28 December 2024, Saturday
KSFE Galaxy Chits Banner 2

2030 ലെ തൊഴിലും തൊഴിൽ സംസ്കാരവും

അനീഷ് സക്കറിയ
May 5, 2023 4:15 am

2030 ആകുമ്പോൾ ലോകത്ത് തൊഴിലും, തൊഴിലിടങ്ങളും കാതലായ പരിവർത്തനത്തിന് വിധേയമാകാൻ പോകുന്നു. ഭാവി തൊഴിൽ സംസ്കാരം ഇന്ന് നമ്മൾ കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. പ്രധാനമായും നാല് പരിവർത്തനങ്ങളാണ് തൊഴിൽ സാധ്യതകളെയും സാഹചര്യങ്ങളെയും മാറ്റി മറിക്കുക: ഗിഗ് ഇക്കണോമി, റിമോട്ട് വർക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പരിസ്ഥിതി സുസ്ഥിരത. നിലവിലെ തൊഴിൽ വിപണിയിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയാണ്. ഫ്രീലാൻസ് മാർക്കറ്റ് പ്ലേസുകളുടെ വ്യാപനത്തോടെ, കൂടുതൽ കൂടുതൽ പേര്‍ ഫ്രീലാൻസ് ജോലികൾ വരുമാന സാധ്യതയായി പരിഗണിക്കുന്നു. 2030 ആകുമ്പോഴേക്കും 50 ശതമാനം തൊഴിലാളികളും ഫ്രീലാൻസർമാരാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ മാറ്റത്തിന്റെ സാധ്യതകൾ മനസിലാക്കി വ്യാവസായിക സ്ഥാപനങ്ങൾ അവരുടെ നിയമന രീതികളെക്കുറിച്ചും തൊഴിൽ ശക്തിയുടെ സ്വഭാവത്തെക്കുറിച്ചും പുനർവിചിന്തനം ചെയ്യുകയും ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ മാർഗങ്ങളും നയങ്ങളും അവലംബിക്കുകയുമാണ്.
മാറുന്ന സാഹചര്യത്തിൽ വിപണി സാഹചര്യങ്ങൾ മനസിലാക്കി തന്റെ കഴിവും സമയവും ഉപയോഗിച്ച് ഒന്നോ അതിലധികമോ സേവനമോ പ്രവൃത്തിയോ ചെയ്യാൻ തൊഴിലാളികള്‍ കരാറുകളിൽ ഏർപ്പെടുന്നു. ഗിഗ് തൊഴിലിടങ്ങളിൽ ഒരു തൊഴിലാളി ഒന്നിലധികം തൊഴിൽ ചെയ്യാൻ പ്രേരിപ്പിക്കപ്പെടുമെങ്കിലും വരുമാനത്തിനപ്പുറത്ത് തൊഴിൽ ദാതാവുമായി യാതൊരു ബന്ധവും രൂപപ്പെടില്ല. ക്രമേണ തൊഴിലാളി എന്ന നാമം തന്നെ ഇല്ലാതാകും. 90 ശതമാനം തൊഴിലുകളും കരാർ അടിസ്ഥാനത്തിലേക്ക് മാറ്റപ്പെടും. തൊഴിൽദാതാവും തൊഴിലാളിയും തമ്മിലുള്ള ബന്ധം ഒരു അപേക്ഷ മുഖാന്തരം രൂപപ്പെടുകയും കരാർ വ്യവസ്ഥകൾക്ക് ശേഷം ഇല്ലാതാകുന്നതുമായ പ്രക്രിയ സജീവമാവും. ഗിഗ് പ്ലാറ്റ്ഫോമുകൾ അടിസ്ഥാനപരമായി അസംഘടിത മേഖലയിലെ തൊഴിലിനെയും തൊഴിൽ ദാതാവിനെയും തൊഴിലാളിയെയും നിയന്ത്രിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 


