
ബാങ്ക് ദേശസാൽക്കരണത്തിന്റെ 56-ാം വാർഷികമാണ് ജൂലൈ 19. മുമ്പ് കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് വിപുലമായ ആഘോഷ പരിപാടികൾ നടത്തിയിരുന്നു. നരസിംഹ റാവു സർക്കാരിന്റെ കാലം മുതൽ അതൊക്കെ കുറഞ്ഞ് ക്രമേണ ഇല്ലാതായി. അപ്പോൾ മോഡി സർക്കാരിന്റെ കാര്യം പറയാനില്ലല്ലോ. ഈ വർഷം, ഈ വേളയിൽ തകൃതിയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഒരു പൊതുമേഖലാബാങ്ക് വിൽക്കാനുള്ള നടപടികളാണ് — ഐഡിബിഐ ബാങ്ക്. ഇന്ദിരാഗാന്ധി സർക്കാർ ഇടതു പിന്തുണയോടെ 1969ൽ ദേശസാൽക്കരിച്ച ബാങ്കുകളിൽപ്പെട്ടതല്ല ഇത്. ജവഹർലാൽ നെഹ്രു സർക്കാർ പാർലമെന്റിൽ നിയമം വഴി രൂപീകരിച്ച്, 1964 ജൂലൈ ഒന്നിന് നിലവിൽ വന്നതാണ് വ്യവസായ വികസന ബാങ്ക്. നവ ഉദാരവൽക്കരണ കാലഘട്ടത്തിൽ ഈ സ്ഥാപനത്തിന്റെ ഉപസ്ഥാപനമായി തുടങ്ങിയതാണ് ഐഡിബിഐ ബാങ്ക്. പിന്നീട് മാതൃസ്ഥാപനത്തെ ഉപസ്ഥാപനത്തിൽ ലയിപ്പിച്ചു. ഈ സ്ഥാപനമാണ് ഇപ്പോൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്.
പൊതുമേഖലാ വില്പന രാജ്യത്തിപ്പോൾ സുപരിചിതമായിക്കഴിഞ്ഞു. പക്ഷേ സർക്കാർ ഒരു ബാങ്ക് വില്പനയ്ക്ക് വയ്ക്കുന്നത് ഇതാദ്യമാണ്. ഇതുവരെ നടന്നിട്ടുള്ളത് ഓഹരി വില്പനയാണ്. അതും 49% വരെ ഓഹരി മാത്രം. വിവിധ പൊതുമേഖലാബാങ്കുകളിൽ സർക്കാരിന് ഇപ്പോഴും 58% മുതൽ 98% വരെ ഓഹരികളുണ്ട്. ഇനിയും ഓഹരികൾ വിറ്റ്, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ ഓഹരി 51 ശതമാനത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ എൽഐസിയുടെയും കേന്ദ്ര സർക്കാരിന്റെയും പക്കലാണുള്ളത്. ഈ ഓഹരികളുടെ 60.72% ആണ് സ്ട്രാറ്റജിക് സെയിൽ എന്ന പേരിൽ ഒറ്റയടിക്ക് വിൽക്കാനൊരുങ്ങുന്നത്. ഈ വില്പനയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ബാങ്ക് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു രംഗത്തുള്ളത് പ്രധാനമായും രണ്ട് വിദേശ സ്ഥാപനങ്ങളാണ്. ഒന്ന്, നിലവിൽ സിഎസ്ബി ബാങ്കിന്റെ ഉടമകളായ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയർഫാക്സ് ഗ്രൂപ്പ്. മറ്റൊന്ന്, എമിറേറ്റ്സ് എൻബിഡി. ഇന്ത്യൻ സ്വകാര്യ സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്കും രംഗത്തുണ്ട്. വിദേശ സ്ഥാപനങ്ങൾക്കാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ നേരിട്ട് വിദേശവൽക്കരണത്തിന് വിധേയമാകുന്ന ആദ്യത്തെ പൊതുമേഖലാ സ്ഥാപനമായി ഐഡിബിഐ ബാങ്ക് മാറിയേക്കും. ഈ വിഷയം മുൻനിർത്തി ബാങ്കിങ് മേഖലയിലെ സംഘടനകൾ പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്. കൂടുതൽ വിപുലമായ പ്രതിരോധം ഈ വിഷയത്തിൽ ഉയർന്നുവരേണ്ടിയിരിക്കുന്നു.
