
ഏതു തരത്തിലുള്ള കുത്തകവല്‍ക്കരണവും ആ മേഖലയെ നശിപ്പിക്കും. ഇന്ത്യയിലെ വ്യോമയാന രംഗത്തിന്റെ 65% കയ്യടക്കി ഇൻഡിഗോ എയർലൈൻസ് കുത്തകാവകാശം സ്ഥാപിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോൾ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. വ്യോമയാന ഏജൻസികൾ നിയമം മുറുകെപ്പിടിച്ചപ്പോൾ രാജ്യത്താകമാനം വിമാന യാത്ര താറുമാറായി. വിദ്യാർത്ഥികൾ മുതൽ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ പരിമിതമായ സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിയമത്തിൽ ഇളവുവരുത്തി യാത്രക്കാരുടെ ജീവൻ കൊണ്ട് പന്താടിയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണാനായി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ശ്രമിക്കുന്നത്. പൈലറ്റുമാരുടെ വിശ്രമസമയം കുറച്ചും നൈറ്റ് ലാൻഡിങ്ങിന്റെ എണ്ണം രണ്ടിൽ നിന്നും ആറായി വർധിപ്പിച്ചുമുള്ള ഇളവുകളാണ് ഇൻഡിഗോയ്ക്ക് സർക്കാർ നൽകിയിരിക്കുന്നത്. യാത്ര മുടങ്ങിയവരുടെ ടിക്കറ്റിന്റെ തുക പൂർണമായും തിരികെ നൽകണമെന്ന് യാത്രക്കാരെ ആശ്വസിപ്പിക്കാനായി പറഞ്ഞിട്ടുണ്ട്. യാത്ര നഷ്ടപ്പെട്ടവർക്ക് മുഴുവൻ പണവും റീഫണ്ട് ചെയ്യണമെന്ന് സർക്കാർ തിട്ടൂരം പുറപ്പെടുവിച്ചെങ്കിലും വളരെ ചെറിയ തുകയാണ് ഈ വിമാന കമ്പനി നൽകുന്നതെന്ന് ദി ടെലഗ്രാഫ് പത്രം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് എയര്‍ലെെന്‍ പെെലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നൽകിയ കത്തിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവിധത്തിൽ വിമാനം പറപ്പിക്കാൻ ഇൻഡിഗോ പൈലറ്റുമാരെ നിർബന്ധിക്കരുതെന്ന് ആവശ്യപ്പെടുന്നു.
വിമാനങ്ങളുടെ ഷെഡ്യൂളിങ് എന്നത് ഒരു ദീർഘകാല പ്രക്രിയയാണ്. വളരെ നേരത്തെ ഇത് ചാർട്ട് ചെയ്യേണ്ടതുണ്ട്. വേനൽക്കാല സമയവും ശൈത്യകാല സമയവും വളരെ മുമ്പേ അറിയാവുന്നതുമാണ്. ഇവിടെ ലാഭം മാത്രം കണക്കിലെടുത്ത് പൈലറ്റുമാരുൾപ്പെടെയുള്ളവരെക്കൊണ്ട് അധിക ജോലി ചെയ്യിക്കുകയായിരുന്നു ഇതുവരെ ഇൻഡിഗോ എന്നതാണ് പ്രശ്നം. നഗ്നമായ ഈ നിയമലംഘനത്തിന് നേരെ കണ്ണടയ്ക്കുകയായിരുന്നു നമ്മുടെ ഭരണാധികാരികൾ. സാങ്കേതിക രംഗത്തെ സംഘടനകളും അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ ഏജൻസികളും കണ്ണുരുട്ടിയതോടെയാണ് നമ്മുടെ ഏമാന്മാർ ഉണർന്നത്. പക്ഷേ അപ്പോഴേക്കും ഒരു വ്യവസായമെന്ന നിലയ്ക്കുള്ള ഇൻഡിഗോയുടെ നിലനില്പിനെത്തന്നെ അവതാളത്തിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൈവിട്ടുപോയി.
ഒരു സ്വകാര്യ വ്യോമയാന കമ്പനിയുടെ പിഴവ് മറ്റു എയർലൈൻസുകൾ ചൂഷണത്തിനുള്ള ഉപാധിയായി മാറ്റുകയും ചെയ്തു. ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ കമ്പനിയാണ്. ഇതിനുള്ള ഉപകാരസ്മരണയായാണ് കേന്ദ്ര സർക്കാർ അവരുടെ നിമയമവിരുദ്ധ ഓപ്പറേഷനുകൾക്ക് ഇതുവരെ കുടപിടിച്ചത്. ഇത് ഏവർക്കും അറിയാവുന്ന കഥയുമാണ്.
രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമാണ് വിമാനങ്ങള്‍ റദ്ദ് ചെയ്യലിലൂടെ ഇൻഡിഗോ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ കനത്ത നഷ്ടമാണ് നേരിടുന്നത്. നവംബറിലെ നഷ്ടം ടൂറിസം സീസണായ ഡിസംബറിൽ നികത്താമെന്ന പ്രതീക്ഷയോടെ മുന്നോട്ടുപോയ തങ്ങളുടെ നിലനില്പ് തന്നെ അവതാളത്തിലാകുമെന്നാണ് കേരളാ വോയേജസ് ഇന്ത്യ എന്ന ടൂർ ഓപ്പറേറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജോർജ് സ്കറിയ ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരും വിവിധ എയർപോർട്ടുകളിൽ കുടുങ്ങിക്കിടപ്പുണ്ട്. ചെക്ക് ഇൻ ചെയ്ത യാത്രക്കാരുടെ ബാഗേജുകൾ എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് എയർലൈൻകാരും വിവിധ എയർപോർട്ട് അധികാരികളും. കമ്പ്യൂട്ടർവല്‍ക്കൃത ടിക്കറ്റിങ് സംവിധാനത്തിൽ മാറ്റം വരുത്താതെ ടിക്കറ്റ് റീഫണ്ട് ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും വ്യാജ വാഗ്ദാനങ്ങൾ നൽകുകയാണ് ഇപ്പോഴും ഈ കമ്പനി. ഇവർ കാരണം നഷ്ടം നേരിടുന്ന ടൂറിസം, മെഡിക്കൽ, വിദ്യാഭ്യാസ, കായിക മേഖലകള്‍ക്ക് ഏതുതരത്തിലാണ്, ആരാണ് നഷ്ടപരിഹാരം നൽകുകയെന്ന് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇൻഡിഗോ സിഇഒയുടെ പിരിച്ചുവിടൽ കൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ലിത്. തീവ്രഹിന്ദുത്വ പ്രചാരണം പോലെ എളുപ്പമല്ല വിവിധ മേഖലകളിലെ നയ — നിയമ രൂപീകരണങ്ങൾ. ഇൻഡിഗോ മേധാവികൾ വളരെ ലളിതമായി പരിഹരിക്കാവുന്ന വിഷയമായാണ് തുടക്കത്തിൽ പ്രതിസന്ധിയെ നോക്കിക്കണ്ടത്. സ്വന്തം കമ്പനിയുടെ വിശ്വാസ്യത തകരുന്നത് അവർ മനസിലാക്കിയില്ല. കൃത്യമായി ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ പോലും യാത്രകൾ റദ്ദാക്കപ്പെടുകയും കൂടുതൽ വില നൽകി മറ്റു എയർലൈൻസുകളില്‍ യാത്ര ചെയ്യുകയുമാണ് അത്യാവശ്യ യാത്രക്കാർ. പ്രധാനപ്പെട്ട യോഗങ്ങള്‍ക്കും ജോലിക്കും മറ്റും പോകേണ്ടവർക്ക് ഇൻഡിഗോയെ വിശ്വസിക്കാൻ പറ്റാതെ വരുന്നു.
ഒരു കച്ചവടസ്ഥാപനമെന്ന നിലയിൽ ഇൻഡിഗോയ്ക്ക് വിപണിയുടെ വിശ്വാസം തിരികെ പിടിക്കണമെങ്കിൽ ഇനിയെത്ര കാലം വേണ്ടി വരുമെന്നത് കണ്ടറിയണം. മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഷെയർ വാല്യൂ 22% ആണ് ഇടിഞ്ഞിരിക്കുന്നത്. ഈ ഓഹരികളിൽ നിക്ഷേപിച്ചവരുടെ ഇതുവരെയുള്ള നഷ്ടം 53,000 കോടി രൂപ. ജീവനക്കാരുടെ ആത്മവിശ്വാസവും തുലാസിലാണ്. ഗ്രൗണ്ട് സ്റ്റാഫ് മുതൽ ബോർഡ് റൂം വരെ ഉലഞ്ഞിരിക്കുന്നു. മുഖം രക്ഷിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ഇൻഡിഗോയുടെ അഞ്ച് ശതമാനം വിമാന സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. പ്രതിദിനം 2,200 ഫ്ലെെറ്റുകൾ എന്നതിൽ ഏതാണ്ട് 110 ഫ്ലെെറ്റുകളാണ് ഇങ്ങനെ നിര്‍ത്തലാക്കപ്പെട്ടത്. ഇവ ഏതൊക്കെ റൂട്ടിലാണ് പ്രാബല്യത്തിൽ വരികയെന്നത് അറിയാൻ ഇരിക്കുന്നതേയുള്ളൂ.
