ചെയ്തത് കുന്നിമണിയോളം, പ്രചരണം കുന്നോളം. ഈ രീതിയിലായിട്ടുണ്ട് ഇന്നത്തെ മനുഷ്യന്റെ പൊതുജീവിതശൈലി. അതിൽ നിന്നും വ്യത്യസ്തമായി ജീവിച്ചു കടന്നുപോയ അപൂർവം പേരെങ്കിലുമുണ്ട്. അവർ പ്രശസ്തി ആഗ്രഹിച്ചില്ല. സ്വയം ഊതിപ്പെരുപ്പിക്കുന്ന ഫേസ്ബുക്ക് രീതി അവർക്ക് അപരിചിതമായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ വരുംതലമുറയ്ക്ക് ജ്ഞാനത്തിന്റെ രജതപാഠങ്ങൾ നൽകി. പുരസ്കാരങ്ങൾക്ക് അപ്പുറമായിരുന്നു അവരുടെ മേച്ചിൽസ്ഥലം. അങ്ങനെ ജീവിച്ചു കടന്നുപോയവരിൽ ഒരാളാണ് ഡോ. നന്ദിയോട് രാമചന്ദ്രൻ. വിവിധ ശ്രീനാരായണ കോളജുകളിൽ ഹിന്ദി അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഭാഷ, അറിവിന്റെ ചക്രവാളം വികസിപ്പിക്കാൻ ഉപയോഗിച്ചു. പഞ്ചാബിൽ പോയി ഭഗത് സിങ്ങിന്റെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമാന്തര ക്ഷീരപഥത്തിലെ നക്ഷത്രങ്ങളെ ഡോ. നന്ദിയോട് രാമചന്ദ്രൻ നിരീക്ഷിച്ചു പഠിക്കുകയും മലയാളികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് അജിത് സിങ്ങിന്റെ ആത്മകഥ മലയാളികൾക്ക് കിട്ടിയത്. മന്മഥനാഥ ഗുപ്തയുടെ ഗാന്ധിയും കാലവും എന്ന കൃതിയും അങ്ങനെ കിട്ടിയതാണ്.
37 വർഷം മാത്രം ജീവിച്ചിരുന്ന പഞ്ചാബി കവിയാണ് പാഷ് എന്ന അവതാർ സിങ് സന്ധു. പഞ്ചാബിലെ സിഖ് മതതീവ്രവാദികൾക്കെതിരെയുള്ള ബോധവൽക്കരണ ശ്രമങ്ങളിൽ സത്യപാൽ ഡാങ്ങിന്റെ പാത സ്വീകരിച്ച പാഷ്, തിരിച്ചറിവുകളുടെ വിത്തുകൾ വിതച്ച പഞ്ചാബി കവിയായിരുന്നു. ചകിതരായ ജനങ്ങളുടെ വാതിലിനപ്പുറത്ത് പിന്നെയും കേൾക്കുന്ന കുറ്റവാളിയുടെ ചുമയാണ് ഏറ്റവും ആപൽക്കരമെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞ പാഷിനെ സിഖ് മതഭീകരവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ആപൽക്കരമായത് എന്ന കവിത ഉയർത്തിക്കാട്ടിക്കൊണ്ട്, മതതീവ്രവാദത്തിനെതിരെയുള്ള സാംസ്കാരിക നിലപാടുകളെ ഡോ. രാമചന്ദ്രൻ കേരള യുവതയോട് വിശദീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്നത് ഒരു വടക്കൻ വീരഗാഥയാണെന്ന് കരുതുന്നവരുടെ മുന്നിലേക്ക് വക്കം ഖാദറിനെയും ചെമ്പകരാമൻ പിള്ളയെയും നീക്കിനിര്‍ത്തി പ്രതിരോധിച്ചു. ട്രിവാൻഡ്രം ഹോട്ടലിലും മറ്റും യുവാക്കളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി തിരുവനന്തപുരത്തുകാരനായ ചെമ്പകരാമൻ പിള്ളയുടെ സാഹസിക ജീവിതവും അവിശ്വസനീയമായ മരണവും വിശദീകരിച്ചു. ജർമ്മൻ മുങ്ങിക്കപ്പലായ ‘എംഡനെ’ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി. വളരെ വലുതെന്ന് അർത്ഥത്തിൽ ഉപയോഗിക്കുന്ന ‘എമണ്ടൻ’ എന്ന വാക്കിന്റെ ഉത്ഭവചരിത്രം കൂടി അങ്ങനെ പുതുതലമുറയ്ക്ക് ബോധ്യമായി.
അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രവർത്തനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ കേരളീയർക്ക് പരിചയപ്പെടുത്തിയതാണ്. നേതാജി ജന്മവാര്‍ഷിക ആചരണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ച ഡോ. നന്ദിയോട് രാമചന്ദ്രൻ, ഇന്ത്യൻ ഭരണകൂടം എപ്പോഴൊക്കെയോ മറച്ചുപിടിക്കാൻ ശ്രമിച്ച ആ പ്രതിഭയെ കൂടുതൽ വെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തി. പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിനെ പരിചയപ്പെടുത്തിയതും ഡോ. രാമചന്ദ്രനാണ്. കവിയും വിപ്ലവകാരിയുമായിരുന്ന ബിസ്മിലിനെ നിരവധി ഗൂഢാലോചനകളിൽ പെടുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിക്കൊന്ന ചരിത്രം അതീവ ശാന്തമായും എന്നാൽ ചടുലമായ ചോരയോട്ടത്തോടെയും അദ്ദേഹം വിശദീകരിക്കുമായിരുന്നു. സൗമ്യതയ്ക്കുള്ളിൽ ഇരമ്പുന്ന ദേശാഭിമാനബോധം ഡോ. നന്ദിയോട് രാമചന്ദ്രന്റെ സവിശേഷതയായിരുന്നു. ആയിരക്കണക്കിന് ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. അവരോടെല്ലാം ഒരു ചെറുചിരിയോടെ പെരുമാറി. പുറമെ ശാന്തവും ഉള്ളിൽ ദേശാഭിമാന പ്രചോദിതമായ ക്ഷോഭങ്ങളും സൂക്ഷിച്ചു. വടക്കേയിന്ത്യൻ വിപ്ലവകാരികളുടെ അറിയപ്പെടാത്ത ജീവിതരംഗങ്ങൾ തേടിയുള്ള സഫലയാത്രകളാണ് അദ്ദേഹം നടത്തിയത്. അഗസ്ത്യപർവതത്തിന്റെ താഴ്‌വരയിലുള്ള നന്ദിയോട്, സ്വാതന്ത്ര്യ സമരസേനാനികളുടെയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും ഈറ്റില്ലമാണ്. അവിടെ ജനിച്ച ഡോ. രാമചന്ദ്രൻ പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തത് തിരുവനന്തപുരം നഗരമായിരുന്നു. നഗരത്തിലെ രാഷ്ട്രീയ സാംസ്കാരിക മഹാപ്രകടനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ്, തീർത്തും നിശബ്ദമായി വിസ്ഫോടനങ്ങൾ സൃഷ്ടിച്ച പ്രതിഭയായിരുന്നു ഡോ. നന്ദിയോട് രാമചന്ദ്രൻ. മൗനത്തിൽ പൊതിഞ്ഞ മഹാശബ്ദം. പുറമേ ശാന്തവും അകമേ അശാന്തവുമായ സാമൂഹ്യബോധ സമുദ്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.