
പശ്ചിമേഷ്യയിൽ ഇസ്രയേലുമായി കൈകോർത്ത് യുഎസ് പുനരാരംഭിച്ച യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ലോകരാഷ്ട്രങ്ങളെയും ജനതകളെയും കൊടിയ ദുരിതങ്ങളിലേക്ക് തള്ളിനീക്കവെ മറ്റൊരു ‘ഭരണമാറ്റ’ത്തിനുള്ള അവസാന തയ്യാറെടുപ്പിലാണ് തന്റെ ഭരണകൂടമെന്ന സൂചനയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകുന്നത്. ക്യൂബ ഇപ്പോഴും യുഎസ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണെന്നും സൗഹാർദപരമായോ അല്ലാതെയോ ക്യൂബയെ എളുപ്പത്തിൽ ഏറ്റെടുക്കാൻ താൻ സജ്ജമാണെന്നും ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. ക്യൂബയ്ക്ക് അത്തരത്തിൽ ഒരു ഏറ്റെടുക്കലിനെ ചെറുക്കാനുള്ള കരുത്തോ വിഭവശേഷിയോ ഇല്ലെന്നും ട്രംപ് വിലയിരുത്തുന്നു. എണ്ണയടക്കം എല്ലാ അവശ്യവസ്തുക്കളുടെയും ഇറക്കുമതിക്കെതിരെ ഉപരോധം ശക്തിപ്പെടുത്തി 11 ദശലക്ഷം മാത്രം വരുന്ന ദ്വീപ് ജനതയെ കൊല്ലാക്കൊലചെയ്യുന്ന തന്റെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുടെ ക്രൂരതയെ ട്രംപ് പ്രകീർത്തിക്കുന്നു. ട്രംപ് ഭരണകൂടം വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും അദ്ദേഹത്തിന്റ പത്നിയെയും ബന്ദികളാക്കി യുഎസിന്റെ തടവിലാക്കുകയും ആ രാജ്യത്തിന്റെ എണ്ണസമ്പത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ ക്യൂബ കടുത്ത ഊർജക്ഷാമത്തെയും പ്രതിസന്ധിയെയുമാണ് അഭിമുഖീകരിക്കുന്നത്. ഉപരോധത്തെ മറികടന്ന് മെക്സിക്കോയും കാനഡയും റഷ്യയും ക്യൂബയെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ട്രംപ് നേതൃത്വം നൽകുന്ന തെമ്മാടി ഭരണകൂടത്തോട് ഏറ്റുമുട്ടിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളിലുള്ള ആശങ്കയായിരിക്കാം അവരെ തൽക്കാലത്തേക്കെങ്കിലും അതിൽനിന്നും പിന്തിരിപ്പിക്കുന്നത്.
എണ്ണയടക്കം പ്രകൃതിവിഭങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും അഭാവം ഇറക്കുമതിയിലൂടെ മാത്രം മറികടക്കാൻ നിർബന്ധിതമായ ഒരു ദ്വീപ് രാഷ്ട്രമാണ് ക്യൂബ. ദക്ഷിണ ഫ്ലോറിഡ തീരത്തുനിന്നും കേവലം 150 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതിചെയ്യുന്ന ക്യൂബ 1959 വരെയും യുഎസ് സ്വാധീനവലയത്തിലും നിയന്ത്രണത്തിലുമായിരുന്നു. 1933ൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കാർലോസ് മാനുവൽ ക്യുസാദയുടെ ഭരണകൂടത്തെ അട്ടിമറിച്ച യുഎസ് പിന്തുണയുള്ള ഫുൾജൻസിയോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ സായുധവിപ്ലവത്തിലൂടെ പുറത്താക്കിയാണ് ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ക്യൂബ നിലവിൽ വന്നത്. അന്നുമുതൽ നാളിതുവരെയും യുഎസ് ഉപരോധത്തെ അതിജീവിച്ചാണ് ക്യൂബ നിലനിന്നുപോന്നത്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും തിരോധാനത്തോടെ ക്യൂബയുടെ സാമ്പത്തിക നിലനില്പ് കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. വെനസ്വേലയിൽ ഹൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ നിലവിൽവന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള ഭരണകൂടം ക്യൂബയുടെ ഇന്ധനാവശ്യങ്ങൾ നിറവേറ്റുന്നതിൽ ഏറെ സഹായകമായി. വൈദ്യശാസ്ത്രരംഗത്തും വിദ്യാഭ്യാസരംഗത്തും മികവ് കൈവരിച്ച ക്യൂബ ആ രംഗങ്ങളിൽ വെനസ്വേലയടക്കം വിവിധ തെക്കേ അമേരിക്കൻ രാഷ്ട്രങ്ങളുമായി കൈകോർത്തു. തെക്കേ അമേരിക്കയെ തങ്ങളുടെ പിന്നാമ്പുറവും സ്വാധീനമേഖലയുമായി കണക്കാക്കി അവരുടെമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ മേൽക്കോയ്മ ഉറപ്പിച്ചിരുന്ന യുഎസിനെതിരെ സമീപകാലത്ത് ശക്തമായ ചെറുത്തുനില്പാണ് ഉയർന്നുവന്നത്.
