
മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം സോമനാഥ ക്ഷേത്രത്തിൽ തികച്ചും മതപരമായ ചടങ്ങിൽ സംസാരിച്ചപ്പോൾ മുഴച്ചുനിന്നതത്രയും വിദ്വേഷമായിരുന്നുവെന്ന് അതുമായി ബന്ധപ്പെട്ട വാർത്തകൾ വെളിപ്പെടുത്തുന്നു. സോമനാഥ ക്ഷേത്രം ഇന്ത്യയുടെ മഹത്വത്തിന്റെ പ്രതീകമായി നിലനിന്നിരുന്നതിനാൽ മുസ്ലിം രാജാക്കന്മാർ അതിനെ ആവർത്തിച്ച് ആക്രമിച്ചു. മഹമൂദ് ഗസ്നി അത് പൊളിച്ചുമാറ്റുകയും 17 തവണ കൊള്ളയടിക്കുകയും ചെയ്തു. എങ്കിലും കൂടുതൽ മഹത്വത്തോടെ അത് തിരിച്ചുവന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നരേന്ദ്ര മോഡി വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങൾ നടത്തിയതും മതപരമായ ചടങ്ങിൽ പങ്കെടുത്തതും ഇതാദ്യമായിരുന്നില്ല. ഹിന്ദു മതത്തിനകത്തെ ആരാധനാക്രിയകൾ നടത്തേണ്ട പുരോഹിതർക്കുപകരം താൻതന്നെ അതായി ഭാവിച്ചുനടത്തിയ ചടങ്ങുകളും പലതായിരുന്നു.
ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത്, സുപ്രീം കോടതി ഉത്തരവിന്റെ ഔദാര്യത്തിൽ പണിത രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ 2024 ജനുവരിയിൽ പൗരോഹിത്യ ആരാധനാക്രമങ്ങൾ നടത്തിയത് അദ്ദേഹമായിരുന്നു. ആ വർഷം മേയ് മാസത്തിൽ തെരഞ്ഞെടുപ്പായതിനാൽ പണി പൂർത്തിയാകാത്ത ക്ഷേത്രമാണ് ഉദ്ഘാടനം ചെയ്തത്. അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയായതിന്റെ ഭാഗമായി കഴിഞ്ഞ മാസം കൊടി ഉയർത്തലും മറ്റാർക്കും വിട്ടുനൽകാതെ മോഡി തന്നെ നിർവഹിച്ചതും നാം കണ്ടു. ഹൈന്ദവ ആചാരപ്രകാരം പൂജാവിധികളോടെ പുരോഹിതർ നടത്തേണ്ട ചടങ്ങാണിതെന്നാണ് വിശ്വാസികള്‍തന്നെ പറയുന്നത്. ഇത്തരം ഓരോ ചടങ്ങിലും അല്ലാതെയുള്ള പൊതുയോഗങ്ങളിലും അദ്ദേഹത്തിന്റെ വാക്കുകൾ ഇതര മതസ്ഥർക്ക് വേദനയുണ്ടാക്കുന്നതും വിദ്വേഷം പ്രകടിപ്പിക്കുന്നതുമായി എത്രയോതവണ വിമർശന വിധേയമായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ മുസ്ലിങ്ങൾ ഹൈന്ദവ സ്ത്രീകളുടെ താലിമാല പറിക്കുന്നവരാണെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവന നടത്തിയതും മറക്കാറായിട്ടില്ല. സോമനാഥ ക്ഷേത്രത്തിലെ നരേന്ദ്ര മോഡിയുടെ പ്രസംഗം പുറത്തുവന്ന അതേ ദിവസങ്ങളിലാണ് യുഎസിലെ വാഷിങ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ക്രൈം (സിഎസ്ഒസി) എന്ന സംഘടനയുടെ, ഇന്ത്യ വിദ്വേഷത്തിന്റെ പരീക്ഷണശാല എന്ന റിപ്പോർട്ട് പുറത്തുവന്നത്.
കൃത്യമായ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സംഭ്രമിപ്പിക്കുന്ന കണക്കുകളാണ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുള്ളത്. അസ്വസ്ഥത ഉളവാക്കുന്ന വിധം ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങൾ 2025ൽ പാരമ്യത്തിലെത്തിയെന്നു പറഞ്ഞാണ് 100 പേജുള്ള റിപ്പോർട്ട് ആരംഭിക്കുന്നത്. രാഷ്ട്രീയ യോഗങ്ങൾ, മത ഘോഷയാത്രകൾ, പ്രതിഷേധ മാർച്ചുകൾ എന്നിവയുൾപ്പെടെ 2025ൽ രാജ്യത്തുടനീളം നടന്ന വിദ്വേഷ പ്രസംഗങ്ങളാണ് റിപ്പോർട്ട് രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്തിരിക്കുന്നത്.
