15 November 2024, Friday
KSFE Galaxy Chits Banner 2

ഇന്‍ക്വിലാബ് ഒരു പ്രത്യാശയാണ്, സ്വപ്നമാണ്…

ദേവിക
വാതിൽപ്പഴുതിലൂടെ
June 24, 2024 4:20 am

കഴിഞ്ഞ ദിവസം ഒരു നേതാവ് പറഞ്ഞു, ‘കമ്മ്യൂണിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെല്ലാം നേടണമെന്ന് കരുതരുത്. ചിലതു നടക്കും, ചിലതു നടക്കാതെ പോകും. നാം എത്രയോ കാലമായി ഇന്‍ക്വിലാബ് വിളിക്കുന്നു. എന്നിട്ട് വിപ്ലവം വന്നോ?’ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവാണ് ഇതുപറഞ്ഞത്. ഏത് സന്ദര്‍ഭത്തിലായാലും ആ വാക്കുകളില്‍ തെല്ല് നിരാശാഭാവമില്ലേ എന്ന് സംശയം തോന്നാം. എന്നാല്‍ കമ്മ്യൂണിസത്തിന്റെ നിഘണ്ടുവില്‍ നിരാശ എന്ന പദമേയില്ല. ഡോണ്‍ ക്വിക്സോട്ടിനെപ്പോലെ കാറ്റാടി യന്ത്രത്തോട് വൃഥായുദ്ധം ചെയ്യുന്നവനല്ല കമ്മ്യൂണിസ്റ്റ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചാട്ടം പിഴച്ചിട്ടും നിരാശനാകാതെ അവസാന കുതിപ്പില്‍ ലക്ഷ്യത്തിലെത്തി തന്റെ വലക്കൂട് പൂര്‍ത്തിയാക്കിയ ചിലന്തിയെ റോള്‍ മോഡലാക്കിയ റോബര്‍ട്ട് ബ്രൗസിനെപ്പോലെയാകണം കമ്മ്യൂണിസ്റ്റ്. ആവര്‍ത്തിച്ചുള്ള തോല്‍വികളില്‍ നിന്നും തിരിച്ചടികളില്‍ നിന്നും പുതിയ ഊര്‍ജം ഉള്‍ക്കൊണ്ട് വിജയക്കുതിപ്പ് നടത്തുന്നവനാകണം കമ്മ്യൂണിസ്റ്റ്. അരുണാഭമായ ഒരു പ്രഭാതത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികളുടെ ചുണ്ടില്‍ നിന്നുയര്‍ന്ന അനുവചനമായിരുന്നു ഇന്‍ക്വിലാബ്. അവരുടെ ബലിത്തറകളില്‍ നിന്ന് വയലാറിന്റെ ഭാഷയില്‍ ‘ഉണരും യുഗമേ, ചുവന്ന രഥമേ വരി‘ക എന്ന നാദമാണുയരുന്നതെന്നും നാം ആദരവോടെ ഓര്‍ക്കുക.
എന്നാല്‍ ആ അരുണോദയത്തിന് ചില പൂര്‍വോപാധികളുണ്ടെന്നാണ് സഖാവ് എം എന്‍ ഗോവിന്ദന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞത്. സമൂഹത്തെ നയിക്കേണ്ടത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ്. ഒരു നേതാവോ, ഒരുപറ്റം നേതാക്കളോ അല്ല. പ്രത്യയശാസ്ത്രത്തിന്റെ സ്ഥാനം നേതൃത്വം ഏറ്റെടുക്കുന്ന അപച്യുതിയാണ്. സോവിയറ്റ് യൂണിയനിലടക്കം കമ്മ്യൂണിസത്തില്‍ വെള്ളം ചേര്‍ക്കാന്‍ നേതൃത്വം ശ്രമിച്ചപ്പോഴാണ് പ്രതിലോമശക്തികള്‍ അധികാരം പിടിച്ചത്. നേതൃത്വം പ്രത്യയശാസ്ത്രമാകുമ്പോഴാണ് ഇപ്രകാരം തിരിച്ചടികളുണ്ടാവുന്നതെന്ന് എംഎന്‍ നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു. തിരിച്ചടികളും പ്രതിസന്ധികളും പ്രത്യയശാസ്ത്രത്തിന്റെ പ്രയാണപഥങ്ങളില്‍ സ്വാഭാവികമാണ്. പ്രതിസന്ധികളുണ്ടാവുമ്പോള്‍ നേതൃത്വം സമൂഹത്തിന്റെ കണ്ണുകളിലേക്ക് നോക്കണമെന്നാണ് വിശ്രുത ലാറ്റിനമേരിക്കന്‍ കവിയും കമ്മ്യൂണിസ്റ്റുമായിരുന്ന പാബ്ലോ നെരുദ പറഞ്ഞത്. ആ കണ്ണുകള്‍ സമൂഹഹൃദയത്തിന്റെ കണ്ണാടിയാണ്. സമൂഹത്തിന്റെ വേദനകളും സ്വപ്നങ്ങളും വിഹ്വലതകളും നേരിട്ട് വായിക്കുക. ആ ഹൃദയത്തില്‍ പ്രതീക്ഷകളുണ്ടാവും. അത് സാധിതപ്രായമാക്കിയാല്‍ സമൂഹമാണ് കമ്മ്യൂണിസത്തിലേക്ക് നയിക്കപ്പെടുന്നതെന്നും നെരുദ ഓര്‍മ്മിപ്പിച്ചിരുന്നു.

