
നാളെ, 2025 ഡിസംബർ 26ന്, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും സോഷ്യലിസ്റ്റ് ലക്ഷ്യങ്ങൾക്കും വേണ്ടി തൊഴിലാളികളെയും കർഷകരെയും ഇതര ബഹുജനവിഭാഗങ്ങളെയും അണിനിരത്തി തുടർന്നുവരുന്ന ധീരോദാത്ത പ്രക്ഷോഭസമരങ്ങളുടെയും പോരാട്ടങ്ങളുടെയും നൂറുവർഷം പൂർത്തിയാക്കുകയാണ്. 1925 ഡിസംബർ 26ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ തൊഴിലാളി കേന്ദ്രങ്ങളിൽ ഒന്നായ കോൺപുരിലാണ് (ഇന്നത്തെ ഉത്തർപ്രദേശിലെ കാൺപൂർ) വിപുലമായ പ്രാതിനിധ്യത്തോടെ ഇന്ത്യൻമണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സമ്മേളനം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതിനും ഏറെമുമ്പേ തന്നെ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനഗരങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യത്തിനും വിവിധ അവകാശങ്ങൾക്കും വേണ്ടി സംഘടിപ്പിക്കുകയും ആശയ പ്രചാരണ പ്രവർത്തനങ്ങളും പോരാട്ടങ്ങളും ആരംഭിച്ചുകഴിഞ്ഞിരുന്നു.
അക്കാലത്തോ, അതിന് മുമ്പേതന്നെയോ ഇന്ത്യക്കാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടരാവുകയും പാർട്ടിയുടെ പ്രവാസി ഗ്രൂപ്പുകൾക്ക് രൂപം നൽകുകയും ചെയ്തിരുന്നതായി ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്ര ഏടുകളെ ചുവപ്പിച്ച, രക്തസാക്ഷികളുടെ ചക്രവർത്തിയെന്ന് ചരിത്രം ഉദ്ഘോഷിക്കുന്ന, സർദാർ ഭഗത്‌സിങ്ങടക്കം നിരവധി വിപ്ലവകാരികൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരാവുകയും സ്വതന്ത്ര സോഷ്യലിസ്റ്റ് ഇന്ത്യ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത്തരം നിരവധി ആശയങ്ങളുടെയും പ്രതീക്ഷകളുടെയും പ്രവർത്തനങ്ങളുടെയും സാക്ഷാത്ക്കാരമായിരുന്നു കാൺപൂർ സമ്മേളനവും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണവും.
പാർട്ടി രൂപീകരണത്തിന് ശേഷവും അതിനുമുമ്പും നിരവധിയായ ഗൂഢാലോചനക്കേസുകൾ, മർദന പരമ്പരകൾ, മനുഷ്യത്വഹീനങ്ങളായ തടവുശിക്ഷകള്‍, കോളനിനിയമങ്ങൾ ഉപയോഗിച്ചും നിയമവിരുദ്ധ മാർഗങ്ങളിലൂടെയുള്ള അരുംകൊലകൾ തുടങ്ങിയവയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ആശയത്തെയും ഉന്മൂലനം ചെയ്യാൻ കോളനിമേധാവികളും അവരുടെ തദ്ദേശീയ ദല്ലാൾ സംഘങ്ങളും നടത്തിയ എല്ലാ കടന്നാക്രമണങ്ങളെയും അതിജീവിച്ചാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിൽ അതിന്റെ സ്ഥാനം ഉറപ്പിച്ചത്. മറ്റാരും ചിന്തിക്കാൻ പോലും മടിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന കാലത്ത്, കോളനിവിരുദ്ധ പോരാട്ടത്തിന്റെ ആത്യന്തിക ലക്ഷ്യം ‘പൂർണസ്വരാജ്’ ആയിരിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുകയും ദേശീയപ്രസ്ഥാനത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റുകാരാണ്. സ്വാതന്ത്ര്യം എന്നാൽ കമ്മ്യൂണിസ്റ്റുകാർക്ക് ‘വെളുത്ത സായിപ്പന്മാർ സിംഹാസനം ഉപേക്ഷിക്കുകയും കറുത്ത സായിപ്പന്മാർ അവ കയ്യടക്കുകയും’ ആയിരുന്നില്ല.
