
മാതൃരാജ്യം കുരുന്നുകളിൽ ഭയം കലർത്തിയിരിക്കുന്നു. കൊടിയ ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും പിടിയിലാണ് ശൈശവം. ഭരണകൂടം ഇക്കാര്യം ഏറ്റുപറയുന്നതും ഉച്ചത്തിലാണ്. കുറ്റസമ്മതം ഔദ്യോഗികവുമാണ്. കണക്കുകളും വ്യവസ്ഥകളും വേദനാജനകമായ ഈ സ്ഥിതിവിവരങ്ങളെ ഉറപ്പിക്കുന്നു. “ഭൂമിയിലെ അവസാന ശിശുവിന്റെ വിശപ്പടക്കുന്നതുവരെ വിശ്രമിക്കില്ല” മഹാനായ മാക്സിം ഗോർക്കിയുടെ പ്രഖ്യാപനം ഒരു നൂറ്റാണ്ടിലേറെ മുമ്പായിരുന്നു. എന്നാൽ ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 37% പേർ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി വനിതാ-ശിശു വികസന സഹമന്ത്രി വിശദീകരിച്ചു. പോഷഹാരക്കുറവിന്റെയും വളർച്ചാ മുരടിപ്പിന്റെയും കണക്കുകൾ പരിശോധിച്ചാൽ ഉത്തർപ്രദേശ് 48.83 ശതമാനത്തിന്റെ നാണക്കേടിലാണ്. തൊട്ടുപിന്നാലെ ഝാർഖണ്ഡ് (43.26%), ബിഹാർ (42.68%), മധ്യപ്രദേശ് (42.09%) എന്നിങ്ങനെ തലതാഴ്ത്തി നിൽക്കുന്നു. പോഷൻ ട്രാക്കറിൽ രജിസ്റ്റർ ചെയ്ത അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 37.07% കുട്ടികളിൽ വളർച്ചാമുരടിപ്പ് കണ്ടെത്തി. 15.93% പേർക്ക് ഭാരക്കുറവും, 5.46% പേർക്ക് ഉയരത്തിന് ആനുപാതികമായ തൂക്കമില്ലായ്മയും ഉള്ളതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
നവജാത ശിശുക്കളിൽ ജനിച്ച് 28 ദിവസത്തിനുള്ളിൽ മരിക്കുന്ന ശിശുക്കളുടെ കണക്ക് ശരാശരി 19 ശതമാനമാണ്. ദേശീയ ശരാശരിയാണിത്. അസമിൽ ഇത് 22, ഛത്തീസ്ഗഢിൽ 27, മധ്യപ്രദേശിൽ 29, ഒഡിഷയിൽ 23, ഉത്തർപ്രദേശിൽ 27 % വീതമാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനം തിരിച്ചുള്ള വിശദാംശങ്ങൾ തിട്ടപ്പെടുത്തുമ്പോൾ ദേശീയ ശരാശരി 30 ശതമാനമാണ്. അസമിൽ ഇത് 35 ശതമാനമാകും. ഛത്തീസ്ഗഢിൽ 41 ശതമാനവും. ഹരിയാനയിൽ 31 ശതമാനവുമാണ്. മധ്യപ്രദേശിൽ 47% കവിയുന്നു. ഒഡിഷയിൽ 37 ശതമാനവും രാജസ്ഥാനിൽ 35 ശതമാനവും യുപിയിൽ 42 ശതമാനവുമാണ്. വളർച്ചാമുരടിപ്പ് നേരിടുന്ന കുട്ടികളെ സാധാരണ ജീവിതം നയിക്കുന്ന കുട്ടികളുമായി താരതമ്യപ്പെടുത്തിയാൽ അവരുടെ മസ്തിഷ്കം വേണ്ടത്ര വികസിക്കുന്നില്ല എന്നു പഠനങ്ങൾ ആവർത്തിക്കുന്നു. അവർക്ക് ഒരിക്കലും വളർച്ചയുടെ മികവിലെത്താൻ കഴിഞ്ഞേക്കില്ല. തലച്ചോറ് ഒരിക്കലും പൂർണമായ വൈജ്ഞാനികശേഷി നേടുന്നില്ല. 2024ൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 6.6% പേർക്ക് ക്ഷീണവും 1.9% പേർക്ക് ഗുരുതരമായ ബലഹീനതയും അനുഭവപ്പെട്ടു. രാജ്യാന്തരതലത്തിലുള്ള കണക്കാണിത്. ഇത് യഥാക്രമം 42.8 ദശലക്ഷവും 12.2 ദശലക്ഷവും ആണ്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളിൽ രോഗപ്രതിരോധശേഷി കുറയുന്നു. ദീർഘകാല വികസനത്തിനുള്ള സാധ്യതകൾ ഇവരിൽ മങ്ങിയ നിലയിലാണ്. മരണ സാധ്യതയും വർധിക്കുന്നു.
