5 February 2026, Thursday

ലോക സാമ്പത്തിക ഫോറവും ഇന്ത്യന്‍ നയതന്ത്രവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 6, 2026 4:40 am

2026ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസില്‍ ചേര്‍ന്ന സമ്മേളനം യൂറോപ്യന്‍ യൂണിയന്‍ സമ്പദ്‌വ്യവസ്ഥകളുടെ മേല്‍ യുഎസ് പ്രസിഡന്റിന്റെ ഭ്രാന്തന്‍ നയങ്ങള്‍ നിരവധി ഗുരുതരമായ ആഘാതങ്ങളാണ് ഏല്പിച്ചിരിക്കുന്നതെന്ന് വെളിവാക്കിയിരിക്കുന്നു. വെനസ്വേലക്കെതിരായ ആക്രമണവും ആ രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കി അമേരിക്കയിലെത്തിച്ച ട്രംപിന്റെ നടപടിയും മാത്രമല്ല, ഗ്രീന്‍ലാന്‍ഡിനെ ഏതുനിമിഷവും നിയന്ത്രണത്തിലാക്കുമെന്ന ഭീഷണിയും ദാവോസ് സമ്മേളനവേദിയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റി എന്നതാണ് പ്രത്യേകത. പതിവുപോലെ ഇക്കുറിയും ട്രംപ് ഭരണകൂടം, ഏഷ്യന്‍, ആഫ്രിക്കന്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വിധേയമാക്കുന്നതിന് തീരുവകളെ മുഖ്യ ആയുധമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പറയത്തക്ക പ്രതിരോധങ്ങളൊന്നും ഉയര്‍ത്താതെതന്നെ തീരുവാ നയത്തോട് യോജിച്ചുപോകാനുള്ള നയസമീപനമാണ് സ്വീകരിച്ചുകാണുന്നത്. എന്നാല്‍, സമാനമായൊരു വഴങ്ങല്‍ നയമാണോ, യൂറോപ്യന്‍ രാജ്യങ്ങളും സ്വീകരിക്കുക എന്നത് ഇനിയും വ്യക്തമാകേണ്ടതായിട്ടാണിരിക്കുന്നത്. സെെനികമേഖലയിലും സാമ്പത്തികനയ രൂപീകരണ മേഖലയിലും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും കൂട്ടാളികളായ നോര്‍വേ, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുമായി സമരസപ്പെട്ടുപോകുക എന്ന നയമാണ് പൊതുവായി പിന്തുടര്‍ന്നിട്ടുള്ളതെന്ന് കാണാന്‍ കഴിയും. സെെനികമേഖലയെ സംബന്ധിച്ചിടത്തോളം ഇതാണ് പൊതുസ്ഥിതിയെങ്കില്‍, സാമ്പത്തികമേഖലയില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം ഏതാനും ചില വ്യവസായങ്ങളുടെ കാര്യത്തില്‍ പരിമിതപ്പെട്ടുപോകുന്നതായി കാണാം. ഉദാഹരണത്തിന് ഫ്രാന്‍സുമായി ആഡംബര വസ്തുക്കളുടെയും ഓട്ടോമൊബെെല്‍ വാഹനങ്ങള്‍ക്ക് ജര്‍മ്മനിയുമായും എന്‍ജിനീയറിങ്ങില്‍ സ്വീഡനുമായും ഫാര്‍മസി ഉല്പന്നങ്ങളില്‍ അയര്‍ലാന്‍ഡുമായും വ്യാപാരസഹകരണം വന്‍ നേട്ടങ്ങളാണുണ്ടാക്കുന്നത്. ഈ വിഷയത്തില്‍ എന്തെങ്കിലും തകരാറുണ്ടായാല്‍ അമേരിക്കന്‍ വിപണി പൂര്‍ണമായും നഷ്ടപ്പെടുകയും മറ്റു രാജ്യങ്ങള്‍ക്കെല്ലാം അവരുടെ ലാഭത്തില്‍ പകുതിയിലേറെ ഇടിവ് നേരിടേണ്ടതായും വരും. 

