11 February 2026, Wednesday

ഉന്നാവോയുടെ നിലയ്ക്കാത്ത നിലവിളികള്‍

വി പി ഉണ്ണികൃഷ്ണൻ
January 6, 2026 4:45 am

“സൂര്യരശ്മികൾ വിശ്ലഥം വീഴും ശൂന്യമാം ശവക്കല്ലറ കാണാൻ കേവലം സ്വപ്നനീതയെ പോലെ മേരി മാഗ്ദലിൻ പിന്നെയും വന്നു, കൽത്തറയിൽ നിന്നിത്തിരി മാറി — യസ്തചേതനയായവൾ നിന്നു ഭംഗമേകീല മൂകതയ്ക്കൊട്ടും പെൺകൊടി നെടുവീർപ്പിനാൽ പോലും” തിരുനല്ലൂർ കരുണാകരൻ ‘മേരി മാഗ്ദലിൻ’ എന്ന കവിതയിൽ ആദ്യ വരികളായി ഇങ്ങനെ കുറിച്ചു. ഇന്ന് ഇന്ത്യൻ ഫാസിസ്റ്റ് ഭരണകൂടത്തിൻ കീഴിൽ ശൂന്യമാം ശവക്കല്ലറയ്ക്ക് മുന്നിൽ ചേതനയറ്റ്, നെടുവീർപ്പ് കൊണ്ടുപോലും ക്രൂരപീഡന യാതനകളുടെ, കൊടും നൊമ്പര വ്രണങ്ങളുടെ, നെറികെട്ട കാലത്തിന്റെ വാതിലുകൾ തുറക്കുന്നില്ല. പേടി തേടും മിഴികളോടെ വരാനിരിക്കുന്ന ആസുരതയുടെ, മാനം കവരും നൃശംസതയുടെ കരാളഹസ്തങ്ങളെ ഭയപ്പെട്ട് മാളങ്ങളിൽ ഒളിക്കുന്നു. മാനം വീണ്ടും വീണ്ടും പിച്ചിച്ചീന്തപ്പെടാതിരിക്കാൻ, കാണാമുഖമായി മാറാൻ ഇന്ത്യൻ സ്ത്രീത്വം പെടാപ്പാട് പെടുന്നു. അവിടെയാണ് ഉന്നാവോയിൽ നിന്ന് നാം പ്രതിരോധത്തിന്റെ സമാനതകളില്ലാത്ത കരുത്തുമായി ഒരു പെൺകൊടിയുടെ പ്രതിഷേധ ജ്വാല കാണുന്നത്.

ഉന്നാവോ ഒരു ഒറ്റപ്പെട്ട ഇടമല്ല. അവിടെ നിന്നുയരുന്ന സങ്കല്പാതീതമായ രോദനവും വേദനതീർത്ത പ്രതിരോധ മതിൽക്കെട്ടുകളും നവീനം എന്ന് മുദ്ര ചാർത്തുന്ന ഇന്ത്യൻ മണ്ണിൽ അനവരതം അരങ്ങേറ്റുകയാണ് ഫാസിസ്റ്റ് സംഘപരിവാര ശക്തികൾ. സവർണ പൗരോഹിത്യ ഹിന്ദുത്വത്തിന്റെ ഇരുൾ നിറഞ്ഞ അജണ്ടയ്ക്ക് കീഴിൽ മത ന്യൂനപക്ഷങ്ങൾ മാത്രമല്ല, ദളിതർ, പട്ടിക ജാതി ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെ കൊല ചെയ്യപ്പെടുന്നു, ക്രൂര മാനഭംഗത്തിന് ഇരയാക്കപ്പെടുന്നു. ‘യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാഃ’ എന്നതൊക്കെ പ്രസംഗ വാചാടോപത്തിന് മാത്രമുള്ള രസികൻ മന്ത്രമാണ് സംഘപരിവാരത്തിന്. മാതാ, പിതാ, ഗുരു, ദൈവം എന്നതും പാടിമറന്ന കേവല വാചകമായി സംഘകുടുംബ ഭരണത്തിൽ പരിണമിച്ചു.