പോഷകാഹാരക്കുറവ് കുട്ടികളുടെ അവകാശങ്ങളെ ലംഘിക്കുന്നു. പോഷകാഹാരം ഉറപ്പാക്കി വളരാനും വികസിക്കാനും പഠിക്കാനും അങ്ങനെ പൂർണശേഷി കൈവരിക്കാനുമുള്ള പാതയിലേക്ക് നയിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രതിസന്ധി നേരിടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയാണ് മുമ്പന്തിയിലെന്ന് വിവരങ്ങൾ അടിവരയിടുന്നു. യുനിസെഫ്, ലോകാരോഗ്യ സംഘടന, ലോകബാങ്ക് ഗ്രൂപ്പ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിൽ ദക്ഷിണേഷ്യയെ ആഗോള ശിശു പോഷകാഹാരക്കുറവ് പ്രതിസന്ധിയുടെ പ്രഭവകേന്ദ്രമായി പ്രഖ്യാപിച്ചു. “ജോയിന്റ് ചൈൽഡ് മാൽന്യൂട്രിഷൻ എസ്റ്റിമേറ്റ്സ് (ജെഎംഇ)” റിപ്പോർട്ടിന്റെ 2025 പതിപ്പിന്റെ കണ്ടെത്തലും ഇത് സ്ഥിരീകരിക്കുന്നു. ഇത്തരം റിപ്പോർട്ടുകൾ ദക്ഷിണേഷ്യയെക്കുറിച്ചുള്ള ഒരു ഭയാനകമായ ചിത്രം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെ ചുറ്റുമുള്ള രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി പോഷകാഹാരക്കുറവ് മൂലം അപകടത്തിലായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ദുരവസ്ഥകൾ കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവുമായ വികാസം മുരടിപ്പിക്കും. 2024ൽ, ദക്ഷിണേഷ്യയിൽ 13.6% കുട്ടികളിൽ ഉയരത്തിനൊത്ത് ഭാരമില്ലാത്ത പ്രവണത രേഖപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും പിന്നാക്ക സ്ഥിതിയെ ഇത് വിളിച്ചുപറയുന്നു. ദക്ഷിണേഷ്യയിൽ അഞ്ച് വയസിന് താഴെയുള്ള 24.4 ദശലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്ന് കണക്കുകൾ ആവർത്തിക്കുന്നു. ആഗോളതലത്തിൽ പോഷകാഹാരക്കുറവ് ബാധിക്കുന്ന 42.8 ദശലക്ഷം കുട്ടികളിൽ പകുതിയിലധികം പേരും ഇവിടെ ഉൾപ്പെടുന്നു. പോഷകാഹാരക്കുറവിനും ഭാരക്കുറവിനുമൊപ്പം വളർച്ചാമുരടിപ്പിന്റെ വലിയ ഭാരവുമായി ദക്ഷിണേഷ്യ കിതയ്ക്കുകയാണ്. ജോയിന്റ് ചൈൽഡ് മാൽന്യൂട്രിഷൻ എസ്റ്റിമേറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ വളർച്ചാമുരടിപ്പ് ബാധിച്ച അഞ്ച് കുട്ടികളിൽ രണ്ട് പേർ ഈ മേഖലയിലാണ്.
ഇന്ത്യയിലെ സ്ത്രീകളിൽ ഗണ്യമായ വിഭാഗം പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്ന യാഥാർത്ഥ്യവും ഗൗരവത്തോടെ രാജ്യത്തെ തുറിച്ചുനോക്കുന്നു. പോഷകാഹാരക്കുറവുള്ള സ്ത്രീകൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ സാധ്യതയില്ല. പോഷകാഹാരക്കുറവ് വ്യക്തികൾക്കും സമൂഹത്തിനും ദീർഘകാല നാശമുണ്ടാക്കുന്നു. പ്രതിരോധശേഷിയുടെ അഭാവം സ്ത്രീകളിലും കുട്ടികളിലും ന്യുമോണിയ, ക്ഷയം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾക്ക് ഇരയാക്കുന്നു. ഇത് ഉയർന്ന മരണനിരക്കിലേക്ക് നയിക്കുന്നു. പോഷകാഹാരക്കുറവ് അനാരോഗ്യത്തിന് വഴിയൊരുക്കുന്നതിലൂടെ വരുമാന ശേഷി മെച്ചപ്പെടുത്താനാവാതെ ജനത ദുരിതത്തിലാഴ്ന്നിരിക്കുന്നു. ഇന്ത്യയുടെ ജിഡിപിയിൽ 2013 മുതൽ 50% വർധനവ് ഘോഷിക്കുമ്പോഴും ലോകത്തിലെ പോഷകാഹാരക്കുറവുള്ള കുട്ടികളിൽ മൂന്നിലൊന്നിൽ കൂടുതൽ ഇന്ത്യയിലാണ് താമസിക്കുന്നത്. ഇതിൽ, മൂന്ന് വയസിന് താഴെയുള്ള കുട്ടികളിൽ പകുതിയും ഭാരക്കുറവുള്ളവരാണ്. സമൂഹത്തിലെ അസമത്വത്തിനെതിരായ പോരാട്ടത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ് പോഷകാഹാരക്കുറവിനെതിരായ പോരാട്ടം. വർഗ വിഭജിത സമൂഹത്തിന്റെ പ്രധാന സവിശേഷതകളാണ് ദാരിദ്ര്യവും പട്ടിണിയും. ചൂഷണമാണ് വലിയ അനീതിയുടെ പ്രധാന കാരണം. ചൂഷണം സാധാരണജനതയെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്നു. പോഷകാഹാരക്കുറവുൾപ്പെടെ ഇല്ലായ്മയുടെ വിവിധ തട്ടുകളിൽ ബന്ധിക്കപ്പെട്ട ജനതയുടെ മുന്നിൽ വിഭജിക്കപ്പെട്ട സമൂഹം തീർക്കാനുള്ള ഭരണകൂട പരിശ്രമമാകട്ടെ കടുത്ത വെല്ലുവിളികൾക്ക് കാരണമാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.