16 December 2025, Tuesday

വനിതകളും തൊഴില്‍ പോരാട്ടങ്ങളും

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 24, 2025 4:40 am

ധുനിക ആഗോള സാഹചര്യത്തില്‍, വനിതകള്‍ വന്‍തോതിലാണ് തൊഴില്‍ മേഖലയും അതില്‍നിന്നുള്ള വരുമാനങ്ങളും ആശ്രയിച്ചുവരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ഇത്തരമൊരു മാര്‍ഗം ആശ്രയിക്കുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാസശമ്പളക്കാരായ വനിതകളിലേറെയും സമ്പന്നവര്‍ഗത്തില്‍പ്പെട്ടവരും ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയവരുമായിരുന്നു. ബഹുഭൂരിഭാഗം സ്ത്രീകളും കുടുംബിനികളെന്ന നിലയില്‍ വീട്ടുജോലികളില്‍ മാത്രം ഏര്‍പ്പെടുന്നവരായിരുന്നു. അവര്‍ക്കാണെങ്കില്‍ കൂടിയോ കുറഞ്ഞോ വേതനവും ലഭിക്കുമായിരുന്നില്ല. ഗാര്‍ഹികാധ്വാനത്തിനുശേഷമുള്ള സമയം അവരില്‍ കുറെപ്പേരെങ്കിലും അധികവരുമാനത്തിനായി കാര്‍ഷികവൃത്തിയിലും വ്യാപൃതരാകുമായിരുന്നു. ഈ വിധത്തിലുള്ള അധികാധ്വാനം ഗാര്‍ഹിക ചുമതലകളുടെ ഭാഗമായി മാത്രമാണ് കരുതപ്പെട്ടിരുന്നത്. അതായത് സ്ത്രീകളുടെ അധ്വാനം ചൂഷണം ചെയ്യപ്പെടുകയായിരുന്നു. ഇംഗ്ലീഷ് പ്രയോഗം കടമെടുത്താല്‍ വനിതകള്‍ ‘സെക്കന്‍ഡ് സെക്സ്’ എന്ന നിലയിലാണ് പരക്കെ കരുതപ്പെട്ടിരുന്നത്. മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടൊരു വിഭാഗം. പരമ്പരാഗതമായി പുരുഷാധിപത്യമായിരുന്നു സമൂഹത്തില്‍ വ്യാപകമായ തോതില്‍ നിലവിലിരുന്നത്. നിരന്തരമായ ചൂഷണത്തിന് വനിതകള്‍ വിധേയമാക്കപ്പെട്ടത് തങ്ങളുടെ ദുര്‍വിധിയെന്ന നിലയിലാണ് കരുതപ്പെട്ടുവന്നിട്ടുള്ളതും. സ്വന്തം ജീവിതവൃത്തിക്കായി വിവരവും വിദ്യാഭ്യാസവും നേടിയെടുക്കാനുള്ള അവകാശം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. തന്മൂലം സ്വന്തം അവശതകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനുള്ള ഇടവും അവര്‍ക്ക് ലഭ്യമായിരുന്നില്ല. ഇത്തരം ഒരു പശ്ചാത്തലം നിലവിലിരിക്കെ, ഇരുള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നിന്നും മോചനം നേടുക ശ്രമകരമായൊരു അഭ്യാസമായിരിക്കുമല്ലോ. ഭാഗ്യവശാല്‍, സമീപകാലത്ത് ഇത്തരമൊരു ദുഃസ്ഥിതിയില്‍ നേരിയൊരു മാറ്റം ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. വിവിധ ജീവിത മേഖലകളില്‍ വനിതകള്‍, സ്വന്തം നിലയിലും ഭരണകൂടങ്ങളുടെ പരിമിതമായ പിന്തുണയോടെയും വിജയം നേടുന്നതായി കാണാന്‍ കഴിയുന്നു. ഈ മാറ്റം ഒരു രാത്രികൊണ്ട് ഉണ്ടായതല്ല. നിരവധി വര്‍ഷക്കാലം നടത്തിയ പോരാട്ടങ്ങളുടെ പരിണതഫലമാണിത്. ദൃഢമനസോടെയുള്ള ത്യാഗപൂര്‍ണമായ സമരപരമ്പരകളുടെ ചരിത്രം നമുക്കു മുന്നിലുണ്ട്. നിരവധി അമ്മമാര്‍ സ്വന്തം ജീവന്‍ ബലികൊടുത്തും മക്കള്‍ക്കായി ജീവിതക്ലേശങ്ങള്‍ സ്വയം ഏറ്റെടുക്കുകയുമായിരുന്നു. 