ദൈവത്തിനും എത്രയോ മുന്നിലാണ് മാതാവ്. ഇന്ന് മാതൃക, മാതാവെന്നോ പെങ്ങളെന്നോ ഭേദമില്ലാതെ ബലാത്സംഗം ചെയ്ത് കൊന്നുതള്ളലാണ്, ഭരണകൂട ഒത്താശയോടെ ചുട്ടുകരിക്കലാണ്. എല്ലാം അർധരാത്രിയുടെ, കൂരിരുട്ടിന്റെ മറവിൽ മാത്രമല്ല പകൽവെളിച്ചത്തിലുമാണ്. ‘കത്തിയെരിഞ്ഞു വെറുമൊരു വാർത്തയായ് കെട്ടടങ്ങുന്നവൾ’ എന്ന് ഒഎൻവി ‘പെങ്ങൾ’ എന്ന കവിതയിൽ നാല് പതിറ്റാണ്ടുകൾക്ക് മുമ്പേ ഹൃദയവ്യഥയോടെ കുറിച്ചു. പക്ഷെ ഉന്നാവോയിലെ അതിജീവിതയായ പോരാളി കത്തിയെരിഞ്ഞു വെറുമൊരു വാർത്തയായി കെട്ടടങ്ങിയില്ല. അവൾ പിതാവിന്റെയും അമ്മാവന്റെയും പേരിലെടുത്ത കള്ളക്കേസുകളെ, കാരാഗൃഹ വാസത്തെ, ഭരണകൂട കൊലകളെ അതിജീവിച്ചു. മരണപ്പാതാളത്തിലേക്ക് വലിച്ചെറിയാൻ ബലാത്സംഗ വീരൻ ബിജെപി എംഎൽഎ ഒരുക്കിയ ട്രാക്ക് അപകടക്കെണിയിൽ ഉറ്റവർ നഷ്ടപ്പെട്ടു. പക്ഷേ അവളുടെ ജീവൻ കവരാനായില്ല.

അവളുടെ മുന്നിൽ മരണം ക്രൗര്യതയോടെ, ദാക്ഷിണ്യമില്ലാതെ തുറിച്ചുനോക്കി. എന്നിട്ടും അവൾ ആശുപത്രിക്കിടക്കയിലെ വെന്റിലേറ്ററുകളെ അതിജീവിച്ചു. ആ അതിജീവന പോരാട്ടം പൂവായി സുഗന്ധം പകരേണ്ട പെൺകൊടിയെ വർഗീയ ഫാസിസ്റ്റ് അജണ്ട തോളിലേറ്റുന്ന മേലാളന്മാർ പുഴുവിനെപ്പോലെ തങ്ങളുടെ ഹീന പ്രവൃത്തികളുടെ വിഷ ദുർഗന്ധ ഭൂമിയിലേക്ക് വലിച്ചെറിയുന്നതിന് എതിരായിട്ടായിരുന്നു. അവൾ അമ്മയ്ക്കൊപ്പം ഇന്ന് ഭരണകൂടങ്ങൾക്കെതിരെ മാത്രമല്ല നീതിപീഠങ്ങൾക്കു മുന്നിലേക്ക് കൂടി നീതി നിഷേധത്തിനെതിരായി വിരൽ ചൂണ്ടുകയാണ്. ആ വിരൽ ചൂണ്ടൽ കണ്ണ് മൂടിക്കെട്ടിയിരിക്കുന്ന നീതി ദേവത എന്ന, കേവലസങ്കല്പമായി മാറിക്കൊണ്ടിരിക്കുന്ന വ്യവസ്ഥിതിക്ക് എതിരായിക്കൂടിയാണ്. മാനഭംഗ വീരനായകർക്കും ഭരണകൂട നികൃഷ്ടതയ്ക്കുമെതിരായ, ഒരിക്കലും താഴാത്ത നീതി നിഷേധത്തിനെതിരായ വിരലുയർത്തലാണത്. ദീപാവലിയുടെ തലേന്നാൾ ആമാശയവും കരളും അറുത്ത് മാറ്റപ്പെട്ട പിഞ്ചു ദളിത് ബാലിക, സവർണ പൗരോഹിത്യ ശക്തികൾ ബലാത്സംഗം ചെയ്ത് കൊന്നുതള്ളി കത്തിച്ച ദളിത് ബാലിക… കൂട്ട മാനഹത്യക്ക് ഇരയാക്കപ്പെട്ട മത ന്യൂനപക്ഷ പിന്നാക്ക വിഭാഗക്കാരായ അമ്മമാർ, പെങ്ങന്മാർ മണിപ്പൂരിൽ പൂർണ നഗ്നരായി തെരുവിലൂടെ നടത്തപ്പെടുന്നവർ, പൊലീസിനാലും പട്ടാളത്താലും കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന രത്നങ്ങളുടെ അക്ഷയ ഖനിയിലെ അമ്മ പെങ്ങന്മാർ, ക്ഷേത്രത്തിനുള്ളിൽ പൂജാരിസംഘത്താൽ മാനം കവർന്നെടുക്കപ്പെട്ട പെൺകൊടി… കോടതികള്‍ പോലും വേട്ടാക്കാരനോടൊപ്പം നിൽക്കുമ്പോൾ, രാജ്യത്തിന് അഭിമാനമുദ്രകൾ ചാർത്തിയ ഗുസ്തി താരങ്ങളുടെ ദുരവസ്ഥയും നമ്മുടെ മനസിൽ ഭയപ്പാടുകൾ വളർത്തുന്നു. അവിടെയാണ് ഉന്നാവോയിലെ പോരാളിയുടെ തളരാത്ത വിരൽ ഉയരുന്നത്.