നിലവിലുള്ള ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ നിലനില്പുതന്നെ ഭീഷണിയിലാക്കുമെങ്കില്‍, ചെെനീസ് ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ഈ മേഖലയുടെ തകര്‍ച്ചയുടെ ഗതിവേഗം വര്‍ധിപ്പിക്കും. അതേയവസരത്തില്‍, യൂറോപ്യന്‍ യൂണിയന്‍ ഉല്പാദന മേഖലയ്ക്ക് അമേരിക്കന്‍ വിപണി ആശ്രിതത്വം ഒഴിവാക്കേണ്ടി വന്നാല്‍ത്തന്നെയും അതില്‍ നിന്നുണ്ടാകുന്ന തകര്‍ച്ചയില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ പ്രയാസമുണ്ടാവില്ല. അമേരിക്കന്‍ സേവനങ്ങളുടെ ഇറക്കുമതികള്‍ക്കാവശ്യമുള്ള പണം കണ്ടെത്താനും ധനകാര്യ വിപണികളുടെ സുസ്ഥിരത ഉറപ്പാക്കാനും ആവശ്യമായ തോതില്‍ യുഎസ് ട്രഷറിയില്‍ നിക്ഷേപങ്ങളും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട് എന്നതും ആശ്വാസമാണ്. ലോകസാമ്പത്തിക ഫോറത്തിന്റെ വേദിയില്‍ സംസാരിക്കവേ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഊന്നല്‍ നല്‍കിയത് യുഎസ് ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമാകുന്നതിന് യൂറോപ്പ് പുതുതായൊരു സ്വതന്ത്രമാതൃക സൃഷ്ടിക്കണമെന്നാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ അനുയോജ്യമായ ഒരു സെെനിക വാസ്തുശില്പം സജ്ജമാക്കേണ്ടതുണ്ടെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക പങ്കാളികളുമായി സഹകരണം രൂപപ്പെടുത്തണം. സെെനിക കാര്യങ്ങളിലും ആഭ്യന്തര സാമ്പത്തിക നയരൂപീകരണ മേഖലകളിലും മത്സരക്ഷമത ഉയര്‍ത്താന്‍ സഹായകമായ നിലയില്‍ ഈ സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള വഴികള്‍ തുറന്നിടുകയും വേണം. ഭൗമ രാഷ്ട്രീയ ഭീഷണികള്‍ ഏതവസരത്തിലുമുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങള്‍ ഫലപ്രദമായി നേരിടാന്‍ തക്ക മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി. വിദേശ വ്യാപര മേഖലയിലെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, സ്വതന്ത്ര വ്യാപാരമേഖല (എഫ്‌ടിഎ) എന്ന സംവിധാനത്തിന്റെ രൂപീകരണം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിന്റെ ഭാഗമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായും യൂറോപ്യന്‍ രാജ്യങ്ങള്‍ കരാറുകളിലെത്തിയിട്ടുണ്ടല്ലോ. ഈ ധാരണയുടെ ആഴവും പരപ്പും കാലാനുസൃതമായി വിപുലപ്പെടുത്തുകയും വേണം. ഇന്ത്യയുമായും എഫ്‌ടിഎ അടിസ്ഥാനമാക്കിയുള്ള വ്യാപാര കരാര്‍ നിലവിലുള്ളതാണ്. 

യുഎസ് സമ്മര്‍ദം അതിജീവിക്കുന്നതിന്റെ ഭാഗമായി ഈ ധാരണ പുതിയ മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് കമ്മിഷന്‍ കരുതുന്നത്. ‘നിലവിലുള്ള വളര്‍ച്ചാ കേന്ദ്രങ്ങളുമായി വ്യാപാരബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതോടൊപ്പം വരുന്ന നൂറ്റാണ്ടില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ സാമ്പത്തിക ശക്തികേന്ദ്രങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും ഇപ്പോള്‍തന്നെ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കണം’ എന്നാണ് അവര്‍ പറഞ്ഞത്. പുതിയ നിലവാരം പുലര്‍ത്തുന്ന വ്യാപാര ധാരണകളും പുതിയ വിതരണ ശൃംഖലകളും ഉള്‍ക്കൊള്ളുന്ന തീര്‍ത്തും നവീനമായൊരു വ്യാപാര ശൃംഖലാ സംവിധാനമായി എഫ്‌ടിഎ രൂപാന്തരപ്പെടുമെന്നാണ് യൂറോപ്യന്‍ കമ്മിഷന്‍ പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതോടെ യുഎസ് ആധിപത്യം യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ മേഖലകളിലേക്ക് കടന്നുകയറ്റം നടത്താനുള്ള സാധ്യതകള്‍ക്ക് പ്രതിബന്ധമായി വരാന്‍ സാധ്യതകള്‍ ഏറെയായിരിക്കും. യൂറോപ്യന്‍ യൂണിയന്, ഡൊണാള്‍ഡ് ട്രംപിന്റെ തീരുവാ ഭീഷണിക്കെതിരെ ചെറുത്തുനില്പിന് സര്‍വസജ്ജമാണെന്ന് ദാവോസ് സമ്മേളന വേദിയില്‍ത്തന്നെ സംശയലേശമില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. ട്രംപിന്റെ വാക്ധോരണിക്ക് മുന്നില്‍ കീഴടങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധമല്ലെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം വേദിയില്‍ വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല, സ്വന്തം സുരക്ഷയ്ക്കായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യുകെ, കാനഡ, നോര്‍വേ, ഐസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായി കരാറുകളിലേര്‍പ്പെടാനും സന്നദ്ധമായിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രംപിന്റെ തീരുവാബന്ധിത വ്യാപാര യുദ്ധത്തിനും വെനിസ്വേല – ഗ്രീന്‍ലാന്‍ഡ് മാതൃകാ സൈനിക അധിനിവേശ ഭീഷണികള്‍ക്കും ഒരിക്കല്‍പ്പോലും വശംവദരാകില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഇവര്‍ക്കിടയില്‍ മോഡി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മൗനം പ്രതിഷേധാര്‍ഹമാണ്.

