
ഡൊണാൾഡ് ട്രംപ് അപകടകാരിയായ ഭരണാധികാരിയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുള്ള രാജ്യമാണ് വെനസ്വേല. ലോകം ശ്രദ്ധിക്കേണ്ട വിഷയം വെനസ്വേല ഭരണകൂടത്തിന്റെ നയമോ സ്വഭാവമോ അല്ല. മറിച്ച് യുഎൻ അംഗങ്ങൾക്ക് സൈനിക ശക്തി ഉപയോഗിച്ചോ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയോ ആഭ്യന്തര കലാപം സൃഷ്ടിച്ചോ മറ്റ് രാജ്യങ്ങളുടെ രാഷ്ട്രീയ ഭാവി നിയന്ത്രിക്കാൻ പറ്റുമോ എന്നാണ്. അങ്ങനെ വന്നാൽ അത് യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ രണ്ടിലെ സെക്ഷൻ നാലിന്റെ പൂർണ ലംഘനമാണ്.
സുരക്ഷാ കൗൺസിലിന്റെ അനുവാദമില്ലാതെ ഇറാഖ് (2003), ലിബിയ (2011), സിറിയ (2011), ഹോണ്ടുറാസ് (2009), ഉക്രെയ്ൻ (2014), വെനസ്വേല (2002 മുതൽ) എന്നിവിടങ്ങളിലെല്ലാം ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം ഇടപെട്ടു. ഇതെല്ലാം യുഎൻ ചാർട്ടർ പ്രകാരം നിയമവിരുദ്ധമാണ്. 2002ൽ വെനസ്വേലയിൽ ഗവണ്‍മെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ചു. 2010ൽ അവിടുത്തെ ചില പൗരന്മാർക്ക് ധാരാളം ഫണ്ട് നൽകി സർക്കാർ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു. പ്രക്ഷോഭത്തെ വെനസ്വേല സർക്കാർ നിയന്ത്രണ വിധേയമാക്കിയപ്പോൾ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. 2015ൽ വെനസ്വേല അമേരിക്കൻ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് ഒബാമ പ്രഖ്യാപിച്ചു. 2017ൽ യുഎൻ ജനറൽ അസംബ്ലിയിൽ ലാറ്റിൻ അമേരിക്കൻ നേതാക്കളുമായുള്ള അത്താഴത്തിൽ ട്രംപ് അവരോട് വെനസ്വേലയെ ആക്രമിക്കുന്നതിനെ കുറിച്ച് പറഞ്ഞു.
2017 മുതൽ 2022 വരെ അമേരിക്ക വെനസ്വേലയിലെ ദേശീയ ഓയിൽ കമ്പനിക്കെതിരെ (പിഡിവിഎസ്എ) ഉപരോധം ഏർപ്പെടുത്തി. അതിനു ശേഷം എണ്ണ ഉല്പാദനം 75% കുറഞ്ഞു. ജിഡിപി കുറഞ്ഞു. ഇതിനൊക്കെ സുരക്ഷാ കൗൺസിലിന്റെ അനുവാദം വേണം. എന്നാൽ അമേരിക്കൻ പ്രസിഡന്റുമാർ യുഎൻ സുരക്ഷാ കൗൺസിലിനും ഐക്യരാഷ്ട്രസഭയ്ക്കും പുല്ലുവില കല്പിക്കുന്നില്ല. രണ്ടു ദശകങ്ങളായി പല രാഷ്ട്രങ്ങളിലും ഭരണകൂടങ്ങളെ അട്ടിമറിക്കാൻ അവർ ശ്രമം നടത്തി. യുഎൻ സുരക്ഷാ കൗൺസിലിന്റെ അനുവാദമില്ലാതെ പല രാഷ്ട്രങ്ങളിലും ബോംബിട്ടു. ഇറാൻ, ഇറാഖ്, നൈജീരിയ, സൊമാലിയ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ മാത്രമല്ല, പ്രത്യക്ഷമായി ഡെന്മാർക്ക്, കൊളംബിയ, ഇറാൻ, മെക്സികോ, നൈജീരിയ, വെനസ്വേല എന്നീ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെക്കുറിച്ച് ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിൽ യോഗം ചേർന്നില്ല. ഈ അന്താരാഷ്ട്ര അരാജകത്വം ഉണ്ടാകുന്നത് അമേരിക്കയുടെ അമിതാധികാര പ്രദർശനത്തിന്റെ ഫലമാണെന്ന് ജെഫ്രി സാച്ച് അടക്കമുള്ള പണ്ഡിതർ പറയുന്നു. ഈ അരാജകത്വം വലിയ ദുരന്തത്തിലേക്ക് ലോകത്തെ തള്ളിവിടും. ലോകം അന്താരാഷ്ട്ര നിയമങ്ങൾ കാത്തു സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു. ഐക്യരാഷ്ട്ര സഭ ഉണ്ടായതുതന്നെ ലോകയുദ്ധങ്ങളിൽ നിന്നും വരുംതലമുറകളെ രക്ഷിക്കാനാണ്. ലോകസമാധാനം നിലനിർത്തുക എന്നതാണ് അതിന്റെ പ്രഥമ ഉത്തരവാദിത്തം. അതിൽ യുഎൻ നിരന്തരം പരാജയപ്പെടുന്നു. അമേരിക്കയുടെ എല്ലാ വിധത്തിലുമുള്ള സൈനിക അധിനിവേശ പ്രക്രിയകളെ തടഞ്ഞുനിർത്താൻ ഐക്യരാഷ്ട്രസഭയ്ക്കു കഴിയുമോ? മാനവരാശിയെ അമേരിക്ക എന്ന ബീഭത്സമായ സാമ്രാജ്യത്വ കഴുകന്മാരിൽ നിന്ന് രക്ഷിക്കാൻ കഴിയുമോ? വെനസ്വേല ആക്രമണത്തിനു പിന്നിലുള്ള കാരണം പരിശോധിക്കുമ്പോൾ അതിന് അരനൂറ്റാണ്ട് പിറകിലേക്ക് തിരിഞ്ഞു നോക്കണം.
