23 December 2024, Monday
KSFE Galaxy Chits Banner 2

ഹസ്തദാനം നൽകി സൗഹൃദം ഉറപ്പിക്കൽ ഭാരതീയമുറ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം-29
August 14, 2023 3:28 am

നാഗരികതയുടെ ചരിത്രത്തെ മുൻനിർത്തി ചിന്തിച്ചാൽ, പക്വത പ്രാപിച്ച മനുഷ്യന്റെ ഏറ്റവും ഉത്കൃഷ്ടമായ സാമൂഹിക ബന്ധമാണ് സൗഹൃദം എന്നു കാണാനാകും. അച്ഛനും അമ്മയും ഇല്ലാത്ത മനുഷ്യനും അനാഥനാവില്ല നല്ലൊരു സുഹൃത്തെങ്കിലും ഉണ്ടെങ്കിൽ. നല്ല സൗഹൃദത്താൽ തരണം ചെയ്യാനാകാത്ത പ്രതിബന്ധങ്ങളുടെ കടലും കാടും മലയും ലോകത്ത് ഉണ്ടായിട്ടേയില്ല. അർജുനൻ കുരുക്ഷേത്രത്തിലെ വിഷാദത്തെ മറികടന്നത് കൃഷ്ണനെന്ന ഉത്തമ സുഹൃത്തിനാലാണ്. രാമൻ തന്റെ ഭാര്യാവിരഹം ഉണ്ടാക്കിയ വിഷാദത്തെ മറികടന്ന് അവളെ വീണ്ടെടുക്കാനുളള കർമ്മപഥത്തിൽ സ്ഥിരോത്സാഹം കൊള്ളാൻ തുടങ്ങിയത് സുഗ്രീവൻ എന്ന സുഹൃത്തിനാലാണ്. നല്ല സുഹൃത്തിന് സംസ്കൃതഭാഷയിൽ ഉപയോഗിക്കുന്ന നല്ല പദമാണ് സഖാവ്. രാമസുഗ്രീവന്മാർ തമ്മിൽത്തമ്മിലും കൃഷ്ണാർജുനന്മാർ തമ്മിൽത്തമ്മിലും അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന സഖാവ് എന്ന പദത്തോളം ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ ഉള്ളുപ്രകാശിപ്പിക്കുന്ന മറ്റൊരു അഭിസംബോധനാ പദം മാനവ സൗഹൃദങ്ങൾക്ക് ഉപയോഗിക്കാനില്ല.


ഇതുകൂടി വായിക്കൂ:   കൈകേയിയുടെ കാതിലോതി മന്ഥര മാറ്റിമറിച്ച രാമായണം


രാമായണത്തിലെ രാമ‑സുഗ്രീവ ബന്ധുതയെപ്പറ്റി പറയുമ്പോൾ സഖാവ് എന്ന വാക്കിനെപ്പറ്റി സൂചിപ്പിക്കേണ്ടി വരുന്നത്, ഭാരതീയ ഋഷിസംസ്കാര പാരമ്പര്യത്തെ അത്രമേൽ വർഗീയബുദ്ധികൾ തെറ്റിദ്ധരിപ്പിച്ചു വരുന്നു എന്നതിനാലാണ്. മിത്രം എന്ന പദം ഭാരതീയവും സഖാവ് എന്ന പദം അഭാരതീയവും ആണെന്നൊക്കെ ചിത്രീകരിക്കുന്ന മതരാഷ്ട്രവാദ ഭാരതത്തിൽ സഖാവ് എന്ന പദം എത്രമേൽ ഋഷിസംസ്കാര യുക്തമാണെന്ന് പറയുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ശബ്ദങ്ങൾക്കുമേൽ മാത്രമല്ല ഉപചാരനടപടികൾക്കു മേലും യാതൊരു മാനദണ്ഡവും കൂടാതെ ഭാരതീയ‑അഭാരതീയ വിവേചനം ഉളവാക്കാനുളള പ്രചാരണങ്ങൾ ഇവിടെ നടന്നുവരുന്നുണ്ട്. ഹസ്തദാനം നൽകൽ അഭാരതീയമായ ഉപചാരമുറയും തൊഴുകൈയും പാദ നമസ്കാരവും ഭാരതീയമായ ഉപചാരമുറയും ആണെന്നു വരുത്തിത്തീർക്കാനാണ് ശ്രമം. നമ്മുടെ പ്രധാനമന്ത്രി വരെ അദ്ദേഹത്തെ പാദനമസ്കാരം ചെയ്യാൻ കണ്ണാംഗ്യം വഴി നിർദേശങ്ങൾ നൽകുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വരികയുണ്ടായി.


