
ലോകമാകെയുള്ള ന്യൂനപക്ഷ സമൂഹം ഭീതിയുടെയും അടിച്ചമർത്തലുകളുടെയും മുമ്പിൽ പകച്ചുനിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഈ വർഷത്തെ ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നത്. സാമൂഹിക — രാഷ്ട്രീയ — സാമ്പത്തിക ആധിപത്യം ഇല്ലാത്തതും ഒരു പ്രത്യേക രാജ്യത്തിനുള്ളിൽ സംഖ്യാപരമായി താഴ്ന്നതുമായ ഒരു സമൂഹത്തെയാണ് ഐക്യരാഷ്ട്ര സംഘടന ന്യൂനപക്ഷമായി നിർവചിച്ചിരിക്കുന്നത്. സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. 1992 ഡിസംബർ 18ന് ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയിലും ന്യൂനപക്ഷ അവകാശ ദിനം ആചരിച്ചു തുടങ്ങിയത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വ്യക്തികൾക്ക് വിവേചനം നേരിടാതെ സ്വതന്ത്രമായി സ്വന്തം സംസ്കാരം സ്വീകരിക്കുവാനും മതവിശ്വാസം ആചരിക്കുവാനും ഭാഷ ഉപയോഗിക്കാനുമുള്ള അവകാശം ഈ പ്രഖ്യാപനം അടിവരയിടുന്നു. 1992ലെ ദേശീയ ന്യൂനപക്ഷ നിയമ പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മിഷനും ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുകളും നിലവിൽ വന്നു. 2013 മേയ് 15നാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നിലവിൽ വന്നത്. സംസ്ഥാനത്തെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്ലിം — ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾക്കുവേണ്ടി അനുദിനം പ്രവർത്തിക്കുന്ന കമ്മിഷൻ നിരവധി വിഷയങ്ങളിൽ ഇടപെട്ട് ന്യൂനപക്ഷാവകാശം സാധ്യമാക്കിയിട്ടുണ്ട്. സിവിൽ കോടതിയുടെ അവകാശം കമ്മിഷനിൽ നിക്ഷിപ്തമായതിനാൽ പരാതികൾക്ക് ഉടനടി പരിഹാരം കാണുവാൻ കഴിയുന്നുണ്ട്. സർക്കാർതലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മിഷൻ നിരീക്ഷണ വിധേയമാക്കാറുണ്ട്. ന്യൂനപക്ഷ അവകാശം എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ഒരു സുപ്രധാന ഘടകമാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ മികച്ച ജീവിത നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും പിന്നാക്കാവസ്ഥയുണ്ട്. കമ്മിഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന — ജില്ലാ കേന്ദ്രങ്ങളിൽ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. കമ്മിഷനിൽ പരാതി നൽകുന്നതിനും തുടർ നടപടികൾക്കുമായി യാതൊരു ഫീസും പരാതിക്കാർ നൽകേണ്ടതില്ല. സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങൾക്കായി സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുവാനും കേരള മീഡിയാ അക്കാദമിയുമായി ചേർന്ന് അവരുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച് പഠനം നടത്തി സർക്കാരിന് സമഗ്രമായ റിപ്പോർട്ട് നൽകുവാനും കമ്മിഷന് കഴിഞ്ഞിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം യുവതീയുവാക്കൾക്ക് കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി വിജയത്തിൽ എത്തിനിൽക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയുടെ ഭാഗമായി ഇന്ന് ഏറ്റവും ജനകീയമായ ആശയവിനിമയോപാധിയായി നവമാധ്യമങ്ങൾ മാറിയിരിക്കുകയാണ്. നഗര — ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങളും മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നവരായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് വേഗത്തിൽ കമ്മിഷനെ സമീപിക്കാൻ സാധ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് വാട്ട്സാപ്പിലൂടെയും പരാതി