2024ൽ ഉണ്ടായ വിദ്വേഷ പ്രസംഗങ്ങളെ അപേക്ഷിച്ച് അഭൂതപൂർവമായ കുതിച്ചുചാട്ടം 2025ലുണ്ടായെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024ൽ 1,165 ആയിരുന്നത് 2025ൽ 1,318 ആയി ഉയർന്നു. പ്രതിദിനം ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങൾ നടന്നുവെന്നർത്ഥം. മുൻവർഷത്തെ അപേക്ഷിച്ച് 13% വർധനവാണിതെങ്കിൽ 2023ലെ 668 പ്രസംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 97% ആണ്. ആകെ 1,289 (98%) മുസ്ലിങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷങ്ങളായിരുന്നു. 2024ലെ 1,147 കേസുകളിൽ നിന്ന് 12% വർധനവാണിത്. ഇതിൽത്തന്നെ 1,156 കേസുകളിൽ കടുത്ത പരാമർശങ്ങളായിരുന്നു. അതേസമയം, 162 കേസുകളിൽ വിദ്വേഷ പ്രസംഗം ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ളതാണ്.
2024ലെ 115 ക്രിസ്ത്യൻ വിദ്വേഷ പ്രസംഗങ്ങളിൽ നിന്ന് ഏകദേശം 41% വർധനവാണിത്, ആശങ്കാജനകമായ ഒരു മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് യുഎസ് ഹോളോകോസ്റ്റ് മ്യൂസിയം പ്രസിദ്ധീകരിച്ച ഒരു വാർഷിക ആഗോള പഠനം രാജ്യങ്ങൾക്കകത്ത് നടക്കുന്ന കൂട്ടക്കൊലകളുടെ സാധ്യത വിലയിരുത്തിയ 168 രാജ്യങ്ങളിൽ ഇന്ത്യയെ നാലാം സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. അതിനെക്കാൾ പ്രധാനമായി, വലിയ തോതിലുള്ള അക്രമങ്ങൾ അപകടകരമായ അളവിൽ ഭാവിയിൽ നേരിട്ടേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തിട്ടുണ്ട്. ഈ വർധന ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ സംഭവിച്ച പ്രധാന മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. തീവ്ര ഹിന്ദുത്വ, വലതുപക്ഷ സംഘടനകളെ ഉപകരണമാക്കി വിദ്വേഷം പ്രചരിപ്പിക്കുകയും അതിലൂടെ സാമുദായിക ധ്രുവീകരണം നടത്തുകയുമാണ്. ബിജെപി ഉന്നത ദേശീയ നേതാക്കൾ പോലും വിദ്വേഷ പ്രസംഗ പ്രചാരണത്തിന്റെ മുൻനിരയിലേക്ക് കടന്നുവെന്ന് 2024ലെ ലാബ് ഇന്ത്യ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 2025ൽ ഈ പ്രവണത ശക്തിപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
നേരത്തെ താഴേതലത്തിലായിരുന്ന വിദ്വേഷ പ്രസംഗങ്ങൾ ഇപ്പോൾ മുകളിൽ നിന്ന് താഴേയ്ക്ക് എന്ന നിലയിലായിരിക്കുകയാണ്. ഡൽഹി, ബിഹാർ സംസ്ഥാന നിയമസഭകളിലേയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ ഈ പ്രവണത ശക്തമായിരുന്നു. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വിശ്വസിക്കാൻ കൊള്ളാത്തവർ, ദേശവിരുദ്ധർ, അപകടകാരികൾ, ജനസംഖ്യ വർധിപ്പിച്ച് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നവർ എന്നിങ്ങനെ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഒരുകാലത്ത് ചില പ്രാന്തപ്രദേശങ്ങളിൽ ഒതുങ്ങിയിരുന്ന ഈ പ്രചാരണങ്ങൾ ഇപ്പോൾ പൊതുചർച്ചയുടെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന്റെയും സ്വത്വത്തെയും സുരക്ഷയെയും കുറിച്ചുള്ള ദേശീയ സംവാദങ്ങളുടെയും കേന്ദ്രമായിരിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
