്നു. 2025 തുടക്കം മുതല്‍ തുടങ്ങിയ ഈ പ്രതിഭാസം ഇതോടെ രേഖപ്പെടുത്തിയത് അഞ്ച് ശതമാനം തകര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപാര, വാണിജ്യ മേഖലകളില്‍ ഡോളറിനായുള്ള ഡിമാന്റ് കുതിച്ചുയരുകയും ചെയ്തു. ഡോളര്‍ — രൂപ വിനിമയ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാകുന്നതിന് മുഖ്യകാരണം വിപണികളുടെ വികാരം ഏല്പിച്ച ആഘാതമായിരുന്നു. ഇത്തരമൊരു വികാരത്തിനിടയാക്കിയതോ ഇന്ത്യ – യുഎസ് വ്യാപാര കരാര്‍ ഒപ്പിടുന്നതില്‍ സംഭവിച്ച കാലതാമസവും. ഒരു വര്‍ഷക്കാലയളവില്‍ രൂപയുടെ മൂല്യശോഷണ നിരക്ക് അഞ്ച് ശതമാനത്തോളമായിരുന്നു എന്നത് നിസാരമായി കാണരുത്. മാത്രമല്ല, ഏഷ്യന്‍ കറന്‍സികളായ ചൈനീസ് യുവാന്‍, ഇന്തോനേഷ്യന്‍ രൂപ എന്നിവയെ അപേക്ഷിച്ച് കുത്തനെയുള്ള മൂല്യത്തകര്‍ച്ചയാണ് എന്നതും കാണാനിരുന്നുകൂടാ. 2024 നവംബര്‍ അവസാനം മുതല്‍ തുടക്കം കുറിച്ച തകര്‍ച്ചയാണിത്.
മുകളില്‍ സൂചിപ്പിച്ച മൂല്യത്തകര്‍ച്ചയ്ക്ക് നിദാനമായ സാഹചര്യം വിശാലമായ മാക്രോ ഇക്കണോമിക്ക് വികസന പാതയുടെ ഉല്പാദനമാണെന്നതാണ് വസ്തുത. ഇത്തരമൊരു മാതൃക സ്ഥിരമായ ഒന്നായിരിക്കുമെന്ന ധാരണയൊന്നും നയരൂപീകരണ മേഖലയിലുള്ളവര്‍ക്കാവശ്യമില്ല. ഏത് നിമിഷവും ഇതില്‍ മാറ്റമുണ്ടാകാം. ദേശീയ ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങള്‍ക്കതീതമായ ബാഹ്യശക്തികളുടെ ഇടപെടല്‍ ഈ മേഖലയിലുണ്ടാകുമെന്നതിനാലാണിത്. ഉദാഹരണത്തിന് കയറ്റുമതി — ഇറക്കുമതി മേഖലകളില്‍ സംഭവിക്കുന്ന നേരിയ ഏറ്റക്കുറച്ചിലുകള്‍ വിനിമയ മൂല്യത്തിനുമേല്‍ സ്വാധീനം ചെലുത്താന്‍ ഇടയുണ്ട്.