ഇതുകൂടി വായിക്കു; തൊഴിലാളി സൗഹൃദ കേരളം


സാങ്കേതികവിദ്യയുടെ വളർച്ച, വാർത്താവിനിമയ ശൃംഖലയുടെ വേഗതയും റിമോട്ട് വർക്ക് എന്നതിന്റെ സാധ്യതയും വര്‍ധിപ്പിച്ചു. കോവിഡ് മഹാമാരി ഈ പ്രവണതയെ കൂടുതൽ ത്വരിതപ്പെടുത്തുകയാണ് ചെയ്തത്. 2030 ഓടെ, 30 ശതമാനം തൊഴിലും റിമോട്ട് വർക്കിന്റെ ഭാഗമാകും എന്ന് വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ പഠനത്തിൽ പറയുന്നു. ഇക്കാലയളവില്‍ ഓട്ടോമേഷൻ മൂലം 800 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നും കണക്കാക്കപ്പെടുന്നു. ഈ മാറ്റം തൊഴിലിടങ്ങളുടെ സ്വഭാവത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കമ്പനികളുടെ ഫിക്സഡ് ഓവർ ഹെഡുകൾ വെട്ടിച്ചുരുക്കാൻ റിമോട്ട് വര്‍ക്ക് കാരണമാകും. ഒരു ലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന ഒരു കമ്പനിക്ക് 10,000 ചതുരശ്രയടി ഓഫിസ് കെട്ടിടം മാത്രം മതിയാവും. തൊഴിലാളിയും തൊഴിൽ ദാതാവും തമ്മിലുള്ള സഹകരണവും ആശയവിനിമയ ഉപകരണങ്ങളും കൂടുതൽ നിർണായകമാകും. കൂടാതെ മാനേജർമാർ അവരുടെ റിമോട്ട് ടീമുകളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ഇത് തൊഴിലാളികളുടെ സ്വകാര്യ ജീവിതവും തൊഴിൽ ജീവിതവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കും. തൊഴിൽ സമ്മർദം കുടുംബജീവിതത്തെ ബാധിക്കും. ഇത് തൊഴിലാളികൾക്കും തൊഴിലിടങ്ങൾക്കും മാത്രമല്ല സാമൂഹിക സമ്പദ് വ്യവസ്ഥയില്‍ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിക്കും.

 


ഇതുകൂടി വായിക്കു;  നിര്‍ണായക രാഷ്ട്രീയസന്ധിയിലെ മേയ്ദിന പ്രതിജ്ഞ | JANAYUGOM EDITORIAL


 

നിലവിൽ തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്ന 40 വയസിനു മുകളിലുള്ളവരുടെ തൊഴിൽ നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ ശക്തിയുമായി വിപണിയും പൊരുത്തപ്പെടേണ്ടതുണ്ട്. ഇക്കണോമിക് അൺസേർട്ടനേറ്റീവ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിസന്ധികളിൽ നിലനിൽക്കാൻ തൊഴിലാളികൾ അവരുടെ നൈപുണ്യവും അറിവും സാങ്കേതികവിദ്യയിൽ ഉണ്ടാവുന്ന മാറ്റങ്ങളിലെ പരിജ്ഞാനം നേടുകയും നവീകരിക്കുകയും ചെയ്യണം. തൊഴിലിടങ്ങളിലുണ്ടാകാവുന്ന മറ്റൊരു പ്രധാന പ്രവണത പരിസ്ഥിതി സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കും. ഹരിത ഊർജ പരിഹാരങ്ങൾ മുതൽ സുസ്ഥിര വിതരണ ശൃംഖലകൾ വരെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തണം. നിലവിൽ ഒന്നരലക്ഷത്തോളം പേരുടെ തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലെ പല പ്രമുഖ ഐടി കമ്പനികളും തൊഴിൽ ശക്തി ഗണ്യമായി കുറച്ചുകൊണ്ടിരിക്കുകയാണ്. ഇത് തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമാകും. എന്നാൽ അത് മറികടക്കാന്‍ സുസ്ഥിര നടപടികൾ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പതിറ്റാണ്ടുകളായി ട്രേഡ് യൂണിയനുകൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വേതനവും ചർച്ചചെയ്യുന്നതിലും സാമൂഹിക നീതിക്കുവേണ്ടി വാദിക്കുന്നതിലും ഉൾപ്പെടെ വളരെ സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു. ഇന്ത്യയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി ട്രേഡ് യൂണിയനുകൾക്ക് തൊഴിലാളികളിലേക്ക് എത്തുക എന്നത് പ്രയാസമേറിയ ഒന്നായി തീർന്നിരിക്കുന്നു. ട്രേഡ് യൂണിയനുകളുടെ പിൻബലത്തോടെ തൊഴിൽ‑ജീവിത സന്തുലിതാവസ്ഥ സംരക്ഷിക്കാനും തൊഴിലാളികളുടെ സ്വകാര്യത സംരക്ഷിക്കാനും ഉള്ള നയങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ തൊഴിലാളികളെ ബഹുമാനത്തോടെയും അന്തസോടെയും പരിഗണിക്കുന്ന നീതിയും സമത്വവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.