22 January 2026, Thursday

അറുതിയില്ലാത്ത ആള്‍ക്കൂട്ട ആക്രമണങ്ങള്‍

Janayugom Webdesk
September 25, 2025 5:00 am

ഗോഹത്യയുമായി ബന്ധപ്പെട്ടുള്ള മൃഗീയമായ കൊലപാതങ്ങളും കുറ്റകൃത്യങ്ങളും രാജ്യത്ത് അവസാനിക്കുന്നില്ല. മൃഗീയമായ ആക്രമണങ്ങള്‍ ആവർത്തിക്കുകയാണ്. കഴിഞ്ഞദിവസം രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് പശുസംരക്ഷകരുടെ ആക്രമണം പുറത്തുവന്നത്. കർണാടകയിൽ ബെലഗാവിയിൽ പോത്തിറച്ചിയുമായി പോവുകയായിരുന്ന വാഹനം അക്രമി സംഘം തീയിട്ടതാണ് അവസാനത്തെ സംഭവം. അതിന് ഒരുദിവസം മുമ്പ് പുറത്തുവന്നത് രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ യുവാവിനെ തല്ലിക്കൊന്ന വാര്‍ത്തയാണ്. മധ്യപ്രദേശിലെ മന്ദ്സൗർ സ്വദേശിയായ ആസിഫ് ബാബു മുൾട്ടാനിയാണ് കൊല്ലപ്പെട്ടത്. 16ന് പുലർച്ചെ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുൾട്ടാനി ആശുപത്രിയില്‍ മരിച്ചു. ഭിൽവാരയിലെ ലാംബിയ റെ‌യ്‌ല ചന്തയിൽ നിന്ന് കന്നുകാലികളെ വാങ്ങി മധ്യപ്രദേശിലേക്ക് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി ഗോരക്ഷകർ എന്ന് സ്വയംപ്രഖ്യാപിച്ച സംഘം ആക്രമിക്കുകയായിരുന്നു. പശുക്കളെ വാങ്ങിയത് വളർത്താനാണ് എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ആക്രമണം തുടർന്നതായി കൂടെയുണ്ടായിരുന്ന മൊഹ്സിൻ പൊലീസിനോട് പറഞ്ഞു. കര്‍ണാടകയില്‍ ബെലഗാവി കാഗവാഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അയിനാപൂർ ഗ്രാമത്തിലാണ് വാഹനത്തിന് തീയിട്ടത്. റായ് ബാഗിലെ മാംസ സംസ്കരണ കേന്ദ്രത്തിൽ നിന്ന് ഹൈദരാബാദിലേക്കു പോയ ലോറി പിന്തുടർന്ന് തടഞ്ഞുനിർത്തിയ ശേഷം ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ആളെയും ഗോരക്ഷാ സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് ലോറിക്ക് തീയിട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് ഗോരക്ഷാ സംഘത്തിന്റെ പരാതിയിൽ ഡ്രൈവറെയും സഹായിയെയും ഗോവധ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ ചാരോത്താറിൽ മുസ്ലിം യുവാവിന് നേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത് ജൂലെെയിലാണ്. പശുക്കടത്ത് ആരോപിച്ച് ആക്രമണം നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ തന്നെ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ 22ന് നടന്ന സംഭവത്തിന്റെ വീഡിയോ ഓഗസ്റ്റിലാണ് പുറത്തുവന്നത്. ഉമേദ് ഖാൻ ബലോജ് എന്നയാളാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ക്രൂരമായി ആക്രമിക്കുകയും ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയാേയിലുണ്ട്. 2024 ഓഗസ്റ്റ് 23നായിരുന്നു ഫരീദാബാദില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് 19 വയസുള്ള ആര്യന്‍ എന്ന വിദ്യാര്‍ത്ഥിയെ ഗോരക്ഷകര്‍ വെടിവച്ചു കൊന്നത്. 30 കിലോമീറ്റർ പിന്തുടർന്ന് വെടിവച്ച് വീഴ്ത്തുകയായിരുന്നു. 2015ൽ യുപിയിൽ ബിജെപിക്കാർ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ വീട് കയറി ആക്രമിച്ച് കൊന്നതും പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു. അന്വേഷണത്തിൽ പശുയിറച്ചിയല്ലെന്നും ആട്ടിറച്ചിയായിരുന്നുവെന്നും ബോധ്യമായി. 2017ൽ രാജസ്ഥാനിൽ കാലിക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാനെ അടിച്ച് കൊന്ന സംഭവമുണ്ടായി. പശുവിന്റെ ഇറച്ചി കഴിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ഹരിയാനയിൽ തല്ലിക്കൊന്നതും 72 കാരനായ അഷ്റഫ് അലി സയ്യിദ് ഹുസൈൻ എന്ന യാത്രക്കാരന്റെ പക്കൽ പശുമാംസം ഉണ്ടെന്ന് ആരോപിച്ച് മർദിച്ചതും ജനാധിപത്യ ഇന്ത്യയിലാണ്. 