ആ ശബ്ദത്തിൽ രോദനം കേൾക്കാമായിരിക്കും, പക്ഷേ അതിനെക്കാൾ ഉച്ചത്തിൽ നീതി ബോധത്തിന്റെ, അഭിമാന സംരക്ഷണത്തിന്റെ ദുരന്തം പേറേണ്ടി വന്നവരുടെ പ്രതിഷേധ അഗ്നിജ്വാലകൾ കാണാം ഉന്നാവോയിലെ പെൺകൊടിയുടെ ചോദ്യ വിരൽത്തുമ്പ് ഉയർന്നുനിൽക്കുമ്പോൾ ഒഎൻവിയുടെ വരികൾ വീണ്ടും പ്രസക്തമാവുന്നു “നീ, അമ്മ, നീ പത്നി, നീ പുത്രി, നീ ഭൂമി, നീ ശക്തി, നീയെന്റെ രക്തമെൻ പെങ്ങൾ നീ”. ആസുരകാലത്ത് ആരറിയുന്നു ഈ ഭാരതീയ സാംസ്കാരിക മാതൃക. ഉന്നാവോയിൽ ഉയർന്ന ശബ്ദവും വിരലുകളും ഇനിയുമിനിയും ഉയരണം. വന്യമായ, വരേണ്യമായ നീതി നടപ്പാക്കപ്പെടുമ്പോൾ, ധർമ്മഭരിത നീതി, രാജനീതിയാൽ അമ്പ് എയ്തു വീഴ്ത്തപ്പെടുമ്പോൾ നാവുകൾ നിശബ്ദമാക്കപ്പെടാനും വിരലുകൾ മുറിച്ചുമാറ്റപ്പെടാനും പാടില്ല. ഉന്നാവോയിലെ പെൺകൊടി പൊ­രുതുന്നത് അവൾക്ക് വേ­ണ്ടി മാത്രമല്ല നിശബ്ദരാക്കപ്പെട്ടവരുടെ, ആലംബഹീനരാക്കപ്പെട്ടവരുടെ ശബ്ദമാണ് അവളിലൂടെ പ്രോജ്വലിക്കുന്നത്. അധികാരത്തിന്റെ ധാർഷ്ട്യത്തിനും ഹിംസാത്മകതയ്ക്കും നീതിയുടെ തുലാസിൽ അനീതിയ്ക്ക് തൂക്കം കൂടുന്ന വ്യവസ്ഥിതിയ്ക്കുമെതിരായ ഉന്നാവോ പെൺകുട്ടിയുടെ പോരാട്ടത്തിനൊപ്പം മനുഷ്യാവകാശ പ്രവർത്തകരും പുരോഗമനപ്രസ്ഥാനങ്ങളും നീതിബോധമുള്ള മഹിളകളും വിദ്യാർത്ഥികളും യുവജനങ്ങളും കൈകോർത്തു പിടിച്ചു. നിയമപുസ്തകത്തിന്റെ പവിത്രതയും നീതിദേവതയുടെ നിഷ്പക്ഷതയും ഉയർത്തിയും ഉണർത്തിയും സുപ്രീം കോടതി നടത്തിയ നിരീക്ഷണം ഇരകൾക്ക് ആശ്വാസത്തിന്റെ ചെറുതുരുത്തുകളെങ്കിലും നൽകുന്നുവെന്നതാണ് ആ­ശ്വാസകരം. നീതി ദേവത ശരിക്കും കണ്ണുതുറന്നുകാണുന്ന, ബന്ധിതമല്ലാത്ത നീതിപീഠങ്ങൾ ശേഷിക്കുന്ന സുന്ദരകാലം നിലനിന്നാലേ നിശബ്ദരാക്കപ്പെടുന്ന ഇരകൾക്ക് ശബ്ദിക്കുവാനാവൂ. ‘നിർഭയ’മാർ ആവർത്തിക്കപ്പെടാതിരിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.