സ്വീകരിക്കുന്നതിന് കമ്മിഷൻ തുടക്കം കുറിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മിഷനിൽ വാട്ട്സാപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങിയത്. ഇതിലൂടെ സംസ്ഥാനത്തെ 46% വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഞൊടിയിടയിൽ കമ്മിഷനെ സമീപിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അവരുടെ ആകുലതകൾക്കും ആവലാതികൾക്കും വേഗത്തിൽ പരിഹാരം കാണുന്നതിനും കഴിയും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിരവധി വിഷയങ്ങളിൽ ഇടപെടുകയും പരിഹാരം കാണാൻ സാധിക്കുകയും ചെയ്തത് കമ്മിഷന്റെ നേട്ടമായി കരുതുന്നു. സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പുതുതായി നടപ്പാക്കുന്ന ‘കെടാവിളക്ക്’ സ്കോളർഷിപ്പ് പദ്ധതിയിൽ നിന്നും ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിവാക്കിയത് സംബന്ധിച്ച വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞയുടൻ തന്നെ ഇടപെടുകയും ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിൽ അർഹരായവരെ പ്രീമെട്രിക് സ്കോളർഷിപ്പിന് ഉൾപ്പെടുത്തുന്നതിനായി ‘മാർഗദീപം’ പദ്ധതി ആവിഷ്കരിച്ച് 2024 — 25 ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി ഇന്ത്യയിൽ ജോലി ചെയ്യാനുള്ള യോഗ്യതാപരീക്ഷ പാസായവർക്ക് കേരളത്തിൽ പെർമനെന്റ് രജിസ്ട്രേഷന് കാലതാമസം നേരിടുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴും, കമ്മിഷൻ വിഷയത്തിൽ ഇടപെടുകയും വേഗത്തിൽ നടപടികൾ പൂർത്തിയാക്കുമെന്ന് കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ റിപ്പോർട്ട് നൽകുകയും ചെയ്തു. സംസ്ഥാനമാകെ ശ്രദ്ധിച്ച മറ്റൊരു ഇടപെടലാണ് തിരുവനന്തപുരം മുതലപ്പൊഴി തീരത്തേത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് മത്സ്യബന്ധന തുറമുഖത്ത് നിരവധി മത്സ്യതൊഴിലാളികൾ അപകടത്തിൽപ്പെടുകയും മരണമടയുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെട്ട കമ്മിഷൻ ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, തീരദേശ പൊലീസ് ഇൻസ്പെക്ടർ, അഡാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് എന്നിവരെ എതിർകക്ഷികളാക്കി സ്വമേധയാ കേസെടുത്തു.
വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ വസ്തുക്കളുടെ കയറ്റിറക്കത്തിനായി മുതലപ്പൊഴി തുറമുഖം ഉപയോഗിച്ചതുമൂലം പൊഴിമുഖം കല്ലുകളും മറ്റും അടിഞ്ഞുകൂടി ആഴം കുറഞ്ഞത് കാരണമാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്നും പൊഴിമുഖം അപകടരഹിതമാക്കുവാൻ ഡ്രഡ്ജിങ് നടത്തേണ്ടതുണ്ടെന്നും കണ്ടെത്തി. കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് ഇപ്പോൾ 80% ഡ്രഡ്ജിങ് ജോലികളും പൂർത്തിയായിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി വിഷയങ്ങളിലാണ് കമ്മിഷൻ ഇടപെടൽ നടത്തുന്നത്. വിഷയത്തിൽ ഇടപെടുക മാത്രമല്ല പൗരന് നീതി ലഭ്യമാക്കുംവരെ അവരോടൊപ്പം നിൽക്കുക എന്നതാണ് ന്യൂനപക്ഷ കമ്മിഷന്റെ ഉറച്ച നിലപാട്. അഭിമാനം നിറഞ്ഞ നിമിഷങ്ങളോടെയാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഈ ന്യൂനപക്ഷാവകാശ ദിനത്തെ നോക്കിക്കാണുന്നത്. ഇനിയും പൂർത്തിയാക്കുവാൻ നിരവധി സ്വപ്നങ്ങൾ കമ്മിഷന്റെ മുമ്പിലുണ്ട്. ഉറച്ച നിലപാടുകളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ കാവലാളായി കമ്മിഷൻ ഉണ്ടാകുമെന്ന ഉറപ്പാണ് ഈ അവസരത്തിൽ നൽകുവാനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.