വനിതകള്‍ക്ക് ഇപ്പോ ള്‍ തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കാം. എന്നാല്‍ ഫലത്തില്‍ ഈ തൊഴിലിടം രണ്ടാമത്തെ തടവറയായി അനുഭവപ്പെടുകയാണെന്ന് കരുതുന്നതാവും ശരി. തികച്ചും നിശബ്ദവും നിരുപദ്രകരവുമെന്ന് തോന്നല്‍ ഉളവാക്കുന്ന കേന്ദ്രത്തില്‍ വനിതകളുടെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കും. ഇതൊന്നും ബാഹ്യ ലോകത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നവിധത്തില്‍ ആയിരിക്കുകയുമില്ല. സ്ത്രീവിദ്വേഷികളായ ഏകാധിപതികളുടെ തടവറക്കാരായി മാന്യമായ ജീവിത സാഹചര്യം തീര്‍ത്തും നിഷേധിക്കപ്പെട്ട സ്ത്രീസമൂഹം കൊട്ടിയടയ്ക്കപ്പെടുന്നു. വനിതകള്‍ കാംക്ഷിക്കുന്നത് തുല്യത, മാന്യത, ന്യായവും നീതിയുക്തവുമായ പെരുമാറ്റ രീതി, ജീവിത സാഹചര്യങ്ങള്‍ എന്നിവയാണ്. എന്നാല്‍ പുരുഷാധിപത്യ വ്യവസ്ഥയില്‍ വനിതകള്‍ പിന്നണിയിലാക്കപ്പെടുന്നു; മൗലിക സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. ജീവിക്കാനുള്ള സ്വാതന്ത്ര്യവും നീതിയും നിഷേധിക്കപ്പെടുന്നതിനു പുറമെ വനിതകള്‍ക്ക് നിഷേധിക്കപ്പെടുക സ്വതന്ത്രമായ അധ്വാനം വഴി സ്വന്തം ധനകാര്യ ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവകാശം കൂടിയാണ്. തുല്യവേതനം നിഷേധിക്കപ്പെടുന്നതിലൂടെയാണ് ഈ വിവേചനം വെളിവാക്കപ്പെടുന്നത്. ഇതാണ് നഗ്നമായ യാഥാര്‍ത്ഥ്യമെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ. വേതനത്തിലെ അന്തരം കൂടുതല്‍ പ്രകടമാകുന്നത് അനൗപചാരിക മേഖലയിലാണ്. ലിംഗാടിസ്ഥാനത്തിലുള്ള വിവേചനപരമായ ഈ സംവിധാനം വേതന ഘടനയുടെ ഭാഗമായിത്തന്നെ കാണാന്‍ കഴിയുന്നുണ്ട്. ഇതിലൂടെ സംഭവിക്കുന്നത് സ്വന്തം ജീവിതാവശ്യങ്ങളോടൊപ്പം കുടുംബത്തിന്റെ മൊത്തത്തിലുള്ള ആവശ്യങ്ങളും വരുമാനത്തിലൂടെ തൃപ്തിപ്പെടുത്താന്‍ സ്ത്രീക്ക് കഴിയാതെ വരുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് കുടുത്ത വെല്ലുവിളിയാണ്. ഇതൊന്നും പൊതുജന ശ്രദ്ധയിലെത്തിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികളോ മാധ്യമങ്ങളോ പോലും വേണ്ടത്ര പരിശ്രമിക്കുന്നുണ്ടെന്ന് പറയാനാകില്ല. ചില സ്ഥപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തില്‍പ്പോലും ലിംഗവിവേചനം വ്യാപകമാണ്. സ്ഥാനക്കയറ്റങ്ങള്‍, സ്ഥലം മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും തുല്യത ഒരു പരിഗണനാ വിഷയമാവുക പതിവില്ല. 