ഇതുകൂടി വായിക്കൂ:   ശൂർപ്പണഖയുടെ കാമവും ക്രോധപരാക്രമങ്ങളും


ഹസ്തദാനം ഋഷികവി സംസ്കാരപ്രോക്തമായ സൗഹൃദോപചാര മുറയാണെന്ന് രാമായണം തെളിയിക്കുന്നു. ഋഷ്യമൂകാചലമെന്ന പർവതത്തിൽവച്ചു ഹനുമാൻവഴി സൗഹൃദത്തിലായ രാമ‑സുഗ്രീവന്മാർ പരസ്പരം ഹസ്തദാനം ചെയ്താണ് സഖ്യം ഉറപ്പിക്കുന്നത്. ”രോചതേ യദി മേ സഖ്യം ബാഹുരേഷ പ്രസാരിതഃ\ ഗൃഹ്യതാം പാണിനാ പാണിർ മര്യാദാ ബധ്യതാം ധ്രുവാ”(കിഷ്കിന്ധാ കാണ്ഡം; സർഗം 5; ശ്ലോകം 11–12). ‘അല്ലയോ രാമാ, ഞാനുമായുളള സഖ്യം അങ്ങ് ഇച്ഛിക്കുന്നെങ്കിൽ ഞാനിതാ കൈ നീട്ടുന്നു. ഭവാൻ എന്റെ പാണി പിടിച്ച് ദൃഢമായ ബന്ധം ഉറപ്പിച്ചാലും’ എന്നു പറയുന്ന സുഗ്രീവന്റെ കൈപിടിച്ചു തന്നെയാണ് രാമൻ സൗഹൃദം ഉറപ്പിക്കുന്നത്. ഈ രാമായണ സന്ദർഭം വച്ചുതന്നെ ഹസ്തദാനം ചെയ്യുന്ന ഉപചാരമുറ അഭാരതീയമല്ല എന്നുറപ്പിക്കാം. കാലുപിടിപ്പിച്ചും കാലുപിടിച്ചും എന്നതിനെക്കാൾ ജനാധിപത്യത്തിനിണങ്ങുന്ന സൗഹൃദോപചാരമാണ് പരസ്പരതുല്യതയോടെ ചെയ്യുന്ന ഹസ്തദാനം എന്ന് നമുക്ക് ദീക്ഷിക്കാം.
രാജ്യവും ഭാര്യയും നഷ്ടപ്പെട്ടവരും ആ നിലയിൽ തുല്യദുഃഖിതരുമായ നഗരനരനും വനനരനും തമ്മിലുളള സഖ്യമാണ് രാമ‑സുഗ്രീവ സഖ്യം. കാടും നാടും തമ്മിലുളള സഖ്യം. നാടും കാടും ബലാൽ മുടിക്കുന്ന രാക്ഷസശക്തികൾക്കെതിരായ സമര സഖ്യമാണ് അത്. ഈ സമര സഖ്യം രാക്ഷസ ലങ്കയെന്ന വനാധികാര കേന്ദ്രത്തെ തകർത്തു. ഇതുപോലെ തകർക്കപ്പെടേണ്ട ഒരു നരാധമ അമിതാധികാര കേന്ദ്രം ഇന്ന് ഇന്ത്യയിലുണ്ട്. അതിനെ തകർക്കാൻ രാമ‑സുഗ്രീവ സമാനമായ നഗര-വന നര സഖ്യം നമുക്ക് ആവശ്യമുണ്ട്. അതു സാധ്യമാക്കുന്ന ഒരു ‘ഇന്ത്യ’ക്കായി ഒരുമിച്ചു യത്നിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.