21 January 2026, Wednesday

ജനാഭിലാഷം ഉൾക്കൊണ്ട പ്രകടന പത്രിക

Janayugom Webdesk
November 19, 2025 5:00 am

സംസ്ഥാനത്ത് പ്രാദേശിക വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളുടെയും നായകത്വം വഹിക്കുന്ന ഭരണ സംവിധാനമാണ് ത്രിതല പഞ്ചായത്തുകള്‍. സർക്കാർ ആവിഷ്കരിക്കുന്നതും പ്രാദേശിക തലത്തിൽ വിഭാവനം ചെയ്യുന്നതുമായ എല്ലാ പദ്ധതികളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിലെത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, നഗരസഭ, കോർപറേഷനുകൾ എന്നിങ്ങനെ അധികാരം താഴേത്തട്ടിലേക്ക് വിഭജിച്ചുനൽകിയതിന്റെ ഫലമായി നിലവിൽവന്ന പ്രാദേശിക ഭരണസംവിധാനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഫലപ്രദമായും ജനോപകാരപ്രദമായും പ്രവർത്തിച്ചുവരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലൂടെ അധികാര വികേന്ദ്രീകരണമെന്ന ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരുകൾ എല്ലാ കാലത്തും പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണസംവിധാനങ്ങളുടെ സഹകരണത്തോടെ നിരവധി ലോകോത്തര നേട്ടങ്ങൾ സംസ്ഥാനം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. സമ്പൂർണ സാക്ഷരത നേടുന്നതിനുള്ള മഹത്തായ യജ്ഞം വിജയത്തിലെത്തിച്ചത്, അന്നത്തെ എൽഡിഎഫ് സർക്കാർ പ്രാദേശിക സർക്കാരുകളുടെയും സാമൂഹ്യ — സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയിലൂടെയായിരുന്നു. പിന്നീട് തദ്ദേശ ഭരണ സ്ഥാപന പദ്ധതി രൂപീകരണവും സർക്കാർ ക്ഷേമാനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതുമുൾപ്പെടെ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ജനകീയാസൂത്രണവും എൽഡിഎഫ് സർക്കാർ പ്രാദേശിക ഭരണസംവിധാനങ്ങളെ ശാക്തീകരിക്കുന്നതിന് കൈക്കൊണ്ട സുപ്രധാന നടപടിയായിരുന്നു. അതുകൊണ്ടുതന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മഹാഭൂരിപക്ഷത്തിലും ജനങ്ങള്‍ എൽഡിഎഫിനെ തെരഞ്ഞെടുക്കുന്നത്. 

സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണത്തിന്റെ പത്താംവർഷത്തിലെത്തി നിൽക്കുമ്പോഴാണ് ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ സംസ്ഥാനത്ത് മികച്ച വിജയം നേടുന്നതിനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അത് ഉറപ്പിക്കുന്ന വികസന പരിപ്രേക്ഷ്യമാണ് എൽഡിഎഫ് പ്രകടന പത്രികയിലൂടെ ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങൾ മാത്രമല്ല, ലോകത്തെ പല പ്രമു­ഖ രാജ്യങ്ങളോടും കിടപിടിക്കാവുന്ന നേട്ടങ്ങൾ ഇതിനകം തന്നെ കൈ­വരിച്ചു എന്നതിനാൽ പു­തിയ ലക്ഷ്യങ്ങളാണ് പ്രാദേശിക ഭരണകൂടങ്ങളുടെ മുന്നിലുള്ളത്. അത് വ്യക്തമായി മനസിലാക്കിയുള്ള വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതി രൂപരേഖയാണ് പ്രകടന പത്രിക. സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്ന വേ­ളകളിൽ പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എണ്ണിയെണ്ണി നടപ്പിലാക്കി എന്നതിനാൽ ഏറ്റവും വിശ്വസനീയവുമാണ് ഈ പ്രകടന പത്രിക.
അതിദരിദ്ര വിമുക്തമെന്ന ലക്ഷ്യം സാക്ഷാത്കരിച്ച്, അടുത്തതായി കേ­വല ദാരിദ്ര്യ മുക്തി പ്ര­ഖ്യാപിച്ചിരിക്കുന്നു. എല്ലാവർക്കും വീടെന്ന സ്വപ്നസാക്ഷാത്കാരമായി നടപ്പിലാക്കുന്ന ലൈഫ് മിഷന്റെ പട്ടികയില്‍ ഉൾപ്പെടാത്ത ഏതെങ്കിലും ഭവനരഹിതരുണ്ടെങ്കിൽ അർഹതപ്പെട്ടവർക്കെല്ലാം അഞ്ച് വർഷത്തിനുള്ളിൽ വീട് നൽകും. പട്ടയം നൽകാനാകാത്ത റോഡ് പുറമ്പോക്ക് പോലുള്ളയിടങ്ങളിൽ താമസിക്കുന്നവരെ മറ്റിടങ്ങളിൽ പട്ടയം നൽകി പുനരധിവസിപ്പിക്കും. സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യം നേടുന്നതിനായി പോഷകാഹാര സമൃദ്ധ ഭക്ഷണം അങ്കണവാടികളിലും സ്കൂളുകളിലും ഉറപ്പാക്കും. വില കുറച്ച് ഭക്ഷണം ലഭ്യമാക്കുന്നതിന് കൂടുതൽ ജനകീയ ഭക്ഷണശാലകൾ ആരംഭിക്കും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും. പൊതു ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ ഇനിയും വിപുലപ്പെടുത്തും. വിദ്യാഭ്യാസ രംഗത്ത് ദേശീയ പ്രവർത്തന നിലവാര സൂചികയിൽ കേരളത്തെ ഒന്നാംസ്ഥാനത്തേക്ക് ഉയർത്തും. സ്ത്രീ തൊഴിൽ പങ്കാളിത്തം 50% ആയെങ്കിലും ഉയർത്തുന്നതിന്റെ ആദ്യഘട്ടമായി 20 ലക്ഷം സ്ത്രീകൾക്ക് അഞ്ച് വർഷംകൊണ്ട് തൊഴിൽ നൽകും. ഇവയ്ക്കൊപ്പം വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഭിന്ന ലിംഗക്കാർ എന്നിങ്ങനെ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

2016ൽ എൽഡിഎഫ് സംസ്ഥാന ഭരണത്തിലെത്തുകയും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള പരിഗണന വർധിപ്പിക്കുകയും ചെയ്തതിനാൽ 2015നെ അപേക്ഷിച്ച് കൂടുതൽ പ്രാദേശിക ഭരണ സ്ഥാപനങ്ങളിൽ സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ചു കയറി. നാലര വർഷം സംസ്ഥാനത്തെയും അഞ്ചുവർഷം തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണ മികവ് തിരിച്ചറിഞ്ഞ കേരള ജനത 2020ൽ നടന്ന തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം സ്ഥാപനങ്ങളിലും എൽഡിഎഫിനെ തന്നെ ഭരണമേല്പിച്ചു. ഇപ്പോഴത്തെ സർക്കാരിന്റെ പിൻബലത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള എൽഡിഎഫ് ഭരണസംവിധാനങ്ങൾ അതതിടങ്ങളിലെ പ്രാദേശിക, സാമൂഹ്യ വികസനത്തിനായി നടപ്പിലാക്കിയ പദ്ധതികൾ അനുഭവവേദ്യമായ വോട്ടർമാർ ഇത്തവണയും എൽഡിഎഫിന്റെ മിന്നും വിജയം ആവർത്തിച്ചുറപ്പാക്കുമെന്നുറപ്പാണ്. ആ വിജയ പ്രതീക്ഷയെ അക്ഷരംപ്രതി മനസിലാക്കിയുള്ള പദ്ധതികളാണ് എൽഡിഎഫ് പ്രകടന പത്രിക മുന്നോട്ടുവച്ചിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.