പശ്ചിമാർധ ഗോളത്തിൽ തങ്ങളുടെ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾ സാമ്രാജ്യത്വ അധിനിവേശത്തിന്റെ അത്യന്തം അപലപനീയമായ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വെനസ്വേലൻ അധിനിവേശത്തെത്തുടർന്ന് ക്യൂബയ്ക്കെതിരായ യുഎസ് ഉപരോധം കടുപ്പിച്ചതോടെ ഒരു രാഷ്ട്രവും ജനതയും എന്ന നിലയിൽ ക്യൂബ അഭൂതപൂർവമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വൈദ്യുതി ഉല്പാദനത്തിനായി പെട്രോളിയം ഉല്പന്നങ്ങളെ ആശ്രിയിക്കുന്ന ക്യൂബയിൽ വൈദ്യുതി ഉല്പാദനം ഏതാണ്ട് പൂർണമായി നിലച്ചിരിക്കുകയാണ്. ദിവസത്തിലേറെയും വൈദ്യുതിയുടെ അഭാവം ജനജീവിതം ദുഷ്കരമാക്കിയിരിക്കുന്നു. ബ്രെഡ് അടക്കം ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനംപോലും വലിയതോതിൽ തടസപ്പെട്ടിരിക്കുന്നു. പാചകവാതകത്തിന്റെയും വൈദ്യുതിയുടെയും അഭാവത്തിൽ വീടുകളിൽ ഭക്ഷണം പാകംചെയ്യുന്നതുപോലും ശ്രമകരമായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് അവശ്യ ശസ്ത്രക്രിയകൾപോലും നിർവഹിക്കാനാവാതെ ആരോഗ്യപരിപാലന‑ചികിത്സാ മേഖലകൾ പ്രതിസന്ധിയിലാണ്. ഒഴിവാക്കാനാവാത്ത സിസേറിയൻ പോലുള്ള ശസ്ത്രക്രിയകൾ മൊബൈൽഫോൺ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിലും നിർവഹിക്കേണ്ടിവരുന്നു. ഓഫിസുകൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവൃത്തിസമയം നാമമാത്രമായി ചുരുങ്ങിരിക്കുന്നു. ഇന്ധനലഭ്യതയുടെ അഭാവത്തിൽ പൊതുയാത്രാസൗകര്യങ്ങൾ ഏതാണ്ട് നിശ്ചലമായി.
ജനങ്ങളെ പട്ടിണിക്കിട്ടും ക്ഷാമവും കൂട്ടമരണങ്ങളും സൃഷ്ടിച്ചും ഒരു ജനതയുടെ രാഷ്ട്രീയ നിശ്ചയദാർഢ്യത്തെ തകർത്ത് അവരെ ക്യൂബയിലെ സോഷ്യലിസ്റ്റ് സമൂഹത്തിനും ഭരണകൂടത്തിനും എതിരെ തിരിച്ചുവിട്ട് ‘ഭരണമാറ്റം’ സാധ്യമാക്കാമെന്ന സാമ്രാജ്യത്വ ഹീനതന്ത്രമാണ് ട്രംപ് ഭരണകൂടം പ്രയോഗിക്കുന്നത്. ഇത് ഒരു സുപ്രഭാതത്തിൽ എടുത്തുപ്രയോഗിക്കുന്ന യുദ്ധതന്ത്രമല്ല. ആറര പതിറ്റാണ്ടിലേറെയായി പ്രയോഗിച്ചുപോന്ന സാമ്രാജ്യത്വ ഉപരോധത്തിന് ആക്കംകൂട്ടിയെന്ന് മാത്രമേയുള്ളു. ലോകമെമ്പാടുമുള്ള പുരോഗമന ജനാധിപത്യ മാനവിക ശക്തികളുടെ പിന്തുണയോടെയും ഐക്യദാർഢ്യത്തോടെയും ആ ഉപരോധത്തെ നേരിടാനും അതിജീവിച്ചു മുന്നേറാനും ക്യൂബൻ ജനതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റെന്നത്തെക്കാളും ലോകജനതയുടെ പിന്തുണയും ഐക്യദാർഢ്യവും ക്യൂബ ഇന്ന് ആവശ്യപ്പെടുന്നു, അർഹിക്കുന്നു. ഒരു ജനതയെയും അവരുടെ സ്വാതന്ത്ര്യബോധത്തെയും ആത്മാഭിമാനത്തെയും മുട്ടുകുത്തിക്കാനായില്ലെങ്കിൽ തങ്ങളുടെ ആയുധ, സൈനിക ശക്തികൾ ഉപയോഗിച്ച് കീഴടക്കുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കുന്നത്. അതിനെതിരെ ലോക മനഃസാക്ഷി ഉണരണം. വിയറ്റ്നാം ജനതയുടെ പോരാട്ടവീര്യത്തോടൊപ്പം ലോകമെമ്പാടും ഉയർന്നുവന്ന ഐക്യദാർഢ്യം കൂടിയാണ് യാങ്കി സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ചത്. സാമ്രാജ്യത്വ പിന്തുണയോടെ ആഫ്രിക്കൻമണ്ണിൽ ഫണം വിടർത്തിയാടിയ വർണവിവേചനത്തിന് അന്ത്യംകുറിച്ചതിലും ലോകജനതയുടെ ഐക്യദാർഢ്യം നിർണായക പങ്കുവഹിക്കുകയുണ്ടായി. ലോകത്തെ മുഴുവൻ യുദ്ധത്തിലേക്കും ജനതകളെ അടിമത്വത്തിലേക്കും തള്ളിവിടാനുള്ള ട്രംപിന്റെ ഫാസിസ്റ്റ് തെമ്മാടിത്തത്തിനെതിരെ ലോകജനതയുടെ സ്വാതന്ത്ര്യബോധവും നീതിബോധവും തട്ടിയുണർത്തുകയെന്നത് കാലഘട്ടത്തിന്റെ സത്വര രാഷ്ട്രീയ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.