8 December 2025, Monday

Related news

December 8, 2025
December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025

വഷളാകുന്ന സാമ്പത്തിക പ്രതിസന്ധി

Janayugom Webdesk
July 13, 2025 5:00 am

വ്യാവസായിക വളർച്ച, ഓഹരി വിപണി, രൂപയുടെ മൂല്യം എല്ലാം കൂപ്പുകുത്തുകയാണ്. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ജീവിതച്ചെലവിനുള്ള ഇന്ത്യൻ കുടുംബങ്ങളുടെ ശേഷി സ്ഥിരമായി ഇടിയുന്നുവെന്നാണ്. ചെലവഴിക്കാനുള്ള ശേഷി ഇല്ലാതാകുന്നു എന്നതാണ് യാഥാർത്ഥ്യം. ദേശീയ വരവുചെലവ് സ്ഥിതിവിവര കണക്കുകളിലെ പുതിയ വിവരങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ, പൗരന്മാർ വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കുമുള്ള ചെലവ് ഗണ്യമായി കുറച്ചിരിക്കുന്നു. വസ്ത്രങ്ങളും പാദരക്ഷകളും ഏതൊരു കുടുംബത്തിനും അവശ്യമായ നിത്യോപയോഗ വസ്തുക്കളാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ ഇനങ്ങളുടെ വില്പന തുടർച്ചയായി കുറയുന്നത് പ്രാദേശികതലത്തിലും പ്രതിസന്ധി പടരുന്നതിന്റെ പ്രതിഫലനമാണ്. വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കുമുള്ള ഉപഭോക്തൃ ചെലവ് 2021–22 ൽ 4.94 ലക്ഷം കോടി രൂപയായിരുന്നു. 2023–24 സാമ്പത്തിക വർഷത്തിൽ 4.52 ലക്ഷം കോടിയായി താഴ്ന്നു. ഏഴ് ശതമാനമാണ് ഉപഭോക്തൃ ചെലവിലെ ഇടിവ്. കണക്കുകൾ കൂടുതൽ ആഴത്തിൽ പരിശോധിക്കുമ്പോൾ ഈ കാലയളവിൽ പാദരക്ഷ ഉപഭോഗം വലിയതോതിൽ നിലച്ചിരുന്നു എന്ന് വ്യക്തമാകും. 2021 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടിയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 99,000 കോടി രൂപയായി ഇടിഞ്ഞു. വസ്ത്രവിഭാഗത്തിലാകട്ടെ താഴേയ്ക്കള്ള ഇടിവ് കൂടുതൽ പ്രകടമായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ 3.93 ലക്ഷം കോടി രൂപ 2024 സാമ്പത്തിക വർഷത്തിൽ 3.53 ലക്ഷം കോടിയായി കുറഞ്ഞു. ഇന്ത്യൻ ഉപഭോക്താക്കളിൽ കൂടുതൽപ്പേർ ചെലവഴിക്കാൻ മടിക്കുന്നു. വാങ്ങൽ ശേഷിയിൽ ഇടിവുണ്ടാകുമ്പോഴാണ് ഇത്തരം സാഹചര്യങ്ങൾ ഉടലെടുക്കുന്നത്. 

വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വേണ്ടി പണം ചെലവഴിക്കാനുള്ള ഇല്ലായ്മ 2020–21 സാമ്പത്തിക വർഷത്തിലാണ് ആരംഭിച്ചത്. കോവിഡ്19 മഹാമാരിയുടെ കാലമായിരുന്നു അത്. 2019–20 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾ ഈ ഇനങ്ങൾക്കായി കാണിച്ച ചെലവിന്റെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ ആ വർഷം വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കുമുള്ള ചെലവ് 15 % കുറഞ്ഞു. സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്, ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കൾക്കായി ചെലവഴിക്കാനുള്ള പൗരന്മാരുടെ ശേഷിയിലെ ഇടിവ് സമ്പദ്‌വ്യവസ്ഥയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നാണ്. സാമ്പത്തിക പ്രതിസന്ധി ആഴത്തിൽ വ്യാപിക്കുന്നു. വരുമാന വളർച്ച വർധിപ്പിക്കുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികളും നയപരമായ പിന്തുണയുടെ ആവശ്യകതയും ഇത്തരം കണക്കുകൾ അടിവരയിടുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലില്ലായ്മ തടയുന്നതിനും വലിയ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഇതിനായി ഒരു സമ്പൂർണ നയരൂപീകരണം ആവശ്യമാണ്. തൊഴിലില്ലായ്മ, ചെലവഴിക്കാനുള്ള ശേഷി ഇല്ലാതാകുക, പണപ്പെരുപ്പം, സമ്പദ്‌വ്യവസ്ഥയുടെ സ്തംഭനാവസ്ഥ എന്നിവ നരേന്ദ്ര മോഡി സർക്കാരിന്റെ സവിശേഷ നിർവചനമായി മാറിയിരിക്കുന്നു. 2025 ഫെബ്രുവരിയിൽ സംരംഭ മൂലധന സ്ഥാപനമായ “ബ്ലൂം വെഞ്ചേഴ്സ്” നടത്തിയ ഒരു പഠനത്തിൽ, ഏകദേശം 100 കോടി ഇന്ത്യക്കാർക്ക് — രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിന് — സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നതിൽ വിവേചനപരമായ ശേഷികളൊന്നും ഇല്ലെന്ന് കണ്ടെത്തി. തൊണ്ണൂറ് ശതമാനത്തിന്റെയും വാങ്ങൽശേഷിയിലുണ്ടായ കുറവ് മാത്രമല്ല, സാമ്പത്തിക സമ്പാദ്യത്തിൽ ഉണ്ടായ കുത്തനെയുള്ള കുറവും വൻതോതിലുള്ള കടബാധ്യതയിലെ കുതിച്ചുചാട്ടവുമാണ് ഉപഭോഗത്തിലെ ഇടിവ് രൂക്ഷമാകാൻ കാരണമെന്നും റിപ്പോർട്ട് പറയുന്നു. “ഇൻഡസ് വാലി വാർഷിക റിപ്പോർട്ട് 2025’ എന്ന പഠനത്തിൽ, രാജ്യത്തെ സമ്പന്നരായ 10 % പേർ മാത്രമേ അവരുടെ ഉപഭോഗ ചെലവിൽ ഗണ്യമായ വർധനവ് വരുത്തിയിട്ടുള്ളൂവെന്ന് പറയുന്നു. അതിനാൽ, ഈ ചെറിയ വിഭാഗം ഇന്ത്യക്കാരെ “ഉപഭോഗത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പ്രാഥമിക ചാലകം” എന്ന് വിശേഷിപ്പിച്ചു. പക്ഷെ ഈ “ഉപഭോഗ വിഭാഗം” വളരുന്നുമില്ല. ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് പ്രകാരം, 1990ൽ 10 % പേർ ദേശീയ വരുമാനത്തിന്റെ 34 % നിയന്ത്രിച്ചിരുന്നു. 2025 ആയപ്പോഴേക്കും ഈ കണക്ക് 57.7 ശതമാനമായി ഉയർന്നു. താഴെയുള്ള 50 ശതമാനം സാധാരണ ജനതയുടെ ദേശീയ വരുമാനത്തിന്റെ വിഹിതം 22.2 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ചുരുങ്ങി.

വീടിനോ സ്വത്തിനോ വേണ്ടി എടുത്ത വായ്പകൾ ഒഴിവാക്കിയാൽ ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും കടബാധ്യതയുള്ളവര്‍ എന്ന് അന്താരാഷ്ട്ര നിക്ഷേപ മാനേജർമാരുടെ ഗ്രൂപ്പായ “മാർസെല്ലസ്’ കണ്ടെത്തി. ലോകത്തിലെ ഏറ്റവും കടബാധ്യതയുള്ള ജനങ്ങളിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരു ഡാറ്റ കാണിക്കുന്നു. 2019 വരെ ഇന്ത്യയുടെ ഭവനേതര ഗാർഹിക കടം മറ്റ് രാജ്യങ്ങളിലെ കടത്തിന്റെ തോതുമായി വളരെ അടുത്തിരുന്നുവെന്ന് പഠനം പറയുന്നു. 2020ൽ കോവിഡിനുശേഷം ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിഞ്ഞു. ജനങ്ങളുടെ കടബാധ്യതയിൽ വൻ വർധനവിനും സാക്ഷ്യം വഹിച്ചു. 2020ന് ശേഷം മുമ്പില്ലാത്ത വിധം ഭവനരഹിത ഗാർഹിക കടം കുതിച്ചുയർന്നു. ഇത് ലോകത്തിലെ മിക്ക രാജ്യങ്ങളെയും മറികടന്നു. കഴിഞ്ഞ ദശകത്തിൽ, ഇന്ത്യൻ മധ്യവർഗത്തിന്റെ വരുമാനത്തിന്റെ വളർച്ച നിലച്ചു. ഭക്ഷ്യവസ്തുക്കളുടെ വില ഇരട്ടിയായി. മധ്യവർഗത്തിന്റെ ഉപഭോഗശേഷിയും കുറഞ്ഞു. ദൈനംദിന ഉപഭോഗത്തിന് ചെലവഴിക്കാൻ പണം കണ്ടെത്താനാകാത്തത് കടബാധ്യത വർധിപ്പിച്ചു. ഇന്ന് ഇന്ത്യക്കാർ കടം വാങ്ങുന്നത് ആസ്തി സൃഷ്ടിക്കുന്നതിനു വേണ്ടിയല്ല, ഉപജീവനത്തിന് വേണ്ടിയാണ് എന്ന മാർസെല്ലസ് പഠനം ചൂണ്ടിക്കാണിക്കുന്നത് വെള്ളക്കോളർ ജോലികൾ അപ്രാപ്യമാകുന്നു എന്നാണ്. എഐയുടെ വരവോടെ ക്ലറിക്കൽ, സെക്രട്ടേറിയൽ ജോലികളും കുറഞ്ഞു. ഇത്തരം ജോലികൾക്കുള്ള സാധ്യതയും പരിമിതപ്പെട്ടു. നിർമ്മാണ യൂണിറ്റുകളിൽ സൂപ്പർവൈസർമാരുടെ എണ്ണം തൊഴിലാളികൾക്കൊപ്പം ഇടിഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.