അച്ഛനും സഹോദരങ്ങളും കരിവെള്ളൂർ ബസാറിലെ പഴയ കച്ചവടക്കാർ ആയിരുന്നു. എഴുപതുകളിൽ സ്കൂൾ പ്രായത്തിൽ രാവിലെ പീടിക തുറക്കാനുള്ള ചുമതല എനിക്കായിരുന്നു. രാവിലെ ആറുമണിക്ക് പീടിക തുറക്കണമെന്ന് അച്ഛന് നിർബന്ധം. രാവിലെ അടിച്ചുവാരി സാധനങ്ങൾ നിരത്തിക്കഴിയുമ്പോൾ അച്ഛൻ എത്തും. രാവിലെ തുറക്കുമ്പോൾത്തന്നെ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ആൾക്കാർ വരും. ചായപ്പൊടി, പഞ്ചസാര, അരി, കപ്പ തുടങ്ങിയവയ്ക്കാണ് രാവിലെ ആവശ്യക്കാർ. തലേന്ന് വൈകി മാത്രം കൂലി കിട്ടിയവർ, തലേന്ന് സാധനം വാങ്ങാൻ സാധിക്കാത്തവർ അന്നത്തെ ഭക്ഷണം തയാറാക്കാൻ സാധനങ്ങൾക്കായി രാവിലെ വരുന്നു. ചിലയാളുകൾ അച്ഛനെ അന്വേഷിക്കും. അച്ഛൻ അല്പം വൈകിയാൽ അവർ അക്ഷമരാകും.
സ്വാമി വന്നില്ലേ എന്ന ചോദ്യം അവർ ആവർത്തിക്കും. സ്വാമി എന്നാണ് അച്ഛനെ വിളിക്കാറ്. കയ്യിൽ പണം ഇല്ലാത്തവർ അരി വാങ്ങാൻ അച്ഛനെ അന്വേഷിക്കുകയാണ്. അച്ഛൻ വന്നാൽ അവർ അന്നത്തെ വിശപ്പടക്കാൻ അരിയുമായി തിരിച്ചുപോകും. കച്ചവടക്കാരും നാട്ടുകാരും തമ്മിലുള്ള ഹൃദയബന്ധം. ലാഭം എന്നതിൽ ഉപരിയായി സഹജീവികളുടെ വിശപ്പും വേദനകളും അറിഞ്ഞ ഒരു തലമുറ. ഇന്ന് ചില്ലറ വില്പനരംഗത്ത് വിദേശനിക്ഷേപം അനുവദിച്ചു. ഗ്രാമങ്ങളിൽപോലും കൂറ്റൻ മാളുകൾ. വാൾമാർട്ട്, ആമസോൺ തുടങ്ങിയ ആഗോള റീട്ടൈല്‍ ഭീമന്മാർ ഇന്ത്യ കീഴടക്കുന്നു. ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു. ആഗോള ഭീമൻ കോർപറേറ്റുകളുടെ ലയനവും ഏറ്റെടുക്കലും ജനജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉയർത്തുന്നു. 2018 ജൂൺ മാസത്തിൽ ഇത്തരം നടപടികളുടെ പ്രത്യാഘാതങ്ങൾ ജനങ്ങളെ അറിയിക്കാൻ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി എഗൈന്‍സ്റ്റ് റീട്ടേല്‍ ആന്റ് ഇ കൊമേഴ്സ് (ജെഎസിഎഎഫ്ആര്‍ഇ) പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ ജീവിതം വഴിമുട്ടുന്നു. ചില്ലറ വില്പനരംഗം ആമസോണും വാൾമാർട്ടും മറ്റ് ആഗോള റീട്ടൈല്‍ ഭീമന്മാരും കീഴടക്കുകയാണ്. ആഗോള കുത്തക കമ്പനികൾ ഇന്ത്യയിലെ ഇ‑കോമേഴ്സ് വിപണിയിൽ പ്രവേശിക്കുന്നതിനെതിരെ പോരാടുക എന്ന ഉദ്ദേശ്യത്തോടെയാണ് ജെഎസിഎഎഫ്ആര്‍ഇ രൂപീകരിച്ചത്. വിവിധ ഭാഷകളിൽ പ്രചാരണ പ്രവർത്തനങ്ങൾ തുടർന്നു. 2020 സെപ്റ്റംബറിൽ നമ്മുടെ പാർലമെന്റ് നാടകീയമായി പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളുടെ പിന്‍ബലത്തില്‍ ഈ ഭീമന്മാരുടെ കച്ചവടം പൊടിപൊടിക്കും. ഇന്ത്യൻ കാർഷികമേഖല കുത്തകകൾക്ക് തീറെഴുതുന്ന കരിനിയമങ്ങളാണ് അവ.
