സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയോ ഭരണഘടന അനുവദിച്ചിട്ടുള്ള സുരക്ഷിതത്വം കാംക്ഷിച്ച് സ്വാതന്ത്ര്യം പ്രയോഗിക്കുകയോ ചെയ്താൽ വികാരപ്പെടുന്നത് മതവ്രണമാണ്. പ്രാചീനതയെ പുണർന്ന് നിൽക്കുന്ന മതങ്ങൾക്ക് അതൊന്നും സഹിക്കാൻ കഴിയുന്ന കാര്യമല്ല. ഭരണകൂടവും കോടതിയുമൊക്കെ പ്രാചീനമതങ്ങളുടെ മുള്ളുമുരിക്കിൻ ചോട്ടിൽ നിഴലുപോലുമില്ലാതെ നിഷ്പ്രഭമായിപ്പോകും. വർത്തമാനകാലം ഈ അപകടാവസ്ഥയ്ക്ക് ഒന്നിലധികം തെളിവുകൾ തരുന്നുണ്ട്. രാഷ്ട്രീയശിശു, മതവൃദ്ധയെ കല്ല്യാണം കഴിച്ചു കഴിയുന്ന ഈ വിചിത്രകാലത്ത് ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മതതീവ്രവാദരാഷ്ട്രീയം ഊട്ടിവളർത്തുന്ന അന്ധവിശ്വാസങ്ങളെ കോടതിവിധിയുടെ കുടയും പിടിച്ച് ഒഴിവാക്കാൻ ശ്രമിച്ച ബിന്ദു അമ്മിണിയാണ് സമീപകാലത്തെ നല്ല ഉദാഹരണം. ബിന്ദു അമ്മിണി ഒരു സാധാരണ വീട്ടമ്മയല്ല. ഇന്ത്യൻ ശിക്ഷാനിയമങ്ങളെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും മികച്ച അവബോധമുള്ള നിയമകലാലയ അധ്യാപികയാണ്. ദൈവവും നിയമപാലകരും നോക്കിനിൽക്കെ ശബരിമലയാത്രയ്ക്കിടയിൽ അവർ ആക്രമിക്കപ്പെട്ടു.
ആക്രമണങ്ങൾ തുടർക്കഥയായതോടെ ആ അധ്യാപിക കേരളം വിടാൻ ആലോചിക്കുകയാണ്, എം എഫ് ഹുസൈനു ഇന്ത്യ വിടേണ്ടിവന്നതുപോലെ. അയ്യപ്പനെ കാണാൻ പോയ ബിന്ദു തങ്കം കല്യാണിയുടെ കുഞ്ഞിനെ ക്ലാസിലിരിക്കാൻ അനുവദിച്ചില്ല. ഭക്തജനങ്ങൾ ആവേശത്തോടെ വിളിക്കാറുള്ള ഭക്തിവാക്യമായ സ്വാമിയേ അയ്യപ്പോ എന്ന പദപ്രയോഗം ഒരു നാലാംകിട മുദ്രാവാക്യമാക്കി മാറ്റിക്കൊണ്ടായിരുന്നു ഉപദ്രവിച്ചത്. കൊല്ലത്തെ ശബരിമലയാത്രക്കാരിയുടെ വീട്ടിലേക്ക് നടത്തിയ അസംബന്ധമാർച്ചിലും ഈ മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു. അന്നവിടെ ഘോരഘോരം പ്രസംഗിച്ച ഒരു നേതാവിനെ ഇന്ന് കേൾക്കാനേയില്ല. അദ്ദേഹത്തിന്റെ വേലിപ്പോൾ മറ്റാരോ ആയുധമാക്കിയിട്ടുണ്ട്. കനകദുർഗ കൊടുംക്രൂരമായി ആക്ഷേപിക്കപ്പെടുകയും കേന്ദ്ര സര്‍ക്കാർ സർവീസിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.