തൊഴിലാളികൾക്ക് അവരുടെ അധ്വാനത്തിന്റെ ഫലംകൊണ്ട് അന്തസായി ജീവിക്കാൻ കഴിയുന്ന, കർഷകൻ കൃഷിഭൂമിയുടെ ഉടമയായി മാറുന്ന, ജാതിയുടെയും മതത്തിന്റെയും ലിംഗഭേദത്തിന്റേതുമായ വിവേചനങ്ങളില്ലാത്ത, രോഗപീഡകളും അകാല മരണഭയവും അകന്ന, സൗജന്യ വിദ്യാഭ്യാസവും തൊഴിലവകാശവും ഉറപ്പുനൽകുന്ന, സാമൂഹ്യനീതിയും വികസനത്തിന്റെ സദ്ഫലങ്ങളും സമസ്തർക്കും ലഭ്യമാകുന്ന ഒരു ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് സമൂഹമാണ് കമ്മ്യൂണിസ്റ്റുകാർ സ്വപ്നംകണ്ടതും വിഭാവനം ചെയ്തതും. ആ ലക്ഷ്യങ്ങൾക്കുവേണ്ടിയുള്ള ധീരോദാത്തവും ത്യാഗസുരഭിലവുമായ എണ്ണമറ്റ സമരങ്ങളുടെ ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ നൂറുവർഷക്കാലത്തെ ജീവിതസാക്ഷ്യം. ആ ലക്ഷ്യങ്ങളിലേക്ക് വലിയൊരളവ് മുന്നേറാൻ പാർട്ടിക്കും ഇന്ത്യൻ ജനതയ്ക്കും കഴിഞ്ഞിട്ടുണ്ട്. അത് പാർട്ടിയെ ഇന്ത്യൻ രാഷ്ട്രീയജീവിതത്തിൽ അനിഷേധ്യമായ ഒരു ശക്തിയാക്കി പ്രതിഷ്ഠിച്ചു. സമീപകാലത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അനിഷേധ്യമായ ചില തിരിച്ചടികളെ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും വർധിതവീര്യത്തോടെയുള്ള തിരിച്ചുവരവിന് ഉറപ്പും പ്രതീക്ഷയും നൽകുന്ന ബഹുജന അടിത്തറയും ആശയസ്ഥൈര്യവും ഭാവിയെ സംബന്ധിച്ച വ്യക്തതയാർന്ന കാഴ്ചപ്പാടും നേതൃപാടവവും പാർട്ടിക്കുണ്ട്.
ആശയപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ പാർട്ടിയിലുണ്ടായ ഭിന്നിപ്പും പിളർപ്പും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നുനേരിടുന്ന ശക്തിക്ഷയത്തിന് കാരണമായിട്ടുണ്ട്. എന്നാൽ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ജനാധിപത്യ, മതേതര, സാമൂഹികനീതി ശക്തികളുടെ ഐക്യനിര അനിവാര്യമാണെന്ന യാഥാർത്ഥ്യം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു പ്രതിരോധത്തിൽ കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ ശക്തികൾക്ക് സുപ്രധാനവും നിർണായകവുമായ പങ്ക് നിർവഹിക്കാനുണ്ട്. തീവ്ര ഹിന്ദുത്വയിൽ ഊന്നിയുള്ള ഫാസിസ്റ്റ് രാഷ്ട്രീയം രാഷ്ട്രത്തെയും ജനതയെയും അക്രമത്തിലേക്കും ശിഥിലീകരണത്തിലേക്കുമാണ് നയിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമല്ല തൊഴിലാളികളുടെയും കർഷകരുടെയും തൊഴിൽരഹിതരുടെയും പ്രാന്തവല്‍ക്കരിക്കപ്പെട്ട സ്ത്രീകളടക്കം ദളിത് ആദിവാസി ജനവിഭാഗങ്ങളുടെയും അവകാശങ്ങളെ ഹനിക്കാനും കോർപറേറ്റ് മൂലധനശക്തികൾക്ക് രാജ്യത്തെത്തന്നെ അടിയറവയ്ക്കാനും ഫാസിസ്റ്റ് രാഷ്ട്രീയമാണ് ഭരണകൂടായുധമായി മാറുന്നത്.
ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഹിന്ദുത്വ രാഷ്ട്രീയ അട്ടിമറിയെയാണ് നേരിടുന്നത്. ഭരണഘടന, ഭരണഘടനാ സ്ഥാപനങ്ങൾ, പാർലമെന്ററി ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, രാജ്യത്തിന്റെയും ജനതയുടെയും ഐക്യം എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടം സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു വാക്കോ ഒരു വിരലോ ഉയർത്താതെ, ഒരു തുള്ളി രക്തം പോലും ചിന്താതെ വിശ്വാസത്തിന്റെയും പൗരാണികതയുടെയും കെട്ടുകഥകളുടെയും പിൻബലത്തിലും കോർപറേറ്റ് പണക്കൊഴുപ്പിന്റെയും മതഭ്രാന്തോളം വളർന്നിരിക്കുന്ന പേശീബലത്തിന്റെയും പിൻബലത്തിൽ അധികാരം കയ്യാളി രാഷ്ട്രവിരുദ്ധ, ജനവിരുദ്ധ വിധ്വംസകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയുമാണ് ഇന്നത്തെ മുഖ്യവും അടിയന്തരവുമായ കടമ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും പാരമ്പര്യവും അനുസ്മരിക്കുന്ന, ആശയവും കാഴ്ചപ്പാടും ആവർത്തിച്ചുറപ്പിക്കുന്ന ലക്ഷങ്ങൾ ആ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി സ്വയംസമർപ്പിക്കുന്ന മുഹൂർത്തമായി മാറുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപന ശതാബ്ദി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.