ഇത്തരമൊരു പശ്ചാത്തലം നിലവിലിരിക്കെ, ഇന്ത്യ 2025ലെ ആഗോള ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡെക്സില്‍ 31-ാം സ്ഥാനത്ത് എത്തിയതായി കാണുന്നു. ലോക സാമ്പത്തിക ഫോറ (ഡബ്ല്യുഇഎഫ്)ത്തിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഈയവസ്ഥ, ഇന്നത്തെ ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ തുടരാനാണ് സാധ്യത. ഒരുപക്ഷെ സ്ഥിതി വഷളാകാനും സാധ്യതയുണ്ട്. രാഷ്ട്രീയം, ബിസിനസ്, നേതൃത്വം തുടങ്ങിയ കാതലായ മേഖലകളിലെല്ലാം വനിതകള്‍ അവഗണന നേരിടുന്നു. അവര്‍ സംഭാവന ചെയ്യുന്ന അധ്വാനം അപ്പാടെ അവഗണിക്കപ്പെടുകയാണ്. അവരര്‍ഹിക്കുന്ന മാന്യമായ പരിഗണനയോ അര്‍ഹമായ സ്ഥാനമോ പൊതു സമൂഹത്തില്‍ ലഭിക്കുന്നുമില്ല. തൊഴിലിടങ്ങളിലെ ഭൗതികവും പാരിസ്ഥിതികവുമായ സൗകര്യങ്ങളും അന്തരീക്ഷവും കുളിമുറികള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം, വിശ്രമം തുടങ്ങിയ അടിസ്ഥാന ജീവിത സൗകര്യങ്ങളും വനിതകള്‍ക്ക് നിഷേധിക്കപ്പെടുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ല. ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് ആഗോള സുരക്ഷാ സൗകര്യങ്ങള്‍ നിര്‍ബന്ധിതമായും ലഭ്യമാക്കണം. സാനിറ്ററി സംവിധാനങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ തൊഴിലിടങ്ങളില്‍ ലഭ്യമാക്കപ്പെടുന്നുള്ളു. പ്രസവാനന്തരം കുഞ്ഞുങ്ങള്‍ക്ക് മുലമൂട്ടുന്നതിന് തൊഴിലിടങ്ങള്‍ക്കു സമീപം തന്നെ സൗകര്യങ്ങള്‍ ഒരുക്കണം. ഈ വ്യവസ്ഥയും കൃത്യമായി പാലിക്കപ്പെടാറില്ല. അതുപോലെ 50 വയസിലേറെ പ്രായമുള്ള സ്ത്രീതൊഴിലാളികള്‍ക്ക് ജോലിസമയം മുഴുവന്‍ നിന്നനില്പില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുകയാണ്. ഈ വിധം പരിമിതമായ സൗകര്യങ്ങളും ഇടവേളകളും നിഷേധിക്കപ്പെടുന്നതിനെതിരായി നാമമാത്രമായ പ്രതിഷേധം ഉയര്‍ത്താന്‍പോലുമുള്ള സ്വാതന്ത്ര്യം വനിതാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്നില്ല. തികച്ചും നഗ്നമായ ചൂഷണമെന്നല്ലാതെ ഈ സ്ഥിതി വിശേഷത്തെ മറ്റെങ്ങനെയാണ് നമുക്ക് വിശേഷിപ്പിക്കാന്‍ കഴിയുക? ദൃശ്യവും അദൃശ്യവുമായ അവകാശലംഘനങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടിവരികയാണ് വനിതാ തൊഴിലാളികള്‍.

