
പത്തുവർഷം പൂർത്തിയാക്കിയ എൽഡിഎഫ് സർക്കാർ മൂന്നാമൂഴം ഉറപ്പിച്ച് ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. മുമ്പ് കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ സർക്കാരുകൾ നടപ്പിലാക്കിയ ക്ഷേമ, വികസന പദ്ധതികളുടെ തുടർച്ചയായി സംസ്ഥാനത്തിന്റെ കുതിച്ചുചാട്ടം സാധ്യമാക്കുകയും മനുഷ്യവിഭവശേഷിയുടെ കരുത്ത് യഥാവിധി ഉപയോഗിച്ചുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ചുമാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ തുടരുന്നത്. പ്രസ്തുത നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ പരിപ്രേക്ഷ്യങ്ങൾ വിശദീകരിച്ചുമുള്ള നയപ്രഖ്യാപനമാണ് സംസ്ഥാന നിയമസഭയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ നടത്തിയിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ, വികസന കാഴ്ചപ്പാടുകളും ഭരണനേട്ടങ്ങളും നയപ്രഖ്യാപനത്തിലുണ്ട്. ആധുനിക കാലത്തെ സങ്കേതങ്ങൾ മുഴുവനുമുപയോഗിച്ചുള്ള ഭാവി വികസന രൂപരേഖയാണ് നയപ്രഖ്യാപനത്തിന്റെ കാതൽ. പൂർണമായി ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായതും ഗതാഗത കുരുക്കില്ലാത്തതും മലിനീകരണ രഹിതവും മാലിന്യമുക്ത സംവിധാനത്തോടുകൂടിയതും സുരക്ഷിതവും ശുചിത്വവുമുള്ള നഗരങ്ങളോടുകൂടിയ നവകേരളമെന്ന കാഴ്ചപ്പാടാണ് സർക്കാർ നടപ്പിലാക്കിവരുന്നത്. ഈ വീക്ഷണം സാക്ഷാത്ക്കരിക്കുന്നതിനായി നഗര വികസന പദ്ധതികളെ ഗതാഗത പദ്ധതികളുമായി ബന്ധിപ്പിച്ചുള്ള സംയോജിത — ഏകീകൃത നഗര ഗതാഗത സംവിധാനം വിഭാവനം ചെയ്യുന്നുവെന്ന് നയപ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാവിക അക്കാദമി, ഡിആർഡിഒ — എൻപിഒഎൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ബ്രഹ്മോസ് തുടങ്ങിയ ദേശീയ ആസ്തികൾ പ്രയോജനപ്പെടുത്തി ഡിഫൻസ് റിസർച്ച് കോറിഡോർ, ആഗോള നൈപുണ്യ കേന്ദ്രം എന്നിവ മനുഷ്യ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗരേഖയാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള ധനസഹായം വർധിപ്പിക്കൽ, ഇപ്പോൾത്തന്നെ ഈ രംഗത്ത് കൈവരിച്ച മുന്നേറ്റംകൂടുതൽ വേഗത്തിലാക്കുന്നതിന് സഹായകമാകും. കേരളത്തിൽ മദർഷിപ്പ് നിർമ്മാണ സൗകര്യമൊരുക്കുമെന്നതും വിഴിഞ്ഞം തുറമുഖത്തെ ഭാരത് മാല പരിപാടിയുമായും ചരക്ക് നീക്കത്തിനുള്ള പ്രത്യേക ഇടനാഴികളുമായും സംയോജിപ്പിക്കുമെന്ന പ്രഖ്യാപനവും സംസ്ഥാനത്തിന്റെ സമുദ്രവുമായി ബന്ധപ്പെട്ട വികസനസാധ്യതകളെ ഫലപ്രദമായും കൂടുതലായും ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധതയെയാണ് വെളിപ്പെടുത്തുന്നത്. ഇതിലൂടെ കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ മാത്രമല്ല തൊഴിൽ സാധ്യതകളും തുറക്കപ്പെടും. പ്രതിരോധം, എയ്റോസ്പേസ്, വൈദ്യുതി വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, അത്യാധുനിക ഇലക്ട്രോണിക്സ് എന്നിവയ്ക്കുവേണ്ടി പെർമനന്റ് മാഗ്നറ്റ് നിർമ്മിക്കുന്നതിനുള്ള സ്ട്രാറ്റജിക് റെയർ എർത്ത് കോറിഡോർ നവകേരള മിഷനുകീഴിൽ നടപ്പിലാക്കുമെന്നും ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.