ഇതിനെല്ലാം ആവശ്യം ആഴത്തിലുള്ള ആത്മപരിശോധനയാണ്. ആ പരിശോധനയാകട്ടെ സര്‍വതലസ്പര്‍ശിയുമായിരിക്കണം. അതല്ലാതെ ‘കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയുള്ള നിരന്തര മരണങ്ങള്‍ തിരിച്ചടിയായി’ എന്നപോലുള്ള ഉപരിപ്ലവമായ ആത്മവിമര്‍ശനങ്ങളല്ല വേണ്ടത്. അത്തരം വിലയിരുത്തലുകള്‍ സമൂഹത്തെ അപഹസിക്കുന്നതായേ പരിണമിക്കൂ. തിരിച്ചടിയില്‍ നിന്നും കരകയറാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം ക്ഷമാപൂര്‍വം കാത്തിരിക്കേണ്ടി വരും. തിരിച്ചടികളില്‍പ്പെട്ട് ഉഴലുകയായിരുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈയിടെയാണ് വര്‍ധിതവീര്യത്തോടെ പുനര്‍ജനിച്ചത്. ഉദ്ഘാടനത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ പാര്‍ട്ടി അംഗങ്ങളാകാനെത്തിയത് ഏഴായിരത്തില്‍പ്പരം സഖാക്കള്‍. അവരിലേറെയും യുവാക്കള്‍. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ വാണരുളിയിരുന്ന മെക്സിക്കോയില്‍ അടുത്തിടെ അധികാരം പിടിച്ചെടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ പാടുന്നതും പാടേണ്ടതും. ‘ഇന്‍ക്വിലാബിന്റെ മക്കളാണ് നാം, പൊന്‍കിനാക്കള്‍ സത്യമാക്കിടുന്നു നാം…’
മലയാളി മങ്കമാര്‍ക്കിത് എന്തുപറ്റി. ‘വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം’ എന്നത് അന്വര്‍ത്ഥമാക്കി കുടുംബജീവിതത്തിന്റെ വേലി ചാടി ഒന്നുകില്‍ ചെറിയ പയ്യന്മാരോടോ പലതവണ വിവാഹം കഴിച്ചവരോടോ ഒപ്പം പുതുജീവിതം നയിക്കാനെത്തിയ 19 യുവതികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ പങ്കാളികളാല്‍ കൊല ചെയ്യപ്പെട്ടത്. ഇവരുടെ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ അമ്പതോളം. കല്യാണം രജിസ്റ്റര്‍ ചെയ്യാതെ പങ്കാളികളുമൊത്ത് ജീവിച്ചുവന്ന 60ലേറെ യുവതികളാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ കൊല ചെയ്യപ്പെട്ടത്. ആത്മഹത്യ ചെയ്യുന്നവര്‍ അതിലേറെ. കാമുക വഞ്ചനകള്‍ അതിലുമേറെ. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കാമുകിക്ക് ഫാനില്‍ മരണക്കുരുക്കൊരുക്കി കാലുമാറിയ കാമുകന്റെ കഥയും കേരളത്തില്‍ നിന്നുതന്നെ. തീവണ്ടിക്ക് ഒന്നിച്ച് തലവച്ച് മരിക്കാമെന്ന് പറഞ്ഞ് റെയില്‍പ്പാളത്തില്‍ തലവച്ചുകിടന്ന കമിതാക്കളില്‍ തീവണ്ടി അടുത്തെത്താറായപ്പോള്‍ തലയൂരിയ കാമുകിയുടെ കഥയും കേരളത്തില്‍ നിന്നുതന്നെ. എന്നിരുന്നാലും ആത്മഹത്യ ചെയ്യുന്ന പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ മൂന്നര മടങ്ങാണ് കേരളത്തിലെന്നാണ് കണക്ക്. 

