21 November 2024, Thursday
KSFE Galaxy Chits Banner 2

നാശോന്മുഖമായ സമ്പദ്‌വ്യവസ്ഥ

Janayugom Webdesk
February 26, 2023 5:00 am

ലോകത്തിലെ അഞ്ച് വികസിത സമ്പദ്‌വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യ എന്ന് ആവർത്തിച്ച് അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ പോയ വർഷങ്ങളിലെ ജിഡിപി കണക്കുകൾ കുത്തനെ താഴേക്ക് എന്നതാണ് പച്ചപരമാർത്ഥം. തെരഞ്ഞെടുപ്പ് ലാക്കാക്കി ഭൂരിപക്ഷ താല്പര്യ സംരക്ഷണം മാത്രമാണ് കേന്ദ്ര നടപടികളിൽ നിഴലിക്കുന്നത്. രാജ്യത്ത് പടരുന്ന വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും മരണത്തിന്റെയും ദുരിതങ്ങൾ മറയ്ക്കാൻ കഴിയില്ലെങ്കിലും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനെന്ന വിധം വർണപ്പൊലിമയുടെ ധാരാളിത്തം ഭരണകൂടചെയ്തികളിൽ എങ്ങും പ്രകടമാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) 2022–23ലെ ആദ്യ അഡ്വാൻസ് എസ്റ്റിമേറ്റില്‍ (എഫ്എഇ) പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര ഉല്പാദന വളർച്ച ഏഴു ശതമാനം മാത്രമാണ്. സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട് 2022–24 കാലയളവിലെ ആദ്യ സർക്കാർ കണക്കാണിത്. ഏഴു മാസത്തെ കണക്കുകൾ വിശകലനം ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന ആദ്യ അഡ്വാൻസ് എസ്റ്റിമേറ്റ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ ബാഹ്യരേഖ തയ്യാറാക്കുന്നതിനായി ജനുവരി ആദ്യമാണ് പുറത്തിറക്കുക. ജിഡിപി നിരക്ക് 2021–22 ലെ 8.7 ശതമാനത്തെക്കാൾ കുറവാണ്. പക്ഷെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിച്ച 6.8 ശതമാനം എന്ന തോതിലും നേരിയ ഉയർച്ചയിലുമാണ്. ഏഴ് ശതമാനത്തിൽ തുടരുമെന്ന് ചൂണ്ടിക്കാട്ടിയിരുന്ന ജിഡിപി സൂചകം 0.2 ശതമാനം ചുരുങ്ങുന്നതിന് സ്വകാര്യ അന്തിമ ഉപഭോഗച്ചെലവിൽ പ്രകടമാകുന്ന കുറവും കയറ്റുമതിയുടെ മരവിപ്പും വഴിയൊരുക്കുന്നു. പണപ്പെരുപ്പ നിരക്ക് 2022–23ൽ 15.4 ശതമാനം ഉയരുമെന്നാണ് സൂചനകൾ. കാര്‍ഷികരംഗം മുൻ വർഷത്തെക്കാൾ 3.5 ശതമാനം വളർച്ച കൈവരിക്കുമെന്നും പ്രതീക്ഷയുണ്ട്. ഉല്പാദന മേഖലയിൽ 1.6 ശതമാനം വളർച്ചയും കണക്കാക്കുന്നു.

 


