
ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുന്നു. മികച്ച തുടക്കമായിരുന്നു പാകിസ്ഥാൻ കാഴ്ചവച്ചതെങ്കിലും ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 147 റൺസ് എന്ന വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. ഒന്നാം വിക്കറ്റിൽ 84 റൺസാണ് സാഹിബ്സാദ, ഫഖർ സമാൻ കൂട്ടുകെട്ട് അടിച്ചെടുത്തത്. പിന്നീട് ഇന്ത്യൻ സ്പിന്നർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പാകിസ്ഥാൻ തകരുകയായിരുന്നു. ഫെെനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്പിച്ചാണ് ഏഷ്യാ കപ്പിൽ ഇന്ത്യ ഒമ്പതാം തവണയും മുത്തമിട്ടത്. എല്ലാംകൊണ്ടും മികച്ച മത്സരം കാഴ്ചവച്ചായിരുന്നു ഇന്ത്യ കപ്പടിച്ചത് എന്നതിനാൽ ഈ വിജയത്തിന് ആധികാരതയേറെയാണ്. 19.1 ഓവറിൽ 146 റണ്ണിനാണ് പാകിസ്ഥാനെ ഇന്ത്യ പുറത്താക്കിയത്. മറുപടിക്കെത്തിയ ഇന്ത്യക്ക് അഭിഷേക് ശർമയെ (5) രണ്ടാം ഓവറിൽ നഷ്ടമായി. അഞ്ച് റണ്‍സ് മാത്രമായിരുന്നു അഭിഷേകിന്റെ സംഭാവന. ഒരു റണ്ണുമായി പുറത്തായ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിരാശപ്പെടുത്തി. 12 റൺസെടുത്ത ശുഭ്മാൻ ഗില്ലും പുറത്തായതോടെ നാലോവറിൽ 20 റണ്ണെന്ന നിലയിൽ പതറിയ ഇന്ത്യയെ തിലകും സഞ്ജുവും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. 21 പന്തിൽ 24 റണ്ണെടുത്ത സഞ്ജു സ്കോർ 77ൽ നിൽക്കെ പുറത്തായെങ്കിലും തിലകും ശിവം ദുബെയും 22 പന്തിൽ 33 റൺസെടുത്ത് ജയം നിശ്ചയിക്കുകയായിരുന്നു. 19–ാം ഓവറിൽ ദുബെ പുറത്താകുമ്പോൾ 10 റൺ അകലെയായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറിന്റെ രണ്ടാം പന്തിൽ തിലക് സിക്സർ പറത്തിയതോടെ വിജയം ഉറപ്പാകുകയായിരുന്നു.
ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ തുടക്കത്തിൽ കളികൾ കളികളാകട്ടെ; യുദ്ധമാകാതിരിക്കട്ടെ എന്ന പേരിൽ ഇതേ കോളത്തിൽ എഴുതിയിരുന്നു. അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുകയും ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാൻ നിലപാടിന്റെ പേരിൽ അവരുമായുള്ള ക്രിക്കറ്റിനെ ഭൂതന്ത്ര രാഷ്ട്രീയത്തിന്റെ ഉപാധിയാക്കുന്നതിന് വലതുപക്ഷ സംഘടനകളുടെ ശ്രമമുണ്ടായതിനാലാണ് അങ്ങനെയെഴുതേണ്ടിവന്നത്. എന്നാ ൽ കളിവിജയത്തെയും രാഷ്ട്രീയ നേട്ടത്തിനായുപയോഗിക്കുകയെന്ന ഹീനതന്ത്രമാണ് കേന്ദ്രഭരണ രാഷ്ട്രീയത്തിൽ നിന്നും തീവ്ര ഹിന്ദുത്വ വലതുപക്ഷ സംഘടനകളിൽ നിന്നുമുണ്ടായിരിക്കുന്നത്. തങ്ങൾക്ക് വിയോജിപ്പുള്ളവരിൽ നിന്ന് അംഗീകാരം വാങ്ങാതിരിക്കുകയെന്നത് പുതിയ പ്രതിഷേധരൂപമാണ്. അടുത്തിടെ സമാനമായ സമീപനങ്ങൾ പലരിൽ നിന്നും ഉണ്ടായിട്ടുണ്ട്. തമിഴ്‍നാട് ഗവർണറിൽ നിന്ന് കൊൺവൊക്കേഷൻ സ്വീകരിക്കില്ലെന്ന് തീരുമാനിച്ച യുവതി കഴിഞ്ഞ മാസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇത്തവണത്തെ ക്രിക്കറ്റ് വിജയവേളയിൽ ഇന്ത്യൻ ടീമും സമാനസമീപനം തീരുമാനിച്ചത് അവരുടെ നിലപാടിന്റെ കരുത്താണ്. എന്നാൽ ഇന്ത്യ വാങ്ങാതിരുന്ന പുരസ്കാരങ്ങൾ നൽകാതെ തിരികെക്കൊണ്ടുപോയ നടപടി അംഗീകരിക്കാവുന്നതല്ല. ഇന്ത്യക്ക് അർഹതപ്പെട്ടതുതന്നെയാണ്. അത് നൽകാതിരിക്കുന്നത് അവരുടെ അല്പത്തമാണ് വ്യക്തമാക്കുന്നത്.