യഥാർത്ഥത്തിൽ ഈ ആക്രമണത്തിനും ഇറാഖ്, ലിബിയൻ ആക്രമണത്തിനും പിന്നിൽ യഥാർത്ഥ കാരണം ഡോളറിന്റെ അതിജീവനമാണ്. അല്ലാതെ മാരകമായ മയക്കുമരുന്നോ, ബീഭത്സമായ തീവ്രവാദമോ, അമേരിക്ക പറയുന്ന ‘ജനാധിപത്യമോ’ അല്ല. കഴിഞ്ഞ അഞ്ച് ദശകങ്ങളായി അമേരിക്കയെ സാമ്പത്തികമായി ഏറ്റവും വലിയ ശക്തിയായി നിലനിർത്തുന്ന പെട്രോ ഡോളർ സിസ്റ്റത്തിന്റെ നിലനില്പാണ്. വെനസ്വേലയാണ് ഈ ഭൂമിയിൽ ഏറ്റവും അധികം എണ്ണ നിക്ഷേപമുള്ള രാജ്യം. ഏകദേശം 303 ബില്യൺ ബാരൽ ഓയിൽ റിസർവ് അവരുടെ കൈവശമുണ്ട്. സൗദി അറേബ്യയേക്കാൾ കൂടുതൽ. ലോകത്തിന്റെ എണ്ണ ശേഖരത്തിന്റെ 25% വെനസ്വേലയിലാണ്. ആ രാജ്യം കുറച്ച് ദശകങ്ങളായി എണ്ണ വിൽക്കുന്നത് ചൈനീസ് യുവാനിൽ ആണ്. ഡോളറിൽ അല്ല. 2018ൽ വെനസ്വേല ഡോളർ വിമുക്തമാകുമെന്ന് പ്രഖ്യാപിച്ചു. അവർ യുവാൻ, റൂബിൾ, യൂറോ തുടങ്ങിയ കറൻസികൾ സ്വീകരിക്കാൻ തുടങ്ങി. ‘ബ്രിക്സി‘ൽ ചേരാൻ തയ്യാറെടുപ്പ് തുടങ്ങി. വെനസ്വേല ചൈനയുമായി ഗാഢബന്ധം സ്ഥാപിക്കുന്നു, നേരിട്ട് ഇടപാടുകൾ നടത്തുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ എണ്ണ ശേഖരത്തിനു മുകളിൽ ഇരിക്കുന്ന വെനസ്വേലയ്ക്ക് അമേരിക്കൻ ഡോളറിന്റെ മൂല്യത്തെ ദശകങ്ങളോളം താറുമാറാക്കാൻ സാധിക്കുമെന്ന് അവർക്കും അമേരിക്കയ്ക്കും അറിയാം. അമേരിക്കയുടെ സാമ്പത്തിക ഘടന എക്കാലത്തും നിലനിൽക്കുന്നത് പെട്രോ ഡോളറിൽ ആണ്.