വിമാന കമ്പനിക്ക് മാത്രമല്ല ബുക്കിങ് വെബ്സൈറ്റുകൾക്കും ടൂറിസം മേഖലയ്ക്കും അപ്രതീക്ഷിത നഷ്ടമുണ്ടാകും. ലൈസൻസ് രാജിന്റെ കാലം അസ്തമിച്ചുകഴിഞ്ഞു. അതിന്റെ അർത്ഥം സർക്കാർ കൈക്കൊള്ളേണ്ട അർത്ഥപൂർണമായ നിയന്ത്രണങ്ങൾ വേണ്ടായെന്നല്ല. ക്യാപിറ്റലിസത്തിന്റെ അപ്പോസ്തല രാജ്യമായ അമേരിക്കയിൽപ്പോലും എല്ലാ രംഗങ്ങളിലും കുത്തകവൽക്കരണം അനുവദിക്കാറില്ല. ഇന്ത്യന്‍ വ്യോമയാന രംഗത്തെ ഇൻഡിഗോയുടെ അപ്രമാദിത്തം വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ്. കോംപറ്റീഷൻ ആക്ട് 2002 പ്രകാരം വിപണിയിലെ മത്സരം നിയമവിരുദ്ധമല്ല. പക്ഷേ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്ത് മത്സരിക്കുന്നതിനെ ഈ നിയമം സാധൂകരിക്കുന്നില്ല. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാകുന്നു എന്നതാണ് കുത്തകവൽക്കരണത്തിന്റെ ഏറ്റവും ദയനീയ മുഖം. ഒരു വ്യോമയാന കമ്പനി നിശ്ചയിക്കുന്ന നിരക്കിൽ യാത്ര ചെയ്യാൻ ഉപഭോക്താവ് നിർബന്ധിതമാകുന്നു.
ചെറിയ കമ്പനികളെ കുത്തകവൽക്കരണം തകർക്കുന്നതിന്റെ ഉദാഹരണങ്ങൾ കൂടിയപ്പോഴാണ് യൂറോപ്യൻ സർക്കാരുകൾ ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ കുത്തകവൽക്കരണം നിയമം മൂലം തടഞ്ഞത്. തൊഴിൽ സംസ്കാരത്തിൽ കോർപറേറ്റ് മുതലാളിത്തം കടന്നുകയറിയാൽ ഇത്തരം ഗതികേടുകൾക്ക് ഇന്ത്യ ഇനിയും സാക്ഷ്യം വഹിക്കും. ഏത് മേഖലയിലും തൊഴിൽ നിയമങ്ങളും അടിസ്ഥാന ധനതത്വ ശാസ്ത്രവും സുതാര്യമായി പ്രവർത്തിക്കേണ്ടതുണ്ട്. ബിജെപിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതിനെക്കാൾ വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർ ഗ്ലോബിന് നേരിടേണ്ടി വന്നിരിക്കുന്നത്.
ഓരോ ചുവടിലും വളരെ കരുതൽ വേണ്ട വ്യവസായമാണിത്. ചെറിയ കൈപ്പിഴകൾക്ക് പോലും നൂറു കണക്കിന് ജീവന്റെ വിലയുണ്ടാകും. ഇൻഡിഗോ സംഭവം ഒരു കണ്ണുതുറപ്പിക്കലാണ്. അഡാനി — അംബാനിമാരെ കുത്തകവൽക്കരണത്തിനായി കൂടുതുറന്ന് വിടുന്ന മോഡി ഭരണകൂടം ചെയ്യുന്നതിന്റെ ഫലം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഉത്തരേന്ത്യൻ കുഗ്രാമങ്ങളിലെ സാധാരണക്കാരന് മനസിലാകില്ല. അവരെ പറ്റിക്കാൻ സംഘപരിവാരത്തിന്റെ മൂന്നാംകിട അജണ്ടകൾക്കും മുദ്രാവാക്യങ്ങൾക്കും കഴിയുന്നുണ്ട്. ഇതിനിടയിൽ താഴേക്ക് പതിക്കുന്ന രൂപയുടെ മൂല്യം കൂടിയാകുമ്പോൾ കാര്യങ്ങൾ ഉഷാറാകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.