ഭാരതമെന്ന ‘സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ്’ ഭരണ വ്യവസ്ഥയില്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അത്യാകര്‍ഷകമായും അതിവിപുലമായും ആഘോഷിച്ച മോഡി ഭരണകൂടം ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയണം. ഇന്ത്യന്‍ വനിതകള്‍ ഗാര്‍ഹിക തടവറയില്‍ നിന്നും ഒരു പരിധിവരെയെങ്കിലും മോചനം നേടിക്കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയില്‍ വേരോടിയിരിക്കുന്ന ചങ്ങാത്ത മുതലാളിത്തവ്യവസ്ഥ ഒരുക്കിയിരിക്കുന്ന കെണിയില്‍ നിന്നും പുറത്തുകടക്കാന്‍ അവള്‍ പെടാപ്പാടുപെടുകയാണ്. നമ്മുടെ ഭരണകര്‍ത്താക്കള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിന്റെ ഭാഗമായി ഭരണരംഗത്തുള്ള വീഴ്ചകളെല്ലാം സിസ്റ്റമിക്ക് പരാജയമാണെന്ന് മുദ്രകുത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഭരണകര്‍ത്താക്കള്‍ തലയൂരല്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍കയ്യെടുത്ത് നടത്തിവരുന്ന വോട്ടേഴ്സ്‌ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ഊര്‍ജിത പുതുക്കല്‍ (എസ്ഐആര്‍) പദ്ധതിയിലൂടെ കണ്ടെത്തിയിരിക്കുന്നത് വനിതാ വോട്ടര്‍മാരാണ് വലിയതോതില്‍ പുരുഷ വോട്ടര്‍മാരെക്കാളേറെ ലിസ്റ്റില്‍ ഇടം കണ്ടെത്തിയിരിക്കുന്നതെന്നാണ്. ഇവരെല്ലാം സ്ഥിരമായി ഷിഫ്റ്റ് ചെയ്യപ്പെട്ടവരെന്ന വിഭാഗമായിട്ടാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതും. ബിഹാറില്‍ സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ പുറത്തുവിട്ട പട്ടികയില്‍ 65ലക്ഷം പേര്‍ പുറത്തായിരുന്നു. ഈ അവസരത്തില്‍ പ്രസക്തമായി കാണേണ്ട കാര്യം ഇന്ത്യന്‍ ജനസംഖ്യയുടെ നിര്‍ണായക ഘടകമായ വനിതകളെ തൊഴിലിടങ്ങളില്‍ മാത്രമല്ല, മൗലികാവകാശ സംരക്ഷണത്തില്‍ പ്രധാന്യമേറെയുള്ള വോട്ടവകാശ ലഭ്യതയിലും കരുതിക്കൂട്ടി പിന്തള്ളുകയാണ് എന്നതാണ്. തൊഴിലും ജീവിത സൗകര്യങ്ങളും തേടി ജന്മനാട്ടില്‍ നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന വനിതകള്‍ക്ക് ഒരിടത്തും വോട്ടവകാശമില്ലാത്തൊരു സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. ചുരുക്കത്തില്‍ അധികൃതര്‍ അവരുടെ രക്ഷയ്ക്ക് വരുന്നില്ലെന്നുമാത്രമല്ല, സ്വയരക്ഷയ്ക്കായി ഭരണഘടനാ സംവിധാനങ്ങളെ ആശ്രയിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കപ്പെടുകയാണ്. ‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന സ്ഥിതിവിശേഷത്തിലേക്കാണ് മോഡി ഭരണത്തിനുകീഴില്‍ സ്വതന്ത്രഭാരതം എത്തിപ്പെട്ടിരിക്കുന്നതെന്ന് പറയേണ്ടിവരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.