15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026

അസ്വസ്ഥമായ അയല്‍പ്പക്കം നല്‍കുന്ന പാഠം

Janayugom Webdesk
September 10, 2025 5:00 am

നേപ്പാളിൽ ഏതാനും ദിവസങ്ങളായി വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. അഴിമതി ആരോപണത്തെത്തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ രാജി ആവശ്യപ്പെട്ടാണ് യുവജനങ്ങള്‍ (ജെൻ സി) തെരുവിലിറങ്ങിയത്. ഭരണകൂടത്തിന്റെ അഴിമതി പ്രചരിപ്പിക്കുന്നതിന് തടയിടാന്‍ ദേശീയ സുരക്ഷയുടെ പേരിൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം 26 സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതിനെ തുടർന്നാണ് പ്രതിഷേധം തുടങ്ങിയത്. പൊലീസ് വെടിവയ്പില്‍ 19 പേർ കൊല്ലപ്പെടുന്നതിനും പ്രധാനമന്ത്രിയുടെ രാജിയിലുമെത്തിയ പ്രക്ഷോഭം ഇതെഴുതുമ്പോഴും കെട്ടടങ്ങിയിട്ടില്ല. ഭക്തപൂരിലെ ബാൽക്കോട്ടിലുള്ള ശർമ്മ ഒലിയുടെ വസതിക്ക് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ വെടിവയ്പില്‍ രണ്ട് പേർക്ക് പരിക്കേറ്റു. പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ വീട്ടിലേക്കും പ്രതിഷേധക്കാർ ഇരച്ചുകയറി. സ്ഥാനം രാജിവച്ച ശർമ്മ ഒലി രാജ്യം വിടാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദ്യൂബ, നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പുഷ്പകമാൽ ദഹൽ എന്നിവരുടെ വീടുകളും അഗ്നിക്കിരയാക്കി. ദ്യൂബയുടെ ഭാര്യയും വിദേശകാര്യ മന്ത്രിയുമായ അർസു ദ്യൂബ റാണയുടെ ഉടമസ്ഥതയിലുള്ള സ്കൂളിനും തീയിട്ടു. കാഠ്‌മണ്ഡുവിലും പരിസര പ്രദേശങ്ങളിലുമുള്ള രാഷ്ട്രീയ നേതാക്കളുടെ വസതികൾ ആക്രമിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധക്കാർ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ദേശവ്യാപകമായി ജനം തെരുവിലിറങ്ങിയതോടെ ഭരണകൂടം സമൂഹമാധ്യമ നിരോധനം പിൻവലിച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ക്കല്ല, അഴിമതിക്കാണ് വിലക്കേര്‍പ്പെടുത്തേണ്ടത് എന്ന ആവശ്യവുമായി യുവാക്കള്‍ പ്രതിഷേധം തുടരുകയാണ്.

ഇന്ത്യയുടെ മിക്ക അയൽരാജ്യങ്ങളും സമീപ വർഷങ്ങളിലായി വലിയ രാഷ്ട്രീയ അസ്വസ്ഥതകൾ നേരിടുകയാണ്. സർക്കാരുകളെ വെല്ലുവിളിക്കുന്ന രീതിയില്‍ വളര്‍ന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഭരണകൂടങ്ങളെത്തന്നെ അട്ടിമറിക്കുന്ന സ്ഥിതിയെത്തി. പാകിസ്ഥാൻ ഏറെക്കാലമായി രാഷ്ട്രീയ അസ്ഥിരതയും സുരക്ഷാ വെല്ലുവിളികളും നേരിടുന്നു. തെഹ്‌രിക്-ഇ‑താലിബാൻ പാകിസ്ഥാൻ (ടിടിപി) പോലുള്ള സംഘങ്ങള്‍ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലും ബലൂചിസ്ഥാനിലും ആക്രമണങ്ങൾ പതിവാക്കിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഉയർന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുറഞ്ഞുവരുന്ന കരുതൽ ശേഖരം, ഐഎംഎഫ് ആശ്രിതത്വം, കാലാവസ്ഥാ ദുരന്തങ്ങൾ, മാധ്യമ നിയന്ത്രണങ്ങള്‍, രേഖകളില്ലാത്ത അഫ്ഗാനികളെ നാടുകടത്തല്‍ എന്നിവയാണ് സംഘർഷങ്ങൾ വര്‍ധിക്കാന്‍ കാരണമായത്. 2024 ഓഗസ്റ്റിൽ, ബഹുജന പ്രതിഷേധങ്ങളെത്തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവച്ചു. അഴിമതിയും സ്വേച്ഛാധിപത്യവും സംബന്ധിച്ച ആരോപണങ്ങളാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ സ്ഥാപിതമായെങ്കിലും രാഷ്ട്രീയ സാഹചര്യം അസ്ഥിരമായി തുടരുന്നു. മ്യാൻമറിലും ആഭ്യന്തര സംഘർഷം, പ്രത്യേകിച്ച് ചിൻ സംസ്ഥാനത്ത് രൂക്ഷമാണ്. 2021ലെ സൈനിക അട്ടിമറിക്ക് ശേഷം 65,000ത്തിലധികം അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പലായനം ചെയ്തു. യുഎസും സഖ്യകക്ഷികളും രാജ്യത്ത് നിന്ന് പിൻവാങ്ങിയതോടെ താലിബാൻ ഭരണത്തിലായ അഫ്ഗാനിസ്ഥാനില്‍, താലിബാൻ, ഐസിസ് — കെ, താലിബാൻ വിരുദ്ധ റിപ്പബ്ലിക്കൻ വിമതർ എന്നിവർ തമ്മിലുള്ള സംഘർഷം തുടരുന്നു. 2022ൽ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായ ശ്രീലങ്കയില്‍ ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ ദൗർലഭ്യവും കുതിച്ചുയരുന്ന പണപ്പെരുപ്പവും ജനങ്ങളെ തെരുവിലിറക്കി. പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്കും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്കും രാജിവച്ച് പലായനം ചെയ്യേണ്ടിവന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരമുന അധികാരത്തിലെത്തി. 

നേപ്പാളിലെ ജെൻ സി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്. അയല്‍രാജ്യത്തെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യുവാക്കൾ കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അസ്വസ്ഥമായ അയല്‍പ്പക്കം നമ്മുടെയും സ്വാസ്ഥ്യം നശിപ്പിക്കും. അതുകൊണ്ടുതന്നെ അവിടെ സമാധാനം പാലിക്കാന്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചുകൊണ്ട് കഴിയാവുന്നത് ചെയ്യാന്‍ രാജ്യം തയ്യാറാവണം. ഒപ്പം അസ്വസ്ഥതകളുടെയും ജനരോഷത്തിന്റെയും കാരണം എന്തെന്ന് തിരിച്ചറിയുകയും വേണം. തൊഴിലില്ലായ്മയും മാധ്യമ നിയന്ത്രണങ്ങളും രേഖകളില്ലാത്തതിന്റെ പേരില്‍ ചില വിഭാഗങ്ങളെ നാടുകടത്തലുമെല്ലാം സംഘർഷങ്ങളുടെ കാരണമാണ്. അഭിപ്രായ സ്വാതന്ത്ര്യമല്ല, അഴിമതിയും കെടുകാര്യസ്ഥതയുമാണ് നിയന്ത്രിക്കേണ്ടത് എന്ന നേപ്പാള്‍ ജനതയുടെ മുദ്രാവാക്യം ഏത് ഭരണകൂടത്തിനും ബാധകമാണ്.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.