ഡിജിറ്റലൈസേഷൻ സാധാരണ മനുഷ്യരെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഇ‑കൊമേഴ്സ് കമ്പനികൾ ഉപഭോഗത്തെ സംബന്ധിച്ച ഡാറ്റ നിയന്ത്രിക്കുക മാത്രമല്ല ഉല്പാദനം, സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുകയും ക്രമേണ നിയന്ത്രണം തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നു. എന്താണ് ആവശ്യം, എന്താണ് ഉല്പാദിപ്പിക്കേണ്ടത്, വില നിശ്ചയിക്കാനുള്ള അവകാശം എല്ലാം കമ്പനികൾ തീരുമാനിക്കും. ക്രമേണ സമ്പദ്ഘടനയുടെ കീഴടങ്ങൽ പൂര്‍ണമാകും. ഒരു ഇന്ത്യൻ കമ്പനിയെ നിയന്ത്രിക്കുന്ന അത്ര എളുപ്പത്തിൽ ആഗോള ഭീമന്മാരെ നിയന്ത്രിക്കാൻ കഴിയില്ല. അവർ നമ്മുടെ കഴുത്തു ഞെരിക്കുകയാണ്. ചൈന സ്വന്തം സ്ഥാപനങ്ങൾ കെട്ടിപ്പടുത്തതുകൊണ്ട് ഡിജിറ്റൽ വ്യവസായത്തിൽ വിജയിച്ചു. യൂറോപ്യൻ യൂണിയൻ ഇപ്പോൾ അമേരിക്കയുടെ ഡിജിറ്റൽ കോളനിയാണ്. ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ആധിപത്യം സ്ഥാപിക്കാൻ വിദേശ കമ്പനികളെ അനുവദിക്കുന്ന നയങ്ങളാണ് മോഡിസർക്കാർ തുടരുന്നത്. പ്ലാറ്റ്‌ഫോം എന്ന വാക്ക് ഇവിടെ പ്രധാനമാണ്. നമ്മുടെ അനുഭവങ്ങൾ പാടെ മായ്ച്ചുകളയുന്ന ചന്തയാണ് വളരുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോം മുഴുവൻ സിസ്റ്റത്തെയും നിയന്ത്രിക്കും. നമ്മൾ അടിമകൾ. കർഷകർ എന്തു കൃഷി ചെയ്യണം, വിത്ത് വളം കീടനാശിനി ഏത് ഉപയോഗിക്കണം കമ്പനികൾ നിശ്ചയിക്കും. വില നിശ്ചയിക്കുന്നതും അവർ തന്നെ. നാം എന്തു ഭക്ഷണം കഴിക്കണം എന്നത് തീരുമാനിക്കുന്നത് ഈ ഭീമൻ കമ്പനികൾ.
നമ്മുടെ സമ്പദ്ഘടന, രാഷ്ട്രീയം, സംസ്കാരം എല്ലാം വിദേശ കമ്പനികൾ കീഴടക്കും. 1991 മുതൽ നടപ്പിലാക്കിയ നവലിബറൽ സാമ്പത്തിക നയങ്ങൾ അതിവേഗതയിലും തീവ്രതയിലും തുടരുമ്പോൾ രാജ്യം വലിയ അപകടങ്ങളിലേക്ക് നടന്നടുക്കുകയാണ്. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും നയങ്ങൾ അനുസരിച്ച് കടം വാങ്ങുകയും വിദേശനിക്ഷേപത്തിനു പരിധിയില്ലാതെ അനുമതിയും നൽകിയ രാജ്യങ്ങൾ എല്ലാം ഇന്ന് കുളം തോണ്ടുകയാണ്.
കാർഷികമേഖല കുത്തകകൾക്ക് തീറെഴുതുന്ന നിയമങ്ങൾ പിൻവലിക്കണം. തൊഴിലാളിവിരുദ്ധ കോഡുകൾ പിൻവലിക്കണം. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം ലഭിക്കണം. ജനവിരുദ്ധ നയങ്ങൾ ഉപേക്ഷിക്കണം. രാജ്യത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തണം.
സുധാകരൻ കെ ജി
കരിവെള്ളൂര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.