1974ൽ ഹെൻറി കിസിഞ്ജർ സൗദി അറേബ്യയുമായി ഒരു കരാർ ഉണ്ടാക്കിയിരുന്നു. എണ്ണ വില നിശ്ചയിക്കപ്പെടുന്നത് ഡോളറിലാണെന്ന്. അതിന് പ്രത്യുപകാരമായി അമേരിക്ക സൈനിക സഹായം ആവോളം നൽകും. അമേരിക്കൻ സാമ്രാജ്യത്വശക്തി നിലനിൽക്കാൻ യുദ്ധവിമാനങ്ങളേക്കാൾ ആവശ്യം പെട്രൊ ഡോളറിന്റെ മൂല്യം ആണെന്ന് അമേരിക്കയ്ക്ക് അറിയാം. ഡോളറിന്റെ നിലനില്പിനെ ചോദ്യം ചെയ്ത സദ്ദാം ഹുസൈൻ ക്രൂരമായി വധിക്കപ്പെട്ടു. അല്ലാതെ ഇറാഖിൽ നിന്ന് ന്യൂക്ലിയർ ആയുധങ്ങൾ പിടിച്ചെടുത്തതുകൊണ്ടല്ല. ലിബിയൻ നേതാവ് ഗദ്ദാഫി ഡോളറിനെ തള്ളിപ്പറഞ്ഞു. അദ്ദേഹം പുതിയ ആഫ്രിക്കൻ കറൻസി “ഗോൾഡ് ദിനാർ” എണ്ണക്കച്ചവടത്തിന് പരിചയപ്പെടുത്തി. ഇതാണ് ഗദ്ദാഫിയെ വധിക്കാൻ പ്രമുഖ കാരണമെന്ന് പിന്നീട് ഹിലാരി ക്ലിന്റന്റെ ചോർത്തപ്പെട്ട ഇ മെയിലുകളിൽ നിന്ന് ലോകം അറിഞ്ഞു. നാറ്റോ ലിബിയയിൽ ബോംബിട്ടു. ഗദ്ദാഫിയെ ക്രൂരമായി വധിച്ചു. ഹിലാരി ക്ലിന്റൺ കാമറയെ നോക്കി പറഞ്ഞത് ഓർക്കൂ, ”ഞങ്ങൾ വന്നു, ഞങ്ങൾ കണ്ടു, അയാൾ വധിക്കപ്പെട്ടു.” ഇപ്പോൾ മഡുറോ ഭരിക്കുന്ന വെനസ്വേലയിൽ, ഇറാഖും ലിബിയയും ചേർന്നാൽ ഉണ്ടാകുന്ന എണ്ണ ശേഖരത്തിന്റെ എത്രയോ ഇരട്ടിയാണ് ഉള്ളത്.
ആ എണ്ണ, ഡോളറിൽ അല്ലാതെ യുവാനിൽ കച്ചവടം നടത്തിയാൽ സാമ്രാജ്യത്വത്തിന് ഭ്രാന്ത് പിടിക്കും. പ്രത്യേകിച്ചും സ്വതവെ ഭ്രാന്തൻ നയങ്ങൾ സ്വീകരിക്കുന്ന ട്രംപിന്. അപ്പോൾ മഡുറോയെ തട്ടിക്കൊണ്ടുപോകുന്നു. വെനസ്വേലയുടെ ധീരനായ നേതാവ് ഓയിൽ കമ്പനികളും പ്രധാന വ്യവസായങ്ങളും ദേശസാൽക്കരിച്ചത് അമേരിക്കയ്ക്ക് ഇഷ്ടമായിട്ടില്ല. മാത്രമല്ല അദ്ദേഹം ജനാധിപത്യ സമൂഹ സഭ രൂപീകരിച്ച് സാമൂഹ്യ പദ്ധതികൾ നടപ്പിലാക്കി. ബൊളിവേറിയൻ മിഷനിലൂടെ ഭക്ഷണം സാധാരണക്കാർക്ക് പ്രാപ്യമാക്കി, പാർപ്പിടവും ആരോഗ്യപരിപാലനവും സാർവജനീനമാക്കി. വിദ്യാഭ്യാസം സാർവത്രികവും. ഇതെല്ലാം സാമ്രാജ്യത്വ താല്പര്യത്തിന് എതിരായിരുന്നു. ലോകത്തിന്റെ അധിപൻ തങ്ങൾ മാത്രമാണെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ചിന്താഗതി. അവരുടെ ഉറ്റ ചങ്ങാതികളായ വൻകിട കോർപറേറ്റ് മൂലധന ശക്തികളുടെ ഇംഗിതങ്ങൾ നടപ്പിലാക്കുകയാണ് അമേരിക്കൻ ഭരണകൂടം ചെയ്യുക. ഇതിനുമപ്പുറം ഒരു വാദഗതി വെനസ്വേല ആക്രമത്തിനു പിന്നിലുണ്ട്. അതിലൂടെ ആത്യന്തികമായി ലക്ഷ്യമിടുന്നത് ക്യൂബയെയാണ്.