സാമ്പത്തിക നിയന്ത്രണങ്ങളില്‍ അയവേറിയ സമീപനമാണ് ഇന്ത്യയെപ്പോലുള്ളൊരു ജനാധിപത്യ വ്യവസ്ഥയില്‍ നിലവിലുള്ളതെന്ന യാഥാര്‍ത്ഥ്യവും വിസ്മരിച്ചുകൂടാ. 2024ല്‍ പേയ്‌മെന്റ്സ് ബാലന്‍സിലുണ്ടായ ഇടിവ് 1,090 കോടി ഡോളറായിരുന്നെങ്കില്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ രേഖപ്പെടുത്തിയത് 1,860 കോടി മിച്ചമായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്. വ്യാപാരക്കമ്മിയിലും സമാനമായതോതില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2025–26 ധനകാര്യ വര്‍ഷത്തില്‍ തല്‍സ്ഥിതി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ആര്‍ബിഐയുടെ ശക്തമായ ഇടപെടല്‍ കറന്‍സി വിപണിയില്‍ അനിവാര്യമാണ്. മോഡി സര്‍ക്കാരിന്റെ നയപരമായ സമീപനമാണ് ഇത്തരമൊരു മാറ്റത്തിന് ആധാരമായത് എന്നതിലും തര്‍ക്കമില്ല.ബാലന്‍സ് ഓഫ് പേയ്‌മെന്റ്സ് നിഷേധ രൂപത്തിലായാല്‍ കറന്‍സിക്ക് മൂല്യ ശോഷണമുണ്ടാകും. അങ്ങനെ, ബാലന്‍സ് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചരക്കുവ്യാപാരവും കറന്‍സി വിപണി മാറ്റങ്ങള്‍ക്കുമേല്‍ സ്വാധീനം ചെലുത്താതിരിക്കില്ല. ട്രംപിന്റെ വരവിന് ശേഷം ഇന്ത്യന്‍ വ്യാപാരമേഖല 50% അധിക തീരുവാഭാരം ഏറ്റെടുക്കേണ്ട ഗതികേടിലാണുള്ളത്. സ്വാഭാവികമായും കയറ്റുമതി മേഖലയെ ഈ സ്ഥിതി പ്രതികൂലമായി ബാധിക്കും. ഏതാനും ചില ഉല്പന്നങ്ങള്‍ക്ക് ബദല്‍ വിപണന സാധ്യതകള്‍ തുറന്നുകിട്ടിയിട്ടുണ്ടെങ്കിലും ഇതില്‍ നിന്നും ഏതറ്റംവരെ നേട്ടങ്ങളുണ്ടാക്കുമെന്നത് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടതാണ്. ഉയര്‍ന്ന മൂല്യമുള്ള രത്നം, സ്വര്‍ണം എന്നിവ ഇതര മാര്‍ഗങ്ങളിലൂടെ യുഎസില്‍ അഭയം തേടാനിടയുണ്ട്. എന്നാല്‍, ഇതെത്രനാള്‍ തുടരുമെന്നതില്‍ ഉറപ്പൊന്നുമില്ല. നിലവിലെ അനിശ്ചിതത്വങ്ങള്‍ക്കുള്ള തൃപ്തികരമായ പരിഹാരത്തിന് ഇന്ത്യ – യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുകതന്നെ വേണ്ടിവരും. 2026 ഡിസംബര്‍ അവസാനത്തോടെ ഈ ലക്ഷ്യത്തിലെത്തിയാല്‍ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. ഏതായാലും അനിശ്ചിതത്വത്തിന് പരിഹാരം കൂടിയേ തീരു.
നിലവിലുള്ള ആഗോള വ്യാപാരമേഖല പരിശോധിച്ചാല്‍ മൂല്യശോഷണം സംഭവിച്ച രൂപ, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഉത്തേജനം നല്‍കും എന്നാണ് കാണാന്‍ കഴിയുക. എന്നാല്‍, യു എസ് തീരുവാഭാരം ഏല്പിക്കുന്ന ഭാരം മറികടക്കാന്‍ ഇതുകൊണ്ടുമാത്രം ആവില്ല. ആര്‍ബിഐ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് രൂപയുടെ മൂല്യത്തകര്‍ച്ച യഥാര്‍ത്ഥത്തിലുള്ള വിനിമയ നിരക്കിനെത്തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ്. കയറ്റുമതി മേഖലയ്ക്ക് ലഭ്യമായിരിക്കുന്ന പ്രോത്സാഹനം തന്നെയാണ് ഇതിന് ആധാരമായ വസ്തുത.
മൂല്യത്തകര്‍ച്ച മറ്റ് രാജ്യങ്ങളുടെ കറന്‍സികളുമായുള്ള വിനിമയ ബന്ധങ്ങളിലും മാറ്റങ്ങള്‍ക്ക് കളമൊരുക്കിയിട്ടുണ്ട്. വിശിഷ്യ, ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളില്‍. ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള ചെലവ് കുറയുകയും വ്യാപാരക്കമ്മി ഉയരുകയും ചെയ്യും. അതേസമയം, ഈ സ്ഥിതി ഏറെക്കാലം തുടരുന്നതും ആപത്തായിരിക്കും.