ഇവരുടെയൊക്കെ ജീവിതം വഴിമുട്ടിക്കുവാനുള്ള വിധ്വംസക പ്രവർത്തനങ്ങൾക്ക് സാക്ഷരകേരളം സാക്ഷിയായി. നിയമവ്യവസ്ഥയുടെ സംരക്ഷണമൊന്നും ഇവർക്കാർക്കും ലഭിച്ചില്ലെന്നത് ലജ്ജാകരമായിപ്പോയി. നിഷേധികൾക്ക് ചരിത്രമാണ് കുടയും ഇടവും നൽകുന്നത്. അങ്ങനെ പീഡിതരായി ചരിത്രത്തിൽ തിളങ്ങുന്നവരാണ് പി കെ റോസിയും നങ്ങേലിയും. എത്ര തമസ്ക്കരിച്ചിട്ടും ആ തീനാളങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെട്ടതാണ് മറ്റൊരു ദുഃഖകരമായ സംഭവം. കന്യാസ്ത്രീകൾ ഹൈക്കോടതി പരിസരത്ത് സമരവുമായെത്തണമെങ്കിൽ മുട്ടിയ മറ്റുവാതിലൊന്നും തുറന്നില്ലെന്നാണല്ലോ അർത്ഥം. ലൈംഗികാക്രമണം തെളിവ് സഹിതം ഹാജരാക്കാൻ കഴിഞ്ഞില്ലെന്നതാണ് ഇടയനായി വേഷമിട്ട വേട്ടക്കാരനു തുണയായത്. വന്മതിലുകൾക്കുള്ളിലെ മതസ്ഥാപനങ്ങളിൽ നടക്കുന്ന ബലാൽഭോഗത്തിന്റെ കാര്യത്തിൽ ഇരയുടെ വിലാപമാണ് മുഖവിലയ്ക്കെടുക്കേണ്ടത്. അതുണ്ടായില്ല.
ആട്ടിൻകുട്ടി ദൈവത്തിന് മുന്നിൽ നീതി തേടിച്ചെന്ന കഥ പോലെയാണിത്. ആട്ടിൻകുട്ടിയുടെയും ചെന്നായുടെയും വാദങ്ങൾ കേട്ട ദൈവം, ഈ ആട്ടിൻ കുട്ടിയെ കണ്ടിട്ട് ഫ്രൈ ചെയ്തുകഴിക്കാൻ തനിക്കും തോന്നുന്നതായി പറഞ്ഞെന്നാണ് കഥ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി ഒ എൻ വി ഒരു പൊതുയോഗത്തിൽ പറഞ്ഞതാണ് ഈ നീതി നിർവഹണകഥ. കോടതിവിധിയിൽ നിന്നും ഇരയ്ക്ക് നീതിലഭിച്ചില്ലെന്ന് കേന്ദ്ര സംസ്ഥാന വനിതാകമ്മിഷനുകൾ ഒന്നിച്ചു പറയുന്നു. കേസന്വേഷണത്തിനു മേൽനോട്ടം വഹിച്ച പൊലീസ് സൂപ്രണ്ട്, വിധിയിൽ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നു. മരണാനന്തരശിക്ഷ അപ്രായോഗികമെന്ന് നന്നായറിയാവുന്ന കർത്താവിന്റെ മണവാട്ടിമാർ കണ്ണീരോടെയാണ് പ്രതിയെ വെറുതെ വിട്ടെന്ന വാർത്ത കേട്ടത്. വിധിക്കു പിന്നിൽ പണവും സ്വാധീനവും ആയിരുന്നുവെന്ന് സിസ്റ്റർ അനുപമ വേദനയോടെ പ്രതികരിച്ചു.
സമരത്തെ പിന്തുണച്ചതിനാൽ വെളിച്ചം നിഷേധിച്ചതടക്കം നിരവധി പീഡനങ്ങൾക്കു വിധേയയായ കവയത്രി കൂടിയായ സിസ്റ്റർ ലൂസി കളപ്പുരയും രോഷത്തോടെയാണ് പ്രതികരിച്ചത്. സിസ്റ്റർ അഭയക്ക് മരണാനന്തര നീതി കിട്ടാൻ ഇരുപത്തെട്ടു വര്‍ഷം വേണ്ടിവന്നെന്ന കാര്യവും ലൂസി ഓർമ്മിപ്പിച്ചു. ഇവിടെയും ഇരയെ അവിശ്വസിക്കുക വഴി സ്ത്രീത്വത്തെ അപമാനിക്കുകയാണുണ്ടായത്. ആക്രമിക്കപ്പെട്ട നടിയുടെ പീഡന ചിത്രം ആസ്വദിക്കപ്പെടുന്നതായുള്ള വാർത്തയും വന്നുകഴിഞ്ഞു. ഇനിയും എത്രയോ സംഭവങ്ങൾ. സ്ത്രീത്വം ഇങ്ങനെ നിരന്തരം അവമതിക്കപ്പെടുമ്പോൾ സാക്ഷരകേരളം പാലിക്കുന്ന നിശബ്ദതയാണ് ഏറ്റവും ക്രൂരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.