ബാങ്ക് ദേശസാൽക്കരണ വാർഷികത്തിൽ സജീവമായ മറ്റൊരു വിഷയം പൊതുമേഖലാ ബാങ്കുകളിലെ നിയമനങ്ങളുടെ അപര്യാപ്തതയാണ്. രണ്ട് ലക്ഷത്തോളം ഒഴിവുകളാണ് ബാങ്കിങ് മേഖലയിലുള്ളത്. തുടർച്ചയായ പ്രക്ഷോഭങ്ങളെ തുടർന്ന് ഈ വർഷം 50,000 ഒഴിവുകൾ നികത്തുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് എത്രമാത്രം പ്രവർത്തികമാകും എന്ന് വ്യക്തമല്ല. കേന്ദ്ര സർക്കാർ വകുപ്പുകളിൽ 10 ലക്ഷം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. പട്ടാളത്തിൽപ്പോലും സ്ഥിരം നിയമനമില്ല. ഇതെല്ലാം ഈ രാജ്യത്തെ അഭ്യസ്തവിദ്യരോടുള്ള ക്രൂരത എന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ഇന്ദിരാഗാന്ധി ഭരിക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ പരമാവധി ചെറുപ്പക്കാർക്ക് തൊഴിൽ, അതും സുനിർവചിത ശമ്പള ഘടനയും സ്ഥിരതയും ഉള്ള തൊഴിൽ നൽകുക എന്നത് ഒരു നയമായി സ്വീകരിച്ചിരുന്നു. ആ കാലഘട്ടത്തിലെ കോർപറേറ്റ് സ്ഥാപനങ്ങളും ഇതേ മാതൃക പിന്തുടരാൻ നിർബന്ധിതരാവുകയും നിർവചിത ശമ്പള ഘടനയും മറ്റ് ആനുകൂല്യങ്ങളും ജോലിസുരക്ഷയും സംഘടനാ സ്വാതന്ത്ര്യവും കൂട്ടായ വിലപേശലും ഉള്ള തൊഴിൽമേഖല ഇന്ത്യയിൽ വ്യാപകമാവുകയും ചെയ്തു. നവ ഉദാരവൽക്കരണ കാലഘട്ടത്തിൽ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യൻ മധ്യവർഗവും അവരുടെ ഉയർന്ന വാങ്ങൽ ശേഷിയും ഉണ്ടായതും ഇന്ത്യ ശക്തമായ ഒരു ആഗോള വിപണിയായി ഉയർന്നതും ഈ നയത്തിന്റെ ഭാഗമായാണ്.
ഇന്ന് കാലചക്രം തിരിഞ്ഞുകറങ്ങുകയാണ്. സ്ഥിരം തൊഴിൽ ഇല്ലാതാക്കി, കരാർ തൊഴിൽ വ്യാപകമാക്കി, വേതനനിലവാരം ഇടിച്ചു താഴ്ത്താൻ നേതൃത്വം നൽകുന്നത് കേന്ദ്ര സർക്കാർ തന്നെയാണ്. സ്വാഭാവികമായും സ്വകാര്യ തൊഴിൽമേഖലകളിൽ തികഞ്ഞ അരാജകത്വവും തൊഴിലുടമകളുടെ മാടമ്പിത്തരവും കൊടികുത്തി വാഴുന്നു. ഈ വിഷയം, ട്രേഡ് യൂണിയനുകൾക്ക് മാത്രം വിട്ടുകൊടുക്കാതെ ഏറ്റെടുക്കേണ്ടത് ഈ രാജ്യത്തെ യുവജന സംഘടനകളും ദളിത് — പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളുമാണ്. ദളിത് — പിന്നാക്ക ജനതയ്ക്ക് സർക്കാരിൽ തൊഴിലും പ്രാതിനിധ്യവും ലഭിക്കാൻ ആണല്ലോ സംവരണം. സ്ഥിരം തൊഴിലും നിയമനങ്ങളും ഇല്ലെങ്കിൽ പിന്നെന്തു സംവരണം, എന്തു പ്രാതിനിധ്യം? മറ്റൊന്ന്, ദീർഘകാലമായി ഉന്നയിക്കപ്പെടുന്ന ഒരു വിഷയമാണ്; വൻകിട സ്ഥാപനങ്ങളുടെ കിട്ടാക്കടങ്ങൾ. ഔദ്യോഗികമായി നാല് ലക്ഷം കോടിയുടെ വൻകിട കിട്ടാക്കടങ്ങളാണ് ബാലൻസ് ഷീറ്റുകൾ വെളിപ്പെടുത്തുന്നത്. ദീർഘകാലമായി എഴുതിത്തള്ളിയ തുകകൾ ഇതിന്റെ പതിന്മടങ്ങാണ്. കോർപറേറ്റ് കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാൻ സഹായിക്കും എന്നുപറഞ്ഞ് കൊണ്ടുവന്ന ഒരു നിയമവും ഫലപ്രദമായിട്ടില്ല. മോഡി സർക്കാർ ഏറ്റവുമൊടുവിൽ കൊണ്ടുവന്ന ഐബിസി അഥവാ ഇൻസോൾവെൻസി ആന്റ് ബാങ്ക്റപ്റ്റ്സി കോഡ് ആണ് ഏറ്റവും വലിയ പരാജയമായത്. ദേശീയ കമ്പനി ലാേ ട്രിബ്യൂണൽ വഴി കിട്ടാക്കടം വരുത്തുന്ന കമ്പനികളെ പാപ്പരായി പ്രഖ്യാപിച്ച് മറ്റു കമ്പനികളെ കൊണ്ട് ഏറ്റെടുപ്പിക്കുന്ന പദ്ധതിയാണിത്. എന്നാൽ ബാങ്കുകൾക്ക് കിട്ടുന്നതിലേറെ തുക ഹെയർകട്ട് എന്ന പേരിൽ എഴുതിത്തള്ളേണ്ട അവസ്ഥയാണ് ഇന്നുള്ളത്. 95% വരെ എഴുതി തള്ളേണ്ടിവന്ന ഒത്തുതീർപ്പുകളുണ്ടായി.
ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ താൽക്കാലികമായി വെള്ള പൂശാൻ മാത്രമാണ് ഈ നിയമം ഉപകരിച്ചത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഐബിസി നിയമം വഴി ഏറ്റവും ആദ്യം ഒത്തുതീർപ്പാക്കിയ കേസുകളിൽ ഒന്നായ ഭൂഷൺ പവർ ആന്റ് സ്റ്റീൽ ലിമിറ്റഡിന്റെ തീർപ്പുതന്നെ സുപ്രീം കോടതി അസാധുവാക്കി. വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയുള്ള ശക്തമായ നിയമ നിർമ്മാണമാണ് ഇക്കാര്യത്തിൽ ആവശ്യമായിട്ടുള്ളത്. ഇന്ത്യൻ ബാങ്കിങ് മേഖലയിൽ ഇന്നുള്ളത് ഏതാണ്ട് 251 ലക്ഷം കോടിയുടെ നിക്ഷേപങ്ങളാണ്. ജിഡിപിയുടെ മൂന്നിൽ രണ്ട് ഭാഗത്തിലേറെ വലിപ്പമുണ്ടിതിന്. ഈ നിക്ഷേപം സ്വന്തം വരുതിയിലാക്കാൻ മൂലധനശക്തികൾ സ്വാഭാവികമായും തിരക്കുകൂട്ടുന്നു. ഇതിന് ഒത്താശ ചെയ്യുന്നതാണ് സ്വന്തം കർത്തവ്യം എന്നു കരുതുന്ന ഭരണകൂടം കേന്ദ്രം ഭരിക്കുന്നു. 1991 മുതൽ ഈ ജൂലൈ ഒമ്പത് വരെ നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ 53 പണിമുടക്കുകളാണ് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നടത്തിയിട്ടുള്ളത്. ബാങ്കിങ് മേഖലയിലെ മറ്റു സംഘടനകളും പല ഘട്ടങ്ങളിലും ഒപ്പം ചേർന്നിട്ടുണ്ട്. ഇടതു പുരോഗമന ശക്തികൾ ഈ പ്രക്ഷോഭങ്ങൾക്ക് പൂർണ പിന്തുണ നല്‍കിപ്പോന്നിട്ടുണ്ട്. സിപിഐ ഉൾപ്പെട്ട ഇടതുപാർട്ടികൾ പാർലമെന്റിനകത്തും പുറത്തും സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരായി പോരാടിവരുന്നു. അതുകൊണ്ടാണ്, മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ തുടരെത്തുടരെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും ഇന്നും 65% ബാങ്കിങ് ബിസിനസും പൊതുമേഖലയിലും സഹകരണ മേഖലയിലും നിലനിൽക്കുന്നത്. ബാങ്ക് ദേശസാൽക്കരണത്തിന്റെ 56-ാം വാർഷിക വേളയിലും ഈ ചെറുത്തുനില്പ് വിട്ടുവീഴ്ചയില്ലാതെ തുടരുക എന്നതു മാത്രമാണ് മുന്നോട്ടുള്ള വഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.