5 December 2025, Friday

Related news

December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025

വ്യര്‍ത്ഥമാകുന്ന വെടിനിര്‍ത്തല്‍

Janayugom Webdesk
November 22, 2025 5:00 am

ലസ്തീനെതിരായ രണ്ടുവര്‍ഷം നീണ്ട വംശഹത്യ‌ക്ക് അവസാനമാകുമെന്ന പ്രതീക്ഷയോടെയാണ് കഴിഞ്ഞ മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ലോകം ശ്രവിച്ചത്. 2023 ഒക്ടോബര്‍ എട്ടിനായിരുന്നു പലസ്തീനുമേല്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ഹമാസിന്റെയും ചില ഭീകര സംഘടനകളുടെയും കടന്നാക്രമണത്തിന്റെ പ്രതികാരമെന്ന് ന്യായീകരിച്ചായിരുന്നു ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. അതുവരെയുണ്ടായിരുന്ന ആക്രമണ പ്രത്യാക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി പലസ്തീനും ഗാസയ്ക്കും നേരെയുള്ള വംശഹത്യയായി അത് മാറുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച്, ഒക്ടോബര്‍ ആദ്യം നിലവില്‍ വന്ന വെടിനിര്‍ത്തലിനിടെ ഏറ്റവുമധികം നാശങ്ങളുണ്ടായത് പലസ്തീനിലും ഗാസയിലുമായിരുന്നു. ഹമാസിന്റെ ആക്രമണങ്ങളില്‍ ഇസ്രയേലികളും വിദേശ പൗരന്മാരുമടക്കം രണ്ടായിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 250ലധികം പേരെ ബന്ദിയാക്കുകയും ചെയ്തെങ്കില്‍ പ്രതികാര ആക്രമണങ്ങളില്‍ 70,000ത്തോളം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അവരില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമായിരുന്നു. 17,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധത്തിന്റെ രീതിശാസ്ത്രങ്ങളും വ്യവസ്ഥകളുമെല്ലാം ലംഘിച്ചുള്ള ആക്രമണങ്ങളാണ് പലസ്തീനുനേരെ ഇസ്രയേല്‍ നടത്തിയത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും ഖബര്‍സ്ഥാനുകളും മാത്രമല്ല, അഭയകേന്ദ്രങ്ങളും ദുരിതബാധിതര്‍ക്ക് ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യുന്ന സഹായകേന്ദ്രങ്ങള്‍ക്കുനേരെ പോലും വ്യോമ, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി പൗരന്മാരെ വധിക്കുന്ന ഹീനകൃത്യങ്ങളും കുട്ടികളെയും സ്ത്രീകളെയും കണ്ടെത്തി കൊല്ലുന്ന നിഷ്ഠൂരതകളുമുണ്ടായി. തടവിലായവര്‍ നേരിട്ട ക്രൂരതകള്‍ വെടിനിര്‍ത്തലിനുശേഷം അവര്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പലതവണ ബലാത്സംഗത്തിനിരയായതിന്റെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ യുവതികളും അമ്മമാര്‍ പോലുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. ആദ്യദിനം തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും അവളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയതായി കഴിഞ്ഞയാഴ്ച പുറത്തുവന്ന പലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമെന്‍ റൈറ്റ്സി (പിസിഎച്ച്ആര്‍)ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനോവീര്യം തകര്‍ക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നിര്‍ബന്ധിച്ച് വിവസ്ത്രരാക്കല്‍, അവയുടെ ചിത്രീകരണം, വസ്തുക്കളും നായ്ക്കളെയും ഉപയോഗിച്ചുള്ള ലൈംഗികാതിക്രമം എന്നിവ പോലുമുണ്ടായെന്നാണ് പിസിഎച്ച്ആര്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