ആനുകാലിക ആഗോള സാഹചര്യങ്ങള്‍, ദാവോസ് സമ്മേളനത്തിന്റെ പശ്ചാത്തലം കൂടി വിലയിരുത്തുമ്പോള്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പാശ്ചാത്യസഖ്യത്തില്‍ തകര്‍ച്ചയുടെയും ഭിന്നിപ്പിന്റെയും ലക്ഷണങ്ങള്‍ തെളിഞ്ഞുവരുന്നതായി കാണാന്‍ കഴിയും. അതേയവസരത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എത്രമാത്രം ഗുണകരമാകുമെന്നതാണ് പ്രശ്നം. പാകിസ്ഥാനുമായി മാത്രമല്ല ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുപോലും സൗഹൃദത്തിന്റെ സമീപനമല്ലല്ലോ സമീപകാലത്ത് ലഭ്യമായിരിക്കുന്നത്. മറ്റ് അയല്‍രാജ്യങ്ങളിലും അനുദിനം ശക്തിപ്രാപിച്ചുവരുന്ന ആഭ്യന്തര അസ്വസ്ഥതകളും ഏറ്റുമുട്ടലുകളും ഇന്ത്യക്ക് സമാധാനപരമായൊരു അന്തരീക്ഷത്തില്‍ വികസന പാതയുമായി മുന്നേറുകയെന്നത് ശ്രമകരമായൊരു അഭ്യാസം തന്നെയാണ്. ആഭ്യന്തര സാമ്പത്തിക ഭരണനിര്‍വഹണം സുഗമമായി നടക്കണമെങ്കില്‍ ആഗോള സ്ഥിതിഗതികളും സ്ഥിരതയാര്‍ന്ന വിധമായിരിക്കണം. യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരുതരത്തിലും പൊരുത്തപ്പെടുത്താന്‍ കഴിയുന്നതല്ലെന്ന് ഇതിനകം തന്നെ ബോധ്യമായിരിക്കയാണല്ലോ. അതുകൊണ്ടുതന്നെ ഇന്ത്യ — യുഎസ് ബന്ധം‍ തല്‍സ്ഥിതി തുടരട്ടെയെന്ന് കരുതാന്‍ മാത്രമേ നിര്‍വഹമുള്ളു എന്നാണ് ന്യൂഡല്‍ഹിയിലെ ചിന്താഗതി. അതേയവസരത്തില്‍ ട്രംപിന്റെ വീണ്‍വാക്കുകള്‍ അവഗണിക്കുന്നത് മാത്രം മതിയാവില്ല. മറിച്ച് യുഎസ് പ്രസിഡന്റുമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സന്നദ്ധമല്ലെന്ന നിലപാട് സ്വീകരിച്ചുകഴിഞ്ഞിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കൂട്ടായ്മയുമായി ഇന്ത്യയുടെ സാമ്പത്തിക നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ പ്രബലമാക്കുക കൂടി വേണ്ടിവരും. ഇന്ത്യ – ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ശക്തമാക്കുന്നതിനുള്ള അവസരത്തില്‍ ഈ ദിശയിലേക്കുള്ള നീക്കമാണ് നടത്തേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.