ഇവിടെയാണ് ആര്‍ബിഐ ഇടപെടല്‍ പ്രസക്തമാകുന്നത്. കേന്ദ്രബാങ്കിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന ഡോളര്‍ ശേഖരം — ഇതിന്റെ മൂല്യം 68,800 കോടി ഡോളറില്‍ ഏറെയാണ് — നേരിയ തോതിലെങ്കിലും വിപണിയില്‍ എത്തിക്കുന്നതോടെ, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ജിജികള്‍) ഇതിനകം വിറ്റഴിക്കലിന് വിധേയമാക്കിയിരിക്കുന്ന ഇന്ത്യന്‍ ആസ്തികള്‍ തിരികെ വാങ്ങാന്‍ കൂടി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതും വിനിമയ മൂല്യശോഷണത്തിന് തടയിടാന്‍ സഹായകമാകാം. നിലവിലുള്ള രാഷ്ട്രീയ — സാമ്പത്തിക ആഗോള സാഹചര്യങ്ങളില്‍, ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങള്‍ക്കുളള സ്വീകാര്യത ക്രമേണ ഇടിഞ്ഞുവരികയാണെന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് നേരിയ തോതിലെങ്കിലും ആശ്വാസത്തിന് ഇടയുണ്ടെന്നാണ് ഇന്ത്യയുടെ മുന്‍ മുഖ്യസ്ഥിതിവിവര വിദഗ്ധനായ ഡോ. പ്രൊണാബ് സെന്നിനെപ്പോലുള്ളവര്‍ അഭിപ്രായപ്പട്ടിരിക്കുന്നത്. യുഎസുമായുള്ള വ്യാപാര കമ്മിയെക്കാള്‍ പ്രധാനം, മൊത്തത്തിലുള്ള വ്യാപാര കമ്മിക്കാണ് എന്ന നിലപാടിലാണ് അദ്ദേഹം.
യുഎസ് — ഇന്ത്യ വ്യാപാരത്തിലെ ഇടിവ്, മറ്റു രാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട വ്യാപാര ഇടപാടുകളുടെ പശ്ചാത്തലത്തില്‍, അത്രയേറെ ആശങ്കയ്ക്ക് ഇടം നല്‍കുന്നില്ലെന്നാണ് ഡോ. സെന്നിന്റെ നിഗമനം. അതേസമയം, ഈ അനുകൂല കാലാവസ്ഥയ്ക്ക് ദീര്‍ഘകാല നിലനില്പുണ്ടാകണമെന്നില്ല. ഭാവി സുരക്ഷിതമാക്കുന്നതിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. ഇന്ത്യയുടെ പര്‍ച്ചേസിങ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) യിലും പിന്നിട്ട ഒമ്പത് മാസക്കാലയളവില്‍ ഇടിവുണ്ടായിരിക്കുന്നു. പുതുക്കിയ കയറ്റുമതി ഓര്‍ഡറുകളുടെ സൂചികയില്‍ 13 മാസക്കാലയളവിലെ തുടര്‍ച്ചയായ ഇടിവും രേഖപ്പെടുത്തി. ഇതൊക്കെ നിസാരമായ തിരിച്ചടികളായി കാണുന്നതും അപകടമാണ്. ഇതിന്റെയെല്ലാം സഞ്ചിത ആഘാതം വരാനിരിക്കുന്നതേയുള്ളു.
വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി കുതിപ്പും രൂപയുടെ മൂല്യശോഷണത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വര്‍ണ ഇറക്കുമതി വര്‍ധന 200% വരെയായി കുതിച്ചുയര്‍ന്നതോടെ അതിന്റെ വലിപ്പം 1,470 കോടി ഡോളര്‍ വരെ എത്തിയിരുന്നു. വെള്ളിയുടേത് 528% ഉയര്‍ന്ന് മൂല്യം 270 കോടി ഡോളര്‍ വര്‍ധന രേഖപ്പെടുത്തുകയുണ്ടായി. ഉത്സവകാല ഡിമാന്റ് വര്‍ധനവിനോടൊപ്പം സുരക്ഷിത നിക്ഷേപം തേടിയുള്ള നെട്ടോട്ടവും സമാനവിധത്തിലുള്ള സമ്മര്‍ദത്തിനാണ് വഴിയൊരുക്കിയത്. ഡോ. പ്രൊണാബ് സെന്‍ ഈ പ്രതിഭാസത്തെക്കാണുന്നത് ഉത്സവകാല ഡിമാന്‍ഡിന്റെ സമ്മര്‍ദമെന്നല്ല, സുരക്ഷിത നിക്ഷേപത്താവളം തേടിയുള്ള പാച്ചില്‍ ആയിട്ടാണ്. ധനശാസ്ത്രകാരന്മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് ‘ഡോളര്‍ ചോര്‍ച്ച’ എന്നാണ്. ഇതുവഴിയും രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം വര്‍ധിക്കുന്നു.