പലസ്തീന്‍ അധിനിവേശം മാത്രമല്ല, വംശഹത്യകൂടി ലക്ഷ്യംവച്ചാണ് ഇസ്രയേലിന്റെ ആക്രമണമെന്നാണ് സാഹചര്യങ്ങളെല്ലാം വ്യക്തമാക്കിയത്. നിര്‍ബന്ധിത വെടിനിര്‍ത്തല്‍പോലും യുദ്ധവേളയില്‍ പാലിക്കപ്പെട്ടില്ല. 2023 നവംബറിൽ ഒരു താൽക്കാലിക വെടിനിർത്തലുണ്ടായെങ്കിലും പരാജയപ്പെട്ടു. 2025 ജനുവരിയിൽ രണ്ടാമത്തെ വെടിനിർത്തൽ ഇസ്രയേൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെ മാർച്ച് മാസത്തില്‍ അവസാനിച്ചു. രണ്ടുവര്‍ഷം നീണ്ട യുദ്ധം പലസ്തീനിലും പരിസരങ്ങളിലും മാത്രമല്ല, മേഖലയിലാകെ അശാന്തി വിതയ്ക്കുന്നതായി. യുഎസും സഖ്യകക്ഷികളും ഇസ്രയേല്‍ പക്ഷംചേര്‍ന്നാണ് നിലകൊണ്ടതെങ്കിലും ആ രാജ്യങ്ങള്‍ക്കകത്തും യുദ്ധവിരുദ്ധ വികാരം ശക്തമായി. ജനങ്ങള്‍ എത്രയോ തവണ അതാതിടങ്ങളിലെ സര്‍ക്കാരുകളുടെ ഇസ്രയേല്‍ അനുകൂല നിലപാടുകള്‍ക്കെതിരെ തെരുവിലിറങ്ങി. ആഫ്രിക്ക നല്‍കിയ ഹര്‍ജിയില്‍ 2024 നവംബര്‍ 21ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുൻ പ്രതിരോധ മേധാവി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ഡെയ്ഫ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുണ്ടായി. ഹര്‍ജിയെ മലേഷ്യ, തുര്‍ക്കിയ, ജോര്‍ദാന്‍, ബൊളീവിയ, മാലദ്വീപ്, നമീബിയ, പാകിസ്ഥാന്‍, കൊളംബിയ, അറബ് രാഷ്ട്ര കൂട്ടായ്മ, ബ്രസീല്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. ഈ വിധത്തില്‍ ലോകത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും ആക്രമണങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു ഇസ്രയേല്‍. 

ലോകമാകെ യുദ്ധവിരുദ്ധ വികാരങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടാകുകയും ഒക്ടോബര്‍ ആദ്യം പ്രാബല്യത്തിലാകുകയും ചെയ്തത്. എന്നാല്‍ ഒരുമാസത്തിലധികം പിന്നിടുമ്പോഴും അത് പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്നില്ലെന്നാണ് മേഖലയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച ഖാന്‍യൂനിസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലുപേര്‍ മരിച്ചു. വീടുകള്‍ക്കുനേരെയും ഇവിടെ ആക്രമണമുണ്ടായി. അതിനു മുമ്പ് ലെബനനിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം ഇതുവരെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് 400ലധികം ലംഘനങ്ങളും തല്‍ഫലമായി 300ലധികം മരണങ്ങളുമുണ്ടായെന്നാണ് പലസ്തീന്റെ ഔദ്യോഗിക വിശദീകരണം. ഹമാസിന്റെ സാന്നിധ്യം, ഭീകരപ്രവര്‍ത്തനം എന്നീ പേരുകള്‍ പറഞ്ഞ് അതിക്രമങ്ങള്‍ അനുസ്യൂതം തുടരുകയാണവര്‍. ഈ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതിനും പലസ്തീനിലും അതുവഴി മേഖലയിലും പുലരുമെന്ന് പ്രതീക്ഷിച്ച സമാധാനാന്തരീക്ഷം കൈവരിക്കുന്നതിനും യു എസും മധ്യസ്ഥം വഹിച്ച രാജ്യങ്ങളും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയും സ്വസ്ഥത ആഗ്രഹിക്കുന്ന ജനങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.