ഇതുകൂടി വായിക്കു;  മോഡിയുടെ പ്രതിച്ഛായയും പൊള്ളയായ കവചവും


വളർച്ച മന്ദഗതിയിലാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കോവിഡ് മഹാമാരിക്കു മുന്നേ ഇതുണ്ടായിരുന്നു. 2016 മുതൽ തുടർച്ചയായി വളർച്ചാ നിരക്ക് കുറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം അടുത്തകാലം വരെ രാജ്യം ഇത്തരമൊരു ദുരന്തം അനുഭവിച്ചിട്ടില്ല. അസമത്വവും വളരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് അപകടകരമായ അവസ്ഥയിലെത്തി. കോർപറേറ്റ് മേഖല സമാഹരിച്ച ലാഭത്തിന്റെ കണക്കുകള്‍ പുറത്തായതോടെ വളർച്ച അവരിൽ മാത്രം ഒതുങ്ങുന്നു എന്നും വ്യക്തമായി. സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ നശിപ്പിക്കുന്ന വിപരീത വളർച്ചയാണ് സംഭവിച്ചത്. നിക്ഷേപനിരക്കിന് പണനയം, സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങൾ എന്നിങ്ങനെ നിരവധി ചാലകശക്തികൾ ഉണ്ട്. ഇവയിലെല്ലാം വിശ്വാസം(ട്രസ്റ്റ്) മുഖ്യമാണ്. വിശ്വാസത്തിന് അപചയം സംഭവിക്കുമ്പോൾ നിക്ഷേപം മുങ്ങിപ്പോകും. ഫലമോ ശരാശരി ഇന്ത്യക്കാരൻ ദരിദ്രനായി മാറും. ജീവിതത്തിന് അഭിവൃദ്ധി നല്കുന്ന എല്ലാ സാഹചര്യങ്ങളും നഷ്ടപ്പെടും. 2019–20 നെ അപേക്ഷിച്ച് 2020–21 ൽ ശരാശരി ഇന്ത്യക്കാരൻ കൂടുതൽ ദരിദ്രനായെന്നും അതങ്ങനെതന്നെ തുടരുന്നുവെന്നും എൻഎസ്ഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിശീർഷവരുമാനവും പ്രതിശീർഷ ഉപഭോഗച്ചെലവും ചേർന്നുള്ള കണക്കുകളും ആശങ്കപ്പെടുത്തുന്നു. ചെലവ് ഗണ്യമായി വർധിപ്പിക്കാനുള്ള അഭ്യർത്ഥനകൾ ഉയർന്നിട്ടും, സർക്കാരിന്റെ അന്തിമ മൂലധന ചെലവ് (ജിഎഫ്‌സിഇ) 2020–21 ൽ മുൻ വർഷത്തെക്കാൾ 45,003 കോടി രൂപ മാത്രമാണ് അധികരിച്ചത്. നിക്ഷേപങ്ങളും നിലയ്ക്കുകയാണ്. 2021–22 ലെ മൊത്ത സ്ഥിര മൂലധനം 2019–20നെക്കാൾ 1,21,266 കോടിയാണ് ഉയരുക. ഇതാകട്ടെ ഒരു മഹാമാരി ബാധിച്ച സമ്പദ്‌വ്യവസ്ഥയിൽ അപര്യാപ്തവുമാണ്. ജിഡിപിയെക്കാൾ ഗ്യാസ്, ഡീസൽ, പെട്രോൾ എന്നിവയുടെ വില വർധനവാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. തൊഴിലില്ലായ്മ അതീവഗൗരവ പ്രശ്നമായി തുടരുന്നു. സിഎംഐഇയുടെ കണക്കനുസരിച്ച് നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 8.51 ശതമാനവും ഗ്രാമങ്ങളിലേത് 6.74 ശതമാനവുമാണ്. യാഥാർത്ഥ്യം ഇതിലും ഭയാനകമാണ്. കാരണം പലരും തങ്ങളുടെ തൊഴിലില്ലായ്മ മറച്ചുവയ്ക്കുകയാണ്.

 


ഇതുകൂടി വായിക്കു; മോഡിയുടെ കാലത്ത് ‘വികസിച്ചത്’ ആത്മഹത്യ


പയറുവർഗങ്ങൾ, പാൽ, പാചക എണ്ണ, ഗ്യാസ് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലവർധനവും ആശങ്കപ്പെടുത്തുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദരിദ്രമായ നഗരപ്രദേശങ്ങളിലും, കഴിഞ്ഞ രണ്ട് വർഷങ്ങളായി അധ്യയനം തന്നെ നിലച്ച അവസ്ഥയിലാണ്. കുട്ടികൾ ക്ലാസുകളില്‍ പങ്കെടുക്കുന്നില്ല, ഒരു വിദ്യയും നേടുന്നുമില്ല. ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും വിവിധ സംസ്ഥാനങ്ങളിൽ സമൂഹങ്ങള്‍ കലാപാഗ്നി ഭയന്നാണ് ജീവിക്കുന്നത്. വിദ്വേഷ പ്രസംഗം, ഡിജിറ്റൽ ദുരുപയോഗം, ട്രോളുകൾ, കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ… ആകുലതകൾ പെരുകുകയാണ്. പകർച്ചവ്യാധിയും പുതിയ വകഭേദങ്ങളും ജനങ്ങളെ പേടിപ്പെടുത്തുന്നു. അധികാരത്തിലിരിക്കുന്നവർ ജനങ്ങളെ ശ്രദ്ധിക്കുന്നില്ല. ഭരണഘടന പൊളിച്ചെഴുതാനവർ വെമ്പുന്നു. ഹിന്ദു രാഷ്ട്ര സങ്കല്പം ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തിന്റെ ഭാഗമായി ഉയർന്നുവന്നതാണ്. ഹിന്ദുയിസവും ഹിന്ദുത്വവും തമ്മിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള അവരുടെ ശ്രമം അന്നുമുതൽ തുടരുന്നു. ഹിന്ദുയിസം മതപരമായ ആവിഷ്കാരമാണ്. എന്നാൽ ബ്രിട്ടീഷ് കൊളോണിയൽ താല്പര്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയ ഹിന്ദുത്വം വികലമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. അതിന് കീഴിൽ സംഭവിക്കുന്ന ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പുനരുജ്ജീവനം സ്വേച്ഛാധിപത്യത്തിന്റെ പശ്ചാത്തലം സൃഷ്ടിക്കുന്നു. ഈ പ്രക്രിയയിൽ, ജനാധിപത്യ പാരമ്പര്യങ്ങൾ നിലംപൊത്തുന്നു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.