22 January 2026, Thursday

ഒരു രാഷ്ട്രീയ ധൂമകേതു കത്തിയമരുന്നു

Janayugom Webdesk
December 5, 2025 5:00 am

കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയത്തിൽ ഒരു ധൂമകേതു കത്തിയമരുകയാണ്. വളരെ ഹ്രസ്വമായ ഒരു കാലയളവിനുള്ളിൽ കോൺഗ്രസ് രാഷ്ട്രീയത്തിലും കേരളത്തിന്റെ പൊതുരാഷ്ട്രീയ ജീവിതത്തിലും സമാനതകളില്ലാത്തവിധം ജ്വലിച്ചുയർന്ന്, യൂത്ത്കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്കും ഇടക്കാല തെരഞ്ഞെടുപ്പിലൂടെ പാലക്കാടുനിന്നുള്ള നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെടുകയും, കോൺഗ്രസിന്റെ പരമ്പരാഗത നേതൃത്വത്തിനുതന്നെ വെല്ലുവിളി ഉയർത്തുകയും ചെയ്ത നേതാവായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. സമീപകാലത്ത് വാർത്തകളുടെ കേന്ദ്രസ്ഥാനത്ത് ഇടംപിടിച്ച ലൈംഗികഅതിക്രമ ആരോപണ പരമ്പരകളുടെ സ്വാഭാവിക പരിണാമം എന്നപോലെ ഇന്നലെ തിരുവനന്തപുരം ജില്ലാക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതോടെ മാങ്കൂട്ടത്തിലെന്ന കോൺഗ്രസ് രാഷ്ട്രീയത്തിലെ ഈ ഉൽക്ക കത്തിയമരുകയാണ്. അത് ഭൂമി തൊടുംമുമ്പ് അന്തരീക്ഷത്തിൽത്തന്നെ കത്തിയമരുമോ അതോ പൂർണമായും കത്തിയമരാത്ത അവശിഷ്ടങ്ങൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്തൊക്കെ അത്യാഹിതങ്ങൾക്കായിരിക്കും വഴിവയ്ക്കുകയെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. മനസിന്റെ സമനിലതെറ്റിയ ഒരു ലൈംഗികവേട്ടക്കാരൻ രാഷ്ട്രീയ നേതാവിന്റെ പരിവേഷംപൂണ്ട് സമൂഹത്തിൽ സൃഷ്ടിച്ച കുറ്റകൃത്യപരമ്പരകളെ ആധാരമാക്കി നിർമ്മിക്കാവുന്ന ഒരു തട്ടുപൊളിപ്പൻ ഹോളിവുഡ് ക്രൈംത്രില്ലറിന്റെ എല്ലാ ചേരുവകളും ഉൾപ്പെട്ടതാണ് മാങ്കൂട്ടത്തിലിന്റെ ഹ്രസ്വ രാഷ്ട്രീയ ജീവിതം. അത് അയാൾ നിയമത്തിനും സമൂഹത്തിനുമുന്നിലും ഉത്തരംപറയേണ്ട വിഷയം. എന്നാൽ, ഇത്തരം ഒരു കുറ്റവാളിയെ അറിഞ്ഞുകൊണ്ട് സംരക്ഷിക്കുകയും സമൂഹത്തിനുമുന്നിൽ മാന്യതയുടെ പരിവേഷം, സ്വന്തം നിലനില്പിനുപോലും വിലകല്പിക്കാതെ, കല്പിച്ചുനൽകിയ കോൺഗ്രസ് പാർട്ടിയും അതിന്റെ നേതൃത്വവും ഇന്ന് കേരളത്തിന്റെമുന്നിൽ നഗ്നമാക്കപ്പെട്ടിരിക്കുന്നു. ഒരുവിഭാഗം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും സംരക്ഷണയിലുമാണ് മാങ്കൂട്ടത്തിലെന്ന കുറ്റവാളി പാർട്ടിയെയും സമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് ഒരു ലൈംഗിക ക്രിമിനൽ സിൻഡിക്കേറ്റിന് പാർട്ടിയുടെ തണലിൽ സുരക്ഷിത സങ്കേതമൊരുക്കിയതെന്നാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വസ്തുതകൾ സൂചിപ്പിക്കുന്നത്.