മാർക്ക് റൂബിയോ എന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ സമ്മർദമുണ്ട് അതിന് പിന്നിലെന്ന് രാഷ്ട്രീയ പണ്ഡിതന്മാർ പറയുന്നു. അത് പിന്നീട് ഒരിക്കൽ വിശദീകരിക്കാം. ഇപ്പോൾ വെനസ്വേലയിലെ ഇടപെടലിൽ നിർത്താൻ ഭാവമില്ല അമേരിക്കയ്ക്ക്. അവർ ഡെൻമാർക്കിനെ ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ എട്ട് ദശകങ്ങളായി ലോകത്തിന് ഭീഷണി റഷ്യ അല്ലെങ്കിൽ ചൈന എന്നാണ്. ലോകത്തെ സംരക്ഷിക്കുക നാറ്റോ അംഗങ്ങളാണ് എന്നാണ്. എന്നാൽ ഇപ്പോൾ നാറ്റോ ഛിന്നഭിന്നമാകാൻ പോകുന്നു. ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്ക്സൺ പരസ്യമായി പ്രഖ്യാപിച്ചു, അമേരിക്ക ഗ്രീൻലാൻഡ് പിടിച്ചടക്കാൻ തുനിഞ്ഞാൽ അത് നാറ്റോ സഖ്യത്തിന്റെ പിരിച്ചുവിടലിൽ അവസാനിക്കുമെന്ന്. ഗ്രീൻലാൻഡ് പിടിച്ചടക്കുമെന്ന് അമേരിക്ക ആവർത്തിക്കുന്നു. കഷ്ടിച്ച് 60,000 പേർ താമസിക്കുന്ന ഐസ് കട്ടകളാൽ മുടി കിടക്കുന്ന ഈ ദ്വീപിന് എന്ത് പ്രധാന്യം. യൂറോപ്പ് ഡെൻമാർക്കിന് ഒപ്പമാണ് ഇന്നുവരെ. റഷ്യയും ചൈനയും ആർട്ടിക്കിൽ സ്വാധീനം ഉറപ്പിക്കുന്നു. അത് അമേരിക്കയ്ക്ക് സഹിക്കുന്നില്ല. ഗ്രീൻലാൻഡിലെ ഈ ഐസ് മലകൾക്കടിയിൽ ഭാവിയുടെ നിധികുംഭമാണ്. ഇന്നത്തെ ലോകത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിനും കച്ചവട യുദ്ധത്തിനും ഡാറ്റകളും മൈക്രോ ചിപ്സും വേണം. ഡാറ്റ എന്നതാണ് പുതിയ എണ്ണ.
മൈക്രോ ചിപ്സ് ആണ് പുതിയ സ്വർണം. ഇലക്ട്രിക് കാർ, ഐ ഫോൺ, ഫൈറ്റർ ജെറ്റ്സ്, ബാറ്ററികൾ, മിസൈലുകൾ എന്നിവ നിർമ്മിക്കാൻ “റെയർ എർത്ത് എലമെന്റ് (അപൂർവ ഭൗമ മൂലകങ്ങൾ)” വേണം. ഇപ്പോൾ ഈ മിനറലിന്റെ 90% വിതരണം ചെയ്യുന്നത് ചൈനയാണ്. ചൈന എന്നെങ്കിലും വിതരണം നിർത്തിയാൽ അമേരിക്കൻ സമ്പദ്ഘടന നിശ്ചലമാകും. അപ്പോൾ അപൂർവ ഭൗമ മൂലകങ്ങൾ ധാരാളമുള്ള ഗ്രീൻലാൻഡ് പിടിച്ചടക്കിയാൽ അമേരിക്ക സുരക്ഷിതം. അവിടെ ഐസ് മലകൾക്കു കീഴിൽ നിയോ ഡിമിയം, പ്രസ്യോഡിമിയം, ഡിസ്‌പ്രോസിയം എന്നിവയുണ്ട്. അവ കൈവശപ്പെടുത്താൻ ഗ്രീൻലാൻഡ് ആക്രമണം എന്നും ഉണ്ടാകും. അതാണ് അമേരിക്കൻ സാമ്രാജ്യത്വം. സ്വന്തം സഖ്യകക്ഷികളെ പോലും വഞ്ചിക്കും. എന്തും എല്ലാം പണത്തിനു വേണ്ടി, ലാഭത്തിനു വേണ്ടി. അമേരിക്കൻ സാമ്രാജ്യത്വം മനുഷ്യവിരുദ്ധമാണ്, നിഷ്ഠുരമാണ്. കണ്ണിൽ ചോരയില്ലാത്തവരാണ്. മനുഷ്യരാശിയുടെ സമാധാനത്തിന് എതിരാണവർ. സയണിസത്തിന്റെ ഉറ്റ ചങ്ങാതിമാരാണ് അവർ. നിരന്തരമായി അതിശക്തമായ മനുഷ്യ ശക്തിയുടെ ഉയർച്ചയാണ് അതിനെതിരെയുള്ള പ്രതിരോധം. (അവസാനിക്കുന്നു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.