വികസനവും ക്ഷേമവും ലക്ഷ്യമാക്കി ഇതിനകം നടപ്പിലാക്കിയ നിരവധി പദ്ധതികൾ എടുത്തുപറയുകയും ഭാവികാലത്തേക്കുള്ളവ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി സമൂഹത്തിനുവേണ്ടി വിവിധ പരിപാടികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുകയുണ്ടായി. സംസ്ഥാന വികസനത്തിൽ പ്രവാസി കേരളീയരെ കൂടുതൽ ബന്ധിപ്പിക്കുന്നതിന് ലോക കേരളം ഓൺലൈൻ പോർട്ടൽ തുടങ്ങും, ഐടി കോറിഡോർ പദ്ധതിയുടെ കീഴിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ പാർക്കുകൾ, കേരള സയൻസ് കോൺഗ്രസിനെ അടുത്ത വർഷം ദേശീയ വേദിയാക്കും, പവർകട്ട് രഹിത കേരളത്തിനായി വെെദ്യുതി സംഭരണത്തിലും കാറ്റാടി ഊര്‍ജമേഖലയിലും സ്വകാര്യ നിക്ഷേപം സ്വീകരിച്ചുകൊണ്ട് 2040 ആകുമ്പോഴേയ്ക്കും 100% പുനരുപയോഗ ഊർജ ലക്ഷ്യവും, 2050ൽ കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കും എന്നിങ്ങനെ ലക്ഷ്യങ്ങളും മുന്നോട്ടുവച്ചിരിക്കുന്നു. സമൂഹം നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജലലഭ്യത. പൗരന്മാരുടെയും ഗാർഹികവും വാണിജ്യപരവുമായ ജല ആവശ്യകത അഭിസംബോധന ചെയ്യുന്നതിനായി സമഗ്ര ജലനയം രൂപീകരിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം യുവജനങ്ങൾക്ക് വരുമാന വർധനയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതായിരുന്നു. സ്ഥിര വിളകൾക്ക് പുറമേ എല്ലാ നാണ്യവിളകളെയും ഉൾപ്പെടുത്തി ഇത് വിപുലപ്പെടുത്തുമെന്ന തീരുമാനം യുവജനങ്ങൾക്ക് അധികവരുമാനം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന പ്രതീക്ഷ നൽകുന്നു.
ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമായി 10വർഷത്തിനിടെ 4,10,958 പട്ടയങ്ങൾ നൽകുകയുണ്ടായി. ഇതുവഴി ഭൂപരിഷ്കരണത്തിനുശേഷമുള്ള മറ്റൊരു ചുവടുകൂടി വയ്ക്കുകയായിരുന്നു. കൃഷി, അനുബന്ധ മേഖലകളുടെ വികസനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. കേരള അഗ്രോ ബിസിനസ് കമ്പനി, ഒരു കൃഷിഭവൻ — ഒരു മൂല്യ വർധിത ഉല്പന്നം എന്നിവ ഇതിന്റെ ഭാഗമായുള്ള സമഗ്ര പദ്ധതികളാണ്. 2026 അന്താരാഷ്ട വനിതാ കർഷക ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വനിതാ കാർഷിക പദ്ധതി ആരംഭിക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷീരോല്പാദന ചെലവ് കുറയ്ക്കുന്നതിനായി വാണിജ്യ തീറ്റപ്പുൽ കൃഷി പ്രോത്സാഹനം, ക്ഷീരകർഷക വരുമാനം വർധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ, പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തൽ, 33 പുതിയ മത്സ്യഭവനുകളുടെ സ്ഥാപനം എന്നിവയും നയപ്രഖ്യാപനത്തിലുണ്ട്. ഫലത്തിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങളുടെ പട്ടിക കൂടുതൽ വിപുലപ്പെടുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഗവർണർ രാജേന്ദ്ര അർലേക്കർ നടത്തിയ, എൽഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.