വിദേശ നിക്ഷേപകര്‍, മുന്‍കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണികളിലേക്ക് വന്‍തോതില്‍ കടന്നുകയറ്റം നടത്തിയിരുന്നു. വ്യക്തികളെന്ന നിലയിലും സ്ഥാപനങ്ങളെന്ന നിലയിലും ഇതായിരുന്നു നിക്ഷേപ മാതൃക. രൂപയുടെ മൂല്യശോഷണ പ്രക്രിയയ്ക്ക് തുടക്കമായതോടെ ഇവരെല്ലാം ആശങ്കാകുലരാകാനും അതിവേഗം നിക്ഷേപം പിന്‍വലിക്കാനും തുടങ്ങി. 2025 ല്‍ മാത്രം 1700 കോടി ഡോളറിന് തുല്യമായ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. ഇതാണെങ്കിലോ രണ്ടു ദശകക്കാലത്തിനിടയിലുണ്ടായ ഏറ്റവും ഉയര്‍ന്ന തോതിലുള്ളതും.
ഡോ. ദാസ് ഗുപ്ത എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വിപണി സമ്മര്‍ദം ഇന്ധനമാണെങ്കില്‍ അതിന് തീയിടണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് ആര്‍ബിഐ ആണ്. കാരണം, കറന്‍സിയുടെ യഥാര്‍ത്ഥമൂല്യം നിര്‍ണയിക്കുക കേന്ദ്രബാങ്കിലൂടെ, കേന്ദ്രഭരണകൂടത്തിന്റെ മൊത്തത്തിലുള്ള നയസമീപനമായിരിക്കും.
പ്രത്യേക സാഹചര്യങ്ങളില്‍ ആര്‍ബിഐയുടെ ഇടപെടല്‍ നിര്‍ണായക പ്രാധാന്യത്തോടുകൂടിയായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് 2022 സെപ്റ്റംബര്‍ അവസാനിക്കുന്ന പാദത്തില്‍ 3,000 കോടി ഡോളര്‍ ശേഖരവും 2024 ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ 3,800 കോടി ശേഖരവും വിപണിയിലേക്ക് വില്പന പ്രക്രിയയിലൂടെ ഒഴുക്കുകയുണ്ടായി. എന്നാല്‍ പില്‍ക്കാലത്ത് 2025 സെപ്റ്റംബറില്‍ നടത്തിയ 1,090 കോടി ഡോളര്‍ വില്പന ഒഴിച്ചാല്‍ ആര്‍ബിഐ ഇത്തരം ഫയര്‍ ഫൈറ്റിങ് നടപടികളിലേക്ക് നീങ്ങിയിട്ടുമില്ല. അതുകൊണ്ട് ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത് ‘കാത്തിരുന്ന് കാണുക’ എന്ന നയമാണ് എന്ന് കരുതേണ്ടിവരുന്നു.
ട്രംപിന്റെ തീരുവാ ഭീഷണിയെ അതിജീവിച്ചാല്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ കടന്നുചെല്ലാന്‍ തക്ക പ്രാപ്തിയുണ്ടാവും. അതേയവസരത്തില്‍ കയറ്റുമതി — ഇറക്കുമതി മേഖലകളുടെ സമീപകാല പ്രവണതകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്ന വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമല്ല ഉള്ളതെന്നതും പ്രസക്തമാണ്. എന്നാല്‍ ഡോ. സെന്നിനെയും ഡോ. ദാസ് ഗുപ്തയെയും പോലുള്ളവര്‍ കരുതുന്നത് 15 ശതമാനത്തോളമുള്ള മൂല്യത്തകര്‍ച്ചയാണെങ്കില്‍ അതില്‍ നിന്നും കരകയറുക സാധ്യമായേക്കാമെന്നാണ്. ഈ നിലപാട് യുക്തിസഹവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.