പുരുഷ ആത്മഹത്യകള്‍ പെരുകുന്നതിന് കാരണം പുരുഷന്മാര്‍ പൊതുവെ കരയാത്തതാണെന്ന കണ്ടുപിടിത്തവും സര്‍വേയിലുണ്ട്. പെണ്ണുങ്ങള്‍ കരഞ്ഞുകരഞ്ഞ് വിഷാദം പുറന്തള്ളുന്നവരാണത്രെ. കരഞ്ഞാല്‍ ഓക്സിടോക്സിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുമെന്നും വിഷാദത്തിന് കാരണമായ ചില ഹോര്‍മോണുകള്‍ കണ്ണീരിലൂടെ പുറത്തേക്കൊഴുകുമെന്നുമാണ് കണ്ടുപിടിത്തം. അതിനര്‍ത്ഥം കരയൂ ആണുങ്ങളേ, ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടൂ പുരുഷകേസരികളേ എന്നാവും. ആത്മഹത്യക്കൊരുങ്ങുന്ന പുരുഷന്മാര്‍ കരഞ്ഞുതീര്‍ത്താല്‍ കേരളത്തില്‍ വീണ്ടുമൊരു പ്രളയമെന്ന് ചുരുക്കം. കണ്ണീര്‍ പ്രളയത്തില്‍ മുങ്ങുന്ന കേരളം. എന്ത് സുന്ദരസങ്കല്പം! സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കിതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ നേരമില്ല. നയന്‍താര പെറ്റു, ദീപിക പദുക്കോണ്‍ നിറവയറുമായെത്തിയപ്പോള്‍ വേദിയിലേക്ക് അമിതാഭ്ബച്ചന്‍ കെെപിടിച്ചുകയറ്റി ഇതൊക്കെയല്ലേ നമ്മുടെ ഇഷ്ടവിഷയങ്ങള്‍. ബിരിയാണിയില്‍ നെയ് കൂടിപ്പോയതിനും കെെകഴുകാന്‍ വെള്ളം കോരിത്തരാത്തതിനും അമ്മയുടെ കയ്യുംകാലും തല്ലിയൊടിക്കുന്ന മകനുള്ള കേരളത്തില്‍ അതെന്തേ ചിന്താവിഷയമാകുന്നില്ല.
മാധ്യമങ്ങളും ഒട്ടും മോശമാക്കുന്നില്ല. കണ്ണൂരില്‍ തേങ്ങ പൊട്ടി വൃദ്ധന്‍ കൊല്ലപ്പെട്ടുവെന്നാണ് ഒരു പത്രത്തിലെ തലക്കെട്ട്. ‘ബോബ് പെറുക്കുന്നതിനിടെ തേങ്ങ പൊട്ടി വയോധികന്‍ മരിച്ചു‘വെന്ന് മറ്റൊരു തലക്കെട്ട്. എല്ലാം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്ന മാധ്യമങ്ങള്‍. എന്നിട്ടും അവര്‍ വിളിച്ചുകൂവുന്നു, മലയാളത്തിന്റെ സുപ്രഭാതം, നേരോടെ നിരന്തരം നിര്‍ഭയം, സത്യത്തിന്റെ കലവറ എന്നിങ്ങനെ സ്വയമ്പന്‍ സ്വയം പുകഴ്ത്തലുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.