ഇത് പറയുമ്പോഴും ഈ വിജയത്തെ സമ്പൂർണമായും രാഷ്ട്രീയവൽക്കരിക്കാനാണ് ബിജെപി ശ്രമമെന്നത് അപലപനീയമാണ്. പാകിസ്ഥാനെതിരായ ക്രിക്കറ്റ് വിജയത്തെ ഓപ്പറേഷൻ സിന്ദൂറിനോട് താരതമ്യം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി പോലും. കളിക്കളത്തിൽ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ, ഫലം അതുപോലെതന്നെ ഇന്ത്യയുടെ വിജയമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരും സമാന ചിന്തയാണ് പങ്ക് വച്ചിരിക്കുന്നത്. പ്രധാനമന്ത്രി പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഇത്തരം സമീപനം. കളിയെ സൗഹാർദവും സാഹോദര്യവും വിളക്കിച്ചേർക്കുന്നതിനുള്ള ഉപാധിയാക്കുന്നതിനാണ് സമൂഹം ശ്രമിക്കാറുള്ളത്. ദീർഘകാല വൈരികൾപോലും കളിക്കളത്തിൽ മത്സരിക്കുന്നത് പ്രതികാര ബുദ്ധിയോടെയല്ല. മറിച്ച് കളിമര്യാദകൾ പാലിച്ചും കഴിവ് തെളിയിച്ചും ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ അവിടെയും വിദ്വേഷം വമിപ്പിക്കുന്ന സമീപനമാണ് ബിജെപി നേതാക്കളിൽ നിന്നും സംഘ്പരിവാർ സമൂഹ മാധ്യമ പ്ലാറ്റ്ഫോമികളിലും നിറയുന്നത്. രണ്ട് വിധത്തിലാണ് ഈ നിലപാടിനെതിരെ പ്രതികരണമുണ്ടായിരിക്കുന്നത്. ഒന്ന് കളിയെ രാഷ്ട്രീയമാക്കരുത് എന്നതുതന്നെ. എന്നാൽ രണ്ടാമത്തെ പ്രതികരണമാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. നമ്മുടെ സൈനികർ ജീവൻ ബലിയർപ്പിച്ച ഓപ്പറേഷൻ സിന്ദൂറുമായി ഒരു ക്രിക്കറ്റ് വിജയത്തെ തുലനം ചെയ്യുന്നത് അങ്ങേയറ്റം അനാദരവാണെന്നതാണ് അത്. ഇത് വെറും വൈകാരികതയല്ല, മറിച്ച് സൈനികരുടെ പരമോന്നത ത്യാഗത്തെ ഒരു രാഷ്ട്രീയ മുദ്രാവാക്യമാക്കി ചുരുക്കലാണെന്ന് എക്സിൽ പലരും കുറിച്ചിട്ടുണ്ട്. കളിയെയും സംസ്കാരത്തെയും രാഷ്ട്രീയവിദ്വേഷത്തിന്റെ ഉപാധിയാക്കി മാറ്റുകയെന്ന കുതന്ത്രത്തിന്റെ ഭാഗമാണ് സംഘ്പരിവാര്‍ നടപടി.
പാക് വിരോധത്തെ ഇന്ത്യയിലെ ദരിദ്ര, നിരക്ഷര ജനതയുടെ മുന്നിൽ പ്രതിഷ്ഠിച്ച് മസ്തിഷ്ക പ്രക്ഷാളനം നടത്തുകയും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങൾ നേടുകയും ചെയ്യുകയെന്ന തികച്ചും സങ്കുചിതമായ മനോഭാവമാണ് ഇതിലൂടെ പ്രകടമാകുന്നത്. പാകിസ്ഥാൻ കാട്ടിയ അല്പത്തത്തെ നേരിടേണ്ടത് ഇത്തരം സമീപനത്തിലൂടെയല്ല. അതുകൊണ്ട് കളിവിജയത്തെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കരുതെന്നാണ് രാജ്യവും ലോകവും ആഗ്രഹിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.