മുസ്ലിങ്ങളെ ലൗ ജിഹാദ്, ഹലാൽ ജിഹാദ്, സ്പിറ്റ് ജിഹാദ് എന്നിങ്ങനെ സംജ്ഞകളുപയോഗിച്ചും ക്രിസ്ത്യാനികൾ കൂട്ട നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചുമാണ് ആക്രമണാത്മക നടപടികൾ നിയമാനുസൃതമാക്കുന്നത്. അടിസ്ഥാനരഹിതമായ സിദ്ധാന്തങ്ങളെയും ഗൂഢാലോചനകളെയും യാഥാർത്ഥ്യങ്ങളാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നു. ബിജെപിക്ക് അധികാരമുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പാസാക്കി ഹിന്ദു ഇതര മതസ്ഥരെ വേട്ടയാടുന്നു. മുൻ വർഷങ്ങളിലെന്നതുപോലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്‌ദൾ തുടങ്ങിയ സംഘടനകളെ മുൻനിർത്തിയാണ് ബിജെപിയും ആർഎസ്എസും ഈ കൃത്യങ്ങൾ നിർവഹിക്കുന്നത്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്‌റംഗ്‌ദൾ, സകാൽ ഹിന്ദു സമാജ്, ഹിന്ദു ജനജാഗ്രതി സമിതി (എച്ച്ജെഎസ്) എന്നിങ്ങനെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും വിദ്വേഷ പ്രസംഗത്തിന്റെ ശില്പികളും സംഘാടകരുമായെന്ന് റിപ്പോർട്ടിലുണ്ട്.
സമൂഹമാധ്യമങ്ങൾ — പ്രത്യേകിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, എക്സ് എന്നിവ ഈ വെറുപ്പ് ആവാസവ്യവസ്ഥയുടെ സുഗമ പ്രവർത്തനം സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2025ൽ രേഖപ്പെടുത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ ഭൂരിഭാഗവും ഓൺലൈനിൽ ഉത്ഭവിച്ചതോ വ്യാപകമായി പ്രചരിച്ചതോ ആയ വീഡിയോകളിലൂടെയായിരുന്നു. അത്തരം പ്രസംഗങ്ങൾ തത്സമയം രാജ്യവ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യം നേരിടുന്ന ഗുരുതരമായ ക്രമസമാധാന തകർച്ച കൂടിയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രവണത വർധിക്കുകയാണ്. വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് ഉൾപ്പെടെ സംവിധാനങ്ങൾ — പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ — നിസംഗതയും പക്ഷപാതപരവുമായ സമീപനങ്ങൾ സ്വീകരിക്കുന്നത് സംഭവങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനമാരോപിച്ച് ആക്രമിക്കുകയും ദളിത് പെൺകുട്ടികളെ ഉൾപ്പെടെ ജയിലിൽ അടയ്ക്കുകയും ചെയ്തപ്പോൾ പൊലീസിന്റെ പക്ഷപാതിത്വം നാം കണ്ടതാണ്. ദളിത് പെൺകുട്ടികളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിന് സന്നദ്ധമായില്ലെന്ന് മാത്രമല്ല കോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.
2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായി പരിഗണിക്കാവുന്ന വിധത്തിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങളോട് ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച സമീപനവും നിഷ്പക്ഷമായിരുന്നില്ല. പരാതി ലഭിച്ചിട്ടും പാർട്ടി നേതാക്കൾക്ക് നോട്ടീസ് നൽകി നടപടി അവസാനിപ്പിക്കുന്ന സമീപനമായിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായത്. ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നും അധികൃതരിൽ നിന്നും ഇത്തരം സമീപനങ്ങളുണ്ടാകുന്നത് ക്രമസമാധാന പാലനത്തിന്റെ തകർച്ച കൂടിയാണ് വെളിപ്പെടുത്തുന്നത്. ഇത്തരമൊരു പരിസരത്താണ് വിദ്വേഷ പ്രസംഗങ്ങൾ വർധിക്കുകയും സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ ശക്തിപ്പെടുകയും ചെയ്യുന്നത്. ന്യൂനപക്ഷങ്ങൾ കൂടുതലായി അരക്ഷിതരാകുകയും ചെയ്യുന്നു. ഈ യാഥാർത്ഥ്യങ്ങളാണ് ആഗോള റിപ്പോർട്ടുകളിലൂടെ തുറന്നുകാട്ടപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.