5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024
November 4, 2024

ഉയരെ ഭരണഘടന തന്നെ

Janayugom Webdesk
June 25, 2024 5:00 am

18-ാം ലോക്‌സഭയുടെ സമ്മേളനത്തിന്റെ തുടക്കം ശ്രദ്ധേയവും അതിലേറെ അർത്ഥവത്തുമായി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ കക്ഷികൾ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സമ്മേളനത്തിനെത്തിയത്. സഭാംഗമായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവർ സഭയ്ക്കകത്തും ഭരണഘടന ഉയർത്തിക്കാട്ടി. ഭരണഘടനയെയും ജനാധിപത്യമൂല്യങ്ങളെയും മാനദണ്ഡങ്ങളെയും തകർക്കാനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നത് എന്നും അതുകൊണ്ടാണ് എല്ലാ പാർട്ടികളുടെയും നേതാക്കൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നതെന്നും ഇന്ത്യ സഖ്യത്തിലെ നേതാക്കൾ വ്യക്തമാക്കി. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കണമെന്ന് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഓർമ്മിപ്പിക്കുകയും ചെയ്തു. ഭരണഘടനാ സംരക്ഷണത്തിനുവേണ്ടി രാജ്യം വിധിയെഴുതിയ തെരഞ്ഞെടുപ്പായിരുന്നു രാജ്യത്ത് ഇത്തവണ നടന്നത്. സാങ്കേതിക കാരണങ്ങളാൽ എൻഡിഎ തന്നെ അധികാരത്തിലെത്തിയെന്ന് മാത്രം. 10വർഷത്തെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി (സാങ്കേതികമായി എൻഡിഎ) സർക്കാർ ഭരണഘടനാ മൂല്യങ്ങളെല്ലാം തകർക്കാനും മൃതസംസ്കാരം നടത്തുന്നതിനും ശ്രമിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പായിരുന്നു ഈ വിധി. പ്രസ്തുത വിധിയെ പിന്തുടരുകയെന്നത് ഇന്ത്യ സഖ്യത്തെ സംബന്ധിച്ച് തങ്ങൾ ഇതുവരെ സ്വീകരിച്ചുപോന്നിരുന്ന പാതയിലൂടെയുള്ള തുടർസഞ്ചാരമാണ്. തനിച്ചും കൂട്ടായും ആ ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നതുകൊണ്ടാണ് അവർ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ഭരണഘടനയുടെ കോപ്പികളുമായെത്തിയത്. അതുകൊണ്ടാണ് സഭാ സമ്മേളനത്തിന്റെ തുടക്കദിനം അർത്ഥവത്താകുന്നത്. കുത്തും കൊള്ളിവാക്കുകളും ഉപേക്ഷിച്ചില്ലെങ്കിലും സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർലമെന്റിന് പുറത്ത് നടത്തിയ പ്ര­സംഗത്തിൽ സ്ഥിരം വാചാടോപങ്ങളില്ലായിരുന്നു. എന്നാൽ പതിവിൽ നിന്ന് വിഭിന്നമായി അദ്ദേഹവും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത് എന്നതാണ് ആദ്യദിനത്തെ ശ്രദ്ധേയമാക്കുന്നത്. ജനാധിപത്യത്തിൽ സമവായത്തിന്റെയും ഭരണഘടനാ മൂല്യങ്ങൾ ഉ­യർത്തിപ്പിടിച്ചതിന്റെയും ഗുണങ്ങളെ പ്രകീർത്തിച്ച പ്രധാനമന്ത്രി ന­രേന്ദ്ര മോഡി സംവാദമാണ്, നാടകമല്ല വേ­ണ്ട­തെന്നും പറയുകയുണ്ടായി. 