ഒരു സാധാരണ ലൈംഗിക കുറ്റവാളി എന്നതിനേക്കാൾ രാഷ്ട്രീയത്തെ തന്റെ കുറ്റകൃത്യങ്ങൾക്ക് മറയാക്കി വളർത്തിയെടുത്ത വികല മനസിന്റെ ഉടമയെന്നനിലയിൽ മനഃശാസ്ത്രപരമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ട പ്രതിഭാസമായിവേണം രാഹുൽ മാങ്കൂട്ടത്തിലെന്ന ക്രിമിനൽ വിലയിരുത്തപ്പെടേണ്ടത്. സ­മൂ­ഹ മാധ്യമങ്ങളുടെ സാധ്യതകൾ കൗശലത്തോടെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് അയാൾ ലൈംഗിക വേട്ടക്കാരനെന്ന തന്റെ ക്രിമിനൽ പ്ര­വർത്തനങ്ങൾക്ക് വേ­ദിയൊരുക്കിയത്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്കുള്ള ഇയാളുടെ വളർച്ചയുടെ വഴികൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പണമൊഴുക്കി, വ്യാപകമായ കൃത്രിമം കാട്ടിയാണ്, ഇയാൾ വിജയം ഉറപ്പുവരുത്തിയതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. അതിനെതിരെ ഉയർന്ന പരാതികളെ സമൂഹ മാധ്യമങ്ങൾവഴി നിഷ്പ്രഭമാക്കാനും ആ സംഘടനയുടെ ആഭ്യന്തര ജനാധിപത്യത്തെ ഫലപ്രദമായി അട്ടിമറിക്കാനും അയാൾക്ക് കഴിഞ്ഞു. അതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ അപ്പാടെ അവഗണിച്ച കോൺഗ്രസ് നേതൃത്വം ആ കുറ്റവാളിക്ക് സമൂഹത്തിൽ മാന്യതയും സംരക്ഷണവും ഒരുക്കിനൽകി. അതാണ് പാർട്ടിക്കും നേതൃത്വത്തിനും അതീതനായി അയാളുടെ കുറ്റകൃത്യ പരമ്പരകൾക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾക്കെതിരെ ഉയർന്നുവന്ന ലൈംഗിക അതിക്രമ ആരോപണങ്ങളെ പരിഹാസപൂർവം തള്ളിക്കളയാനും രാഷ്ട്രീയ സംരക്ഷണ കവചം ഒരുക്കാനും കേരളത്തിലെ ഒരുപറ്റം സമുന്നത കോൺഗ്രസ് നേതാക്കൾക്ക് ലജ്ജയോ മനസ്സാക്ഷിക്കുത്തോ തെല്ലും ഉണ്ടായിരുന്നില്ല. തനിക്കെതിരെ വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാക്കളെല്ലാംതന്നെ അയാളുടെ സമൂഹമാധ്യമ പോരാളികൾ കടന്നാക്രമിച്ചു. അയാൾക്കെതിരെ പരാതി ഉന്നയിച്ച ഇരകൾക്കെതിരെ നടന്ന സമൂഹമാധ്യമ ആക്രമണമാകട്ടെ എല്ലാ നിയമവ്യവസ്ഥകളെയും കാറ്റിൽപ്പറത്തി. ‘ഹൂ കെയേഴ്സ്’ എന്ന അയാളുടെ ഇപ്പോൾ കുപ്രസിദ്ധിയാർജ്ജിച്ച പ്രതികരണം താൻ എല്ലാനിയമങ്ങൾക്കും അതീതനാണെന്ന ധാര്‍ഷ്ട്യത്തെയാണ് തുറന്നുകാട്ടിയത്. സമൂഹത്തിനും തന്റെ പാർട്ടി നേതൃത്വത്തിനുതന്നെയും എതിരായ യുദ്ധമുഖം തുറക്കാൻ പാർട്ടിയുടെതന്നെ സമൂഹ മാധ്യമ വിഭാഗത്തെയാണ് അയാൾ വിദഗ്ധമായി ഉപയോഗിച്ചിരുന്നത്. കോൺഗ്രസ് പാർട്ടിയെയും അതിന്റെ നേതൃത്വത്തെയും ബന്ദികളാക്കാൻ മനോനില തെറ്റിയ ഒരു കുറ്റവാളിക്ക് കഴിഞ്ഞുവെന്നത് ആ പാർട്ടിയിൽ ആഴത്തിൽ വേരോട്ടമുണ്ടാക്കിയ ധാർമ്മികച്യുതിയെയും ജീർണതയെയുമാണ് തുറന്നുകാട്ടുന്നത്. 

നിയമത്തിന്റെ കരങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള മാങ്കൂട്ടത്തിലിന്റെ എല്ലാ ശ്രമങ്ങളും അവസാനിച്ചിരിക്കുന്നു. രാഷ്ട്രീയ നേതൃത്വ, ജനപ്രതിനിധി പദവികൾ നൽകിയ മാന്യതയുടെ പരിവേഷത്തിൽ അയാൾ നടത്തിയ ലൈംഗികകുറ്റകൃത്യ പരമ്പരകൾ കാത്തുവയ്ക്കുന്ന ശിക്ഷാവിധിയിൽനിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. കോൺഗ്രസിന്റെ കുപ്പായമണിഞ്ഞ അയാളുടെ സംരക്ഷകർ പരസ്യമായി അയാളെ തള്ളിപ്പറഞ്ഞാലും പരോക്ഷമായ പിന്തുണയും സഹായവും അയാൾക്കുണ്ടാവും. ചുരുങ്ങിയ കാലംകൊണ്ട് അയാൾ കെട്ടിപ്പടുത്ത കുറ്റവാളി സംഘങ്ങളും അടങ്ങിയിരിക്കുമെന്ന് കരുതേണ്ട. പൊതുജീവിതത്തിന്റെ മറയിൽ ഇയാൾ കെട്ടിപ്പൊക്കിയ കുറ്റവാളി സംഘത്തെയടക്കം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കേരളത്തിലെ പൊലീസ് സംവിധാനത്തിന് കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമാണ്. കേരള സമൂഹത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും ഉന്നതമൂല്യങ്ങളെ ചവിട്ടിമെതിച്ച കുറ്റവാളികൾക്ക് അവരുടെ കുറ്റകൃത്യത്തിന് അനുരോധമായ ശിക്ഷ ഉറപ്പുവരുത്തേണ്ടത് സാമൂഹ്യജീവിതത്തിന്റെ കെട്ടുറപ്പിനും ഉന്നത രാഷ്ട്രീയ മൂല്യങ്ങളുടെ സംരക്ഷണത്തിനും അനിവാര്യമാണ്. അത് വിജയകരമായി നിറവേറ്റാൻ ഉത്തരവാദപ്പെട്ട പ്രോസിക്യൂഷനും നീതിന്യായവ്യവസ്ഥയ്ക്കും കഴിയുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.