പശുക്കളെ രക്ഷിക്കുക എന്ന ലക്ഷ്യത്തിനായി രൂപീകരിച്ചത് എന്നവകാശപ്പെടുന്ന ‘ലൈവ് ഫോർ നേഷൻ’ എന്ന തീവ്ര സംഘടനയിലെ അംഗങ്ങളാണ് ആക്രമണങ്ങള്‍ക്ക് പ്രധാനമായും നേതൃത്വം കൊടുക്കുന്ന ‘ഗോ രക്ഷകർ’ അഥവാ പശു ജാഗ്രതാ പ്രവർത്തകർ. നരേന്ദ്ര മോഡി അധികാരത്തിലേറിയ 2014 മുതല്‍ രാജ്യത്ത് ഇത്തരം ഹിന്ദു ജാഗ്രതാ സംഘങ്ങള്‍ ധാരാളമായി രൂപപ്പെട്ടു. രാജ്യത്തെ നിയമം നടപ്പിലാക്കാൻ തങ്ങൾ പൊലീസിനെ സഹായിക്കുകയാണെന്ന നിലയ്ക്കാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഭരണകൂടത്തിന്റെയും പൊലീസിന്റെയും മൗനസമ്മതവും കാണാം. ആൾക്കൂട്ടം തല്ലിച്ചതയ്ക്കുന്നതും കൊല ചെയ്യുന്നതും സംസ്ഥാനങ്ങൾ തടഞ്ഞേ തീരൂ എന്ന് 2018ല്‍ സുപ്രീം കോടതി ഉത്തരവിട്ടതാണ്. “നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്. നിയമം കൈയിലെടുക്കാൻ ഇവരൊക്കെ ആരാണ്?” അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ചോദിച്ചിരുന്നു. ആൾക്കൂട്ട അക്രമം ക്രമസമാധാന പ്രശ്നമാണ്, ക്രമസമാധാനം ഉറപ്പു വരുത്തേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. തുടര്‍ന്ന് പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ തടയാൻ എല്ലാ സംസ്ഥാനങ്ങളും നോഡൽ ഓഫിസറെ വയ്ക്കണമെന്ന നിർദേശം പാലിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെടുകയും ചെയ്തു. കോടതി നിർദേശമുണ്ടായിട്ടും ആൾക്കൂട്ട കൊല തുടർന്നു. ഇപ്പോഴും തുടരുന്നു. നിയമസംവിധാനത്തിന്റെ തകർച്ചമാത്രമല്ല ഇവിടെ പ്രകടമാകുന്നത്. നിയമത്തെ വിവേചനപരമായി ഉപയോഗിച്ച് മുതലെടുപ്പ് നടത്താൻ നിയമസംവിധാനത്തെ ഒരുവിഭാഗം തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് മാറ്റുന്നതാണ്. ഭരിക്കുന്നവരും നിയമം പാലിക്കേണ്ടവരും നൽകുന്ന നിശബ്ദപിന്തുണയാണ് ആൾക്കൂട്ട ആക്രമണങ്ങൾക്ക് പിന്നിലെ ധൈര്യം. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.