പ്രധാനമന്ത്രിയുടെ പ്ര­സംഗത്തിലെ ഈ അവസാന വാചകങ്ങളിലൂടെ വേണം അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടതും ഭാവി പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കേണ്ടതും. കഴിഞ്ഞ 10 വർഷവും സംവാദങ്ങളെ കുഴിച്ചുമൂടുകയും നാടകങ്ങളെ സ്വയംവരിക്കുകയും ചെയ്തത് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോഡി തന്നെയായിരുന്നു. ഭരണഘടനാ മൂല്യങ്ങളെ അവമതിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടായിരുന്നു. 2014ൽ ആദ്യമായി പാർലമെന്റിലേക്ക് പ്രവേശിക്കുമ്പോൾ പടവുകളിൽ മുഖംപൂഴ്ത്തിയിരുന്ന മോഡിയുടെ നാടകം നാം മറന്നിട്ടില്ല. ഇത്തവണ എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിന് മുന്നോടിയായി ഭരണഘടന എടുത്ത് മുഖത്തണിഞ്ഞ് വന്ദിക്കുന്നതിന്റെ ചിത്രവും മാധ്യമങ്ങളിൽ നിറഞ്ഞാടിയിരുന്നു. അതേ മോഡിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭരണഘടനാശില്പി അംബേദ്കറുടെയും രാഷ്ട്രപിതാവ് ഗാന്ധിജിയുടെയും അടക്കം പാർലമെന്റ് വളപ്പിലെ പ്രതിമകൾ അപ്രസക്തമായ സ്ഥലങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിച്ചതെന്ന വൈരുധ്യവുമുണ്ടായി. അതേ പാർലമെന്റ് ഹാളിനകത്തിരുന്ന് അംഗങ്ങളെ പുറത്താക്കിയും സംസാരിക്കാനനുവദിക്കാതെയും പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുവാനും സംവാദങ്ങളെ ഇല്ലാതാക്കുന്നതിനും ശ്രമിച്ച മോഡിയെയും ബിജെപി- എൻഡിഎ കക്ഷികളെയും മറക്കാറായിട്ടില്ല. കൂറുമാറ്റിയും പണമൊഴുക്കിയും കൂടെനിർത്തിയവരെ ചേർത്ത് സർക്കാരുകളെ വീഴ്ത്തിയും ഭരണം പിടിച്ചും ജനാധിപത്യക്കശാപ്പ് നടത്തിയതും മറ്റാരുമായിരുന്നില്ല. അതേ മോഡിയാണ് ഇന്നലെ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും സംവാദങ്ങളെയും കുറിച്ച് സംസാരിച്ചത്. അതുകൊണ്ടുതന്നെ മോഡിയുടെ വാക്കുകളിലെ ആത്മാർത്ഥത സംശയാസ്പദമായിതന്നെ നിൽക്കും. 

പക്ഷേ കഴിഞ്ഞ രണ്ടുതവണയുമില്ലാത്ത ആശ്വാസം മോഡിയും കൂട്ടരും പഴയതുപോലെ ശക്തരല്ലെന്നതും പ്രതിപക്ഷം ദുർബലമല്ല എന്നതുമാണ്. രാജ്യത്തെയാകെ ജനങ്ങളുടെ പ്രാതിനിധ്യം പേറിയാണ് ഇന്ത്യ സഖ്യം സഭയിലെത്തിയിരിക്കുന്നത്. ചില പ്രത്യേക വിഭാഗങ്ങളെയും അവരുടെ താല്പര്യങ്ങളെയുമാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പ്രതിനിധീകരിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഇരുസഖ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ നിലനിൽക്കുന്നു. അതേസമയം രണ്ടിന്റെയും ബലാബലത്തിലുണ്ടായിരിക്കുന്ന ഏറ്റക്കുറച്ചിലുകൾ കഴിഞ്ഞ തവണത്തെ സംഘർഷത്തെക്കാൾ സമവായത്തിനാണ് ബിജെപിയെ നിർബന്ധിതമാക്കുന്നത് എന്നാണ് ഇന്നലത്തെ മോഡിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഇത് മോഡിയാണ്, ബിജെപിയാണ് എന്നതിനാല്‍ നിലപാടുകളിൽ നിന്ന് മലക്കംമറിയാൻ മടിക്കില്ല എന്ന ഭയാശങ്ക നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതിനും അതിന്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തന്നെയാണ് ഭാവി ഇന്ത്യ ഓരോ പൗരനോടും ആഹ്വാനം ചെയ്യുന്നത്. 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.